ആന്തരിക തടവറകളില്‍നിന്ന് മോചനം – Shalom Times Shalom Times |
Welcome to Shalom Times

ആന്തരിക തടവറകളില്‍നിന്ന് മോചനം

തനിക്കു ലഭിച്ച ആന്തരികസൗഖ്യത്തെപ്പറ്റി ജൊവാന്‍ എന്ന വ്യക്തി സാക്ഷ്യപ്പെടുത്തുന്നു: ‘ജീവിതത്തില്‍ സൗഖ്യം ആവശ്യമായിരിക്കുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തിത്തരുന്നതിന് പ്രാര്‍ത്ഥിക്കണമെന്ന് വൈദികന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി. അല്പനേരത്തെ പ്രാര്‍ത്ഥനയ്ക്കുശേഷം ഞങ്ങള്‍ നിശബ്ദരായി. പരിശുദ്ധാത്മാവ് തരുന്ന പ്രചോദനം ശ്രവിക്കാന്‍വേണ്ടിയായിരുന്നു അത്.

ആ സമയത്ത് കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം എന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നു. ചെറുപ്പകാലത്ത് ഞാന്‍ ഒരു കൃഷിത്തോട്ടത്തില്‍ എന്റെ സഹോദരങ്ങള്‍ക്കും വല്യമ്മയ്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. എനിക്ക് മൂന്നോ നാലോ വയസുമാത്രം പ്രായമുള്ളപ്പോള്‍, എന്തോ തെറ്റു ചെയ്തതിന് ശിക്ഷയായി എന്നെ വീടിന്റെ ബേസ്‌മെന്റില്‍ (വീടിനുതാഴെ നിലവറപോലുള്ള സ്ഥലം) പൂട്ടിയിട്ടുണ്ട്. അവിടം മുഴുവന്‍ ഇരുട്ടുനിറഞ്ഞിരുന്നു. പഴകിയ ഒരു ഗന്ധം അവിടെയാകെ തളംകെട്ടി നിന്നിരുന്നു. ഏറെ വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും എനിക്ക് അടഞ്ഞ വാതിലുകളും പഴകിയ ഗന്ധം നിറഞ്ഞ സ്ഥലങ്ങളും ഭയവും വെറുപ്പുമായിരുന്നു. 46 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സംഭവിച്ചതെങ്കിലും ആ ബേസ്‌മെന്റ് എങ്ങനെയെന്ന് ഇന്നും എനിക്ക് വിവരിക്കുവാന്‍ സാധിക്കും. ഒരു മൂലയില്‍ വെള്ളം നിറച്ച വലിയ ഒരു വീപ്പ ഉണ്ടായിരുന്നു. ആ വീപ്പയില്‍ വീണ് മുങ്ങിമരിക്കുമോ എന്ന ഭയം എന്റെ ഇളംമനസില്‍ തളംകെട്ടിക്കിടന്നിരുന്നു.

പിന്നീട് വൈദികന്‍ ഇങ്ങനെ പറഞ്ഞു, ‘നിങ്ങളുടെ ഒപ്പം വരുന്നതിന് ഈശോയോട് അപേക്ഷിക്കുക.’ ഈശോ എന്നോടൊപ്പം ബേസ്‌മെന്റിലേക്കു കടന്നുവരുന്നതായും ഭാരമേറിയ വാതിലുകള്‍ തുറക്കുന്നതായും ഞാന്‍ സങ്കല്‍പിച്ചു. അവിടെയെല്ലാം തൂവെള്ള വെളിച്ചം പരക്കുവാന്‍ തുടങ്ങി. ഈശോ നടന്നുനീങ്ങിയ സ്ഥലമെല്ലാം സൗഖ്യദായകമായ അവിടുത്തെ പ്രകാശത്താല്‍ നിറഞ്ഞു. പഴകിയ വെള്ളം നിറച്ച ആ വീപ്പ ഈശോയുടെ സാന്നിധ്യത്തില്‍ ഏറെ മനോഹരമായ ഒരു ജലസംഭരണിയായി മാറി. അതില്‍ നിറയെ ശുദ്ധജലം ഓളംവെട്ടുവാന്‍ തുടങ്ങി. ആ മുറിയിലെ ഓരോ മുക്കിലും മൂലയിലും ഈശോയുടെ കരസ്പര്‍ശം പതിഞ്ഞു. അവയെല്ലാം പുതുപുത്തനായി മാറി.

പഴകിയ ഗന്ധം തിങ്ങിനിന്നിരുന്ന വൃത്തിഹീനമായ ആ സ്ഥലം ഏറെ സുന്ദരവും സുഗന്ധപൂരിതവുമായിത്തീര്‍ന്നു. ഈശോ നടന്നുനീങ്ങിയപ്പോള്‍ പല വര്‍ണങ്ങളിലുള്ള പുഷ്പങ്ങള്‍ നിലത്തു വിരിഞ്ഞു. അത് അത്ഭുതാവഹവും അത്യാകര്‍ഷകവുമായ ഒരു കാഴ്ചതന്നെയായിരുന്നു. എന്റെ ‘തടവറ’ ദൈവസ്‌നേഹത്താല്‍ സൗഖ്യമാക്കപ്പെട്ടു. ഇപ്പോള്‍ അത് ഏറെ സുന്ദരമാണ്. എന്നെ അവിടെ പൂട്ടിയിട്ടിരുന്ന വ്യക്തിയോട് ഹൃദയപൂര്‍വം ക്ഷമിക്കുന്നതിന് എന്റെ ഈശോ എന്നെ സഹായിച്ചു. അങ്ങനെ ഞാന്‍ സ്വാതന്ത്ര്യത്തിലേക്ക് മെല്ലെ മെല്ലെ നടന്നടുത്തു!’
പ്രാര്‍ഥിക്കാം: ഈശോയേ, എന്റെ ആന്തരികമുറിവുകളിലേക്ക് അങ്ങയുടെ സ്‌നേഹം പകരണമേ. എന്നെ സൗഖ്യമാക്കണമേ.
ഫാ. റോബര്‍ട്ട് ഡി ഗ്രാന്‍ഡിസ്‌