
എനിക്ക് സർജറി വേണം…. എനിക്കും ഒരു സർജറി നടത്തണമായിരുന്നു”… യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ഒരു യുവവൈദികൻ, അദ്ദേഹത്തിന് സർജറിക്ക് വിധേയനാകണമെന്ന് സംഭാഷണമധ്യേ പറയുന്നതു കേൾക്കാനിടയായി. എന്തിനെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. കൂടുതൽ ചോദിച്ചപ്പോൾ അദ്ദേഹം തെല്ല് മടിയോടെ പറഞ്ഞു.
”എന്റെ അനുജനും ഒരു വൈദികനാണ്. അവൻ നാളുകളായി പലവിധ ആരോഗ്യപ്രശ്‌നങ്ങളുമായി വലിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. അവന്റെ ശരീരത്തിൽ എത്ര സർജറി കഴിഞ്ഞെന്ന് അവനുതന്നെ ഓർമയുണ്ടാകില്ല.
പറയുമ്പോൾ നമുക്കത് വളരെ ഈസിയായി തോന്നുമെങ്കിലും ഓരോ സർജറികളിലൂടെയും കടന്നുപോവുക എത്ര വേദനാകരമാണ്. അതിനുശേഷം അനുഭവിക്കേണ്ടിവരുന്ന ക്ലേശങ്ങളും സഹനങ്ങളും പറഞ്ഞറിയിക്കുക അസാധ്യം. നേരിട്ട് കണ്ടിട്ടുള്ളതിനാൽ എനിക്കതെല്ലാം നന്നായിട്ടറിയാം.”
”അതുകൊണ്ട്..? അച്ചനെന്തിനാണ് സർജറി?”
”അത്… എന്റെ അനിയൻ അനുഭവിക്കുന്ന അസഹനീയമായ വേദനകൾ കുറച്ചെങ്കിലും എനിക്കും അനുഭവിച്ചറിയണം. ചെറുതായെങ്കിലും അവനെപ്പോലെയാകണം. ഞങ്ങൾതമ്മിൽ അത്ര അടുപ്പവും സ്‌നേഹവുമാണ്. ആ സഹനങ്ങൾ യഥാർത്ഥത്തിൽ അനുഭവിച്ചുതന്നെ മനസിലാക്കണം. അതിന്റെ ചെറിയൊരു അംശമെങ്കിലും എനിക്കൊന്ന് അനുഭവിക്കണം.”
‘അച്ചന് എന്തോപറ്റി…’ കേട്ടുനിന്ന 8-ാം ക്ലാസുകാരന്റെ പ്രതികരണം. ‘ഇതാണ് ആത്മാർത്ഥ സഹോദരസ്‌നേഹം..’ വേറൊരാൾ പറഞ്ഞു.
സത്യത്തിൽ ആത്മാർത്ഥ സ്‌നേഹമായിരുന്നു ചേട്ടനച്ചന്റെ അസാധാരണ ആഗ്രഹത്തിനു പിന്നിൽ. ആത്മാർത്ഥമായി നാം ഒരാളെ സ്‌നേഹിക്കുന്നെങ്കിൽ അവരുടെ വേദനകൾ ഏറ്റെടുക്കാനും കൂടെ സഹിക്കാനും നൊമ്പരങ്ങളിൽ പങ്കുപറ്റാനും തീവ്രമായി ആഗ്രഹിക്കും, അതിനായി പരിശ്രമിക്കും. അത് യഥാർത്ഥ, നിസ്വാർത്ഥ, സ്‌നേഹത്തിന്റെ അടയാളമാണ്.
ഈ നോമ്പുകാലത്ത് നാം ഒരുപാട് ത്യാഗപ്രവൃത്തികളും സഹനങ്ങളും ക്ലേശങ്ങളും ഉപവാസവും ആശയടക്കങ്ങളും അനുഷ്ഠിക്കുന്നുണ്ട്. ഇമ്പങ്ങളോടൊക്കെ ‘നോ’ എന്നും ഇമ്പമില്ലാത്തവയൊടെല്ലാം ‘യെസ്’ എന്നും കല്പിച്ചിരിക്കുന്നു. ചിലരൊക്കെ 50 ദിവസവും ഉപവാസമാണ്. മറ്റുചിലർക്ക് ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ ഭക്ഷണമുള്ളൂ. ഇന്റർനെറ്റിനെ വിലക്കിയവർ, 50 ദിവസം കിടക്കാതെ ഇരുന്നുമാത്രമേ ഉറങ്ങുകയുള്ളൂ എന്നു തീരുമാനിച്ചവർ, സ്വയം എളിമപ്പെടുത്തി നിരത്തിലൂടെ പരസ്യമായി കുരിശുംവഹിച്ച് ഈശോയുടെ പീഡാസഹനങ്ങളിൽ പങ്കുചേരുന്നവർ, പാവങ്ങളെ സഹായിക്കുന്നവർ…. ഇപ്രകാരം ത്യാഗങ്ങളും പുണ്യങ്ങളുംകൊണ്ട് സമ്പന്നമായ നോമ്പുകാലം. ഓരോരുത്തരുടെയും നിയോഗങ്ങൾ വ്യത്യസ്തമാകാം.
എങ്കിലും, നമ്മുടെ പരിത്യാഗങ്ങളെല്ലാം കൂടുതൽ ഫലമണിയാൻ 1 കോറിന്തോസ് 1-3 തിരുവചനങ്ങൾ ധ്യാനിക്കുന്നത് സഹായകമാകും. ”ഞാൻ മനുഷ്യരുടെയും ദൈവദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. ഞാൻ എന്റെ സർവസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല.” ഉപവാസത്തിന്റെയും നോമ്പിന്റെയും വേരും ഫലവും വെളിപ്പെടുത്തുന്നതാണ് ഈ തിരുവചനഭാഗം.
ബാഹ്യമായ ചില പ്രവൃത്തികളല്ല, ദൈവത്തോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനങ്ങളാണ് യഥാർത്ഥ നോമ്പും ഉപവാസവും. ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഉപവാസവും കുരിശുയാത്രകളും പരിത്യാഗപ്രവൃത്തികളും അനുഷ്ഠിച്ചുകൊണ്ട് അവിടുത്തെ ഉപവാസത്തിലും പീഡകളിലും സഹനങ്ങളിലും പങ്കുപറ്റാൻ നാം ശ്രമിക്കുമ്പോൾ, അവയെല്ലാം ഏറ്റം ശ്രേഷ്ഠതരമാകും. വിശുദ്ധരെല്ലാം ഉപവസിച്ചതും നോമ്പും പ്രായശ്ചിത്തവും അനുഷ്ഠിച്ചതും പ്രാർത്ഥിച്ചതുമെല്ലാം ഈശോയോടുള്ള സ്‌നേഹത്താൽ പ്രേരിതരായാണ്. മേലുദ്ധരിച്ച ചേട്ടനച്ചൻ രോഗമൊന്നുമില്ലാതിരുന്നിട്ടും സർജറിയുടെ വേദനകളിലൂടെ കടന്നുപോകാൻ ആഗ്രഹിച്ചത് അനുജനോടുള്ള സ്‌നേഹംമൂലമാണ്. സ്‌നേഹമില്ലാതെ വെറുതെ സ്വയം പീഡിപ്പിക്കുന്നത്, വിശുദ്ധ പൗലോസ് പറയുംപോലെ, അർത്ഥശൂന്യവും വിഡ്ഢിത്തവുമാകില്ലേ..?
ഈശോയോടുള്ള സ്‌നേഹംമൂലം അവിടുത്തോടു പൂർണ്ണമായി ഐക്യപ്പെടാനുള്ള അതിയായ ആഗ്രഹത്തിൽ നിന്നാണ്, അസ്സിസ്സിയിലെ വിശുദ്ധ ഫ്രാൻസിസ് മൗണ്ട് ലാ വെർണയിൽ ഉപവസിച്ചു പ്രാർഥിച്ചത്. അത്ര തീവ്രമായ സ്‌നേഹത്തോടെ ആഗ്രഹിച്ചതിനാൽ ഈശോ അവിടുത്തെ തിരുമുറിവുകൾ നല്കി ഫ്രാൻസിസിനെ അവിടുത്തോട് അനുരൂപനാക്കി, രണ്ടാം ക്രിസ്തുവായി മഹത്വപ്പെടുത്തി. അതുപോലെ, ദൈവസ്‌നേഹത്താൽ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നിയോഗങ്ങൾക്കും അവിടുന്ന് ഉത്തരം നല്കും. അതായത്, ഉപവാസവും പ്രാർഥനയും സ്‌നേഹവുംകൊണ്ടൊരു ചിക്കൻ സാൻഡ്‌വിച്ച് ഈശോയ്ക്ക് നല്കിയാൽ ഫലം വളരെ പെട്ടെന്നായിരിക്കും.
ഈശോ ഉപവസിച്ചതും സഹനങ്ങളേറ്റതും കുരിശുവഹിച്ചതുമെല്ലാം നമ്മോടുള്ള സ്‌നേഹംകൊണ്ടാണ്. അതിനാൽ നമ്മുടെ നോമ്പും ഉപവാസവും പരിത്യാഗങ്ങളും ഈശോയോടുള്ള സ്‌നേഹത്തിൽ നിന്നും ഉത്ഭവിക്കുന്നതാകാൻ നമുക്കു ശ്രമിക്കാം, അതിനായി പ്രാർഥിക്കാം.
കർത്താവേ, അവിടുന്ന് എന്നോടുള്ള സ്‌നേഹത്താൽ പീഡനങ്ങളേല്ക്കുകയും കുരിശുമരണം വരിക്കുകയും ചെയ്തല്ലോ. അവിടുത്തോടുള്ള സ്‌നേഹത്തെപ്രതി മാത്രം നോമ്പും ഉപവാസവും പരിഹാരവും പുണ്യങ്ങളും അനുഷ്ഠിക്കാൻ എന്നെ സഹായിക്കണമേ, ആമ്മേൻ.
ആൻസിമോൾ ജോസഫ്