
വിശുദ്ധ അഗസ്തിനോസ് തന്റെ മാനസാന്തരത്തിനും മാമ്മോദീസയ്ക്കുംശേഷം അമ്മയോടും സഹോദരനോടുമൊപ്പം ദൈവത്തെ സേവിക്കാനായി സ്വദേശമായ ആഫ്രിക്കയിലേക്കു പോകാനായി തീരുമാനിച്ചു. മിലാനില്‍നിന്നുള്ള നീണ്ട യാത്രയ്ക്കുശേഷം ഓസ്റ്റിയായില്‍ വിശ്രമിക്കാനായി തങ്ങി. അവിടെനിന്നാണ് അവര്‍ക്കു കപ്പലില്‍ കയറേണ്ടിയിരുന്നത്.
ഒരു സായംസന്ധ്യയില്‍ അഗസ്റ്റിനും അമ്മയും അവര്‍ താമസിച്ചിരുന്ന ഭവനത്തിന്റെ ജാലകത്തിലൂടെ ഉദ്യാനത്തിന്റെ ദൃശ്യം ആസ്വദിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പഴയകാലമെല്ലാം മറന്ന് ദൈവത്തില്‍ സകലതുമര്‍പ്പിച്ച് ഭാവിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവര്‍ പുറത്തേക്കു നോക്കി. ആ സന്ധ്യ ശാന്തമായിരുന്നു. ആകാശം തെളിഞ്ഞതായിരുന്നു. കാറ്റ് നിശ്ചലം. നിലാവില് ആകാശം നിറയെ തെളിഞ്ഞ താരകങ്ങളുടെ പ്രഭയില്‍ കടല്‍ ദൃശ്യമായി. ചക്രവാളത്തിന്റെ അതിരിലേക്ക് വിദൂരതയിലേക്ക് കടലിലെ നീല തിരകള്‍ അലയടിച്ചുയരുന്നത് അവര്‍ കണ്ടു.
അഗസ്റ്റിനും മോനിക്കയും നിത്യജീവനെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്, സംസാരിച്ചിരുന്നത്. പെട്ടെന്നൊരു നിമിഷം അവര്‍ ആകാശത്തെ തിരിച്ചറിഞ്ഞു, നക്ഷത്രങ്ങളെ എണ്ണി, ജീവനുള്ളവ വസിക്കുന്ന ഇടങ്ങളെല്ലാം കണ്ടു. പിന്നെയവര്‍, ആത്മീയ ജീവനുകളെയും മാലാഖമാരെയും കടന്നു അനന്തജ്ഞാനത്തിനുമുമ്പില് എത്തിയിരിക്കുന്നതായി അറിഞ്ഞു. സമയപരിധിയില്ലാത്ത അവിടുന്നു ആയിരിക്കുന്നവിധം എല്ലാ സൃഷ്ടികളും ജീവിക്കുന്ന അവിടുന്നില്‍ അവര്‍ അവരെത്തന്നെ ദര്‍ശിച്ചു, അവിടുത്തെ അനുഭവിച്ചു.
എത്രനേരം ഈ ഹര്ഷപാരവശ്യം നീണ്ടുനിന്നു? അവര്‍ക്ക് ഒരു നിമിഷത്തേക്കുമാത്രമുള്ള ദിവ്യാനുഭൂതിയായിരുന്നെങ്കിലും സമയം അളക്കാന്‍ സാധിച്ചില്ല. ബോധം തിരികെ ലഭിച്ചപ്പോള്‍, മനുഷ്യശബ്ദം കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മോനിക്ക അത്ഭുതപരതന്ത്രയായിപ്പറഞ്ഞു: ”എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തില്‍ ഇനി ഞാന്‍ യാതൊരു സന്തോഷവും കാണുന്നില്ല. എന്തിനായാണ് ഞാനിവിടെ തുടര്‍ന്നു വസിക്കുന്നതെന്നും എത്രകാലം ഇതു നീണ്ടു നില്‍ക്കുമെന്നും എനിക്കറിഞ്ഞുകൂടാ.”
ഈ രംഗം ലോകം മുഴുവനും പ്രസിദ്ധവും പൊതുജന പ്രീതിയാര്ന്നതുമാണ്. മഹാന്മാരായ കലാകാരന്മാര് അവരുടെ പ്രശസ്തമായ രചനകളില്‍ ഈ രംഗം മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വൈദഗ്ധ്യമൂറുന്ന ചിത്രരചനകളും ശില്പങ്ങളും ഇതേ വിഷയത്തെ അധികരിച്ച് ഉണ്ടായിട്ടുണ്ട്. മോനിക്കയുടെയും അഗസ്റ്റിന്റെയും ജീവിതത്തിലെ ഈ സ്വര്‍ഗീയ നിമിഷം, വ്യക്തമായും മനോഹരമായും ഒരിക്കലും നശിച്ചു പോകാത്തവിധം ഇന്നും അനേകരെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ഇത് ചിത്രരചനാ വിഷയവുമാകുന്നുണ്ട്.
അടുത്ത ദിവസം മോനിക്ക രോഗഗ്രസ്തയായി. മരണത്തിലേക്കു നടന്നടുക്കുംവിധം ക്ഷീണിതയായി. അവളെ ദിവ്യാനുഭൂതിയിലേക്കാനയിക്കുകയും പഞ്ചേന്ദ്രിയങ്ങളുടെ അനുഭവങ്ങള്‍ക്കപ്പുറത്തുള്ള ലോകത്തിലെത്തിക്കുകയും ചെയ്ത ഈ സംഭവത്തിന്റെ ഒന്‍പതാം നാള് അവള് മരണമടഞ്ഞു. മുഖാഭിമുഖം ദൈവത്തെ ദര്‍ശിക്കാനും ആ പരമമായ സൗന്ദര്യം ആസ്വദിക്കാനും ഭൂമിയില്‍ വച്ചുതന്നെ അവള് ദര്‍ശിച്ച പ്രഭാപൂരം അനുഭവിക്കാനും അവള് സ്വര്‍ഗത്തിലേക്കു യാത്രയായി.
ക്രിസ്തു യഥാര്‍ത്ഥമായും രാജാവാകുമെന്ന്, തന്റെ ദൈവിക ദര്‍ശനത്തില്‍ മോനിക്ക തിരിച്ചറിഞ്ഞു. ദൈവമായി മാത്രമല്ല, മനുഷ്യന്റെ രൂപത്തില്‍ കാണപ്പെടുമെന്നും അവള് കണ്ടു. ”അവന് വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന് എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്റെമേല്‍ അവന് എന്നേക്കും ഭരണം നടത്തും” (ലൂക്കാ 1:32-33). ”കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ എന്റെ പാദപീഠമാക്കുവോളം, നീ എന്റെ വലതുഭാഗത്തിരിക്കുക” (സങ്കീര്‍ത്തനങ്ങള്‍ 110:1). അവിടുന്നു തന്റെ രാജ്യത്തിന്റെ അധികാരം കയ്യാളുകയും തന്റെ പിതാവിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുകയും ചെയ്യുന്നതിനുമുമ്പ് സകലതും വിശുദ്ധമാക്കപ്പെടുകയും പൂര്‍ണമാക്കപ്പെടുകയും ശത്രുക്കളെ തന്റെ കാല്‍ക്കീഴിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.