കാഴ്ചക്കാരെ അമ്പരപ്പിച്ച ഒരു ദൃശ്യമായിരുന്നു അത്; കാട്ടുതീ നാട്ടുതീയായി ആളിപ്പടര്‍ന്നപ്പോള്‍ അത് അതിവേഗം കെടുത്തേണ്ടതിനുപകരം അഗ്നിശമന സേന ഓടിനടന്ന് തീയിടുന്നു. കാട്ടുതീ കാലിഫോര്‍ണിയയെ വിഴുങ്ങിയപ്പോള്‍ ഫയര്‍ ഫൈറ്റേഴ്‌സ് ജീവന്‍ അപായപ്പെടുത്തിയും തീയണയ്ക്കാന്‍ വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. അതിനിടെ ചില അഗ്നിശമന സേനാംഗങ്ങള്‍ തീ ഇല്ലാത്തിടത്തുംകൂടെ തീയിടുന്നത് കാണാമായിരുന്നു. കാറ്റിനൊപ്പം പടരുന്ന കാട്ടുതീയുടെ ശക്തിയും വ്യാപ്തിയും കുറയ്ക്കുന്നതിനുവേണ്ടിയാണത്. അഗ്നി പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കാട്ടുതീ കത്തിപ്പിടിക്കുന്നതിനുമുമ്പേ, തീയിട്ട് നശിപ്പിച്ചാല്‍ അവിടേക്ക് അഗ്നി പടരുകയില്ല. പടര്‍ന്നുകത്തുന്ന അഗ്നി അടുത്ത പ്രദേശങ്ങളിലേക്ക് വ്യാപിക്കാതെ അവിടെവച്ച് കെട്ടടങ്ങുകയും ചെയ്യും.
ഫയര്‍ ഫൈറ്റേഴ്‌സിനെപ്പോലെ നമ്മളും, തീയില്ലാത്തിടവും തീയിട്ട് നശിപ്പിക്കേണ്ടതുണ്ട്. ലോകത്ത്, നമുക്കു ചുറ്റും അന്ധകാരശക്തികള്‍ കറുത്ത പുകച്ചുരുളുകളും അസഹ്യമായ ദുര്‍ഗന്ധവും വമിക്കുന്ന പാപത്തീ ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ. സമ്പത്തിനോടുള്ള ആര്‍ത്തിത്തീ പടര്‍ന്നുപിടിച്ച്, പ്രിയപ്പെട്ടവരുടെപോലും ജീവന്‍ നിഷ്ഠൂരം വിഴുങ്ങുന്നു, അസൂയയും താന്‍പോരിമയുടെ അഹങ്കാരവും ജ്വലിച്ചുയര്‍ന്ന് ഏറെ കുടുംബങ്ങള്‍ ചാരമായി! വീടിനകത്തളങ്ങളിലും കാമ്പസുകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം അനേകര്‍ ലഹരിത്തീയിലെ ഈയാംപാറ്റകളായി… ജഡികാസക്തിയുടെ തീനാളങ്ങളില്‍ സഹോദരങ്ങളെത്ര ദഹിപ്പിക്കപ്പെട്ടു?!
ഭക്ഷണാര്‍ത്തി സ്വശരീരത്തെയും ആത്മാവിനെയും ചാമ്പലാക്കിക്കൊണ്ടിരിക്കുന്നത് പലരും അറിയാതെ പോകുന്നു.
അക്രമവും അധാര്‍മികതയും അശുദ്ധിയും പ്രഘോഷിക്കുന്ന സിനിമകളും സോഷ്യല്‍മീഡിയകളുമെല്ലാം ഫോണിലൊളിച്ച് നമ്മുടെ കൈവെള്ളകളിലും പോക്കറ്റിനകംവരെയും കയറിപ്പറ്റിയില്ലേ? ”ദുഷ്ടത അഗ്നിപോലെ ജ്വലിച്ച് മുള്ളുകളും മുള്‍ച്ചെടികളും നശിപ്പിക്കുന്നു”(ഏശയ്യ 9/18).
അതിനാല്‍, ഇനി അമാന്തിച്ചുനില്ക്കാന്‍ സമയമില്ല, ആളിപ്പടരുന്ന പാപത്തീ നമ്മെക്കൂടെ ദഹിപ്പിക്കാതിരിക്കാന്‍ നമ്മിലെ പാപങ്ങളും ആസക്തികളും തിന്മയോടുള്ള താല്പര്യങ്ങളും ചില സുഖമുള്ള ഇഷ്ടങ്ങളും അനുവദനീയമല്ലാത്ത ബന്ധങ്ങളും ഫോണ്‍കോളുകളും ചാറ്റിങ്ങും ശൈലികളും സംസാരപ്രിയവും കൊതികളും എത്രയുംവേഗം പരിശുദ്ധാത്മാവിന്റെ തീയിട്ട് നാംതന്നെ നശിപ്പിക്കണം. ”ഇസ്രായേലിന്റെ പ്രകാശം അഗ്നിയായും അവന്റെ പരിശുദ്ധന്‍ ഒരു ജ്വാലയായും മാറും. അതു ജ്വലിച്ച് ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുള്‍ച്ചെടികളും ദഹിപ്പിച്ചുകളയും” (ഏശയ്യ 10/17).
ഈ നോമ്പുകാലം വളരെ നിര്‍ണായകമാണ്; ചുറ്റും ഉയരുന്ന പാപത്തീയില്‍നിന്ന് നമ്മെമാത്രമല്ല, സമൂഹത്തെയും രക്ഷിക്കണം. പ്രാര്‍ത്ഥനയും വിശുദ്ധിയും സ്‌നേഹവും ത്യാഗവുമെല്ലാംകൊണ്ട് തിന്മയുടെ കാട്ടുതീ നമ്മള്‍ അണയ്ക്കണം. അത് ആളിപ്പടരാന്‍ പാടില്ല, സമൂഹത്തെ, ലോകത്തെ നശിപ്പിക്കാന്‍ അനുവദിക്കരുത്… ഒരുവിധത്തിലും.
കര്‍ത്താവേ, അങ്ങയുടെ ദിവ്യാത്മാവാല്‍ ഞങ്ങളിലെ തിന്മകളെ, ആസക്തികളെ നിശ്ശേഷം ദഹിപ്പിച്ചാലും. അങ്ങനെ ഈ ലോകത്തെ തിന്മയില്‍നിന്നും രക്ഷിക്കണമേ, ആമ്മേന്‍.