വിശുദ്ധ ജോണ്‍ ഫിഷര്‍ ഇംഗ്ലണ്ടിലെ റോച്ചസ്റ്റര്‍ രൂപതയുടെ മെത്രാനായിരുന്നു. രാജാവിന്റെ ആജ്ഞയെക്കാള്‍ പ്രധാനം ദൈവഹിതമാണെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ ദൈവഹിതത്തിനെതിരായ രാജകല്പനയ്ക്ക് കീഴ്‌വഴങ്ങിയില്ല. ശിരച്ഛേദത്തിന് വിധിക്കപ്പെട്ടപ്പോഴും തന്റെ നിലപാട് മാറ്റമില്ലാതെ തുടര്‍ന്നു. പോകുംവഴി ആ നിര്‍ണായകനിമിഷവും ദൈവസ്വരം കേള്‍ക്കാന്‍ കൊതിച്ച അദ്ദേഹം പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പുതിയ നിയമഗ്രന്ഥം തുറന്നുനോക്കി. കണ്ണുപതിഞ്ഞത് യോഹന്നാന്റെ സുവിശേഷത്തിലെ 17/3 തിരുവചനത്തിലാണ്- ”ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍.” അദ്ദേഹം വിശുദ്ധഗ്രന്ഥം അടച്ചുകൊണ്ട് ദൈവികമായ ആനന്ദത്തോടെ മന്ത്രിച്ചു, ”ദൈവത്തിന് മഹത്വം! ഈ നിമിഷത്തേക്കും നിത്യതയിലേക്കും ഈ വചനം മതിയായതാണ്!”