
നിത്യവ്രതത്തിനുവേണ്ടിയുള്ള ഏറ്റവും അടുത്ത ഒരുക്കത്തിനുള്ള ദിവസങ്ങളായിരുന്നു അത്. ഓരോ ദിവസവും വിവിധ ക്ലാസുകളും ധ്യാനവുമൊക്കെയായി, ദൈവവിളിയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാനും ഈശോയോട് അവസാനത്തെ ‘യെസ്’ പറയാനുമുള്ള മാനസിക ഒരുക്കത്തിന്റെ ദിനങ്ങൾ…
അങ്ങനെയൊരു ദിവസം ഞങ്ങളുടെ ജനറലേറ്റിന്റെ ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോൾ എന്റെ കൂട്ടുകാരി എന്നോട് ചോദിച്ചു, ”നിത്യവ്രതത്തിലൂടെ നാം ഈശോയുടെ സ്വന്തമായി തീരുമ്പോൾ, നീ ഈശോയ്ക്ക് എന്താണ് സമ്മാനമായി നൽകുക? നിന്നെത്തന്നെയാണെന്ന് പറഞ്ഞാൽ ഉത്തരം ശരിയല്ല.”
ഞാൻ കുറച്ചുനേരം ആലോചിച്ചിരുന്നു. സർവലോകത്തിന്റെയും സ്വർഗാധിസ്വർഗത്തിന്റെയും ഉടയവനായ എന്റെ രാജകുമാരന് ഞാൻ എന്ത് കൊടുക്കാനാണ്?
എന്റേത് എന്ന് പറഞ്ഞ് സമ്മാനമായി കൊടുക്കാൻ എനിക്കൊന്നുമില്ല. ആരോഗ്യം, ബുദ്ധി, കഴിവുകൾ… അങ്ങനെ എല്ലാമെല്ലാം തമ്പുരാന്റെ ദാനങ്ങൾ മാത്രം. ഞാൻ സമ്പൂർണമായി സമർപ്പിക്കാനൊരുങ്ങുന്ന ഈ ജീവനും ജീവിതവും എല്ലാം ദൈവം തന്നതാണ്. ഇനിയെന്ത് നൽകും? അപ്പോഴാണ് പെട്ടെന്ന് മനസിലേക്ക് ഒരു ചിന്ത വന്നത്. ഏതൊരാളുടെയും ജീവിതത്തിൽ ദൈവം ഇടപെടാത്തതായി, കൈവയ്ക്കാത്തതായി ഒന്നേ ഉള്ളൂ. അത് അവന്റെ സ്വാതന്ത്ര്യമാണ്. നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് നല്ലതിനോട് ‘യെസ് ‘ പറയാനുള്ള മനുഷ്യമനസിന്റെ സ്വാതന്ത്ര്യം.
വളരെ സന്തോഷത്തോടെ ഞാൻ എന്റെ കൂട്ടുകാരിയുടെ അടുത്ത് ഓടിയെത്തി അവളോട് പറഞ്ഞു, ”എന്റെ സ്വാതന്ത്ര്യമാണ് ഈശോയ്ക്കുള്ള വിവാഹസമ്മാനം.” അവൾ പുഞ്ചിരിയോടെ എന്നെ നോക്കി തലയാട്ടി. അതെ, അതിനെക്കാൾ വിലയുള്ളതായി ഒന്നും നമുക്കില്ല. എങ്കിലും ഈശോ നൽകുന്ന സമ്മാനം അതിലും വലുതാണ്. എന്നെന്നും അവന്റെ മണവാട്ടിപദവി.
പക്ഷേ സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവും ധൈര്യവും ഒക്കെ നൽകുന്നത് ഈശോതന്നെയാണ്. ഈശോ ഒരിക്കലും നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തില്ല. ഒരിക്കലും നീ ഇന്ന കാര്യം ചെയ്യണം എന്ന് നിർബന്ധിക്കില്ല. സ്വാതന്ത്ര്യം മുഴുവൻ നമ്മുടെ മാത്രമാണ്. അതുകൊണ്ട് ഓരോ ദിവസവും നന്മയേത്, തിന്മയേത് എന്ന് വിലയിരുത്തി നമ്മുടെ സ്വാതന്ത്ര്യം ഉത്തരവാദിത്വപൂർവം വിനിയോഗിക്കേണ്ടത് നാം ഓരോരുത്തരുമാണ്.
ഏറെ ‘ചോയ്‌സ്’ ഉള്ള, തീരുമാനങ്ങളെടുക്കാൻ വളരെ പ്രയാസം തോന്നുന്ന, ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ സ്വാതന്ത്ര്യത്തെ ഈശോയ്ക്ക് വിട്ടുകൊടുത്ത് നമുക്ക് ‘ടെൻഷൻഫ്രീ’ ആയി ജീവിക്കാം. ”എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്” (സങ്കീർത്തനങ്ങൾ 40:8).
സിസ്റ്റർ അർപ്പിത