
മനുഷ്യമനസിന്റെ ഏറ്റം നിഗൂഢവും മനോജ്ഞവുമായ കഴിവാണ് ഓർമ്മശക്തി. ശിശുപ്രായം മുതൽ കണ്ടതും കേട്ടതും ചിന്തിച്ചതും പ്രവർത്തിച്ചതുമെല്ലാം ആവശ്യാനുസൃതം ഉപയോഗപ്പെടുത്തത്തക്കവിധം ഈ വലിയ ‘ഗർഭപാത്ര’ത്തിൽ ശേഖരിച്ചുവച്ചിരിക്കുകയാണ്.
”ഓ! ദൈവമേ, സ്മരണയെന്ന ശക്തി എത്ര അചിന്ത്യമാണ്. എത്ര അത്ഭുതാവഹമാണ്. ആ ആന്തരികമണ്ഡലത്തിന്റെ ചക്രവാളം എത്ര അനന്തമാണ്! അതിന്റെ അധോഭാഗം കണ്ടവരാരുണ്ട്? അത് അത്ഭുതാവഹമാണ്. ഞാൻ അവയെ മനസിൽ തിരിച്ചറിയുന്നു. നീ എന്റെ ഓർമയിൽ സ്ഥിതിചെയ്യുന്നു; ഞാൻ അനുസ്മരിക്കുമ്പോഴും നിന്നിൽ ആനന്ദം കണ്ടെത്തുമ്പോഴും നീ അവിടെ സ്ഥിതിചെയ്യുന്നു.”
വിശുദ്ധ അഗസ്റ്റിൻ
സ്വർഗാധിസ്വർഗങ്ങൾക്ക് ഒതുക്കി നിർത്തുവാൻ കഴിയാത്തവൻ മനുഷ്യസ്മരണയുടെ ശ്രീകോവിലിൽ മറയ്ക്കപ്പെട്ടിരിക്കുന്നു. ‘സ്മരിക്കുക’ എന്നുള്ളതിന് ലത്തീനിലുള്ള പദം റെക്കോർഡാരി എന്നാണ്. വീണ്ടും ഹൃദയത്തിലേക്കു കൊണ്ടുവരിക എന്നാണ് അതിന്റെ അർത്ഥം. അത് ബുദ്ധിയുടെ മാത്രം ഒരു പ്രവൃത്തിയല്ല. മനസും ഹൃദയവും അവിടെ പ്രവർത്തിക്കുന്നുണ്ട്; അനുസ്മരിക്കുകയെന്നു പറഞ്ഞാൽ, സ്‌നേഹപൂർവം ചിന്തിക്കുക എന്നാണർത്ഥം. നമുക്ക് അവിടുത്തെ ഓർമിക്കാൻ സാധിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലാണെന്ന് ഈശോ പറയുന്നു (യോഹന്നാൻ 14:26).
സഭാപിതാക്കന്മാർ, പ്രത്യേകിച്ച് ഗ്രീക്കുപിതാക്കന്മാർ ആരാധനക്രമത്തിൽ ഉപയോഗിക്കുന്നതും ”ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ” എന്ന് ഈശോ അരുൾചെയ്തതുമായ വാക്കുകളിൽ അടിസ്ഥാനമുറപ്പിച്ച് സമ്പന്നമായ ഒരു ദിവ്യകാരുണ്യ ആധ്യാത്മികത വളർത്തിയെടുത്തിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദിവ്യകാരുണ്യത്തിന്റെ ആധ്യാത്മികഫലം ഈശോയെക്കുറിച്ചുള്ള നിരന്തരസ്മരണയല്ലാതെ മറ്റൊന്നുമല്ല. ഈ നിരന്തര സ്മരണയിലൂടെയാണ് ദൈവം ആത്മാവിലേക്കു വന്ന് അതിനെ തന്റെ ആലയമായി മാറ്റുന്നത്. വിശുദ്ധ ബേസിൽ രേഖപ്പെടുത്തുന്നു: ”നമുക്കുവേണ്ടി മരിക്കുകയും ഉത്ഥിതനാവുകയും ചെയ്തവനെ സദാ അനുസ്മരിക്കുവാൻവേണ്ടി, തന്റെ ശരീരം ഭക്ഷിക്കുന്നതിനും രക്തം പാനം ചെയ്യുന്നതിനുമായി ഈശോ ദിവ്യകാരുണ്യം സ്ഥാപിച്ചു.”
സഭാപിതാക്കന്മാർ ഉറപ്പിച്ചു പറയുന്ന കാര്യമിതാണ്: ”നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥമായ രൂപാന്തരീകരണമുണ്ടാകണമെങ്കിൽ ദിവ്യരഹസ്യങ്ങളെപ്പറ്റിയുള്ള അനുചിന്തനം എപ്പോഴും ശുഷ്‌കാന്തിയുള്ളതായിരിക്കണം. വരപ്രസാദനിർഭരമായ ദുഃഖം ക്രിസ്തുവിനോടുള്ള സ്‌നേഹത്തിൽനിന്നാണ് പുറപ്പെടുന്നത്. ആ സ്‌നേഹമാകട്ടെ, ക്രിസ്തുവിനെക്കുറിച്ചും മനുഷ്യകുലത്തോടുള്ള അവിടുത്തെ സ്‌നേഹത്തെക്കുറിച്ചുമുള്ള ചിന്തയിൽനിന്നും പുറപ്പെടുന്നു. തന്നിമിത്തം ഈ ചിന്തകൾ ഓർമ്മയിൽ സൂക്ഷിക്കുന്നതിനും അവയെപ്പറ്റി നിരന്തരം ഹൃദയത്തിൽ ധ്യാനിക്കുന്നതും വളരെ പ്രയോജനകരമാണ്.
അത് ആവർത്തിച്ചുള്ള അഭ്യാസമായിത്തീരണം. ജീവിതത്തിൽ ഉടനീളം തുടരേണ്ട ഒരു ക്രമമാണിത്. യാതൊന്നും ഇതിനു തടസമായി നിന്നുകൂടാ. ഈ ചിന്തകൾ മനസിൽ മുദ്രിതമായിരിക്കുകയും ഹൃദയത്തെ പൂർണമായി നിയന്ത്രിക്കുകയും ചെയ്യണം. ഏതെങ്കിലും വസ്തു കത്തിജ്വലിക്കണമെങ്കിൽ നിരന്തരം അഗ്നിയുമായി ബന്ധപ്പെട്ടിരിക്കേണ്ടതാണ്. ഇടവിട്ടു മാത്രമുണ്ടാകുന്ന ചിന്ത ഹൃദയത്തിൽ ശ്രദ്ധേയമായ ചലനമുണ്ടാക്കുകയില്ല; നിരന്തരം ശക്തമായ ചലനം അതിനാവശ്യമുണ്ട്.”
തന്നിമിത്തം ഈശോയുടെ ഓർമ്മ നമ്മുടെ മനസുകളിലേക്ക് ഊറിയിറങ്ങുകയും അവിടെ തേൻകട്ടയിലെ തേൻപോലെ പ്രവഹിക്കുകയും ചെയ്യത്തക്കവണ്ണം ആയിത്തീരാൻ നാം ആഗ്രഹിക്കണം. ഇത് അസാധ്യമായ കാര്യമല്ല. എല്ലാ ക്രൈസ്തവർക്കും പ്രാപ്യമായ അവസ്ഥയാണിത്. ലോകത്തിൽ വ്യാപരിക്കുന്നവരിൽപ്പോലും അനേകായിരങ്ങൾ, കുറേക്കാലത്തേക്കെങ്കിലും ഈ അനുഭവത്തോടുകൂടി ജീവിച്ചിട്ടുണ്ട്. ഈ ജീവിതത്തിൽ നിരന്തരമായും സ്ഥിരമായും ഈ ഓർമ്മയുടെ അനുഭവത്തോടുകൂടി ജീവിക്കാമെന്ന് തീർച്ചയായും പ്രതീക്ഷിച്ചുകൂടാ. പക്ഷേ ഈശോയുടെ നാമം അധരംകൊണ്ടോ ഹൃദയംകൊണ്ടോ ആവർത്തിച്ച് ഉച്ചരിച്ചുകൊണ്ടിരിക്കുന്നത് ആരംഭകാലത്തെങ്കിലും വളരെ ഫലപ്രദമാണ്.
ഈ ചെറിയ മാർഗത്തിന്റെ ഫലദായകത്വം വിസ്മയകരമത്രേ. കാരണം ഈശോയെന്ന നാമം വെറും പേരല്ല. ഈശോയാകുന്ന വ്യക്തിയുടെ രഹസ്യവും ശക്തിയും അതിനുണ്ട്. അഹങ്കാരം, സ്വയംസംതൃപ്തി, കോപം, അശുദ്ധി എന്നിവയുടെ ചിന്തകളെ ആദ്യനിമിഷത്തിൽത്തന്നെ നശിപ്പിക്കാനും പകരമായി സദ്ചിന്തകളെ വളർത്താനും ഈശോയുടെ നാമോച്ചാരണം സഹായകരമാണ്. നമ്മുടെ ചിന്തകളെ നിരീക്ഷിക്കുകയും അവ നമ്മുടേതല്ലാത്തതുപോലെ കരുതി, അവയുടെ വളർച്ചയെ പിന്തുടരുകയും മാത്രമാണ് നമുക്ക് കരണീയം. ദൈവത്തിലേക്കാണോ നമ്മിലേക്കാണോ ചിന്ത പോകുന്നത്. ദൈവമഹത്വമാണോ നമ്മുടെ മഹത്വമാണോ ലക്ഷ്യംവയ്ക്കുന്നത് എന്ന് ശ്രദ്ധിക്കണം.
കർത്താവിന്റെ നാമത്തിലുള്ള വിശ്വാസത്തോടുകൂടി ഈശോയുടെ നാമം ആവർത്തിച്ചു ചൊല്ലിയാൽ നീചവും നിഷ്പ്രയോജനവുമായ ചിന്തകളുടെ ചങ്ങലകളെല്ലാം പൊട്ടുകയും സാവകാശം ”യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം” (ഫിലിപ്പി 2:5) നമ്മിൽ രൂഢമൂലമാവുകയും ചെയ്യും. അങ്ങനെ മാനുഷിക ചിന്തകൾ മാറ്റി ‘ദൈവികചിന്ത’ (മത്തായി 16:23)യുള്ളവരായിരിക്കുവാൻ നാം പഠിക്കും; നമ്മുടെ ഹൃദയങ്ങൾ പവിത്രമാകും. നമ്മുടെ ഹൃദയങ്ങളെ മലിനമാക്കുന്നത് നമ്മുടെ സ്വാർത്ഥാന്വേഷണവും നമ്മുടെ മഹിമ ലക്ഷ്യംവച്ചുള്ള പ്രവർത്തനവുമാണ്. ദൈവത്തെ ധ്യാനവിഷയമാക്കുന്നവർ തങ്ങളിൽനിന്നും പിന്തിരിയും; സ്വയം അവഗണിക്കുകയും വിസ്മരിക്കുകയും ചെയ്യും. ദൈവത്തെപ്പറ്റി ധ്യാനിക്കുന്നവർ തങ്ങളെക്കുറിച്ച് ധ്യാനിക്കുന്നില്ല!
കർദിനാൾ റനിയെരോ കന്തലമെസ്സ