
അന്ന് എനിക്ക് ഏതാണ്ട് 25 വയസ്. വീട്ടിൽ വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്നു. ജോലിയുടെ ഭാഗമായി ഞാൻ ഒരു മാസത്തിലധികം മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായിരുന്നു. എന്റെ പിതാവിന്റെ ജ്യേഷ്ഠസഹോദരനും കുടുബവും അവിടെയാണ് താമസിച്ചിരുന്നത്. അവരുടെ സാമീപ്യം എനിക്ക് സന്തോഷകരമായിരുന്നു. നാസിക്കിൽ കുറഞ്ഞ സ്ഥലപരിമിതിക്കുള്ളിൽതന്നെ അനേകം ദൈവാലയങ്ങൾ കാണാൻ കഴിയും. ഞാൻ അവിടെ ചെല്ലുന്നത് പെരുന്നാളുകളുടെ സമയത്തായിരുന്നു. അവിടെയുണ്ടായിരുന്നപ്പോൾ 30 ദിവസം തുടർച്ചയായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ആ ദിവസങ്ങളിലെല്ലാം രാവിലെ ജോലിക്ക് പോകുകയും വൈകുന്നേരങ്ങളിൽ പെരുന്നാളിന്റെ ഭാഗമാകുകയും ചെയ്തു വന്നു. കുട്ടിക്കാലത്ത് മദ്ബഹാശുശ്രൂഷിയായിരുന്ന സമയങ്ങളിൽ ലഭിച്ചിരുന്ന ആനന്ദം എനിക്ക് ഈ നാളുകളിൽ ലഭിക്കുവാൻ തുടങ്ങി. എന്റെ ഇടവകയായ പത്തനംതിട്ട ഊട്ടുപാറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽനിന്ന് എനിക്ക് ലഭിച്ചിരുന്ന അതേ ആനന്ദാനുഭവം…
എന്റെ കസിൻ സഹോദരി എന്റെ പ്രാർഥനയും രീതികളും കണ്ട് ഒരു തമാശയെന്നോണം എന്നോട് ചോദിച്ചു, ”വൈദികനായിക്കൂടേ?” പെട്ടെന്നുതന്നെ ഞാൻ മറുപടി നല്കി, ”ഞാൻ വൈദികനാകാൻ പോകുകയാണ്!” ഞാൻ കുറച്ചുദിവസങ്ങളായി ചിന്തിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നതിനാൽ ഗൗരവമായിട്ടാണ് ഉത്തരം പറഞ്ഞതെങ്കിലും അവൾക്കത് മനസിലായില്ല. പക്ഷേ എന്റെ തീരുമാനങ്ങൾക്ക് കൂടുതൽ ബലം പകരുന്ന സംഭവമായിരുന്നു അത്.
പക്ഷേ അവരൊന്നും ഞാൻ വൈദികനാകുമെന്ന് തെല്ലും ചിന്തിക്കാൻ സാധ്യതയില്ലായിരുന്നു. എനിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു കമ്പം. ചെറുപ്പംമുതലേ വാഹനങ്ങളോട് എനിക്ക് അതീവ ഇഷ്ടമായിരുന്നു. ഒരോ ബസ്‌യാത്രയിലും ഡ്രൈവറോട് ചേർന്ന് ഇരിക്കാനും ബസിന്റെ എഞ്ചിൻ ഭാഗത്തോട് ചേർന്ന് അതിന്റെ ശബ്ദം ആസ്വദിച്ച് യാത്രചെയ്യാനുമായിരുന്നു ഞാൻ കൂടുതൽ ആഗ്രഹിച്ചതും പരിശ്രമിച്ചതും. ഇഷ്ടം എന്നതിലുപരി ഇതെന്റെ ഹരമായി മാറി. വളരുംതോറും എന്റെ ഇഷ്ടം കുറയുകയല്ല മറിച്ച് വർദ്ധിക്കുകയായിരുന്നു. ആ ഇഷ്ടം വിമാനങ്ങളിലേക്ക് എത്തിച്ചേർന്നു. ഒരു എയ്‌റോനോട്ടിക്കൽ എഞ്ചിനീയറാകണമെന്ന മോഹം പതിയെ എന്റെയുള്ളിൽ വളർന്നുവന്നു.
അതിനാൽത്തന്നെ എൻജിനീയറിംഗ് പഠനമാണ് തെരഞ്ഞെടുത്തത്. 2011 ൽ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽനിന്ന് രണ്ടാം റാങ്കോടെ ബിരുദം പൂർത്തിയാക്കി. തുടർന്ന് ടാറ്റാ മോട്ടോർസ്, മഹീന്ദ്രാ ആന്റ് മഹീന്ദ്ര, കേന്ദ്രസർക്കാറിന്റെ സ്ഥാപനമായ ഡി.ആർ.ഡി.ഒ എന്നീ കമ്പനികളിലായി മൂന്ന് വർഷക്കാലം ഞാൻ ജോലിചെയ്തു. ഇതിനിടയിൽ ഐ.ഐ.ടി മദ്രാസിൽ നിന്ന് ഞാനെന്റെ എം.എസ് (മാസ്റ്റർ ഓഫ് സയൻസ്) പൂർത്തിയാക്കി. ശേഷം ജർമ്മൻ യൂണിവേഴ്‌സിറ്റിയായ ആഹനിൽനിന്ന് വെഹിക്കിൾ ഡൈനാമിക്‌സിലും എം.എസ് പൂർത്തിയാക്കി. അതിനുശേഷം ഐഐഎം ബാംഗ്ലൂരിൽനിന്ന് എം.ബി.എ പഠനവും പൂർത്തിയാക്കി. അതിനുശേഷമാണ് ഓസ്ട്രിയാ ആസ്ഥാനമായുള്ള റെഡ്ബുൾ റെയ്‌സിങ്ങ് കമ്പനിയിലെ ജോലി ലഭിച്ചത്. ആ ജോലിയുടെ ഭാഗമായി നാസിക്കിലായിരിക്കവേയാണ് പൗരോഹിത്യവിളി സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നിൽ തീവ്രമായത്.
ഉയർന്നുവന്ന ചോദ്യങ്ങൾ
ജോലിയും ശമ്പളവും വേണോ അതോ കർത്താവിനുവേണ്ടി ശുശ്രൂഷചെയ്യണോ എന്ന ചോദ്യം എന്റെയുള്ളിൽ ശക്തമായി. ഒടുവിൽ, കർത്താവിന്റെ പുരോഹിതനാകുവാനുള്ള തീരുമാനത്തിലേക്കാണ് മനസ് എത്തിയത്. എങ്കിലും, ആ തീരുമാനം വെറുമൊരു ചോരത്തിളപ്പിന്റെ ഭാഗമായിട്ടുള്ള എടുത്തുചാട്ടമാണോ, ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഓടിയൊളിക്കലാണോ എന്നൊക്കെയുള്ള ചിന്തകൾ എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ആ സമയത്തുതന്നെയായിരുന്നു ചെന്നൈയിലെ ജോലിസ്ഥലത്തേക്കുള്ള മടക്കയാത്ര. പുനെയിൽനിന്നായിരുന്നു ഫ്‌ളൈറ്റ്. സാധാരണയായി മുംബെയിൽനിന്ന് ബുക്ക് ആകേണ്ട വിമാനം അന്ന് ബുക്ക് ചെയ്തുകിട്ടിയത് പുനെയിൽനിന്നാണ്. ഉച്ചയ്ക്ക് 2.30 നുള്ള വിമാനത്തിനായി ഒരു മണിയായപ്പോൾ ഞാൻ വിമാനത്താവളത്തിലെത്തി. എന്നാൽ, മഴ കാരണം വിമാനം താമസിച്ചു. വിമാനം താമസിക്കുംതോറും എന്റെയുള്ളിൽ ശക്തമായ ആന്തരിക സംഘട്ടനം നടക്കുകയായിരുന്നു, ‘ജോലിവേണോ അതോ പുരോഹിതനാകണോ?’
വീട്ടിലെ ഏകമകനായതിനാൽ മാതാപിതാക്കളെ ആരുനോക്കും എന്ന ചോദ്യം എന്റെയുള്ളിൽ ഉയർന്നുനിന്നു. എടുത്തുചാടി തീരുമാനമെടുത്തിട്ട് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തിരികെ വരേണ്ടിവന്നാൽ എന്തുചെയ്യും? എന്റെ ചിന്തകൾക്കൊപ്പം വിമാനം വരുന്നതും താമസിക്കാൻ തുടങ്ങി. ശരിയായ തീരുമാനം സ്വയം എടുക്കാൻ സാധിക്കാത്തതിനാൽ ഞാൻ തീരുമാനം കർത്താവിന് നല്കി. ഫ്‌ളൈറ്റ് അനിശ്ചിതമായി വൈകിക്കൊണ്ടിരുന്നു. ഒടുവിൽ രാവിലെ നാല് മണിയോളം ആയി. ഈശോതന്നെ എന്റെ കാര്യത്തിൽ തീരുമാനം പറയണം എന്ന ചിന്തയോടെ ഞാൻ അവിടെ ഇരിക്കുകയായിരുന്നു അത്രയും സമയവും. ഒടുവിൽ ഏതാണ്ട് 4.15 ആയപ്പോൾ ഞാൻ ഉള്ളിൽ തീരുമാനമെടുത്തു, ”തിരികെ ചെന്ന് ഞാൻ ആദ്യം ചെയ്യുന്നത് ജോലി രാജിവയ്ക്കുക എന്നതാണ്. ആരോടും ഇനി അഭിപ്രായം ചോദിക്കുന്നില്ല!” ഉടൻതന്നെ ആ തീരുമാനം ശരിയാണോ എന്നതിന് എനിക്കൊരു അടയാളം തരണമെന്ന് പ്രാർഥിച്ചു. നിമിഷങ്ങൾക്കകം ഞാൻ ഒരു അനൗൺസ്‌മെന്റ് കേൾക്കുകയാണ്, 14 മണിക്കൂറോളം വൈകിയ ഫ്‌ളൈറ്റ് താമസിയാതെ പുറപ്പെടും. എനിക്ക് മനസിലായി, അത് ദൈവം തന്ന അടയാളമാണ്!
തിരികെ ഓഫീസിലെത്തി ഞാൻ രാജിക്കത്ത് നല്കി. കൂടുതൽ ശമ്പളം നല്കിയാൽ നിൽക്കുമോ എന്ന് അധികാരികൾ പലതവണ ചോദിച്ചു. എന്നാൽ അതിലും വിലയുള്ള കാര്യത്തിനാണ് ഞാൻ പോകുന്നതെന്ന് ഞാൻ ഉറപ്പിച്ചു. ജോലി നിറുത്തി കുറച്ചുനാൾ വീട്ടിലിരുന്ന സമയം. മാതാപിതാക്കൾ എന്റെ വിവാഹം വളരെ കാര്യമായി ആലോചിച്ചുതുടങ്ങി. അവരെ എതിർത്തുനിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ‘ഇതുവരെയും കരുതിയ കർത്താവേ ഇനിയും എന്നെ നയിക്കണമേ’ എന്ന് പ്രാർഥിച്ച് ഞാൻ കാത്തിരുന്നു. അവസാനം ധൈര്യം സംഭരിച്ച് മാതാപിതാക്കളോട് പറഞ്ഞു, ”ഇതല്ല എന്റെ വിളി. എനിക്ക് വൈദികനാകാൻ പോകണം!” മാതാപിതാക്കൾക്കത് വലിയൊരു ‘ഷോക്കാ’യിരുന്നു. അവരുടെ സ്വപ്നങ്ങൾക്ക് വിപരീതമായ മകന്റെ ആഗ്രഹം അവരെ വിഷമത്തിലാക്കി.
ഒടുവിൽ ഞാൻ ആ സ്വപ്നത്തിനായി ഇറങ്ങി. യുവാക്കളുടെയും കുട്ടികളുടെയും ഇടയിലാണ് ദൈവം എന്നെ ആഗ്രഹിക്കുന്നതെന്ന് തോന്നി. അതിനാൽത്തന്നെ സലേഷ്യൻ സഭയോട് ഇഷ്ടം കൂടുതൽ തോന്നുകയും ബന്ധപ്പെട്ടപ്പോൾ അവിടെനിന്ന് ‘കം ആന്റ് സീ’ (വന്നുകാണുക) ക്ഷണം ലഭിക്കുകയും ചെയ്തു. പോയിക്കണ്ട് അവിടെ ചേരാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴും മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല. അതിനാൽ വീട്ടിൽത്തന്നെ തുടർന്നു.
പക്ഷേ ആ ദിവസങ്ങളിൽ മറ്റൊരു സംഭവം ഉണ്ടായി. എന്റെ പ്രഷർ ക്രമാതീതമായി ഉയരാൻ തുടങ്ങി. ചികിത്സിച്ചിട്ടും വലിയ മാറ്റം വരുന്നില്ല. ആ സങ്കീർണതകൾക്കിടയിൽ മാതാപിതാക്കൾ എന്നെ സെമിനാരിയിൽ വിടുന്നതിലുള്ള എതിർപ്പ് ഉപേക്ഷിച്ചു. പിന്നെ നടന്നത് ഒരു അത്ഭുതമാണ്, അതുവരെയും താഴാതിരുന്ന പ്രഷർ കുറഞ്ഞ് ഞാൻ സൗഖ്യത്തിലേക്ക് വന്നു! ആ സൗഖ്യം അവരെയും വളരെയധികം സ്വാധീനിച്ചു.
എങ്കിലും സെമിനാരിപരിശീലനത്തിന്റെ ആദ്യനാളുകളിൽ പിതാവും സഹോദരിയും എന്നോട് സംസാരിക്കാറില്ലായിരുന്നു. പക്ഷേ സാവധാനം അവർ എന്റെ തീരുമാനം അംഗീകരിച്ചു. പിന്നീടുള്ള കാലങ്ങളിൽ അവർ കാത്തിരുന്നത് എന്റെ തിരുപ്പട്ടത്തിനുവേണ്ടിയായിരുന്നു.
ഇന്ന് ഒരു പുരോഹിതനായി യുവാക്കൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി നിറവേറുകയാണെന്ന സംതൃപ്തി എന്നിൽ നിറയുന്നു. ”കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങൾ കടക്കുവിൻ; സ്തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ. അവിടുത്തേക്കു നന്ദി പറയുവിൻ; അവിടുത്തെ നാമം വാഴ്ത്തുവിൻ” (സങ്കീർത്തനങ്ങൾ 100:4-5).
ഫാ. എബിൻ തോമസ് എബ്രഹാം