എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിശാച് ആയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് എ.ഐ നല്‍കിയ ഉത്തരം.
ഞാനായിരുന്നു പിശാചെങ്കില്‍ ഞാന്‍ മനുഷ്യരോട് നേരിട്ട് ദൈവവിശ്വാസത്തെ നിഷേധിച്ച് പറയുകയില്ല. പകരം, ദൈവത്തില്‍നിന്ന് അകറ്റുന്നതിനായി അവരുടെ ശ്രദ്ധതിരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യും. അവ വലിയ ഉപദ്രവമാണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ളതായിരിക്കും. പക്ഷേ സാവധാനം ദൈവത്തില്‍നിന്ന് അവര്‍ അകന്നുകൊള്ളും.
അവരുടെ ജീവിതം സകലതിലും മീതെയാണെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. അവരുടെ ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍, അന്തസ് എന്നിവയാണ് ഏറ്റവും വലുത് എന്ന് തോന്നിപ്പിക്കും. വിശ്വാസത്തെ അവഗണിക്കാന്‍ പറയുകയില്ല, പകരം വിശ്വാസം പരിശീലിക്കാന്‍ അല്പംപോലും നേരമില്ലാത്തവരാക്കി അവരെ മാറ്റും. എപ്പോഴും ബഹളം, സോഷ്യല്‍ മീഡിയ സ്‌ക്രോളിംഗ്, അവസാനമില്ലാത്തവിധത്തിലുള്ള നേരംപോക്കുകള്‍, വിവേചനമില്ലാത്ത ഭക്ഷണശൈലി എന്നിവ ശീലിപ്പിക്കും. അതോടെ നിശബ്ദത അവര്‍ക്ക് സഹിക്കാനാവാത്തതായി മാറും. ആത്മശോധന സാധ്യമല്ലാതാകും.
വിചാരിക്കുന്നതെല്ലാം ഉടനെ ലഭിക്കണമെന്ന നിര്‍ബന്ധം ഉണ്ടാക്കും. പാപത്തെ സ്വാഭാവികമായും സ്വയാവിഷ്‌കാരമായും ചിത്രീകരിച്ച് പാപബോധം ഇല്ലാതാക്കും. അതാണ് സ്വാതന്ത്ര്യമെന്നും അത് അഭിമാനിക്കേണ്ട എന്തോ കാര്യമാണെന്നും അവര്‍ക്ക് തോന്നും. ദൈവത്തോടുള്ള അനുസരണം അടിമത്തമായും എതിര്‍പ്പ് സ്വാതന്ത്ര്യമായും തെറ്റിദ്ധരിപ്പിക്കും. ദൈവികനയിക്കലിന് കീഴ്‌പ്പെടാന്‍ സാധിക്കാത്തവിധത്തില്‍ ബുദ്ധിശാലികളും അതിനെ പിന്‍ചെല്ലാന്‍ സാധിക്കാത്തവിധം ആധുനികരുമാണ് എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കും.
ദൈവാരാധന അഭയമായി മാറുന്നതിനുപകരം ഒരു ഭാരമായി അനുഭവപ്പെടുന്ന അവസ്ഥയിലാക്കും. ഭക്താഭ്യാസങ്ങള്‍ പഴഞ്ചനായി തോന്നും. എല്ലാത്തിലും ഉപരി, എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് ഒരിക്കലും മനസിലാകാതെ നോക്കും. കാരണം ഏറ്റവും വലിയ സൂത്രം അവരെക്കൊണ്ട് ദൈവത്തെ നിഷേധിപ്പിക്കുകയല്ല, പകരം ദൈവത്തെ മറന്നുകളയാന്‍ ഇടവരുത്തുകയാണ്.