
ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഒരു നിർമ്മാതാവിന്റെ സാക്ഷ്യം കേട്ടു. നാട്ടിലും സ്വന്തം ഇടവകയിലുമൊക്കെ അത്യാവശ്യം നല്ല നിലയും വിലയും ഉള്ള വ്യക്തി. എന്നാൽ, വിശ്വാസജീവിതത്തിൽ കക്ഷി സ്വല്പം പിറകോട്ടായിരുന്നു. സൗകര്യമുണ്ടെങ്കിൽ ഞായറാഴ്ച പള്ളിയിൽ പോകുന്ന തരത്തിലുള്ള വിശ്വാസം. ആർക്കും ദ്രോഹം ചെയ്യാതെ നല്ല മനുഷ്യനായി ജീവിക്കുന്നതാണ് ആത്മീയത എന്ന് കരുതിയിരുന്ന ആൾ. നോമ്പെടുക്കുന്നില്ലേ എന്ന് ചോദിക്കുന്നവർക്കായി ഒരു വചനം കാണാപാഠമാക്കിയിരുന്നു. ”വായിലേക്കു പ്രവേശിക്കുന്നതല്ല, വായിൽനിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത് ” (മത്തായി 15:11). ‘ഭക്ഷണനിയന്ത്രണമല്ലല്ലോ യഥാർഥ ആത്മീയത, ഹൃദയവിചാരങ്ങളുടെ നിയന്ത്രണമല്ലേ? ശരീരത്തിന്റെ ആരോഗ്യം കളഞ്ഞ് നോമ്പെടുക്കാൻ ഞാനില്ല’ എന്ന തരത്തിൽ ജീവിച്ചിരുന്ന കാലം…
ഈ പാവം ചേട്ടനെപ്പോലെ അജ്ഞതയുടെ ബി.സി കാലം എന്റെയും ചരിത്രത്താളുകളിലുണ്ട്. ആകയാൽ, വ്യക്തത വരുത്തേണ്ടതുണ്ട്, എന്തിനാണ് നോമ്പെടുക്കുന്നത്?
നോമ്പെടുക്കേണ്ട ആവശ്യമുണ്ടോ?
ത്രിയേക ദൈവത്തിലെ രണ്ടാമത്തെ വ്യക്തി, പരിശുദ്ധ കന്യകാമറിയത്തിൽ നിന്നും ശരീരം സ്വീകരിച്ച് പൂർണമനുഷ്യനായി ജീവിച്ചപ്പോൾ നോമ്പെടുക്കുകയോ ഉപവസിക്കുകയോ ചെയ്തിരുന്നോ? സ്‌നാപകയോഹന്നാനിൽനിന്നും സ്‌നാനം സ്വീകരിച്ച ശേഷം, പരിശുദ്ധാത്മാവ് ഈശോയെ നയിച്ചത് മരുഭൂമിയിലേക്കാണ്. അവിടെ 40 നാളുകൾ ഈശോ ഉപവസിച്ച് പ്രാർത്ഥിച്ചു. തപസിന്റെയും പ്രാർഥനയുടെയും ജീവിതശൈലി ഈശോ തുടരുകയും ചെയ്തു. പരമ പരിശുദ്ധനായിരിക്കേ, നോമ്പെടുത്ത് ശുദ്ധി വരുത്തേണ്ട ആവശ്യകതയൊന്നും ഈശോയ്ക്ക് ഇല്ലായിരുന്നു. എന്നിട്ടും ഈശോ ഉപവസിച്ചതെന്തിന്?
മരുഭൂമിയിലെ തുടർന്നുള്ള സംഭവം ധ്യാനിക്കുമ്പോൾ കാര്യം മനസിലാവും. കല്ലിനെ അപ്പമാക്കി മാറ്റി ശരീരത്തിന്റെ വിശപ്പകറ്റാൻ പിശാച് പ്രലോഭിപ്പിച്ചപ്പോൾ, ഈശോ നൽകിയ മറുപടിയിൽ എല്ലാമുണ്ട്: ‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു’ (മത്തായി 4:4). അപ്പം താത്കാലികമായി ശാരീരിക ജീവൻ നിലനിർത്താനേ സഹായിക്കൂ, ആത്മീയ ജീവൻ പുഷ്ടിപ്പെടുക ദൈവവചനത്തിൽ ആഴപ്പെടുമ്പോഴും, അവ അനുസരിക്കുമ്പോഴുമാണ്. സ്വയം ശൂന്യനായി മനുഷ്യപ്രകൃതി സ്വീകരിച്ച ഈശോ, പിശാചിന്റെ വചസ്സുകൾ പ്രലോഭനമാണെന്ന് തിരിച്ചറിഞ്ഞ് ‘നോ’ പറഞ്ഞത് ഉപവാസ ശക്തിയാലാണ്. പ്രലോഭകനെ തിരിച്ചറിയാനും പ്രലോഭകനോട് ‘നോ’ പറയാനും, മനുഷ്യന് പ്രാർഥനയും ഉപവാസവും ആവശ്യമാണ്. ഈശോതന്നെ ശ്ലീഹർക്ക് പറഞ്ഞ് കൊടുക്കുന്നുണ്ടല്ലോ, പ്രാർഥനയും ഉപവാസവും കൂടാതെ ഇവയെ തോല്പിക്കാനാവില്ലെന്ന് (മത്തായി 17: 21, മർക്കോസ് 9: 29).
കേക്കും ഫേസ്ബുക്കും
ഒരു യുവാവ് പങ്കുവച്ചതോർക്കുന്നു. വൈകുന്നേരത്തെ അത്താഴത്തിനുശേഷം, ഫ്രിഡ്ജിലിരിക്കുന്ന ‘ടിറാമിസു കേക്ക്’ കഴിക്കാൻ നല്ല ആഗ്രഹം. എന്നാൽ, ആഗ്രഹമുണ്ടായതും കുറേ ‘റെഡ് സിഗ്‌നലു’കളാണ് കണ്ണുകൾ കണ്ടത്. പരിശുദ്ധാത്മാവ് ‘നോ’ പറയുന്നതുപോലെ തോന്നി. പിന്നൊന്നും നോക്കിയില്ല, ആ വെള്ളമങ്ങ് വിഴുങ്ങി. തിരിച്ച് മുറിയിൽ എത്തി, വെറുതെ ഫേസ്ബുക്ക് തുറന്നതേയുള്ളൂ, ആദ്യംതന്നെ കണ്ടത് വളരെ ലൈംഗികച്ചുവയുള്ള ഒരു റീൽ.
പിന്നെ മിന്നൽവേഗത്തിലായിരുന്നു അവന്റെ നീക്കങ്ങൾ. നിമിഷാർധത്തിൽ ഫേസ്ബുക്കിൽനിന്ന് പുറത്തിറങ്ങി. അശുദ്ധിയുടെ ആ പ്രലോഭനത്തെ അതിജീവിക്കാൻ അതുവഴി സാധിച്ചു. അത് കഴിഞ്ഞാണ് പയ്യൻ ശരിക്കും ചിന്തിച്ചത്, എന്താണ് ഇപ്പോൾ സംഭവിച്ചത്? ‘റിവൈൻഡ്’ ചെയ്തപ്പോൾ മനസിലായി പ്രലോഭകൻ കെണി വച്ചിരുന്നുവെന്ന്. ഇഷ്ടമുള്ള മധുരപദാർഥത്തോട് ഇഷ്ടത്തോടെ ‘നോ’ പറഞ്ഞപ്പോൾ, ആത്മീയ കരുത്ത് വർദ്ധിച്ചത് കണ്ടില്ലേ? പ്രലോഭകന്റെ കെണികൾ തിരിച്ചറിഞ്ഞ് പയറ്റാൻ പ്രാർഥനയും ഉപവാസവും ആവശ്യമാണ്.
40 ദിവസം ഉപവസിച്ച് പ്രാർഥിച്ച ഈശോയെ അനുകരിക്കുന്നത് എന്റെ ആത്മീയ ജീവന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്ന് സാരം. തിരുസഭ അനുശാസിക്കുന്നത് കൊണ്ടോ, ബാഹ്യമായി ആരെങ്കിലും നിർബന്ധിക്കുന്നതുകൊണ്ടോ അല്ല, മറിച്ച് ഈശോയോടുള്ള സ്‌നേഹത്തെപ്രതി എന്റെ ഉള്ളിൽനിന്നും പൂർണ സ്വാതന്ത്ര്യത്തോടെ ഞാൻ നടത്തുന്ന തിരഞ്ഞെടുപ്പാവണം ഈശോയുടെ ഉപവാസത്തിലുള്ള എന്റെ പങ്കുചേരലും നോമ്പാചരണവും. ഉള്ളിൽനിന്നും ഈശോയോടുള്ള സ്‌നേഹം പൊട്ടി മുളയ്ക്കാൻ ഈശോയുടെ പീഡാനുഭവ രഹസ്യങ്ങൾ ധ്യാനിച്ചാൽ മതിയാവും.
ശരീരവടിവ് നേടാൻ നോമ്പെടുക്കാമോ?
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, നോമ്പെടുക്കുമ്പോൾ, ആത്മീയ നിയോഗങ്ങൾ ഉണ്ടാവണം എന്നതാണ്. മറ്റുള്ളവരെ കാണിക്കാനോ ശരീരവടിവ് നേടാനോ ആയി നോമ്പെടുത്താൽ അനശ്വര ഫലങ്ങൾ ഉണ്ടാവില്ല. വിശുദ്ധ കൊച്ചുത്രേസ്യാ പഠിപ്പിച്ച് തരുന്ന ചില ആശയങ്ങൾ പങ്കുവയ്ക്കാം: നാവിനെ നന്നായി നിയന്ത്രിക്കാനുള്ള കൃപ, മറ്റുള്ളവർ നമ്മെ പ്രശംസിക്കുമ്പോൾ ‘പൊങ്ങിപ്പോകാതെ’ നിൽക്കാനുള്ള കൃപ, ആരെങ്കിലും നമ്മെ തിരുത്തുമ്പോൾ എതിർത്ത് പറയാതിരിക്കാനും ന്യായീകരിക്കാതിരിക്കാനും ഉള്ള കൃപ, മറ്റുള്ളവർ നമ്മെക്കുറിച്ച് തെറ്റായി ധരിച്ച് പെരുമാറുമ്പോൾ അവരെ തിരുത്തി ബോധ്യപ്പെടുത്തുന്നതിന് പകരം ചെറുപുഞ്ചിരിയോടെ അവരെ നേരിടാനുള്ള കൃപ, ചില പ്രത്യേക സ്വഭാവ സവിശേഷതകൾ ഉള്ള ആളുകളെപ്പറ്റി ആരെങ്കിലും കളിയാക്കി പറയുന്നത് കേൾക്കുമ്പോൾ കൂടെ ചിരിക്കാതിരിക്കാനുള്ള കൃപ. ഇത്തരം ചെറിയ വലിയ കാര്യങ്ങൾ ലക്ഷ്യം വച്ചുള്ള നോമ്പാചരണം നമ്മെ കൂടുതൽ ഈശോയെപ്പോലെയാക്കും. പിന്നെ ‘ബോണസ് പോയിന്റി’നായി, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി സമർപ്പിക്കാൻ മറക്കരുതേ.
ആരോടും പറഞ്ഞുകൊടുക്കരുതേ…
ഇനി ഒരു സുപ്രധാനകാര്യംകൂടി… ഈ നോമ്പുകാലത്ത് നോമ്പെടുക്കാതിരിക്കുന്ന ആളുകളെ കാണുമായിരിക്കും. മേൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുക്കാൻ ആത്മാവ് വെമ്പൽ കൊള്ളും. പക്ഷേ വേണ്ട! അവരെ ഒന്ന് പ്രാർഥിച്ച് അനുഗ്രഹിച്ച് വിട്ടാൽ മാത്രം മതി. അവരുടെ സമയം ആയിട്ടില്ല. സ്‌നാപകന്റെ ശിഷ്യൻമാർ ഉപവസിക്കുകയും, ഈശോയുടെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഈശോയോട് ചോദിച്ച സംഭവം, ഇതിനോട് ചേർത്ത് ധ്യാനിക്കുന്നത് നല്ലതാണ്. സമയം ആയിട്ടില്ല എന്നുതന്നെയല്ലേ ഈശോയും പറയുന്നത്. ബാഹ്യമായി പഴയ വസ്ത്രത്തോട് തുന്നി ചേർക്കാനോ, പഴയ തോൽക്കുടത്തിൽ ഒഴിച്ചുവയ്ക്കാനോ ഉള്ളതല്ല പുതിയ നിയമ സ്‌നേഹത്തിൽ തീർത്ത നോമ്പാചരണം. പുതിയ വസ്ത്രവും പുതിയ
വീഞ്ഞും സൃഷ്ടിക്കപ്പെടും, ആത്മാവിന്റെ ഉള്ളറകളിൽനിന്നും ദൈവം സൃഷ്ടിക്കും. അപ്പോൾ അവർ സന്തോഷത്തോടെ ഈശോയ്ക്കും ദൈവരാജ്യത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി നോമ്പെടുക്കും.
ആദ്യം പറഞ്ഞ സിനിമാ നിർമ്മാതാവിന്റെ ഇന്നത്തെ ജീവിതം തന്നെ സാക്ഷി. എങ്ങനെ നടന്ന ആളാണ്! വാഗ്ദാന പേടകമായ പരിശുദ്ധ കന്യകാമറിയം, ദൈവിക ഉടമ്പടിയിലൂടെ ആളെ വീണ്ടെടുത്തു. ഇന്ന് അദ്ദേഹത്തിന് അനുദിന
വിശുദ്ധ കുർബാന ഇല്ലാതെ വയ്യ. എന്നും വെളുപ്പിന് 2 മണിക്ക് ഉണർന്ന് 203 മണിജപം ചൊല്ലി ആ ദിവസത്തെ കാര്യങ്ങൾ സമർപ്പിക്കുന്നു. സാധിക്കുന്ന ദിവസങ്ങളിൽ തന്റെ വീടിന് സമീപത്തുള്ള അഗതിമന്ദിരത്തിൽ ശുശ്രൂഷ ചെയ്യാൻ പോകുന്നു. പോകുന്ന ദിവസങ്ങളിൽ ഒരു നേരം നോമ്പെടുക്കുന്നു. കണ്ടില്ലേ ഈശോയോടുള്ള സ്‌നേഹം ഉള്ളിൽനിന്നും എരിഞ്ഞ് തുടങ്ങിയ വേളയിൽ, പഴയ വസ്ത്രം ഉരിഞ്ഞ് കളയുന്ന പോലെ ആളിലെ പഴയ മനുഷ്യൻ താനേ ഇല്ലാതായത്. പുതിയ വസ്ത്രം ധരിപ്പിക്കപ്പെട്ടു, പുതിയ മനുഷ്യൻ രൂപപ്പെട്ടു. നമുക്കും ഇത് മാതൃകയാക്കാം. പാപത്തിനോ മരണത്തിനോ നശിപ്പിക്കാൻ സാധിക്കാത്ത പുതിയ മനുഷ്യനായ ഈശോമിശിഹാ എന്നിൽ രൂപപ്പെടട്ടെ, ഈ നോമ്പുകാലത്ത്.
ഫാ. ജോസഫ് അലക്‌സ്