അമ്മച്ചിനക്ഷത്രവും വിശുദ്ധ ബലിയും… – Shalom Times Shalom Times |
Welcome to Shalom Times

അമ്മച്ചിനക്ഷത്രവും വിശുദ്ധ ബലിയും…

ഞാന്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കാലമാണത്. 15 വര്‍ഷം എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചശേഷം അവിടെനിന്നും വിരമിച്ച് അധികം താമസിയാതെ എനിക്ക് ടെലിഫോണ്‍സില്‍ നിയമനം ലഭിച്ചിരുന്നു. അക്കാലത്ത് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അവശ്യസേവനവിഭാഗമായിരുന്നതിനാല്‍ ജീവനക്കാരെല്ലാം 24 മണിക്കൂറും ഷിഫ്റ്റായി ജോലി ചെയ്തിരുന്നു. ഞാന്‍ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട എക്‌സ്‌ചേഞ്ചിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഒട്ടും താമസിയാതെ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനിലേക്ക് യാത്രയാകും, പ്രായമായ മാതാപിതാക്കളടങ്ങുന്ന ചങ്ങനാശേരിയിലുള്ള സ്വന്തം വീട്ടിലേക്ക്. സീസണ്‍ ടിക്കറ്റിലായിരുന്നു പോക്കുവരവ്.

വീടിനടുത്തുള്ള എന്റെ ഇടവക ദൈവാലയത്തില്‍ (ചാഞ്ഞോടി) ഞായറാഴ്ചകളിലെ ദിവ്യബലികളില്‍ മുടക്കംകൂടാതെ പങ്കെടുക്കുക എന്റെ പതിവായിരുന്നു. അന്നൊരു ഞായറാഴ്ച. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ എക്‌സ്‌ചേഞ്ചില്‍നിന്നും പുറത്തിറങ്ങി. ഇടവകപ്പള്ളിയില്‍ മുഴുവന്‍ കുര്‍ബാനയില്‍ സംബന്ധിക്കണം. ബസ് കയറി വേഗം കല്ലേറ്റുംകര സ്റ്റേഷനില്‍ എത്തി. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് വന്നു. എനിക്കു പോകാനുള്ള ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയേ എത്തുകയുള്ളൂവത്രേ! എന്റെ ഈശോയേ! എനിക്കിന്ന് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ കഴിയില്ലല്ലോ? എങ്കിലും ഞാന്‍ പ്രത്യാശ കൈവെടിഞ്ഞില്ല. പക്ഷേ ഒട്ടൊരു വേവലാതി… നിമിഷങ്ങള്‍ നീങ്ങി.

അതാ, സ്റ്റേഷന്റെ ഓരത്തുള്ള ഒറ്റയടി പാതയിലൂടെ രണ്ടു കാതിലും കുണുക്കിട്ട് ചട്ടയും മുണ്ടും ധരിച്ച് തലയില്‍ കവണിയുമിട്ട് ഒരു കൈയില്‍ കുര്‍ബാനപുസ്തകവുമായി ഒരു വല്യമ്മച്ചി തന്റെ പേരക്കുട്ടിയുടെ കൈപിടിച്ച് ധൃതിയില്‍ നടന്നുപോകുന്നു. എങ്ങുനിന്നോ എത്തിയ ഒരു മാലാഖ… അടുത്ത് എവിടെയോ ഒരു ദൈവാലയം ഉണ്ടെന്ന് എനിക്ക് ബോധ്യമായി. സമയം ഒട്ടും പാഴാക്കിക്കൂടാ. ബാഗും കൈയിലെടുത്ത് അമ്മച്ചിക്കും പേരക്കുട്ടിക്കും ഒപ്പം ഞാന്‍ യാത്രയായി. പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ഉണ്ണിയെ കാണാനായി പുറപ്പെട്ട ജ്ഞാനികളെ വഴികാട്ടിയ നക്ഷത്രം ഞാന്‍ ഓര്‍ത്തുപോയി. മനസ് നിറഞ്ഞു…

പള്ളിയിലെത്തിയതും എന്റെ കാതുകളില്‍ ജീവദായകമായ ആ പ്രാരംഭഗാനം മുഴങ്ങിക്കേട്ടതും ഒരുമിച്ചായിരുന്നു… ”അന്നാ പെസഹാ തിരുനാളില്‍…”
പട്ടാളക്യാംപില്‍ ഒരു ബലിപീഠം
19-ാം വയസില്‍ എയര്‍ഫോഴ്‌സില്‍ നിയമനം ലഭിച്ചത് സിഗ്നല്‍ സെക്ഷനിലായിരുന്നു. അവിടെയും ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കാനാകില്ല. പലപ്പോഴും ഞായറാഴ്ച ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്യാനുള്ള മഹാമനസ്‌കത അന്യമതസ്ഥരായ സഹപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കും. അതുമല്ലെങ്കില്‍ ഒരു സ്‌പെഷ്യല്‍ പെര്‍മിഷന്‍ തരപ്പെടുത്തിയും ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. പട്ടാളക്കാര്‍ക്ക് പള്ളിയില്‍ പോകുന്നതിന് സ്ഥിരമായ വാഹനസൗകര്യം യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു.

1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിനുശേഷം പെട്ടെന്ന് ഗുജറാത്തില്‍നിന്ന് ആസാം മേഖലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. മനം കുളിര്‍ക്കുന്ന കാഴ്ചകളും പ്രകൃതിഭംഗിയുമാണ് എന്നെ എതിരേറ്റത്. അവിസ്മരണീയമായ ഒരു കാഴ്ച…. ബലിവസ്തുക്കള്‍ തോള്‍സഞ്ചിയിലേന്തി കിഴുക്കാംതൂക്കായ മലയിടുക്കിലൂടെ കൊടുംതണുപ്പത്ത് ഞായറാഴ്ചകളില്‍ ബലിയര്‍പ്പിക്കാന്‍ പട്ടാളക്യാംപുകളെ ലക്ഷ്യമാക്കി നീങ്ങുന്ന മിഷനറി വൈദികര്‍. കാല്‍വരിയിലേക്കുള്ള ഈശോയുടെ പീഡാനുഭവ യാത്രയാണ് അപ്പോള്‍ എന്റെ മനസില്‍ അലയടിച്ചത്. അക്കൂട്ടത്തില്‍ ഏതാനും മലയാളി വൈദികരും ഉണ്ടായിരുന്നു. ബലിപീഠം ഒരുക്കുന്ന പട്ടാളക്കാരുടെ സംഘം. അത് മറ്റൊരു രംഗം.
”മിശിഹാ കര്‍ത്താവില്‍ തിരുമെയ് നിണവുമിതാ പാവനബലിപീഠേ…”

ഈ കാഴ്ച എല്ലാ ഞായറാഴ്ചകളിലും കാണാമായിരുന്നു. അവരുടെ ത്യാഗത്തിന്റെ, സേവനതല്‍പരതയുടെ, മുമ്പില്‍ കൂപ്പുകൈ. ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളില്‍ ക്രൈസ്തവരായ ചിലര്‍ക്ക് ഞായറാഴ്ചകളില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരും. അങ്ങനെയുള്ളവര്‍ക്ക് ഇടവേളകളില്‍ വന്ന് ദിവ്യബലിയില്‍ പങ്കെടുക്കത്തക്കവിധം ഈ വൈദികന്‍ സൗകര്യം ഒരുക്കും. അങ്ങനെ ഞാന്‍ സേവനം അനുഷ്ഠിച്ചിരുന്ന ക്യാംപിനുള്ളിലും എത്താന്‍ ഈ വൈദികര്‍ സന്മനസു കാട്ടി. സുരക്ഷാ കാരണങ്ങളാല്‍ വിദേശികളായ വൈദികര്‍ക്ക് ക്യാംപിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ആ സ്ഥാനത്ത് ഒരു മലയാളി വൈദികന്‍ തങ്ങളുടെ ക്യാംപില്‍ ബലിയര്‍പ്പിക്കാന്‍ വന്നിരുന്നു. ആ ധന്യ പുരോഹിതന്റെ ചൈതന്യംതുളുമ്പുന്ന മുഖം എന്റെ മനസില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്നു.

വിശുദ്ധ ബലിയിലൂടെ ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ”സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6/51).

പി.എ. ജോസഫ്