വേറിട്ട സ്വരങ്ങള്‍ ശ്രദ്ധിക്കാറൂണ്ടോ…? – Shalom Times Shalom Times |
Welcome to Shalom Times

വേറിട്ട സ്വരങ്ങള്‍ ശ്രദ്ധിക്കാറൂണ്ടോ…?

ലോകത്തിലൂടെ നടന്ന് നീങ്ങുമ്പോൾ പല തരത്തിലുള്ള ശബ്ദങ്ങളും സംസാരങ്ങളും നാം കേൾക്കാറുണ്ട്. ചിലത് നമ്മെ വല്ലാതെ ആകർഷിക്കുന്നു. ചിലത് പ്രലോഭിപ്പിക്കുന്നു. വേറെ ചിലത് ആശകളെ തൃപ്തിപ്പെടുത്തുന്നു. നമുക്ക് ഇഷ്ടമുള്ളത് കേൾക്കാനാണ് നമുക്ക് താൽപര്യം.

എന്നാൽ, ദൈവശബ്ദം പലപ്പോഴും വേറിട്ട സ്വരങ്ങളിലൂടെയാണ് നമ്മിലേക്ക് എത്തുക. അത് തിരിച്ചറിയാനാണ് നാം സ്വയം ഒരുക്കേണ്ടത്. അത് കർണാനന്ദകരമായ ശബ്ദമാകാൻ സാധ്യത കുറവാണ്. പലപ്പോഴും അത് ദൈവഹിതത്തിന്റെ മൂർച്ചയുള്ള സ്വരങ്ങളായിരിക്കും. തെറ്റിന്റെ വഴിയിൽനിന്ന് മാറിനടക്കാനുള്ള മുന്നറിയിപ്പുകളാവാം. ഇനിയും അനുതപിക്കാത്ത പാപങ്ങളെ ഓർത്ത് നാം പശ്ചാത്തപിക്കാൻ ഉതകുന്ന ഭയപ്പെടുത്തുന്ന ശബ്ദങ്ങളാവാം. ലോകത്തെയും അതിന്റെ സുഖങ്ങളെയുംമാത്രം സ്വപ്നം കണ്ട് മുന്നോട്ട് പോകുന്ന സമയത്ത് ദൈവത്തിലേക്കും നിർമ്മലമായ അവന്റെ സ്‌നേഹത്തിലേക്കും മാടിവിളിക്കുന്നതുമാവാം. ഇനി എങ്ങോട്ട് എന്ന് ആകുലപ്പെട്ട് നിൽക്കുമ്പോൾ ദിശാസൂചികപോലെ കണ്ടെത്തുന്ന ചില മന്ത്രണങ്ങളാകാനും സാധ്യതയുണ്ട്. ”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക” (ഏശയ്യാ 30:21).

ദൈവസ്വരം കേൾവിക്ക് അരോചകമായി തുടക്കത്തിൽ തോന്നിയാലും അതിന് ചെവി കൊടുക്കാൻ കഴിഞ്ഞാൽ അത് നമ്മെ അനന്യമായ ആനന്ദത്തിലേക്ക് നയിക്കും. നമ്മെ വെട്ടിയൊരുക്കുന്ന, ദിശ മാറ്റിവിടുന്ന, ദൈവസ്വരങ്ങൾ വേറിട്ട പരുക്കൻ സ്വരങ്ങളായേ ഒരാൾക്ക് തുടക്കത്തിൽ തോന്നൂ. പക്ഷേ ദൈവത്തിനായി നമ്മെ രൂപാന്തരപ്പെടുത്താനുള്ള അസാധാരണ ശക്തി അതിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ, ഇന്ന് കുട്ടികൾക്ക് ശ്രദ്ധിക്കാനിഷ്ടം അവർക്കുവേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്ന മാതാപിതാക്കളുടെക്കാൾ ചില കൂട്ടുകാരുടെ ശബ്ദങ്ങളെയാണ്. തങ്ങളുടെ ലക്ഷ്യത്തിലെത്തിക്കുന്ന ദൈവസ്വരങ്ങളെക്കാൾ ലോകത്തിന്റെ അരൂപിയിലേക്ക് നയിക്കുന്ന തിന്മയുടെ ശക്തികൾക്ക് ചെവികൊടുക്കാനാണ് യുവാക്കൾ ഇഷ്ടപ്പെടുന്നത്. ചുറ്റും നിൽക്കുന്ന സ്തുതിപാഠകരുടെ, സ്വാർത്ഥതയിൽ കുതിർന്ന പൊള്ളയായ ബഹുമതികളാണ് അധികാരിയായ ഒരാൾ കേൾക്കാനിഷ്ടപ്പെടുന്നത്.

കൊട്ടാരത്തിന്റെ രാജകീയ ശബ്ദഘോഷങ്ങൾക്കിടയിൽ തന്റെ പാപങ്ങളെക്കുറിച്ച് ശക്തമായി അനുതപിക്കാൻ ദാവീദിനെ ദൈവം കരുണയോടെ കേൾപ്പിച്ച വേറിട്ട ശബ്ദമാണ് പ്രവാചകൻ നാഥാന്റേത്. വേറിട്ട ആ ശബ്ദം ഹൃദയംകൊണ്ട് കേൾക്കാനുള്ള എളിമ കാണിച്ചതാണ് ദാവീദിന്റെ പിന്നീടുള്ള വിജയത്തിനും അനുഗ്രഹത്തിനും കാരണമായത്. ഇതുപോലൊരു വേറിട്ടൊരു ശബ്ദം വിധിവാചകം പറയാൻ ന്യായപീഠത്തിൽ ഇരിക്കുന്ന പീലാത്തോസ് തന്റെ ഭാര്യയായ ക്ലാവ്ദിയ പ്രോക്ലിസിൽനിന്നും കേൾക്കുന്നുണ്ട്. ജനക്കൂട്ടം ഒന്നടങ്കം യേശുവിനെ ക്രൂശിക്കാൻ ശബ്ദം ഉയർത്തുമ്പോൾ പീലാത്തോസിനോട് സംസാരിക്കുന്ന ആ ദൈവസ്വരം പറയുന്നു: ”…ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്. അവൻമൂലം സ്വപ്നത്തിൽ ഞാൻ ഇന്നു വളരെയേറെ ക്ലേശിച്ചു” (മത്തായി 27:19). ഈശോയുടെ സത്യസന്ധതയും നിഷ്‌ക്കളങ്കതയും അറിയിക്കുകവഴി ഭാവിയിൽ തിരുത്താൻ കഴിയാത്ത ഒരു കൊടുംപാതകത്തിൽനിന്ന് പീലാത്തോസിനെ രക്ഷിച്ചെടുക്കുകയായിരുന്നു ക്ലാവ്ദിയായിലൂടെ കേൾപ്പിക്കപ്പെട്ട ഈ ശബ്ദത്തിന് പിന്നിലെ ലക്ഷ്യം. വേറിട്ട ആ ദൈവസ്വരം കേട്ടില്ല എന്ന് നടിച്ച പീലാത്തോസ് അന്ന് വിധിച്ചത് നിത്യവിധിയാളനായ ക്രിസ്തുവിനെയായിരുന്നു.

ലോകസുഖങ്ങൾ സമ്മാനിച്ച നിരാശയുടെ ആധിക്യത്തിൽ ഒരു ഉദ്യാനത്തിൽ ആയിരിക്കുമ്പോൾ അഗസ്റ്റിൻ കേട്ട ഒരു കുട്ടിയുടെ ‘തുറന്ന് വായിക്കൂ’ എന്ന ശബ്ദം തനിക്കായി സ്വർഗം നൽകിയ വേറിട്ട ശബ്ദമായി സ്വീകരിച്ച് വിശുദ്ധ ഗ്രന്ഥം തുറന്ന് വായിച്ചപ്പോൾ ലഭിച്ച വചനം ഇതായിരുന്നു: റോമാ 13:13-14 – ”സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിൻ. ദുർമോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിൻ.” അത് വായിച്ചപ്പോൾ എന്തെന്നില്ലാത്ത ദൈവകൃപ അഗസ്റ്റിനിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ, ആ വചനം വായിച്ചു കഴിഞ്ഞയുടനെ സംശയത്തിന്റെ എല്ലാ അന്ധകാരവും മാഞ്ഞു. വെളിച്ചം എന്റെ ഹൃദയത്തിലേക്ക് നിവേശിക്കപ്പെട്ടതായ പൂർണ ഉറപ്പ് എനിക്കുണ്ടായി” (Augustine, Confessions).

ഒരു മനുഷ്യന് നേടാൻ കഴിയുന്ന ഏറ്റവും വലിയ ഭാഗ്യം ആത്മരക്ഷയാണെന്ന സത്യം മറക്കാതിരിക്കാം. ജനക്കൂട്ടത്തിന്റെ കോലാഹലങ്ങൾക്കിടയിൽ എന്റെ ആത്മരക്ഷയ്ക്ക് സഹായകമാകുന്ന ഒറ്റപ്പെട്ട ദൈവശബ്ദത്തിനായി ഞാൻ കാതോർക്കണം. അതിന് ചിലപ്പോൾ എന്റെ സ്വപ്നങ്ങളെ ബലികൊടുക്കേണ്ടി വന്നേക്കാം. ആഗ്രഹിക്കാത്ത വഴികളിലൂടെയെല്ലാം യാത്ര ചെയ്യേണ്ടി വന്നേക്കാം. അതിൽ വിഷമിക്കേണ്ടതില്ല. കാരണം എന്റെ ദൈവം എനിക്ക് നല്ലതുമാത്രമേ തരൂ. ദൈവസ്വരം കേട്ട് അനുസരിക്കാനുള്ള വിശ്വാസവും എളിമയും എന്നിൽ നിറയ്ക്കണമേ എന്ന് എന്നെ പൂർണമായി അറിയുന്ന ദൈവത്തോട് പ്രാർത്ഥിക്കാം.

ഫാ. ബിനേഷ് ഇത്തിത്തറ, പി.ഡി.എം മോണസ്ട്രി