
രാവിലെ നാലരയ്ക്ക് യുദ്ധം ആരംഭിക്കും. രാത്രി 11.30, 12 മണിവരെ അത് നീണ്ടുപോകും. സാധാരണ യുദ്ധത്തില്‍ നിന്നും ഭിന്നമായി ഇതിന്റെ തുടക്കവും ഒടുക്കവും അടുക്കളയിലായിരിക്കും എന്ന പ്രത്യേകതയുണ്ട്. അതിനിടെ യുദ്ധക്കളങ്ങള്‍ പലതും മാറിമാറി വരും. സ്‌കൂളില്‍ പോകുന്ന മക്കളെ വിളിച്ചെഴുന്നേല്പിക്കുന്നതുതന്നെ വലിയൊരു യുദ്ധമാണ്. അവരെ പഠിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, ഒരുക്കി സ്‌കൂളിലയയ്ക്കുക, ഭര്‍ത്താവിന് ഓഫിസില്‍ പോകാനുള്ള കാര്യങ്ങള്‍ ക്രമീകരിക്കുക, മറ്റു കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍, അതിനിടെ മാതാപിതാക്കള്‍ പലകാര്യങ്ങള്‍ക്കായി വിളിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ ഒരാള്‍ മാത്രം. അതെല്ലാം തീര്‍ത്തിട്ടുവേണം സ്വന്തം കാര്യങ്ങള്‍ ചെയ്‌തെന്നു വരുത്തി ഓഫിസിലേക്ക് ഓടാന്‍. ബ്രേക്ക് ഫാസ്റ്റ് കഴിക്കാനോ മുടി ചീകാനോ ഒന്നും ഒരു ദിവസംപോലും സമയം കിട്ടാറില്ല.
ഓഫിസിലെത്തിയാല്‍പ്പിന്നെ അവിടെയും യുദ്ധമാണല്ലോ. തിരിച്ച് വീട്ടിലേക്ക് വീണ്ടും ഓട്ടം. ഒരുപാട് പണികള്‍ ഇനിയും അവിടെ കാത്തു കിടപ്പുണ്ട്. ഒരു ജോലിക്കാരി വീട്ടമ്മയുടെ ശ്വാസം വിടാതുള്ള നിരന്തര യുദ്ധത്തിന്റെ കഥയാണിത്.
അവസാനമില്ലാതെ, എല്ലാ ദിവസവും തുടരുന്ന വിശ്രമരഹിത യുദ്ധമാണ് അവരുടെ ജീവിതം. ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ശാരീരികമായി തളര്‍ച്ച അനുഭവപ്പെട്ടു… മനസ് മടുത്തുതുടങ്ങി. ജോലിയില്‍ വീഴ്ചകള്‍ സംഭവിക്കുന്നു. ഓഫിസില്‍ പ്രശ്‌നങ്ങള്‍, വീട്ടിലോ പരാതികളും. എല്ലാം നല്ല രീതിയില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഓടിയെത്താന്‍ കഴിയുന്നില്ല. ഒടുവില്‍ തന്റെ നിസഹായതയില്‍ അവര്‍ ദൈവത്തിലേക്ക് തിരിയുകയാണ്:
‘ദൈവമേ, ഞാന്‍ മറ്റള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നു, പക്ഷേ എന്റെ ശരീരവും മനസും തളരുന്നത് അങ്ങ് കാണണമേ. അങ്ങേക്ക് എന്നെ മനസിലാകുമല്ലോ. അവിടുന്ന് എന്നെ ശക്തിപ്പെടുത്തണമേ.’
ജോലിക്കാര്‍, വൈദികര്‍, സമര്‍പ്പിതര്‍, ആത്മീയ ശുശ്രൂഷകര്‍, കുടുംബനാഥന്‍മാര്‍, കര്‍ഷകര്‍, ബിസിനസുകാര്‍ തുടങ്ങി എല്ലാവര്‍ക്കും ഈ അനുഭവം ഉണ്ടായേക്കാം. പ്രത്യേകിച്ച് ഡിജിറ്റല്‍ യുഗത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഇന്നനേകരെ ഈ പ്രതിസന്ധിയിലെത്തിക്കുന്നുണ്ട്. എപ്പോഴും ക്ഷീണം, തളര്‍ച്ച, ഒരു ജോലിയും ചെയ്യാന്‍ പ്രാപ്തരല്ലാതാകുക.
‘ബേണ്‍ ഔട്ട് ‘ എന്ന ആധുനികനാമത്തിലാണ് ഈ മാനസിക, ശാരീരിക, വൈകാരിക തളര്‍ച്ച അറിയപ്പെടുന്നത്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുക മനുഷ്യസാധാരണമാണ്. എന്നാല്‍ അത് തുടര്‍ക്കഥയാകുമ്പോള്‍ ‘ബേണ്‍ ഔട്ട്’ അഥവാ ഒന്നും ചെയ്യാനാകാതെ എല്ലാം കത്തിത്തീര്‍ന്നതുപോലുള്ള അവസ്ഥയിലെത്താനിടയുണ്ട്.
എനിക്കുമാത്രമല്ല, അവര്‍ക്കുമുണ്ട്
ഈ അവസ്ഥയിലൂടെ കടന്നുപോയവരില്‍ മഹാന്മാരും വിശുദ്ധരുമുണ്ട്. ശരീരവും മനസ്സും തളര്‍ന്നുപോകുന്ന അവസ്ഥകള്‍ നേരിട്ടവരാണ് വിശുദ്ധരും. എന്നാല്‍ വ്യത്യസ്ത രീതിയില്‍ കൈകാര്യം ചെയ്തതുകൊണ്ട് അതിനുമേല്‍ വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ക്ഷയരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ വിശുദ്ധ കൊച്ചുത്രേസ്യ പൂര്‍ണമായും ബേണ്‍ ഔട്ടായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ‘ഞാന്‍ ഇപ്പോള്‍ ഇരുട്ടു നിറഞ്ഞ തുരങ്കത്തിലാണ്. പ്രകാശത്തിന്റെ തരിപോലുമില്ല. ആരെയും കാണാന്‍ കഴിയുന്നില്ല. ചുറ്റും അന്ധകാരം മാത്രം.’ അപ്രകാരമാണ് വിശുദ്ധ ആ അവസ്ഥയെ വിശേഷിപ്പിച്ചത്.
ഈശോയ്ക്കുവേണ്ടി ഒരുപാട് ചെയ്യണമെന്ന വലിയ ആഗ്രഹം ഉള്ളില്‍ തിങ്ങിനില്‍ക്കുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. ഇതുവരെയുള്ള ജീവിതംതന്നെ വ്യര്‍ത്ഥമായിരുന്നുവോ എന്നെല്ലാമുള്ള ആശങ്ക. വലിയ ആന്തരിക ശൂന്യതയിലൂടെയും നിസ്സഹായതയിലൂടെയും ശാരീരിക ക്ലേശങ്ങളിലൂടെയും കൊച്ചുത്രേസ്യ കടന്നുപോയി.
അതുവരെ ഈശോയെ സ്‌നേഹിച്ച്, ദൈവസ്‌നേഹത്തില്‍ ആര്‍ത്തുല്ലസിച്ച് ജീവിച്ചിരുന്ന ഉണ്ണീശോയുടെ ചെറുപുഷ്പത്തിന് അവിടുത്തെ സാന്നിധ്യാനുഭവം നഷ്ടപ്പെട്ടു. നിത്യജീവിതത്തെക്കുറിച്ചുള്ള പ്രത്യാശപോലും ഇല്ലാതായി. എന്നാല്‍ അത്, തന്നെ തകര്‍ത്തുകളയാന്‍ വിശുദ്ധ അനുവദിച്ചില്ല.
എളുപ്പമുള്ള ടിപ്പുകള്‍
ബേണ്‍ ഔട്ടിനെ ഔട്ടാക്കാന്‍ വിശുദ്ധ ആദ്യം ചെയ്തത്, ഈശോയിലേക്കു തന്നെ തിരിയുകയാണ്. അവിടുത്തെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കിലും വിശ്വാസത്തോടെ, തന്നെ സഹായിക്കണമെന്ന് അപേക്ഷിച്ചു. ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും പ്രതി നന്ദി പറയാന്‍ ആരംഭിച്ചു. വലിയ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം മാറ്റിവച്ചു. ചെറിയ കാര്യങ്ങള്‍ വലിയ സ്‌നേഹത്തോടെ ചെയ്യാന്‍ ശ്രമിച്ചു. കൂടാതെ, തന്റെ ക്ലേശങ്ങള്‍ തന്നെപ്പോലെ വിഷമിക്കുന്നവര്‍ക്കുവേണ്ടിയും പാപികളുടെ മാനസാന്തരത്തിനു വേണ്ടിയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.
എല്ലാറ്റിനുമുപരി, സര്‍വശക്തിയുമെടുത്ത് ഈശോയെ സ്‌നേഹിച്ചുകൊണ്ടിരുന്നു. അവിടുന്ന് അടുത്തില്ലെന്ന് തോന്നിയിട്ടും ഈശോയെ സ്‌നേഹിക്കുന്നതില്‍ നിന്നും അവള്‍ പിന്തിരിഞ്ഞില്ല. ‘ത്രേസ്യാ, നീ എന്തു ചെയ്യുകയാണ്?’ എന്ന മദറിന്റെയും മറ്റു സിസ്റ്റേഴ്‌സിന്റെയും കൂടെക്കൂടെയുള്ള ചോദ്യത്തിന്, ‘ഞാന്‍ ഈശോയെ സ്‌നേഹിക്കുകയാണ്’ എന്ന മറുപടിയാണ് വിശുദ്ധ നല്കിയിരുന്നത്. അതായിരുന്നു വിശുദ്ധയുടെ ശക്തിയും ബലവും. ഈ സ്‌നേഹത്തിന്റെ ബലത്തിലാണ് ചെറുപുഷ്പം ബേണ്‍ ഔട്ടിനെ ഔട്ടാക്കിയത്.
വിശുദ്ധ കൊച്ചുത്രേസ്യായുടെ സാഹചര്യമായിരിക്കില്ല എല്ലാവര്‍ക്കും. എങ്കിലും ദൈവത്തിലേക്ക് തിരിയാനും അവിടുത്തെ വിളിച്ചപേക്ഷിക്കാനും ആര്‍ക്കും സാധിക്കും. ”കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്; കര്‍ത്താവില്‍ എന്റെ ഹൃദയം ശരണംവയ്ക്കുന്നു. അതുകൊണ്ട് എനിക്ക് സഹായം ലഭിക്കുന്നു. എന്റെ ഹൃദയം ആനന്ദിക്കുന്നു. ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോട് നന്ദി പറയുന്നു” (സങ്കീര്‍ത്തനങ്ങള്‍ 28:7).
ബേണ്‍ഔട്ട്, തിരസ്‌കരണം, ഒറ്റപ്പെടുത്തല്‍ ഇവയെല്ലാം ദൈവത്തിന്റെ കൃപയിലേക്ക് തുറക്കുന്ന വാതിലുകളാണ്. നമ്മുടെ കഠിനാദ്ധ്വാനവും ക്ലേശങ്ങളും വിശ്രമമില്ലാത്ത അവസ്ഥയുമെല്ലാം ദൈവം കാണുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്. ”അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28-29) എന്ന് അവിടുന്നു വാക്കുതന്നിട്ടുണ്ടല്ലോ. മരുഭൂമിയില്‍ ഹാഗാറിന്റെ നിലവിളി കേട്ട ദൈവം, ഹെസക്കിയായുടെ കണ്ണുനീര്‍ കണ്ട് വീണ്ടും ആരോഗ്യം നല്കിയ സര്‍വശക്തന്‍, ഹൃദയം തുറന്നു ദൈവത്തോട് സംസാരിച്ച ഹന്നയെ ആശ്വസിപ്പിച്ച കര്‍ത്താവ്, നമുക്കും ആശ്വാസവും ബലവും നല്കും.
ഇതൊന്നു പരീക്ഷിച്ചാലോ..?
നിരന്തരം ആവര്‍ത്തിക്കുന്ന പ്രവൃത്തികളില്‍ നിന്ന് അല്പം വിട്ടുനില്ക്കാനും വ്യത്യസ്തതകളിലേക്ക് മനസു തിരിക്കാനും ബോധപൂര്‍വം ശ്രമിക്കണം. കൂടുംബത്തോടൊ, നല്ല സുഹൃത്തുക്കളോടൊ ഒപ്പം തീര്‍ത്ഥാടനമോ യാത്രയോ നടത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിനെല്ലാം വീട്ടുകാരും കൂടെയുള്ളവരും സഹായിക്കാന്‍ തയ്യാറാകണം.
അതുവരെയുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും ഏതാനും ദിവസം മാറിനിന്ന്, ഫോണും സോഷ്യല്‍ മീഡിയയും ടിവിയും ലാപ്‌ടോപ്പുമെല്ലാം മാറ്റിവച്ച്, ഒരു ധ്യാനത്തില്‍ പങ്കെടുക്കുന്നത് മനസിനും ശരീരത്തിനും മാത്രമല്ല, ആത്മാവിനും നവമായ ഉന്മേഷം നല്കും. പുതുക്കപ്പെട്ട അനുഭവം ലഭിക്കും.
”പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്മേഷം നല്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 23:2,3) എന്ന തിരുവചനം യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ സാധിക്കും.
പ്രാര്‍ത്ഥന: കര്‍ത്താവേ, ജീവിതക്ലേശങ്ങളും സമ്മര്‍ദ്ദങ്ങളും ഞങ്ങളെ നിസ്സഹായരാക്കുമ്പോള്‍ അങ്ങയില്‍നിന്ന് ശക്തിയും ബലവും സംഭരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ, ആമ്മേന്‍.
ആന്‍സിമോള്‍ ജോസഫ്