
രാവിലെ എഴുന്നേറ്റാലുടനെ വ്യക്തിപരമായ പ്രാർഥന, തുടർന്ന് വിശുദ്ധബലി. ബലിയർപ്പിച്ച് തിരികെയെത്തിയാൽ പാചകവും മറ്റ് അത്യാവശ്യജോലികളും ചെയ്ത് ജോലിസ്ഥലത്തേക്ക്. ദൈവസാന്നിധ്യം എപ്പോഴും നിലനിർത്താൻ സാധിക്കുന്നവിധത്തിലുള്ള അനുഗൃഹീതജീവിതം! ഇങ്ങനെയൊക്കെ ആയാൽ എത്ര മനോഹരം? എന്നാൽ, കുടുംബസ്ഥയായ ഒരു സാധാരണക്കാരി സ്ത്രീക്ക് മിക്കവാറും ഇതെല്ലാം വെറും സ്വപ്‌നംമാത്രമായി അവശേഷിക്കുകയേയുള്ളൂ.
പ്രഭാതത്തിൽ എഴുന്നേറ്റാലുടൻ പാചകത്തിലേക്ക് കടക്കണം. അതിനിടയിൽ സമയം നോക്കി മക്കളെ വിളിച്ചെഴുന്നേല്പിച്ച് ഒരുക്കി സ്‌കൂളിലയക്കാനുള്ള തത്രപ്പാട്. മറ്റ് കുടുംബാംഗങ്ങൾക്കായി ചെയ്യേണ്ട ഉത്തരവാദിത്വങ്ങളും അവശേഷിക്കുന്നുണ്ടാകും. ജോലിക്ക് പോകുന്നയാളുംകൂടിയാണെങ്കിൽ ഇതിനെല്ലാം ഒപ്പം സ്വയം ജോലിസ്ഥലത്തേക്ക് ഇറങ്ങാനുള്ള തയാറെടുപ്പുകൾ. പലതും കഴിഞ്ഞു കഴിഞ്ഞില്ല എന്ന മട്ടിൽ ഓടേണ്ടിവരും. അടുക്കളയിൽനിന്ന് മാറാനോ ഭക്ഷണം കഴിക്കാനോപോലും സമയം തികയാത്തപ്പോൾ എങ്ങനെയാണ് ദൈവസാന്നിധ്യബോധത്തിൽ വളരുന്നത്? സമാനമായ വിധത്തിൽ ജോലികൾ ചെയ്യുന്ന പുരുഷൻമാർക്കും ഇത്തരത്തിൽ ചിട്ടയുള്ള ഒരു പ്രാർഥനാജീവിതമൊന്നും നയിക്കാൻ സാധിച്ചെന്ന് വരികയില്ല.
എന്നാൽ അടുക്കളയിലും ദൈവസാന്നിധ്യപരിശീലനം നടത്താൻ സാധ്യതകളുണ്ട്. അടുക്കളക്കാരനായിരുന്ന ബ്രദർ ലോറൻസിന്റെ ജീവിതം നല്ലൊരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റേതായി ദൈവസാന്നിധ്യപരിശീലനം എന്ന ഗ്രന്ഥംതന്നെയുണ്ട്. എന്താണ് ബ്രദർ ലോറൻസിന്റെ രഹസ്യം? ദീർഘകാലം സൈന്യത്തിൽ യുദ്ധസേവനം ചെയ്ത് ഒടുവിൽ 26-ാം വയസിലാണ് പാരിസിലുള്ള കാർമലൈറ്റ് താപസൻമാർക്കൊപ്പം ചേർന്നത്. ബ്രദർ ലോറൻസ് എന്ന പേരും സ്വീകരിച്ചു. എന്നാൽ അദ്ദേഹം ഒരിക്കലും വൈദികപട്ടം സ്വീകരിച്ചില്ല. അല്മായ സഹോദരനായിത്തന്നെ കഴിഞ്ഞുകൂടി. ഉന്നതമായ ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സംസാരപാടവവും ഉണ്ടായിരുന്നില്ല.
ആശ്രമത്തിലെ അടുക്കളക്കാരനായാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ”ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി ചെറിയ കാര്യങ്ങൾ ചെയ്യുന്നതിൽ നമുക്ക് മടുപ്പ് തോന്നരുത്. ചെയ്യുന്ന ജോലിയുടെ വലിപ്പമല്ല, എത്രമാത്രം സ്‌നേഹത്തോടെ അത് ചെയ്യുന്നു എന്നതാണ് ദൈവം പരിഗണിക്കുന്നത്. വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ഓംലറ്റ് മറിച്ചിടുമ്പോഴും ദൈവസ്‌നേഹത്തെപ്രതിയാണ് അത് ഞാൻ ചെയ്യുന്നത്.”
അപ്പം ചുടുമ്പോൾ അത് ഈശോയ്ക്കുവേണ്ടി. അടുക്കള വൃത്തിയാക്കുന്നതും ഈശോയ്ക്കുവേണ്ടി. എല്ലാം ഈശോയ്ക്കുവേണ്ടി, എപ്പോഴും ഈശോയ്ക്കുവേണ്ടി. ഇത് ജോലിത്തിരക്കുകൾക്കിടയിലും ഈശോയെ മറക്കാതിരിക്കാൻ സഹായകമായി. നിരന്തരം ദൈവസാന്നിധ്യസ്മരണയിൽ ജീവിച്ച അദ്ദേഹത്തിൽ ദൈവസാന്നിധ്യവും ദൈവികജ്ഞാനവും നിറയാൻ ആരംഭിച്ചപ്പോൾ ആശ്രമവാസികളെല്ലാം അത് തിരിച്ചറിഞ്ഞു. ഒടുവിൽ ആശ്രമശ്രേഷ്ഠൻപോലും ബ്രദർ ലോറൻസിന്റെ പ്രാർഥനയും ഉപദേശവും തേടി അടുക്കളയിലെത്തുക പതിവായി.
”നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസോടുംകൂടെ സ്‌നേഹിക്കുക” (മത്തായി 22:37) എന്ന വചനം അദ്ദേഹം നിരന്തരം കാത്തുപാലിച്ചു. ദീർഘസമയം അടുക്കളയിൽ ചെലവഴിക്കുന്നതോടൊപ്പം വിശുദ്ധജീവിതം പരിശീലിച്ച ബ്രദർ ലോറൻസിന്റെ രഹസ്യങ്ങൾ ഇതെല്ലാമായിരുന്നു. ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നു, ”ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ” (1 കോറിന്തോസ് 7:17).