ആഭ്യന്തരഹര്‍മ്യത്തിന്റെ (Interior Castle) ഒന്നാം സദനത്തെക്കുറിച്ച് ചില നല്ല വിവരങ്ങള്‍ എന്റെ സ്വന്തം അനുഭവത്തില്‍നിന്നു ഞാന്‍ നല്‍കാം. അതിലുള്ള മുറികള്‍ കുറച്ചൊന്നുമല്ല. ഏറെയാണെന്നു കരുതിക്കൊള്ളണം; അവയില്‍ പ്രവേശിക്കുന്ന ആത്മാക്കളും അത്ര കുറവല്ല. അവര്‍ക്കെപ്പോഴും നല്ല ഉദ്ദേശ്യവുമുണ്ട്. എന്നാല്‍ പിശാചിന്റെ ദുരുദ്ദേശ്യംനിമിത്തം ഓരോ മുറിയിലും നിസംഖ്യം പൈശാചിക ദൂതന്മാരെ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിലുംനിന്ന് ആരും മുന്നോട്ടു കടക്കാതെ തടയുകയാണ് ഇവരുടെ തൊഴില്‍; പാവപ്പെട്ട നമ്മള്‍ അതൊന്നുമറിയാതെ നിരവധി പ്രതിബന്ധങ്ങളില്‍ കുടുങ്ങിപ്പോകുകയും ചെയ്യും.
രാജാവിന്റെ വാസസ്ഥലത്തോടു കൂടുതല്‍ സമീപിക്കുന്നവരോട് അവന്റെ തന്ത്രങ്ങള്‍ അത്ര ഫലിക്കയില്ല. ആദ്യത്തെ മുറികളില്‍, ആത്മാവ് ലോകവ്യവഹാരങ്ങളില്‍ മുഴുകിയും സുഖഭോഗങ്ങളില്‍ മതിമറന്നും കീര്‍ത്തി, ഐശ്വര്യകാംക്ഷ എന്നിവയില്‍ ശ്രദ്ധചെലുത്തിയും കഴിഞ്ഞുകൂടുന്നതു നിമിത്തം, ദൈവം സ്വാഭാവികമായി അവള്‍ക്കു നല്‍കിയ ഭൃത്യന്മാരായ ഇന്ദ്രിയങ്ങളുടെയും അന്തഃശക്തികളുടെയും കാര്യക്ഷമത കുറഞ്ഞുപോകുന്നു;
അത്തരക്കാര്‍ ദൈവത്തെ ദ്രോഹിക്കാനാഗ്രഹിക്കുന്നില്ലെങ്കിലും സല്‍കൃത്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും എളുപ്പം കീഴടക്കപ്പെടും. ഈ സ്ഥിതിയിലാണ് തങ്ങള്‍ എന്നു മനസിലാക്കുന്നവര്‍ നമ്മുടെ കര്‍ത്താവില്‍ ആശ്രയിക്കുകയും അവിടുത്തെ പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും മാധ്യസ്ഥ്യം തേടുകയും ചെയ്തുകൊണ്ട് തങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ അപേക്ഷിക്കണം; സ്വഭൃത്യന്മാര്‍ അവരെ സംരക്ഷിക്കുവാന്‍ അപ്രാപ്തരാണ്. വാസ്തവത്തില്‍ എല്ലാ അവസ്ഥയിലും നമുക്കു സഹായം ലഭിക്കേണ്ടത് ദൈവത്തില്‍നിന്നാണ്. അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ അതു നല്‍കുമാറാകട്ടെ ആമ്മേന്‍.
വെളിച്ചം തീരെ കുറവ്!
രാജാവ് അധിവസിക്കുന്ന പള്ളിയറയിലെ വെളിച്ചം ആദ്യസദനത്തില്‍ എത്തുന്നില്ലെന്നു നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം. ആത്മാവു മാരകപാപാവസ്ഥയില്‍ ആയിരുന്നപ്പോഴത്തെപ്പോലെ അവിടെയെല്ലാം കൂരിരുട്ടല്ലെങ്കിലും കുറെയൊക്കെ അന്ധകാരമയം തന്നെയാണ്. തന്നിമിത്തം അവിടെ വസിക്കുന്നവര്‍ക്ക് പരസ്പരം കാണാന്‍ പ്രയാസമാണ്; മുറിയുടെ കുറ്റംകൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത് (എന്റെ ആശയം വിവരിക്കുക വിഷമമാണ്). ആത്മാവിനോടൊന്നിച്ച് ഉള്ളില്‍ പ്രവേശിച്ച അനേകം ക്ഷുദ്രജീവികള്‍- സര്‍പ്പം, അണലി മുതലായ വിഷജന്തുക്കള്‍ അതിനുള്ളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്. ഉള്ളില്‍നിന്ന് വരുന്ന വെളിച്ചത്തെ അവ തടയുന്നു.
നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് ഒരാള്‍ കണ്ണുതുറക്കാന്‍പോലും സാധിക്കാത്തവണ്ണം നിറയെ പൊടിയുമായി പ്രവേശിച്ചാലെന്നപോലെ മുറിയില്‍ നല്ല വെളിച്ചമുണ്ടെങ്കിലും അതനുഭവിക്കാന്‍ അയാള്‍ക്കു സാധിക്കുന്നില്ല. അതിലുള്ള കാട്ടുമൃഗങ്ങളും ദുഷ്ടജന്തുക്കളും തങ്ങളെയല്ലാതെ മറ്റൊന്നും ദര്‍ശിക്കുവാന്‍ അയാളെ അനുവദിക്കയില്ല. മാരകപാപാവസ്ഥയില്‍ അല്ലെങ്കിലും ഞാന്‍ മുമ്പു പറഞ്ഞതുപോലെ, ലോകസമ്പത്ത്, ബഹുമാനം, കാര്യാന്വേഷണം എന്നിവയിലേര്‍പ്പെട്ട് അവയില്‍ പൂര്‍ണമായി മുഴുകിയിരിക്കുന്ന ഒരാത്മാവിന്റെ അവസ്ഥയും ഇതാണെന്ന് എനിക്കു തോന്നുന്നു. ഹര്‍മ്യത്തെ സൂക്ഷിച്ചുനോക്കി അതിന്റെ ഭംഗി ആസ്വദിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും മേല്‍പറഞ്ഞ പ്രതിബന്ധങ്ങളില്‍നിന്നു മോചനം പ്രാപിക്കാന്‍ അവള്‍ക്കൊട്ടുംതന്നെ ശേഷിയില്ലെന്നു പറയാം.
വ്യവഹാരങ്ങള്‍ ഉപേക്ഷിക്കണം
രണ്ടാമത്തെ സദനത്തിലേക്ക് പ്രവേശിക്കുവാന്‍, ഓരോരുത്തരും തങ്ങളുടെ ജീവിതാവസ്ഥ അനുവദിക്കുന്നിടത്തോളം, ആവശ്യമില്ലാത്ത എല്ലാ വ്യവഹാരങ്ങളും ഉപേക്ഷിക്കാന്‍ ശ്രമിക്കണം. പ്രധാന സദനത്തില്‍ എത്തിച്ചേരാന്‍ അഭിലഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതു സര്‍വപ്രധാനമാണ്. ആരംഭത്തിലേ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നില്ലെങ്കില്‍ ലക്ഷ്യം പ്രാപിക്കാന്‍ അവര്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. ഹര്‍മ്യത്തിനുള്ളില്‍ പ്രവേശിച്ചശേഷവും വലിയ അപകടങ്ങള്‍ കുറവാണെന്നു കരുതരുത്; ഏതെല്ലാം വിഷജീവികളാണ് ചുറ്റുമുള്ളത്! ചിലപ്പോഴൊക്കെ അവയുടെ കടികൊണ്ടെന്നും വരാം.
മുകളില്‍ പറഞ്ഞ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത ഹര്‍മ്യത്തിന്റെ ഉള്ളറകളിലേക്ക് കടക്കുവാന്‍ സാധിച്ചവര്‍ സ്വന്തം കുറ്റത്താല്‍ വീണ്ടും പുറത്തുള്ള ബഹളത്തിലേക്കു ചെന്നുചാടുന്നെങ്കില്‍ എന്തുപറയേണ്ടൂ? ദൈവം വിശേഷാനുഗ്രഹങ്ങളാല്‍ അലങ്കരിച്ച അനേകമാളുകള്‍ സ്വന്തം കുറ്റംകൊണ്ടു മേല്‍പറഞ്ഞവിധം അധഃപതിക്കാനിടയായതു നമ്മുടെ പാപംനിമിത്തമായിരിക്കാം. പിശാചിന്റെ തന്ത്രങ്ങള്‍ മനസിലാക്കാനും പ്രകാശദൂതന്റെ വേഷത്തില്‍ അവന്‍ നമ്മെ വഞ്ചിക്കാതിരിക്കത്തക്കവണ്ണം ജാഗരൂകരായിരിക്കാനും നാം അവശ്യം ഉത്സാഹിക്കേണ്ടതാണ്. അവനു നമ്മെ ഉപദ്രവിക്കാന്‍ നിരവധി ഉപാധികളുണ്ട്. അല്പാല്പമായാണ് അവന്‍ കയറിപ്പറ്റുന്നത്. അവന്‍ പണി പറ്റിച്ചുകഴിയുന്നതുവരെയും നമ്മള്‍ വിവരം ഗ്രഹിക്കുകയുമില്ല.
പിശാചിന്റെ വേല തിരിച്ചറിയൂ…
പിശാചിന്റെ വേല നിശബ്ദമായ ഒരു അരംകൊണ്ടെന്നപോലെയാണെന്നു മറ്റൊരവസരത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. ആരംഭത്തിലേ അവന്റെ പ്രവര്‍ത്തനം നാം ശ്രദ്ധിക്കണം. നിങ്ങള്‍ക്കു കാര്യം കൂടുതല്‍ വ്യക്തമാക്കാന്‍ ഞാന്‍ ചില ദൃഷ്ടാന്തങ്ങള്‍ പറയാം: പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യാന്‍ സന്യാസസമൂഹത്തിലെ ഒരു സഹോദരിക്ക് ശക്തിയായ പ്രേരണ അവന്‍ നല്‍കും. ദണ്ഡനത്തിലല്ലാതെ അവള്‍ക്കു പിന്നെ ആശ്വാസമില്ല. ഇത് ആരംഭത്തില്‍ നല്ലതാണെങ്കിലും അനുവാദം കൂടാതെ തപഃക്രിയകളൊന്നും ചെയ്യരുതെന്നു ശ്രേഷ്ഠ വിലക്കുമ്പോഴും അത്ര നല്ല കാര്യത്തിനു തുനിയുന്നത് തെറ്റല്ലെന്നേ അവള്‍ക്കു തോന്നൂ. ആരോഗ്യത്തിന് ഹാനി ഭവിക്കുന്നതുവരെ രഹസ്യമായി അവള്‍ തന്നിഷ്ടം നിര്‍വഹിക്കുകയും ചെയ്യും. ഒടുവില്‍ നിയമം ആവശ്യപ്പെടുന്നതുപോലും ചെയ്യാന്‍ ശേഷിയില്ലെന്നുമാകും. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോന്നിയതിന്റെ പരിണാമം കണ്ടോ!
വേറൊരു സഹോദരിയില്‍ അത്യുന്നതമായ പുണ്യപൂര്‍ണതയ്ക്കുള്ള തീക്ഷ്ണത അവന്‍ അങ്കുരിപ്പിക്കും. ഇതും വളരെ നല്ലതാണ്. പക്ഷേ മറ്റ് സഹോദരിമാരുടെ നിസാരകുറ്റങ്ങളൊക്കെ വലിയ ക്രമക്കേടുകളായി അവള്‍ക്കു തോന്നാനിടയുണ്ട്. അവയെല്ലാം സൂക്ഷ്മമായി കണ്ടുപിടിച്ച് ഒന്നും വിടാതെ ശ്രേഷ്ഠയുടെ അടുക്കല്‍ ചെന്നുപറയുന്ന കാര്യത്തിലായിരിക്കും പിന്നെ അവളുടെ ശുഷ്‌കാന്തി മുഴുവന്‍. എന്നാല്‍ സ്വന്തം കുറ്റങ്ങള്‍ കാണാന്‍ പലപ്പോഴും അവള്‍ക്കു സാധിക്കയില്ല. അവളുടെ തീക്ഷ്ണത മുഴുവന്‍ സന്യാസക്രമങ്ങളെല്ലാം അഭംഗം പാലിക്കപ്പെടുന്നതിലാണല്ലോ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കാണെങ്കില്‍ അവളുടെ പുറമേയുള്ള ബദ്ധപ്പാടുകളെക്കുറിച്ചല്ലാതെ ഉള്ളിലെ തീക്ഷ്ണതയെക്കുറിച്ച് ബോധ്യംവരാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ആരും അവളെ അത്ര വകവയ്ക്കുകയുമില്ല.
സാക്ഷാല്‍ പുണ്യപൂര്‍ണത
ഈദൃശ സന്ദര്‍ഭങ്ങളില്‍ പിശാചിന്റെ ലക്ഷ്യം നിസാരമൊന്നുമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള ഉപവിയും സൗഹൃദവും ശിഥിലമാക്കാനാണ് അവന്റെ പ്രധാനശ്രമം; അതു മഹാനഷ്ടംതന്നെയാണ്. സാക്ഷാല്‍ പുണ്യപൂര്‍ണത ദൈവസ്‌നേഹത്തിലും പരസ്പര സ്‌നേഹത്തിലുമാണ് അടങ്ങിയിരിക്കുന്നതെന്ന് നാം നന്നായി ഗ്രഹിക്കണം. ഈ രണ്ടു കല്പനകളും എത്ര നന്നായി അനുസരിക്കുന്നുവോ അത്രയധികം നമ്മള്‍ പൂര്‍ണത പ്രാപിക്കും. വിവേകശൂന്യമായ ശുഷ്‌കാന്തി പരിത്യജിക്കണം. അതു വളരെ ആപത്കരമാണ്. ഓരോരുത്തരും സ്വന്തം കാര്യം ശ്രദ്ധിക്കട്ടെ.
പരസ്‌നേഹത്തിന്റെ കാര്യം നിങ്ങളൊരിക്കലും വിസ്മരിക്കരുത്. അതു വളരെ പ്രാധാന്യമുള്ളതാണ്. അന്യരുടെ നിസാരകുറ്റങ്ങള്‍ നോക്കി നടക്കുന്നതുകൊണ്ട് സ്വന്തം സമാധാനം മാത്രമല്ല മറ്റുള്ളവരുടെ സൈ്വരംപോലും നഷ്ടപ്പെട്ടേക്കാം. മിക്കപ്പോഴും അവ കുറ്റമല്ലായിരിക്കും. കാര്യമറിയാതെ നാം അവയെ അതിവര്‍ണനം ചെയ്യരുത്. പുണ്യപൂര്‍ണത കുറച്ചു വിഷമമുള്ള കാര്യമാണെന്നത് വിസ്മരിക്കാവുന്നതല്ല.
സഹോദരങ്ങളുടെ കുറ്റം ഗുരുതരമെങ്കില്‍ അതിനെക്കുറിച്ചു പരാമര്‍ശിക്കുന്നത് പ്രലോഭനമായേക്കുമെന്നു ശങ്കിക്കരുത്; അതായിരിക്കും സാക്ഷാല്‍ പ്രലോഭനം. പിശാചിന്റെ തന്ത്രത്തില്‍ കുടുങ്ങാതിരിക്കാനുള്ള മാര്‍ഗമിതാണ്. അങ്ങനെയുള്ള കാര്യങ്ങള്‍ സംസാരവിഷയമാക്കരുത്. അതിനിടയായാല്‍ പിശാച് മുതലെടുക്കും; പിറുപിറുപ്പും പരദൂഷണവും അവന്‍ തഴക്കമാക്കിത്തീര്‍ക്കുകയും ചെയ്യും. അതിനാല്‍ എന്തെങ്കിലും പരാമര്‍ശിക്കാനുണ്ടെങ്കില്‍ അതു ഞാന്‍ പറഞ്ഞതുപോലെ പ്രയോജനമുള്ളയാളിന്റെ പക്കല്‍ മാത്രമായിരിക്കണം.
ആവിലായിലെ വിശുദ്ധ ത്രേസ്യ