ജീവിതത്തിന്റെ വഴിത്താരകളിലൂടെ കടന്നുപോകുമ്പോള്‍ മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ സാധിക്കാത്ത പലരെയും അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. എന്റെ ജീവിതത്തിലും ഇങ്ങനെയള്ള ഒരവസ്ഥയെ പലവട്ടം നേരിടേണ്ടി വന്നിട്ടുണ്ട്. മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ കഴിയാത്ത ഒരാളെ അല്ലെങ്കില്‍ ഒരു അധികാരവൃന്ദത്തെ അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോഴുള്ള ഹൃദയവ്യഥയും വിമ്മിഷ്ടവും പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഒരു നീണ്ട കാലഘട്ടത്തിലെ എന്റെ കുമ്പസാരത്തിലെ സ്ഥിരമുള്ള ഏറ്റുപറച്ചിലിന്റെ വിഷയവും ഇതുതന്നെയായിരുന്നു. എനിക്ക് പലരെയും മനസുകൊണ്ട് അംഗീകരിക്കുവാന്‍ കഴിയുന്നില്ല എന്നത്.
പരസ്‌നേഹത്തിന് വിരുദ്ധമായ അല്ലെങ്കില്‍ നിലവിലുള്ള അധികാരങ്ങളുടെ കീഴ്‌പ്പെടലിന് വിരുദ്ധമായ ഒരു പാപംതന്നെയായിട്ടാണ് ആ നാളുകളില്‍ എന്റെ മനസിന്റെ തലങ്ങളിലുള്ള ആ അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയെ ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ തിരുവചനത്തിന്റെ ഏടുകളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളില്‍ കര്‍ത്താവിന്റെ അരൂപി എന്റെ ആ തെറ്റിദ്ധാരണയെ തിരുത്തി. കര്‍ത്താവായ യേശുവിന്റെ ജീവിതത്തിലും അവിടുത്തേക്ക് ഹൃദയംകൊണ്ട് അംഗീകരിക്കാന്‍ പറ്റാത്ത പലരും ഉണ്ടായിരുന്നുവെന്നും അവരില്‍ ചിലരെയെങ്കിലും നിശബ്ദമായി അനുസരിക്കേണ്ടിവന്ന അവസ്ഥയിലൂടെ യേശുവും കടന്നുപോയിട്ടുണ്ടെന്നും തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു. ആ തിരിച്ചറിവ് എനിക്ക് വലിയൊരാശ്വാസവും ശക്തിയുമായിരുന്നു.
ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും യേശു ഇപ്രകാരം അരുളിച്ചെയ്തു: ”നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്” (മത്തായി 23/1-3). നമ്മുടെ ജീവിതത്തില്‍ നമുക്ക് പലരെയും അനുസരിക്കേണ്ടി വന്നേക്കാം. പക്ഷേ നമ്മളാരും നമ്മുടെ ഹൃദയംകൊണ്ട് അംഗീകരിക്കാന്‍ കഴിയാത്തവരെ അനുകരിക്കാന്‍ തയാറാവുകയില്ല. നമ്മുടെ ഹൃദയംകൊണ്ട് നാം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നവരെയാണ് നാം അനുകരിക്കുവാന്‍ ശ്രമിക്കുകയും നമ്മുടെ റോള്‍മോഡലുകളായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത്.
നിയമജ്ഞരെയും ഫരിസേയരെയും അനുകരിക്കരുത് എന്നു പറയാനുള്ള കാരണവും യേശു തന്റെ വചനങ്ങളിലൂടെ വ്യക്തമാക്കി. ”അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍പോലും അനക്കാന്‍ തയാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്” (മത്തായി 23/3-4). മത്തായി 23-ന്റെ തുടര്‍ന്നുവരുന്ന വരികളിലെ ഓരോ വാക്കുകളും നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യങ്ങള്‍ക്കുനേരെയുള്ള കനത്ത ചാട്ടവാറടികളാണെന്ന് ആ അധ്യായത്തിന്റെ വരികളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും! യേശുവിന് അവരെയും അവരുടെ പ്രവൃത്തികളെയും തീരെ അംഗീകരിക്കാന്‍ കഴിയുന്നില്ല. അവയൊന്നും ഒരിക്കലും നിങ്ങള്‍ അനുകരിക്കരുതെന്ന് തന്റെ ശിഷ്യന്മാര്‍ക്കും ജനങ്ങള്‍ക്കും മുന്നറിയിപ്പു കൊടുക്കുമ്പോള്‍ത്തന്നെ അവിടുന്നു പറയുന്നു. നിങ്ങള്‍ അവരെ അനുസരിക്കുവിന്‍. കാരണം അവര്‍ ഇരിക്കുന്ന സിംഹാസനം മോശയുടേതാണ്.
ഹേറോദേസില്‍ ഒരു കുറുക്കന്‍
ഒരു ജനത്തിന്റെ ഭരണാധികാരിയെ (രാജാവിനെ) കയറി കുറുക്കനെന്ന് സംബോധന ചെയ്യാന്‍ തക്ക ചങ്കുറപ്പ് തന്റെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തില്‍ യേശു കാണിക്കുന്നു! യേശുവിന് അത്രമേല്‍ ആ അധികാരിയെ അംഗീകരിക്കുവാന്‍ കഴിയുന്നില്ല എന്ന് അവിടുത്തെ വാക്കുകള്‍ വ്യക്തമാക്കുന്നു. അവിടുന്ന് ഫരിസേയരോടായി ഇപ്രകാരം പറയുന്നു ”നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍. ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാം ദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും” (ലൂക്കാ 13/32).
എന്നെ തല്ലാന്‍ നിനക്കെന്താ കാര്യം?
യേശുവിനെ നാം എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് ശാന്തശീലനും വിനീതഹൃദയനും കരുണാസമ്പന്നനും കീഴ്‌വഴക്കമുള്ളവനും ഒക്കെയായിട്ടാണ്. യേശു അങ്ങനെതന്നെയാണുതാനും. പക്ഷേ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തനിക്കുനേരെ അന്യായമായി കൈ ഉയര്‍ത്തുന്നവര്‍ക്കെതിരെ ചൂടായിത്തന്നെ ചോദ്യം ചെയ്യാന്‍ അവിടുന്നു മുതിരുന്നത് നമുക്ക് കാണാന്‍ കഴിയും. തന്റെ പീഡാസഹനവേളയിലെ വിചാരണക്കിടയില്‍ പ്രധാന പുരോഹിതന്‍ യേശുവിനെയും അവിടുത്തെ പ്രബോധനത്തെയുംകുറിച്ച് ചോദ്യം ചെയ്തു. അവിടുന്ന് ചങ്കുറപ്പോടുകൂടിത്തന്നെ പ്രധാന പുരോഹിതന് ഉത്തരം കൊടുത്തു. ”ഞാന്‍ പരസ്യമായിട്ടാണ് ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദൈവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്… ഞാന്‍ പറഞ്ഞതെന്താണെന്ന് അതുകേട്ടവരോട് ചോദിക്കുക” (യോഹന്നാന്‍ 18/20-21).
അവനിതു പറഞ്ഞപ്പോള്‍ അടുത്തുനിന്ന സേവകന്മാരില്‍ ഒരാള്‍ ”ഇങ്ങനെയാണോ പ്രധാന പുരോഹിതനോടു മറുപടി പറയുന്നത് എന്നുചോദിച്ച് യേശുവിന്റെ മുഖത്തടിച്ചു. യേശു അവനോടു പറഞ്ഞു ”ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കില്‍ എന്തിനു നീയെന്നെ അടിക്കുന്നു?” നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ‘ഞാന്‍ സത്യമാണ് പറഞ്ഞതെങ്കില്‍ എന്നെ തല്ലാന്‍ നിനക്കെന്താ കാര്യം?’ എന്നുതന്നെയാണ് ആ ചോദ്യത്തിന്റെ അര്‍ത്ഥം. പീഡാനുഭവവേളയിലെ ഓരോ ചോദ്യംചെയ്യലിന്റെ മുമ്പിലും യേശു തികഞ്ഞ ചങ്കുറപ്പോടുകൂടിത്തന്നെയാണ് മറുപടി പറയുന്നതെന്ന് നമുക്ക് പീഡാനുഭവചരിത്രം വായിക്കുമ്പോള്‍ കാണാന്‍ കഴിയും.
ദൈവാലയ ശുദ്ധീകരണം യേശുവിന്റെ തനിമുഖം!
യേശു ശാന്തശീലനും വിനീതഹൃദയനും ആണെന്നത് ശരിതന്നെ. പക്ഷേ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു മുഖം യേശുവിനുണ്ട്. വെളിപാടിന്റെ പുസ്തകം അഞ്ചാം അധ്യായം അഞ്ചാം വചനത്തില്‍ യേശുവിന്റെ ഗാംഭീര്യമുള്ള സിംഹമുഖം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. പീഡാനുഭവവേളകളില്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കാന്‍ കൊണ്ടുപോകുന്ന ചെമ്മരിയാടിനെയുംപോലെ നിരുപാധികം കീഴടങ്ങി മിണ്ടാതെ, ഉരിയാടാതെ കൊലമരത്തെ നോക്കി നടന്നുനീങ്ങുന്ന യേശു ഉള്ളിന്റെയുള്ളില്‍ കരുത്തുള്ള ഒരു സിംഹവുംകൂടിയാണെന്ന് വെളിപാട് 5/5 ല്‍ പറയുന്നു. അപ്പോള്‍ ശ്രേഷ്ഠന്മാരില്‍ ഒരാള്‍ എന്നോടു പറഞ്ഞു. കരയാതിരിക്കൂ. ”ഇതാ യൂദയാ വംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായവന്‍ വിജയം വരിച്ചിരിക്കുന്നു.”
ജറുസലേം ദൈവാലയ വിശുദ്ധീകരണത്തിന്റെ സമയത്ത് (യോഹന്നാന്‍ രണ്ടാം അധ്യായം) ഈ സിംഹരാജനെ തനിരൂപത്തില്‍ നമുക്ക് കാണാന്‍ കഴിയും. ‘അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു’ എന്നു വചനം പൂര്‍ത്തിയാകുമാറ് ദൈവാലയത്തിന്റെ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കനത്ത ക്രമക്കേടുകളിലേക്ക് ചാട്ടവാറുമായി പാഞ്ഞടുത്ത, അവിടെ അടിച്ചു നിരപ്പാക്കുന്ന യേശുവിന്റെ മുഖം ഒരിക്കലും ഒരു ശാന്തശീലന്റെയോ വിനീതഹൃദയന്റെയോ അല്ല. പിന്നെയോ കോപിഷ്ഠനായ ഒരു സിംഹരാജന്റേതാണ്. ക്രിസ്തീയത എന്നു പറയുന്നത് വിധേയത്വവും അനുസരണവും മാത്രമല്ല, അംഗീകരിക്കുവാന്‍ ഒട്ടുമേ കഴിയാത്ത ക്രമക്കേടുകളുടെ നേര്‍ക്കുള്ള ക്രിയാത്മകവും തീക്ഷ്ണവുമായ പ്രതികരണംകൂടിയാണെന്ന് യൂദായുടെ ഈ സിംഹരാജന്‍ വ്യക്തമാക്കുന്നു.
വിധേയത്വത്തിന്റെയും അനുസരണത്തിന്റെയും പേരില്‍ മനുഷ്യമനഃസാക്ഷിക്ക് അംഗീകരിക്കാനാവാത്തതു പലതും സഭയ്ക്കുള്ളിലും സഭയ്ക്കുപുറത്തും അരങ്ങേറുമ്പോള്‍ അവിടെ ശാന്തശീലരും വിനീതഹൃദയരുമായി പതുങ്ങിക്കൂടിയിരിക്കുക എന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയവിധേയത്വം എന്ന് നാം വല്ലാതെ തെറ്റിദ്ധരിച്ചുപോയിരിക്കുന്നു. വിജയം വരിച്ച യൂദായുടെ സിംഹം (വെളിപാട് 5/5) ഇതല്ല നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് പ്രവൃത്തിയുടെ തലത്തില്‍ ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടിയും ശക്തമായ മധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ യൂദായുടെ ഈ സിംഹരാജന് പിന്‍തുണയേകേണ്ടിയിരിക്കുന്നു.
കേപ്പയും പൗലോസും നല്‍കുന്ന മാതൃക
അപ്പസ്‌തോല പ്രമുഖന്മാരില്‍ അഗ്രഗണ്യരാണ് കേപ്പ (പത്രോസ്)യും പൗലോസും. എന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം പത്രോസിനായിരുന്നു കൂടുതല്‍ അധികാരം. എന്നാല്‍ പരമാധികാരിയായ പത്രോസില്‍ കുറ്റം കണ്ടപ്പോള്‍ അദ്ദേഹത്തെ മുഖത്തുനോക്കി തിരുത്തുന്ന തീക്ഷ്ണമതിയായ പൗലോസ് ശ്ലീഹായെ നമുക്ക് ഗലാത്തിയ ലേഖനം രണ്ടാം അധ്യായം 11 മുതലുള്ള വചനങ്ങളില്‍ കാണാന്‍ കഴിയും. ”എന്നാല്‍ കേപ്പ (പത്രോസ്) അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട് ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു. യാക്കോബിന്റെ അടുത്തുനിന്ന് ചിലര്‍ വരുന്നതുവരെ അവര്‍ വിജാതീയരോടൊപ്പമിരുന്ന് ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ പരിച്ഛേദിതരെ ഭയന്ന് അവന്‍ പിന്മാറിക്കളഞ്ഞു. അവനോടൊത്ത് ബാക്കി യഹൂദരും കപടമായി പെരുമാറി. അവരുടെ കാപട്യത്തില്‍ ബര്‍ണബാസ്‌പോലും (പൗലോസിന്റെ അടുത്ത ശിഷ്യന്‍) വഴിതെറ്റിക്കപ്പെട്ടു. അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പയോടു പറഞ്ഞു. യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിക്കുന്നതെങ്കില്‍ യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്കെങ്ങനെ സാധിക്കും.”
തെറ്റ് തെറ്റാണെന്നു ചൂണ്ടിക്കാണിക്കുവാനും ക്രിസ്തുവിന്റെ മനഃസാക്ഷിക്ക് ചേരാത്തവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്നു പ്രതികരിക്കുവാനുമുള്ള അവകാശം ഇന്ന് ക്രിസ്ത്യാനിക്ക് നിഷേധിക്കപ്പെടുന്നില്ലേ. മുന്‍പറഞ്ഞവയെല്ലാം ക്രിസ്തീയ വിധേയത്വത്തിന് എതിരായ സംഗതികളായി തെറ്റിദ്ധരിക്കുകയും അതിനുള്ള ധൈര്യം കാട്ടുന്നവരെ ക്രിസ്തീയകൂട്ടായ്മകളില്‍നിന്നും വളരെ തന്ത്രപരമായി പുറത്താക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം ഇന്ന് ക്രിസ്തീയ നേതൃതലങ്ങളില്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നു.
പത്രോസ് ശ്ലീഹായും പൗലോസ് ശ്ലീഹായും വളരെ പഴക്കമുള്ള നേതാക്കന്മാരായിട്ടും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടും അവര്‍ പിന്നീടും തികഞ്ഞ സൗഹൃദത്തോടെ കൈകോര്‍ത്ത് ക്രിസ്തുവിന്റെ സുവിശേഷത്തിനുവേണ്ടി നിലകൊള്ളുകയും മുമ്പോട്ടുപോകുകയും ചെയ്തു. പക്ഷേ ആധുനിക പാരമ്പര്യങ്ങള്‍ അവകാശപ്പെടുന്ന ക്രിസ്തുശിഷ്യരായ നമ്മളോ? നമ്മളിന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? ഈ ചോദ്യം നമുക്ക് നമ്മോടുതന്നെ ചോദിക്കാം. ആത്മാര്‍ത്ഥതയോടെയാണ് നാം ഈ ചോദ്യം നമ്മുടെ ഹൃദയത്തിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് ചോദിക്കുന്നതെങ്കില്‍ നമുക്കുതന്നെ അംഗീകരിക്കാന്‍ പറ്റാത്തത് പലതും നമ്മില്‍ത്തന്നെ കണ്ടെത്താന്‍ കഴിയും. ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന ദൈവവചനം സത്യത്തിന്റെ പ്രകാശംകൊണ്ട് നമ്മുടെ ബോധതലങ്ങളെ പ്രകാശിപ്പിക്കുമാറാകട്ടെ. ആ സത്യവെളിച്ചം അംഗീകരിക്കേണ്ടവരെ അംഗീകരിക്കേണ്ടവിധത്തില്‍ അംഗീകരിച്ചുകൊണ്ട് ഏകമനസോടെ കൈകോര്‍ത്ത് ക്രിസ്തുവിന്റെ സുവിശേഷത്തിനുവേണ്ടി നിലകൊള്ളാനും മുന്നേറുവാനും നമ്മെ പ്രാപ്തരാക്കട്ടെ, ആമ്മേന്‍.
‘പ്രെയ്‌സ് ദ ലോര്‍ഡ്’ ആവേ മരിയ.
സ്റ്റെല്ല ബെന്നി