പിശാചിന് ചെയ്യാൻ സാധിക്കാത്ത ഏകകാര്യം – Shalom Times Shalom Times |
Welcome to Shalom Times

പിശാചിന് ചെയ്യാൻ സാധിക്കാത്ത ഏകകാര്യം

എളിമയെപ്പറ്റി എളിമയോടെ പഠിപ്പിച്ചിരുന്ന വിശുദ്ധ ജോൺ മരിയ വിയാനിയോട് ഒരിക്കൽ ആരോ ചോദിച്ചു:
”നന്നായി ജീവിക്കുവാൻ ഞാൻ എന്തുചെയ്യണം?”
”എന്റെ സ്‌നേഹിതാ, നിങ്ങൾ നല്ലവനായ ദൈവത്തെ സ്‌നേഹിക്കണം.”
”ദൈവത്തെ സ്‌നേഹിക്കാൻ ഞാനെന്താണ് ചെയ്യേണ്ടത്?”
”ഓ, എന്റെ സ്‌നേഹിതാ, എളിമ! അതെ, എളിമ മാത്രമാണ് താങ്കൾക്ക് വേണ്ടത്. പുണ്യവാന്മാരാകുന്നതിൽനിന്നും നമ്മെ തടയുന്നത് അഹങ്കാരം മാത്രമാണ്. എല്ലാ നന്മകളെയും കോർത്തുകെട്ടുന്ന ചരടാണ് എളിമ. എന്നാൽ അഹങ്കാരമാകട്ടെ സകല തിന്മകളെയുമാണ് കോർത്തുകെട്ടുന്നത്.”

എളിമയെപ്പറ്റി പഠിപ്പിക്കുമ്പോൾ വിശുദ്ധൻ കൂടെക്കൂടെ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഒരിക്കൽ വിശുദ്ധ മക്കാറിയൂസിന്റെ മുന്നിൽ പിശാച് വലിയ രോഷത്തോടെ പ്രത്യക്ഷപ്പെട്ടു. അവന്റെ കൈയിൽ ഒരു ചാട്ടയും ഉണ്ടായിരുന്നു. പിശാച് അലറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:
”നീ ചെയ്യുന്നതെല്ലാം ഞാനും ചെയ്യുന്നുണ്ട്. നീ ഉപവസിക്കുന്നു. ഞാനും ഒന്നും ഭക്ഷിക്കാറില്ല. നീ ഉറക്കമൊഴിച്ച് ഉണർന്നിരിക്കുന്നു. ഞാൻ ഉറങ്ങുന്നേയില്ല. എന്നാൽ എനിക്ക് ചെയ്യാനാകാത്ത ഒരു കാര്യം നീ ചെയ്യുന്നുണ്ട്. അവിടെയാണ് നീയെന്നെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.”
”അതെന്താണ്” മക്കാറിയൂസ് ചോദിച്ചു.
”എളിമപ്പെടുക” അതെനിക്ക് ചെയ്യാനാകുന്നില്ല. ഇത് പറഞ്ഞിട്ട് പിശാച് മറഞ്ഞുപോയി.

വിശുദ്ധ വിയാനി ഓർമിപ്പിക്കുന്നത് ഇങ്ങനെയാണ്, ”ദൈവത്തിന്റെ ദൃഷ്ടിയിൽ നാം എന്തായിരിക്കുന്നുവോ അതിൽ കൂടുതലായി നാം ഒന്നുമല്ല. നാം ഇല്ലായ്മയും ദൈവകൃപയില്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്തവരും ആണെന്നുള്ളത് സ്പഷ്ടമല്ലേ.”

1786 മെയ് എട്ടാം തിയതി ഫ്രാൻസിലെ ലിയോൺസിനടുത്തുള്ള ഡാർഡില്ലിയിലാണ് വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് മരിയ വിയാനി ജനിച്ചത്. മാത്യു വിയാനിയുടെയും മരിയ വിയാനിയുടെയും ആറുമക്കളിൽ മൂന്നാമത്തേതായിരുന്നു ജോൺ വിയാനി. ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലമായി സഭയും പുരോഹിതരും ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന ആ കാലത്ത് ഒളിസങ്കേതങ്ങളിലായിരുന്നു വിശുദ്ധ ബലിയർപ്പിച്ചിരുന്നത്. ജോൺ മരിയ വിയാനിയുടെ മാമോദീസായും ആദ്യകുർബാനസ്വീകരണവുമെല്ലാം വീടിനുള്ളിൽ രഹസ്യമായാണ് നിർവഹിക്കപ്പെട്ടത്. ഫ്രഞ്ച് വിപ്ലവം വിദ്യാഭ്യാസരംഗത്തെയും തകർത്തുകളഞ്ഞതിനാൽ ഔപചാരികമായ വിദ്യാഭ്യാസം നേടുവാനും അദ്ദേഹത്തിന് സാധിച്ചില്ല. മൂത്ത സഹോദരിയാണ് എഴുതുവാനും വായിക്കുവാനും അത്യാവശ്യംവേണ്ട കണക്കുകളും പഠിപ്പിച്ചത്. പിന്നീട് പത്തൊമ്പതാമത്തെ വയസിൽ വൈദികപരിശീലനത്തിനായി അയക്കപ്പെട്ടപ്പോൾ പഠനം അദ്ദേഹത്തിന് ഒരു പ്രശ്‌നമായിത്തീർന്നു. ക്ലാസിലെ ഈ ‘മരമണ്ടൻ’ സഹപാഠികളുടെയും ഗുരുക്കന്മാരുടെയും നിരന്തരമായ കളിയാക്കലുകൾക്ക് വിധേയനായി.

ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു മത്തിയാസ് ലോറൻസ്. പഠനകാര്യങ്ങളിൽ ജോൺ വിയാനിയെ സഹായിക്കുവാനായി നിയോഗിക്കപ്പെട്ട മത്തിയാസിന് ഒരിക്കൽ ക്ഷമ നശിച്ചു. എത്ര പറഞ്ഞുകൊടുത്തിട്ടും ഒന്നും മനസിലാകാതെയിരിക്കുന്ന ജോണിന്റെ ചെകിട്ടത്ത് എല്ലാവരും കാൺകെ മത്തിയാസ് ആഞ്ഞടിച്ചു. അപ്പോൾ 12 വയസുള്ള മത്തിയാസിന്റെ മുന്നിൽ വിയാനി മുട്ടുകുത്തിക്കൊണ്ട് തന്റെ കുറവുകൾക്ക് മാപ്പ് ചോദിക്കുകയാണ് ചെയ്തത്. വിയാനിയുടെ അഗാധമായ എളിമയും ക്ഷമയും കണ്ട മത്തിയാസിന്റെ കരളലിഞ്ഞു. ജോൺ വിയാനിയെ കെട്ടിപ്പിടിച്ചുകൊണ്ട് പശ്ചാത്താപത്തോടെ മത്തിയാസ് കരഞ്ഞു. അതൊരു പുതിയ സുഹൃദ്ബന്ധത്തിന്റെ ആരംഭംകുറിച്ചു. പിൽക്കാലത്ത് അമേരിക്കയിലേക്ക് മിഷനറിയായിപ്പോയ മത്തിയാസ് ലോറൻസ്, ഡ്യൂബക്ക് രൂപതയുടെ മെത്രാനായിത്തീർന്നു.

വിയാനിയുടെ കഴിവില്ലായ്മ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ദൈവം എന്നോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നു; അതായത് എനിക്ക് ആത്മാഭിമാനം തോന്നത്തക്കവിധം സാമർത്ഥ്യമോ ശാസ്ത്രജ്ഞാനമോ ശക്തിയോ പുണ്യമോ ഒന്നും തന്നിട്ടില്ല. എന്നെപ്പറ്റി ചിന്തിക്കുമ്പോൾ പാപങ്ങളല്ലാതെ മറ്റൊന്നും എന്നിൽ കണ്ടുപിടിക്കാൻ എനിക്ക് സാധിക്കുന്നില്ല.”
വിശുദ്ധനുണ്ടായിരുന്ന സ്വയാവബോധം എത്ര മഹത്തരമായിരുന്നു എന്ന് നോക്കുക! എന്നാൽ നമ്മെപ്പറ്റി നാംതന്നെ പുലർത്തുന്ന തെറ്റായ ധാരണയാണ് അഹങ്കാരം. സ്വർഗത്തിൽ വസിച്ചിരുന്ന മാലാഖമാരെ നരകത്തിലേക്ക് വീഴിച്ച പാപമാണ് ഇത്. ഈ പാപം നമ്മിലെല്ലാവരിലും വിവിധ അളവിൽ ഉണ്ട് എന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. അതെക്കുറിച്ച് വിശുദ്ധ ജോൺ മരിയ വിയാനി ഇങ്ങനെ പറയുന്നു: ഒരുവൻ തന്റെ വസ്ത്രങ്ങളിൽ അഹങ്കരിക്കുന്നു, വേറൊരുവൻ വാക്‌സാമർത്ഥ്യത്തിൽ, മൂന്നാമതൊരുവൻ തന്റെ പെരുമാറ്റത്തിൽ, ഇതരൻ നടപ്പിലും ഇരിപ്പിലും.

വേറൊരു കൂട്ടരുണ്ട്, അവർ മറ്റുള്ളവരിൽനിന്ന് കൂടുതൽ പ്രശംസ ലഭിക്കാൻവേണ്ടി സ്വയം താഴ്ത്തി സംസാരിക്കുന്നു.
പാവപ്പെട്ടവരുടെ കൂടെ കാണപ്പെടാൻ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ട്, പ്രത്യേകിച്ച് വലിയ ആളുകൾ അടുത്തെങ്ങാനും ഉള്ളപ്പോൾ. യാദൃച്ഛികമായി വലിയവരുടെ പ്രശംസയ്ക്ക് പാത്രമാകുമ്പോൾ അവർ അത്യധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. എന്നാൽ എളിമയുള്ളവൻ ആക്ഷേപത്തെയോ സ്തുതിയെയോ ദോഷാരോപണത്തെയോ ബഹുമാനത്തെയോ നിന്ദയെയോ ആദരത്തെയോ കാര്യമായി ഗണിക്കുന്നില്ല. ഇനിയും മറ്റ് ചിലർ മനുഷ്യരുടെ പ്രശംസ ലഭിക്കാൻവേണ്ടി വലിയ തുകകൾ സംഭാവന നല്കുന്നു.

ഭക്ഷണസാധനങ്ങളിൽ ഉപ്പെന്നതുപോലെ നമ്മുടെ എല്ലാ പ്രവൃത്തികളിലും നാം അഹങ്കാരം കലർത്താറുണ്ട്. നമ്മുടെ നല്ല പ്രവൃത്തികൾ എല്ലാവരാലും അറിയപ്പെടണമെന്ന് നാം ആഗ്രഹിക്കുന്നു. അന്യർ നമ്മുടെ സുകൃതങ്ങൾ മനസിലാക്കുമ്പോൾ നാം സന്തോഷിക്കുകയും കുറ്റങ്ങൾ അവരുടെ ദൃഷ്ടിയിൽ പെടുമ്പോൾ നാം സങ്കടപ്പെടുകയും ചെയ്യുന്നു. താൻ ചെയ്യുന്നതെല്ലാം വളരെ ഗംഭീരമാണ് എന്നാണ് അഹങ്കാരി ചിന്തിക്കുന്നത്. അതിനാൽത്തന്നെ മറ്റുള്ളവരെ വിമർശിക്കാൻ മടിക്കില്ല. ഒരു ഉത്തമ മനുഷ്യനാകേണ്ടതിന് അഹങ്കാരത്തെ തകർത്ത് എളിമയിൽ വളരാൻ നാം എപ്പോഴും ഓർത്തിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശുദ്ധൻ പറഞ്ഞുതരുന്നു.

* ജീവിതം ക്ഷണികമാണ്
ഇന്ന് നമുക്ക് നല്ല പ്രസരിപ്പും ആരോഗ്യവും ഉണ്ടായിരിക്കാം. പക്ഷേ നാളെ മരണം വന്ന് നമ്മെ കൊണ്ടുപോകും. ലോകമഹിമ, യൗവനം, ബഹുമതി, ധനം എന്നിവയെല്ലാം വയലിലെ പൂവുപോലെ വേഗം വാടിപ്പോകും. സമാനമായ രീതിയിൽ നാമും ഒരു ദിവസം പൊടിയായി രൂപാന്തരപ്പെടും. നല്ല ദൈവത്തെ ഭയപ്പെടുന്നില്ലെങ്കിൽ നാമും പുല്ലുപോലെ തീയിലേക്ക് എറിയപ്പെടും. അതിനാൽ ലോകത്തിന്റെ കാര്യങ്ങൾക്ക് അമിതപ്രാധാന്യം നല്കരുത്. ശരീരത്തെ അധികമായി താലോലിക്കരുത്. ആത്മാവിനെപ്പറ്റിയും അതിനെ എങ്ങനെ ദൈവത്തോട് യോജിപ്പിക്കണമെന്നതിനെപ്പറ്റിയും കൂടുതലായി ചിന്തിക്കുക.

* എളിമയുടെ മാതൃകകൾ
ദൈവമായിരുന്ന ഈശോമിശിഹാ മനുഷ്യനായി ഈ ഭൂമിയിലേക്ക് വന്നു. ദരിദ്രനായി ജനിച്ചു, ജീവിച്ചു, കാൽവരിയിൽ രണ്ട് കള്ളൻമാരുടെ മധ്യേ കഴുമരത്തിലേറി. തന്റെ കാൽവരിബലിക്കുമുമ്പ് അത്ഭുതകരമായ വിശുദ്ധ കുർബാനയെന്ന കൂദാശ അവിടുന്ന് സ്ഥാപിച്ചു. ഇന്നും ദിവ്യകാരുണ്യത്തിൽ മറഞ്ഞിരുന്നുകൊണ്ട് നമ്മെ സ്‌നേഹിക്കുന്നു. ഈ കൂദാശയിൽ അവിടുന്ന് ദുസ്സഹമായ നിന്ദനങ്ങൾ സഹിക്കുന്നു. നമ്മുടെ അൾത്താരകളിൽ നന്ദിയില്ലാത്ത മനുഷ്യരാൽ പരിത്യജിക്കപ്പെടുന്നു. എന്നിട്ടും അൾത്താരയിലെ ഈ കൂദാശവഴി അവിടുന്ന് ഇടവിടാതെ നമ്മെ സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

* ക്രൂശിലേക്ക് നോക്കണം
നമ്മുടെ പാപങ്ങളാൽ കുരിശിൽ തറയ്ക്കപ്പെട്ട ഈശോയെ നോക്കണമെന്ന് വിയാനി പുണ്യവാൻ പറയുന്നു. നാം നടക്കുമ്പോൾ ഈശോമിശിഹാ കുരിശും വഹിച്ച് നമ്മുടെ മുമ്പേ നടക്കുന്നതായി മനസാ കാണണം. ‘ഞാൻ ഹൃദയശാന്തതയും എളിമയുമുള്ളവനാകയാൽ എന്നിൽനിന്ന് പഠിക്കുവിൻ’ എന്നല്ലേ അവിടുന്ന് പറയുന്നത്. കുരിശിൽ നിന്ദിതനായി മരിക്കുമ്പോഴും ശാന്തത പുലർത്തുന്ന അവിടുത്തെ മാതൃക പിഞ്ചെല്ലാം. നാം അഹങ്കാരംവഴി ചെയ്ത പാപങ്ങൾക്ക് പരിഹാരമായി നമ്മുടെ കർത്താവ് മുൾമുടി ധരിക്കപ്പെട്ടു.

* കന്യാമാതാവും വിശുദ്ധരും
നമ്മെ ഉറ്റുനോക്കുന്ന മാതാവിനെ മനസിൽ കണ്ടാൽ അഹങ്കരിക്കാതിരിക്കാൻ പ്രേരണ ലഭിക്കുമെന്ന് വിശുദ്ധൻ നമ്മെ ഓർമിപ്പിക്കുന്നു. ”കണ്ടാലും, അവിടുന്ന് തന്റെ ദാസിയെ കടാക്ഷിച്ചു” എന്നാണല്ലോ പരിശുദ്ധ അമ്മ പറയുന്നത്. ദൈവം നമ്മെ കടാക്ഷിക്കേണ്ടതിന് നമുക്കും എളിമയുള്ളവരായിരിക്കാം. വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും വിയാനി പുണ്യവാൻ എപ്പോഴും പറയുക പതിവായിരുന്നു.

* ശിശുക്കളെപ്പോലെയാകൂ…
സകലതിനും മാതാപിതാക്കളെ ആശ്രയിക്കുന്ന ശിശുവിനെപ്പോലെയാകുക. അപ്പോൾ എളിമപ്പെടുക എളുപ്പമായിത്തീരും. സൂര്യപ്രകാശമില്ലെങ്കിൽ ഭൂമിക്ക് യാതൊന്നും മുളപ്പിക്കാൻ സാധിക്കാത്തതുപോലെ നല്ല ദൈവത്തിന്റെ പ്രസാദവരം കൂടാതെ നമുക്ക് യാതൊരു നന്മയും ചെയ്യുവാൻ കഴിയില്ല. ഇക്കാര്യം അംഗീകരിക്കുന്നവർക്ക് അഹങ്കരിക്കാൻ സാധിക്കുകയില്ല.
വിശുദ്ധ വിയാനി എളിമയെ തുലാസിനോടാണ് ഉപമിച്ചിരിക്കുന്നത്. ‘എളിമ തുലാസുപോലെയാണ്. ഒരു വശത്ത് നാം നമ്മെത്തന്നെ എത്ര താഴ്ത്തുന്നുവോ, മറുവശത്ത് നാം അത്രയും ഉയരുന്നു.’

ബെഞ്ചമിൻ മാർക്കോ