വിവാഹത്തലേന്ന് ബെഡ്‌റൂമിലെത്തിയ ഈശോ – Shalom Times Shalom Times |
Welcome to Shalom Times

വിവാഹത്തലേന്ന് ബെഡ്‌റൂമിലെത്തിയ ഈശോ

ക്രൊയേഷ്യയിൽ മനോഹരമായ ഒരു വിവാഹ പാരമ്പര്യമുണ്ട്. വധൂവരന്മാർ വിവാഹത്തിന് പള്ളിയിലെത്തുന്നത് ഒരു ക്രൂശിതരൂപവുംകൊണ്ടാണ്. പുരോഹിതൻ ക്രൂശിതരൂപം ആശീർവദിച്ചശേഷം, ദമ്പതികളോട് പറയും: ‘ഇതാ നിങ്ങളുടെ കുരിശ് നിങ്ങൾ കണ്ടെത്തിയിരിക്കുന്നു. (ജീവിതപങ്കാളിയെ കണ്ടെത്തിയെന്നല്ല.) സ്‌നേഹിക്കാനും ആദരിക്കാനും നിങ്ങളോടൊപ്പം കൊണ്ടുനടക്കാനു മുള്ള കുരിശാണിത്. ഒരിക്കലും ഇത് വലിച്ചെറിയാൻ പാടില്ല.’ ക്രൂശിതനിൽ വലതുകരം വച്ചുകൊണ്ടാണ് വിവാഹ പ്രതിജ്ഞ നടത്തുന്നത്. തുടർന്ന് ഇരുവരും ക്രൂശിതനെ ചുംബിക്കും.

വക്കീലും മനഃശാസ്ത്രജ്ഞനും പുറത്ത്

വിവാഹശേഷം ക്രൂശിതനെ വീടിന്റെ ഏറ്റവും പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കും. കുടുംബജീവിതത്തിന്റെ നിധിയും കേന്ദ്രസ്ഥാനവും അങ്ങനെ ക്രൂശിതനായ ഈശോയായിത്തീരുന്നു. കുടുംബപ്രാർഥന നടത്തുന്നതും സന്തോഷങ്ങളും സങ്കടങ്ങളും സംഘർഷങ്ങളും പങ്കുവയ്ക്കുന്നതും ക്രൂശിതന്റെ മുമ്പിൽത്തന്നെ. മധ്യവർത്തിയുടെയോ വക്കീലിന്റെയോ ന്യായാധിപന്റെയോ മനഃശാസ്ത്രജ്ഞന്റെയോ ആവശ്യം അവർക്കില്ല. ഏതു പ്രശ്‌നങ്ങളിലും ക്രൂശിതനുമുമ്പിൽ മുട്ടുകുത്തി കാര്യങ്ങൾ അവതരിപ്പിക്കും. പരസ്പരം ക്ഷമചോദിക്കുകയും മാപ്പു കൊടുക്കുകയും ചെയ്യും. അവിടെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്ല. തന്മൂലം ഒരിക്കലും ഹൃദയഭാരത്തോടെ അവർക്ക് ഉറങ്ങേണ്ടിവന്നിട്ടില്ല.

ഒന്നിനെയും ഭയപ്പെടാത്ത കുഞ്ഞുങ്ങൾ

എല്ലാ ദിവസവും ക്രൂശിതനായ ഈശോയെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യാനും ചുംബിക്കാനും അവർ കുഞ്ഞുങ്ങളെ പരി ശീലിപ്പിക്കും. ക്രൂശിതനെ ബഹുമാനിക്കാനും മുട്ടുകുത്തി ആരാധിക്കാനും എല്ലാക്കാര്യങ്ങളും ക്രൂശിതനോട് പറയാനും പഠിപ്പിക്കും, മാതൃകകാണിക്കും. ക്രമേണ ക്രൂശിതനായ ഈശോ അവരുടെ, കുടുംബത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിമാറും. സർവശക്തനും ഏക ദൈവവുമായ ഈശോ കരങ്ങളിൽ പിടിച്ചിരിക്കുന്നതിനാൽ ലോകത്ത് യാതൊന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും അവിടുത്തെ ചുംബിക്കുമ്പോൾ തിന്മയും ഭാരവും ഭയവുമെല്ലാം അവിടുത്തെ സ്‌നേഹത്തിൽ ദഹിച്ചുപോകുമെന്നും ക്രൊയേഷ്യയിലെ കുഞ്ഞുങ്ങൾക്കറിയാം.

എല്ലാക്കാര്യങ്ങൾക്കും അവർ ആദ്യം നന്ദി പറയുന്നത് ക്രൂശിതനോടായിരിക്കും. ക്രൂശിതനെ ചുംബിച്ച് നന്ദിയും സ്‌നേഹവും കൊടുക്കാതെ അവിടെയുള്ള ഒരാളും ഉറങ്ങാൻ പോകാറില്ല. കുടുംബം ക്രൂശിതനായ ഈശോയിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ പങ്കാളിയെ ഉപേക്ഷിച്ചാൽ, ക്രിസ്തുവിനെ കുരിശിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അപ്രകാരം സംഭവിച്ചാൽ അവർക്ക് യേശുവിനെ നഷ്ടപ്പെടുമെന്ന് അവർക്കറിയാം. അതിനാൽ അവിടങ്ങളിൽ ഒരു വിവാഹമോചനം പോലും രേഖപ്പെടുത്തിയിട്ടില്ല, ഒരു കുടുംബം പോലും തകർന്നിട്ടില്ല എന്നാണ് രേഖകൾ പറയുന്നത്.

ബെഡ്‌റൂമിലെ ക്രൂശിതൻ

ആറു മക്കളുള്ള ജിബിനും റീനുവും ഐ.ടി മേഖലയിൽ ജോലിക്കാരാണ്. കൂടുതൽ ദിവസങ്ങളിലും വീട്ടിലിരുന്ന് ജോലിചെയ്താൽ മതി. മക്കൾ സ്‌കൂളിലും എൽകെജിയിലുമായി പഠിക്കുന്നു. സ്‌നേഹമുള്ള ദമ്പതികൾ. എങ്കിലും സൗന്ദര്യപ്പിണക്കങ്ങൾ സ്വാഭാവികമാണല്ലോ. ഓരോ പിണക്കങ്ങളും പെട്ടെന്ന് അവസാനിക്കുകയാണ് പതിവ്. അത് ഇരുവർക്കും ഒരതിശയമായിരുന്നു.

ഒരിക്കൽ മക്കളുടെ സ്‌കൂളിൽ പി.റ്റി.എ മീറ്റിങ്ങിനു പോകുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേരും തർക്കത്തിലായി. വാക്‌പോരും വാശിയും കടുത്തു. നാക്കിന് മൂർച്ചയേറിയപ്പോൾ ഇരുവരും ആഴത്തിൽ മുറിപ്പെട്ടു. പൊട്ടിത്തെറിക്കലും പൊട്ടിക്കരച്ചിലുമായിരുന്നു പരിസമാപ്തി. സമയമെടുത്തു രംഗമൊന്നു ശാന്തമാകാൻ. ഇരുവരും വേദിവിട്ടെങ്കിലും ഉള്ളിൽ കടൽ പ്രക്ഷുബ്ധമായിരുന്നു. എത്ര ശ്രമിച്ചിട്ടും ശാന്തമാകുന്നില്ല. സാധാരണയായി സംഭവിക്കുന്നതുപോലെ ഇത്തവണത്തെ പിണക്കം പെട്ടെന്ന് ഇണക്കത്തിലെത്തിയില്ല.

ചവിട്ടിക്കുലുക്കി സിറ്റൗട്ടിലേക്ക് പോയ ജിബിൻ ശക്തിയോടെ ഉലാത്തുന്നു, കസേരയിൽ ഇരിക്കുന്നു, വീണ്ടും എഴുന്നേല്ക്കുന്നു… എന്തുചെയ്യണമെന്നറിയാതെ മനസ് തിളച്ചുമറിയുന്നു. സമയം മുമ്പോട്ടു നീങ്ങി. കോപം ശമിക്കുന്നില്ല. അപ്പോഴാണ് ഓർത്തത്, താൻ ഏതു വിഷമത്തിലും ഓടിച്ചെല്ലുന്ന, തുറന്നു സംസാരിക്കുന്ന സുഹൃത്തിനെക്കുറിച്ച്.

ഇത്തവണ അരിശം കലശലായിപ്പോ യതിനാൽ സുഹൃത്തിനെ എങ്ങനെ അഭി മുഖീകരിക്കുമെന്നറിയില്ല. എങ്കിലും ആശ്വാസം കിട്ടുമെന്ന് ഉറപ്പ്. ജിബിൻ മാർജാരപാദങ്ങളോടെ ബെഡ്‌റൂമിലേക്ക് പോയി. തന്റെ നീക്കങ്ങൾ റീനു അറിയരുതല്ലോ. ബെഡ്‌റൂമിലെത്തിയപ്പോൾ റീനു അതാ അവിടെ.. അവൾ അല്പം ഉറക്കെത്തന്നെ പൊട്ടിക്കരയുകയാണ്. ബെഡ്‌റൂമിലെ ക്രൂശിതരൂപത്തിൽ കെട്ടിപ്പിടിച്ചാണ് അവളുടെ എണ്ണിപ്പാടി കരച്ചിൽ.

ഇത് ജിബിനെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്. കാരണം, റീനുവിനെ ഇങ്ങനെ ആദ്യമായാണ് കാണുന്നത്. അവരുടെ വിവാഹത്തലേന്ന് അവരുടെ ബെഡ്‌റൂമിലെത്തിയതാണ് ആ ക്രൂശിതരൂപം. ജിബിന്റെ പപ്പായുടെ സഹോദരൻ, വൈദികനായ അങ്കിൾ ജിബിന് വിവാഹത്തിന് സമ്മാനമായി നല്കിയതാണ് ആ വലിയ ക്രൂശിതരൂപം. ചങ്കിടിപ്പോടെയാണെങ്കിലും തമാശയായി ജിബിൻ അങ്കിളിനോടു ചോദിച്ചു,

”അങ്കിളച്ചാ, ഇതെന്നോടു തന്നെ വേ ണോ..? എന്റച്ചാ… കല്യാണത്തിന് കുരിശുതന്നെ ഗിഫ്റ്റിക്കണട്ടോ.”

”ഇരിക്കട്ടെടാ… എന്റെയൊരു ഓർമയ്ക്ക്… ഉപകാരപ്പെടും,” അച്ചൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

അവർക്കെല്ലാം ആ വിവാഹസമ്മാനം ഒരു കൗതുകമായിരുന്നു. ബെഡ്‌റൂമിലെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന ക്രൂശിതരൂപത്തെപ്രതി ആദ്യനാളുകളിൽ റീനു ജിബിനെയും അങ്കിളച്ചനെയും കുറേ ‘ട്രോളി’യിട്ടുണ്ട്. എന്നാലിതാ ട്രോളുകളിറക്കിയ റീനുതന്നെ അതേ ക്രൂശിതനെ കെട്ടിപ്പിടിച്ചു കരയുന്നു.

ജിബിനും ബെഡ്‌റൂമിലെത്തിയത് ആ ക്രൂശിതനെ ഒന്നു കെട്ടിപ്പിടിച്ച് കരയാനും ഉള്ളുതുറന്ന് സംസാരിക്കാനുമായിരുന്നു. വിവാഹശേഷം ജിബിന്റെ ഏറ്റവും വലിയ കൂട്ട് ക്രൂശിതനായ ഈശോയായി മാറിക്കഴിഞ്ഞിരുന്നു. ആദ്യമൊക്കെ അസ്വസ്ഥതകളുണ്ടാകുമ്പോഴായിരുന്നു ഈശോയുടെ അടുക്കലെത്തിയിരുന്നത്. കുരിശിൽ തൂങ്ങിക്കിടക്കുന്ന ഈശോയോട് ഓരോന്ന് പറഞ്ഞുതുടങ്ങി. പറയുകയും നെടുവീർപ്പിടുകയും ചെയ്യുന്നതനുസരിച്ച് ആശ്വാസവും ബലവും അനുഭവിച്ചു. അതിലുപരി, മനസിൽ എല്ലാവരോടും സ്‌നേഹം നിറയും. റീനുവിനോടും തന്നെ വിഷമിപ്പിക്കുന്നവരോടുമെല്ലാം കൂടുതൽ സ്‌നേഹം. അങ്ങനെ ഈശോയും ജിബിനുമായുള്ള ബന്ധം വളർന്നുകൊണ്ടിരുന്നു.

എന്നാൽ ജിബിനറിയാത്ത ഒരു ഒളിച്ചുകളി അവിടെ നടക്കുന്നുണ്ടായിരുന്നു. ജിബിനുമുമ്പേ, റീനു ഈശോയുമായി ചങ്ങാത്തത്തിലെത്തിക്കഴിഞ്ഞിരുന്നു. അവളാണ് ആദ്യം ക്രൂശിതനോട് സംസാരിച്ചു തുടങ്ങിയത്. രാവിലെ കണ്ണുതുറക്കുന്നത് ക്രൂശിതനിലേക്കാണ്. അപ്പോൾ തുടങ്ങും റീനുവിന്റെ ഈശോയുമായുള്ള സംഭാഷണം. സന്തോഷവും സങ്കടവുമെല്ലാം അവൾ ഈശോയോട് പറയും. അതുമാത്രമല്ല, ഈശോയുടെ വിശേഷം ചോദിക്കുന്നതും അവളുടെ രീതിയാണ്. സ്വന്തം കാര്യങ്ങൾ പറഞ്ഞുതുടങ്ങുന്നതിനുമുമ്പേ ഈശോക്ക് സുഖമാണോ എന്നും എന്നോട് എന്താ പറയാനുള്ളത് എന്നുമെല്ലാം ചോദിക്കും. ഇത് ജിബിൻ അറിഞ്ഞിരുന്നില്ല. ജിബിൻ ഈശോയോട് സംസാരിക്കുന്നത് റീനുവും അറിഞ്ഞില്ല.

എന്നാൽ ഇപ്പോൾ ഇതാ രണ്ടുപേരും ഒരുമിച്ച് ക്രൂശിതന്റെ അടുത്ത്. ഇരുവരുടെയും കണ്ണുനീരും നെടുവീർപ്പുകളും സന്തോഷങ്ങളും സ്‌നേഹവും ഏറ്റുവാങ്ങുന്ന ഒരേ ക്രൂശിതൻ… ഇരുവരെയും ഹൃദയത്തോടു ചേർക്കാനെന്നപോലെ ഇരുകൈകളും വിരിച്ചു നില്ക്കുന്നു. കരഞ്ഞും പറഞ്ഞും ശാന്തമായ റീനു തിരിഞ്ഞുനോക്കുമ്പോൾ സ്തബ്ധനായി നില്ക്കുന്ന ജിബിൻ. ജിബിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു… അവരിരുവരും ചേർന്ന് ക്രൂശിതനായ ഈശോയെ ഇറുകെപ്പുണർന്നു. ക്രൂശിതൻ തീർച്ചയായും തന്റെ തറയ്ക്കപ്പെട്ട കരങ്ങൾ പറിച്ചെടുത്ത് ഇരുവരെയും ആലിംഗനം ചെയ്യാതിരിക്കുമോ..? മൂവരുടെയും കണ്ണുനീർ ഒരു ചാലായി കുരിശിലൂടെ ഒഴുകിയിറങ്ങി. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും കണ്ണീരരുവി.

കുരിശുവഴി ഒരേ ശരീരത്തിൽ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവൻ ക്രൂശിതനായത് (എഫേസോസ് 2:16).

”ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹന്നാൻ 15:5). 2000 വർഷങ്ങൾക്കുമുമ്പ് കുരിശിൽ മരിച്ച് ഉത്ഥിതനായ ഈശോ മനുഷ്യന്റെ ഉറ്റ സ്‌നേഹിതനായി, ആശ്വാസമായി, പ്രത്യാശയായി ഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സമൂഹങ്ങളിൽ ഇന്നും വാഴുന്നു. ക്രൊയേഷ്യൻ കത്തോലിക്കരെപ്പോലെ ക്രൂശിതനായ ഈശോയെ ജീവിതത്തിന്റെ കേന്ദ്രമായി സ്വീകരിച്ച് കുടുംബബന്ധങ്ങൾ നമുക്ക് സുദൃഢമാക്കാം. കുഞ്ഞുങ്ങളെ യേശുവിനോടുള്ള സ്‌നേഹത്തിലും കൃതജ്ഞതയിലും വളർത്തിക്കൊണ്ട് ക്രിസ്തുവിന്റെ ഉറ്റചങ്ങാതിമാരാക്കാം. ക്രൂശിതനെ ഹൃദയത്തിൽ ചേർത്തുനിർത്തുന്ന കുടുംബങ്ങൾ രൂപപ്പെടട്ടെ, അങ്ങനെ വിവാഹവും കുടുംബബന്ധങ്ങളും ഒരിക്കലും ശിഥിലമാക്കപ്പെടാതെ സ്‌നേഹത്തിലും ഐക്യത്തിലും നിലനിൽക്കട്ടെ.

പ്രാർഥന

ക്രൂശിതനായ ഈശോയേ, അവിടുന്നാണ് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനും രക്ഷകനും. എല്ലായ്‌പോഴും അവിടുത്തെ സ്‌നേഹത്തോടെ ചേർത്തുപിടിക്കാനും അവിടുത്തോട് നന്ദി പറയാനും ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ.

ആൽബർട്ടോ ക്രിസ്റ്റോ