
ഉടന്‍ ചെയ്യേണ്ടത്
ശ്രദ്ധ തിരിച്ചുവിടുക
ദുരാശയുടെ ഒരു ചിന്ത വരുമ്പോള്‍ത്തന്നെ ശ്രദ്ധ തിരിച്ചുവിടുക. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന ഉപദേശം ഇതാണ്, അത്തരം ചിന്തകളെ നേരിടുന്നതിനെക്കാളുപരി മനസിനെ ആത്മീയമോ നിരുപദ്രവകരമോ ആയ ചിന്തയിലേക്ക് വഴിമാറ്റിവിടുക.
‘നോ’ പറയുക
തെറ്റായ ഒരു ചിന്ത മനസില്‍ വന്നാല്‍ സെക്കന്റുകള്‍ക്കകം അതിനോട് നോ പറയണം. നമുക്കുതന്നെ കേള്‍ക്കാവുന്ന സ്വരത്തില്‍ യേശുനാമത്തിന്റെ അധികാരം ഉപയോഗിച്ച് ‘നോ’ പറയുക.
പ്രവൃത്തി
നമ്മുടെ അപ്പോഴത്തെ സാഹചര്യം മാറ്റുകയോ പുതിയ ഒരു പ്രവര്‍ത്തനം തുടങ്ങുകയോ ചെയ്യുക. ശുദ്ധതയ്‌ക്കെതിരായ പ്രലോഭനത്തെ നേരിടാന്‍ അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് മുള്ളുകള്‍ നിറഞ്ഞ റോസാത്തോട്ടത്തില്‍ ഉരുണ്ടത് ഓര്‍ക്കുക. ആധുനിക ഉപദേശങ്ങളനുസരിച്ച്, ഒന്ന് നടക്കുകയോ സാധാരണജോലികള്‍ ചെയ്യുകയോ വ്യായാമം ചെയ്യുകയോ ആവാം.
യേശുപ്രാര്‍ഥനകള്‍ ചൊല്ലുക
തീക്ഷ്ണമായ കൊച്ചുപ്രാര്‍ഥനകള്‍ ചൊല്ലുക. ഉദാഹരണത്തിന്, ‘കര്‍ത്താവായ യേശുക്രിസ്തുവേ, ദൈവത്തിന്റെ പുത്രാ, പാപിയായ എന്നില്‍ കനിയേണമേ.’ അരുതാത്ത ഒരു ചിന്തയ്‌ക്കെതിരെ ഒരു ‘നന്മനിറഞ്ഞ മറിയമേ’ നല്ലൊരു ആയുധമാണ്.
ദീര്‍ഘനാള്‍ അഭ്യസിക്കേണ്ടത്
നിരന്തരമായ പ്രാര്‍ഥനാജീവിതം
രാവിലെയും വൈകിട്ടും സ്ഥിരമായി പ്രാര്‍ഥിക്കുന്ന ശീലം വളര്‍ത്തുക. അതിലൂടെ ആത്മീയശക്തി നേടാനും പാപത്തെ ചെറുത്തുനില്‍ക്കാനും കഴിയും.
സ്ഥിരമായ വിശുദ്ധ കുമ്പസാരവും വിശുദ്ധ കുര്‍ബാനസ്വീകരണവും
ഇടയ്ക്കിടെ കുമ്പസാരിക്കാനും സാധിക്കുമെങ്കില്‍ അനുദിനവും വിശുദ്ധബലിയില്‍ പങ്കെടുക്കാനും ശ്രദ്ധിക്കുക. അനുദിനം പോകാന്‍ സാധ്യമല്ലെങ്കില്‍ സാധിക്കുമ്പോഴൊക്കെ ദിവ്യബലിയില്‍ പങ്കുചേരുക. ഇടയ്ക്കിടെയുള്ള കുമ്പസാരം നമ്മെ പാപത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ സഹായിക്കും. ദിവ്യകാരുണ്യമാകട്ടെ ആത്മീയപോഷണവും സൗഖ്യവും നല്കും.
നരകത്തെക്കുറിച്ച് ഓര്‍ക്കുക
പാപത്തിന് പ്രതിഫലമായി ലഭിക്കുന്നത് നിത്യനരകമാണെന്ന് സ്വയം ഓര്‍മിപ്പിക്കുന്നത് പാപത്തെ വെറുത്തുപേക്ഷിക്കാന്‍ നല്ലതാണ്.
ആത്മീയവായന
അനുദിനം വചനം വായിക്കുന്നതും വിശുദ്ധരുടെ ജീവിതകഥകള്‍ വായിക്കുന്നതും സഭാപിതാക്കന്‍മാരുടെ എഴുത്തുകള്‍ വായിക്കുന്നതും ദൈവികമായ അറിവുകളും സത്യങ്ങളും മനസില്‍ നിറയ്ക്കാന്‍ സഹായിക്കും.
ഉപവാസവും തപശ്ചര്യകളും
ഭക്ഷണനിയന്ത്രണം ദുരാസക്തിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശുദ്ധര്‍ പഠിപ്പിക്കുന്നു. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപവസിക്കുകപോലുള്ള ശീലങ്ങള്‍ ദുരാശകളോട് ‘അരുത്’ എന്ന് പറയാന്‍ നമ്മുടെ ശരീരത്തെ പരിശീലിപ്പിക്കും.
പാപപ്രേരകമായവ ഒഴിവാക്കുക
പാപത്തില്‍നിന്ന് രക്ഷനേടാന്‍ ആത്മീയഗുരുക്കന്‍മാര്‍ പറഞ്ഞുതരുന്ന പ്രധാനതത്വം പാപസാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. പാപത്തിലേക്ക് നയിക്കുന്ന സ്ഥലങ്ങള്‍, ആളുകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കുന്നത് പാപവീഴ്ചകളെ തടയും.