തെരുവില്‍ ദൈവവചനം പ്രഘോഷിക്കാന്‍ പോകുന്ന സംഘത്തിലെ അംഗമാണ് ഞാന്‍. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാണ് തെരുവിലെ ശുശ്രൂഷയ്ക്കായി പോകുക. പോകേണ്ട നാടും ശുശ്രൂഷ ചെയ്യാനായി വേദിയാക്കേണ്ട സ്ഥലവുമെല്ലാം കാണിച്ചുതരണമേ എന്ന് അമ്മയോട് ആവശ്യപ്പെടും. അപ്രകാരം ഒരു ദിവസം പോകാനായി പ്രേരണ ലഭിച്ച നാട്ടിലേക്ക് യാത്രയായി. വേദിയൊരുക്കാന്‍ ഉചിതമെന്ന് കണ്ട സ്ഥലത്ത് നിന്നിരുന്ന യുവാവിനോട് സുവിശേഷം പ്രഘോഷിക്കാന്‍ ഒരുങ്ങുകയാണ്, വിരോധമില്ലല്ലോ എന്ന് ഔപചാരികമായി ചോദിച്ചു.
‘നിങ്ങള്‍ ഒരു നല്ല കാര്യമല്ലേ ചെയ്യുന്നത്, എന്തിന് വിരോധം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
മാത്രവുമല്ല അദ്ദേഹംതന്നെ അവിടത്തെ പരിചയക്കാരെ വിളിച്ചുചേര്‍ത്ത് ‘ഇവര്‍ ഇവിടെ ചില നല്ല കാര്യങ്ങള്‍ പറയാന്‍ പോകുകയാണ്. നമുക്കത് കേള്‍ക്കാം’ എന്നെല്ലാം പറഞ്ഞ് സുവിശേഷപ്രഘോഷണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തു. അദ്ദേഹം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നവിധത്തിലായിരുന്നു പെരുമാറ്റം. ഒടുവില്‍ ശുശ്രൂഷ കഴിഞ്ഞ് ഞങ്ങള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ അദ്ദേഹം ഞങ്ങളെ വീണ്ടും സമീപിച്ചുപറഞ്ഞു: ”ഞാന്‍ പേരുകൊണ്ട് ഒരു അക്രൈസ്തവനാണെങ്കിലും യേശുവിനെ ആരാധിക്കുന്ന വ്യക്തിയാണ്, പരിശുദ്ധ അമ്മയുടെ മധ്യസ്ഥത തേടി കൃപാസനത്തില്‍ സ്ഥിരമായി പോകാറുമുണ്ട്!”
ഞങ്ങളുടെ തെരുവുസുവിശേഷസംഘത്തിന് അദ്ദേഹത്തിന്റെ വാക്കുകള്‍ ആശ്ചര്യം കലര്‍ന്ന സന്തോഷമാണ് സമ്മാനിച്ചത്. പരിശുദ്ധ അമ്മയോട് പറഞ്ഞപ്പോള്‍ ‘സ്വന്തം ആളെ’ത്തന്നെ സുവിശേഷശുശ്രൂഷയില്‍ സഹായിയായി അയച്ച മാതൃസ്‌നേഹം എത്ര മധുരം!
മനോജ് പി.ജെ.