ജലദോഷവും തുമ്മലും ചില ചോദ്യങ്ങളും – Shalom Times Shalom Times |
Welcome to Shalom Times

ജലദോഷവും തുമ്മലും ചില ചോദ്യങ്ങളും

വര്‍ഷങ്ങളായി കാലാവസ്ഥയിലോ ജീവിതശൈലിയിലോ മാറ്റം വന്നാല്‍ ജലദോഷവും തുമ്മലും വരിക പതിവായിരുന്നു. ഇപ്പോഴും ആ അവസ്ഥ തുടരുന്നു. രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ പല ഇടങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും ഒഴിവായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. രോഗത്തിന്റെ ബുദ്ധിമുട്ടിലും ഏകാന്തതയിലും വചനം വായിച്ചും ജപമാല ചൊല്ലിയും ശക്തിപ്പെട്ടു. പിന്നീടുള്ള നാളുകളില്‍ രോഗത്തോടൊപ്പംതന്നെ പ്രാര്‍ഥനയും ജീവിതത്തിന്റെ ഭാഗമായി മാറി. ഒരു ദിവസം എത്ര ജപമാല ചൊല്ലുന്നോ അത്രമാത്രം സന്തോഷം ലഭിക്കുമായിരുന്നു. പരിശുദ്ധ അമ്മയോടൊപ്പമുള്ള യാത്ര രോഗക്ലേശങ്ങളെ അംഗീകരിക്കാനും സഹായകമായി.

ചെറുപ്പംമുതലേ ഇപ്രകാരം സഹിക്കേണ്ടിവന്നപ്പോള്‍ അതിന് ഉത്തരം തേടിക്കൊണ്ടിരുന്നു. ”യൗവനത്തില്‍ നുകം വഹിക്കുന്നത് നല്ലതാണ് (വിലാപങ്ങള്‍ 3:27) എന്ന ഉത്തരമാണ് രോഗത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലൂടെ ലഭിച്ചത്. അവിടുന്ന് ഒരിക്കലും മനഃപൂര്‍വം മനുഷ്യമക്കളെ പീഡിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല (വിലാപങ്ങള്‍ 3:33) എന്ന സാന്ത്വനവചനം വേദനയില്‍ വിശ്വാസവും പ്രത്യാശയുമേകി.

മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗംമൂലം ശരീരത്തില്‍ നീരും വേദനയും വരികയും അമിതമായ ശരീരഭാരം വരുകയും ചെയ്തപ്പോള്‍ ധ്യാനങ്ങളില്‍ പങ്കെടുക്കുക പതിവായി. അതുമൂലം കൂടുതല്‍ വചനം പഠിക്കാനും വ്യാഖ്യാനിക്കാനുമുള്ള കൃപ ലഭിച്ചു. ശുശ്രൂഷ ചെയ്യണം എന്ന ആത്മീയ നിര്‍ദേശം ലഭിച്ചപ്പോള്‍ എന്റെ പരിമിതിയെക്കുറിച്ചാണ് ആദ്യം ഓര്‍ത്തത്. എന്നാല്‍ പ്രാര്‍ഥനയിലൂടെ ദൈവഹിതം വെളിപ്പെട്ടതനുസരിച്ച് വചനം യുട്യൂബിലൂടെ ഷോര്‍ട്ട്‌സ് ആയി ചെയ്യാന്‍ കഴിയുന്നു.

”യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകള്‍ സഹിക്കുക” (2 തിമോത്തിയോസ് 2:3). ”അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു” (2 തിമോത്തിയോസ് 2:10). ഈ വചനങ്ങളിലൂടെ ധ്യാനം കൂടിയിട്ടും പ്രാര്‍ത്ഥിച്ചിട്ടും രോഗങ്ങള്‍ക്ക് കുറവില്ലല്ലോ എന്ന വിമര്‍ശനത്തെയും സഹതാപപ്രകടനങ്ങളെയും നേരിടാനുള്ള ശക്തി ലഭിച്ചു.
സങ്കീര്‍ത്തകന്‍ പറയുന്നു, ”സമ്പത്‌സമൃദ്ധിയില്‍ എന്നപോലെ അങ്ങയുടെ കല്പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും” (സങ്കീര്‍ത്തനങ്ങള്‍ 119:14).

വിവിധ ക്ലേശങ്ങളില്‍ ദുഃഖിക്കുന്നവര്‍ വേദനകള്‍ പങ്കിടുമ്പോള്‍ ക്രൂശിതന്റെ ആശ്വാസവചനങ്ങള്‍ പകര്‍ന്നുനല്‍കുന്നതും നല്ലൊരു അനുഭവമാണ്. ജപമാലകള്‍ ചൊല്ലി പരിശുദ്ധ അമ്മയുടെ കൈ മുറുകെ പിടിക്കാന്‍ പലര്‍ക്കും പ്രചോദനം നല്‍കാന്‍ സാധിക്കുന്നതും സമൃദ്ധമായ സന്തോഷം നല്‍കുന്നു. സിക്‌ലാഗില്‍, ദാവീദ് സാവൂള്‍നിമിത്തം ഒളിച്ചുപാര്‍ക്കുമ്പോള്‍ യുദ്ധത്തില്‍ സഹായിക്കാന്‍ ചെന്ന യോദ്ധാക്കളെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത് – ഇരുകൈകൊണ്ടും കല്ലെറിയാനും അമ്പെയ്യാനും സമര്‍ത്ഥരായിരുന്നു അവര്‍. എന്റെ ജീവിതത്തിലും അനുദിന ക്ലേശങ്ങളില്‍ രണ്ടു കൈകളിലും പിടിക്കാന്‍ കിട്ടിയ കല്ലുകളും അമ്പുകളുമായിരുന്നു വചനവായനയും ജപമാലയും.

”ശരീരത്തില്‍ സഹിച്ചിട്ടുള്ളവന്‍ പാപത്തോടു വിട വാങ്ങിയിരിക്കുന്നു” എന്ന് പത്രോസ് ശ്ലീഹാ (1 പത്രോസ് 4:1) പ്രഖ്യാപിക്കുമ്പോള്‍ ”എന്റെ പീഡകളും ക്ലേശങ്ങളും ഓര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 25:18) എന്നുള്ള സങ്കീര്‍ത്തകന്റെ പ്രാര്‍ഥനയും ചേര്‍ത്തുവയ്ക്കാം.

ബീന ബോസ്‌