പ്രതീക്ഷിക്കാത്ത പ്രതിസന്ധിക്കുമുന്നിൽ? – Shalom Times Shalom Times |
Welcome to Shalom Times

പ്രതീക്ഷിക്കാത്ത പ്രതിസന്ധിക്കുമുന്നിൽ?

 

നീ ചൊല്ലുന്ന ജപമാല പ്രാർത്ഥനയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ആ സമയം യേശുവിനോട് പ്രാർഥിക്കൂ, അത് ഉപകാരപ്പെടും,” സഹപ്രവർത്തകരിൽ ചിലർ പതിവുദൗത്യം ആരംഭിച്ചു. ഒരു വാഗ്വാദം ആഗ്രഹിക്കാത്തതുകൊണ്ട് നിശബ്ദത ആയിരുന്നു എന്റെ ആയുധം. മനസ്സിൽ പരിശുദ്ധ അമ്മയോട് സങ്കടം പറയും.

മറ്റുള്ളവരുടെ മുന്നിൽ ഞാൻ നിരന്തരം ഈ വിധം അപമാനിക്കപ്പെടുകയും മുറിപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം അവരെ ആരും പരിശുദ്ധ അമ്മയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിയിട്ടില്ല.

ആഴ്ചകളും മാസങ്ങളും കടന്നു പോയി. ഈ വിഷമത്തിന്റെ പരകോടിയിൽ നിൽക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടാകുന്നത്. എന്നെ കൂടുതൽ വേദനിപ്പിച്ച അനുഭവം. ”നിങ്ങളിത് ഊരിമാറ്റണം!” ലിഫ്റ്റിൽ വച്ചു അധികാരത്തോടെ ഒരു ശാസനം എന്റെ നേരെ. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്ത്രീ. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തി. എന്താണ് ഇവർ പറയുന്നത് എന്ന് ഞാൻ ചിന്തിച്ചു. എന്റെ കഴുത്തിൽ കിടക്കുന്ന ജപമാലയിൽ നോക്കി ഒരിക്കൽക്കൂടി ആ വാക്കുകൾ ആവർത്തിക്കപ്പെട്ടു. അവർ കടന്നു പോയി.

എനിക്ക് വല്ലാത്ത സങ്കടം തോന്നി. പരിശുദ്ധ അമ്മയോടും ഈശോയോടും പിണക്കം. ആരോടും നല്ലൊരു മറുപടി പറയാൻ കഴിയാത്തതിന്റെ വേദന. സ്വർഗം നൽകിയ ഓരോ അവസരവും പാഴാക്കി കളഞ്ഞതിന്റെ നോവ്. എന്തായാലും ഒരു തീരുമാനം എടുത്തു. എന്റെ പ്രശ്‌നം പരിഹരിക്കാതെ കൂട്ടില്ലെന്നു പരിശുദ്ധ അമ്മയോട് വാശി പിടിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ കൂടുതൽ ജപമാല ചൊല്ലി പ്രാർഥിക്കാൻ തുടങ്ങി. പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടാകാനും ദൈവഹിതം നിറവേറാനും.

ഏകദേശം ഒരാഴ്ചക്കു ശേഷം ഞാൻ യാത്രക്കിടയിൽ ബസിൽവച്ച് ലിഫ്റ്റിൽ അന്നുകണ്ട സ്ത്രീയെ വീണ്ടും കണ്ടുമുട്ടി. എന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് അവരെ അറിയാമായിരുന്നു. അവൾ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. കൂട്ടത്തിൽ സുഹൃത്തിന്റെ ഒരു കമന്റ്, ”ഇവൾ ഭയങ്കര പ്രാർഥനക്കാരിയാണ്. മാതാവ് എന്ന് പറഞ്ഞാൽ മരിക്കും.” ഞാൻ പതിയെ സുഹൃത്തിന്റെ കയ്യിൽ പിടിച്ചു അമർത്തി. ലിഫ്റ്റിലെ ഞങ്ങളുടെ കണ്ടുമുട്ടൽ അവൾക്കറിയില്ല. അതുകൊണ്ട് സുഹൃത്ത് വാതോരാതെ മാതാവിനോടുള്ള എന്റെ ‘ക്രഷ്’ വിവരിച്ചു കൊണ്ടിരുന്നു. എനിക്കു വിയർത്തു തളരുന്ന അവസ്ഥ.

യാത്രക്കിടയിൽ ഞങ്ങൾ രണ്ട് കൂട്ടരും പിരിഞ്ഞു. സുഹൃത്തിൽനിന്നും അവരെക്കുറിച്ച് ചെറുതായി മനസ്സിലാക്കി. ലിഫ്റ്റിൽ വച്ചുണ്ടായ സംഭവം അവളോട്ഞാൻ പറഞ്ഞു. തത്കാലം അവരുടെ മൊബൈൽ നമ്പർ ഞാൻ വാങ്ങി സേവ് ചെയ്തു. അവരുമായി സംസാരിക്കാനുള്ള ദൈവികസമയത്തിനായി പ്രാർഥിച്ചുകൊണ്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ അവർക്കു ‘സുഖമാണോ’ എന്നൊരു മെസേജ് അയച്ചു. അവരോട് ആരും പെട്ടെന്ന് അടുക്കുന്നതല്ല. എന്റെ മെസേജ് അവരെ അത്ഭുതപ്പെടുത്തിക്കാണണം..
തുടർന്ന് അവരുമായി മെസേജിലൂടെ സംസാരിക്കാൻ തുടങ്ങി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. സ്‌നേഹത്തോടെ കടന്നു ചെന്നു. പിന്നീട് ആ സൗഹൃദം ഈശോ വളർത്തുകയായിരുന്നു. അവരുടെ വിശ്വാസത്തിൽ മാതാവിനോട് പ്രാർഥിക്കുന്നത് തെറ്റാണ്.

ദിവസങ്ങൾ കഴിയും തോറും ഞങ്ങൾ എന്നും അൽപ നേരം സംസാരിക്കാൻ സമയം കണ്ടെത്തി. ജീവിതമാകുന്ന പുസ്തകം എന്റെ മുൻപിൽ അവർ തുറന്ന് വച്ചു. നടന്നു നീങ്ങിയ കനൽവഴികളുടെ പൊള്ളുന്ന ഓർമ്മകൾ ഞങ്ങളുടെ രണ്ട് പേരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഒരു ജപമാല ഞാൻ കയ്യിൽ വച്ചു കൊടുത്തു. സ്വന്തം അമ്മയായി പരിശുദ്ധ കന്യകാമറിയത്തെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ക്ഷണിച്ചു. ചെറിയൊരു ജപമാല അവർക്ക് കഴുത്തിൽ ധരിക്കാൻ നൽകി. ജപമാല ചൊല്ലി പ്രാർഥിക്കാൻ പഠിപ്പിച്ചു. തുടർന്നുള്ള ദിനത്തിൽ അവരുടെ ഭവനത്തിലേക്ക് പരിശുദ്ധ അമ്മയുടെ ഒരു തിരുസ്വരൂപം വാങ്ങി നൽകി. അവർ അത് വളരെ മനോഹരമായി അലങ്കരിച്ചുവച്ചു. ഇന്നും പരിശുദ്ധ അമ്മ ആ ഭവനത്തിൽ റാണിയായി വാഴുന്നു. വർഷങ്ങൾ കുറെ കടന്നു പോയിരിക്കുന്നു. ഇന്ന് അവർ ജപമാല ചൊല്ലി പ്രാർഥിക്കുന്നു. ദൈവാലയത്തിൽ പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുന്നു..

എന്നെ പരിഹസിച്ച എല്ലാ സഹപ്രവർത്തകരുടെയും കയ്യിൽ ജപമാലകൾ എത്തിച്ചേരാൻ ഈശോയും പരിശുദ്ധ അമ്മയും ഇടവരുത്തി. ദൈവത്തിന് പ്രവർത്തിക്കാൻ അവസരം ഉണ്ടാകേണ്ടതിന് അപ്രതീക്ഷിതമായി ചില പ്രതിസന്ധികൾ രൂപപ്പെട്ടേക്കാം. കാനായിലെ വിവാഹവീട്ടിൽ അപ്രതീക്ഷിതമായി വീഞ്ഞ് തീർന്നു പോയി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യം. എന്നാൽ അത് ദൈവത്തിന് പ്രവർത്തിക്കാനുള്ള സമയമാണെന്നും അവിടുത്തേക്ക് ഒന്നും അസാധ്യമല്ലെന്നും ലോകം തിരിച്ചറിയുന്നതിനുവേണ്ടിയായിരുന്നു.

കുറഞ്ഞ ഇടവേളകളിലും അവസാന നിമിഷത്തിലും യേശുവിനു പ്രവർത്തിക്കാൻ സാധിക്കും. നായിൻ പട്ടണത്തിന്റെ കവാടത്തിനും ഒരു കല്ലറയ്ക്കുമിടയിലുള്ള ചെറിയ ദൂരത്തിൽ വിധവയുടെ മരിച്ചുപോയ മകനെ ഉയിർപ്പിച്ചവനാണ് യേശു. പലരിലൂടെ ഞാൻ അപമാനിക്കപ്പെടുകയും മുറിപ്പെടുകയും ചെയ്‌തെങ്കിലും ഈശോ എന്റെയും അവരുടെയും ജീവിതത്തിൽ പ്രവർത്തിക്കാൻ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച മാസ്റ്റർ പ്ലാൻ ആയിരുന്നു അതെല്ലാം. പ്രതികൂലങ്ങളിൽ തളർന്നു പോകാതെ ഈശോയിൽ ആശ്രയിക്കാൻ നമുക്ക് സാധിക്കട്ടെ. ”എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസിൽ കരുതിയിരുന്നു” (യോഹന്നാൻ 6:6).

ആൻ മരിയ ക്രിസ്റ്റീന