
ക്യാമ്പസിൽനിന്നും ഒരിക്കൽ പിക്‌നിക് പോവുകയുണ്ടായി. മൂന്ന് ദിവസത്തെ പിക്‌നിക്കാണ്. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായാണ് പിക്‌നിക്. പിക്‌നിക്കിന്റെ പ്ലാൻ അവതരിപ്പിച്ചപ്പോൾ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് പോകണമെന്ന് ഞാൻ ആവശ്യപ്പെടുകയുണ്ടായി. സമയം കിട്ടുകയാണെങ്കിൽ മാത്രമേ അതിനു പറ്റൂ എന്നായിരുന്നു മറുപടി. ഏതായാലും ഞാൻ എന്റെ ആഗ്രഹത്തിൽനിന്നും പിൻവാങ്ങിയില്ല. ഞായറാഴ്ച താമസിച്ച ലോഡ്ജിൽനിന്നും അരമണിക്കൂർ പോയാലാണ് കത്തോലിക്കാ പള്ളിയുള്ളത് എന്ന് മനസ്സിലായി. കുർബാനയുടെ സമയമോ മറ്റുമൊന്നും എനിക്ക് അറിയുമായിരുന്നില്ല. ഏതായാലും ഞാൻ രാവിലെ അൽപം നേരത്തെ എഴുന്നേറ്റ് ഒറ്റയ്ക്ക് ചോദിച്ചന്വേഷിച്ച് പള്ളിയിൽ പോയി. ഞാൻ ചെന്നപ്പോൾ വിശുദ്ധ കുർബാന തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.
തിരിച്ചെത്തുമ്പോൾ എന്റെ ആവലാതി എന്നെക്കൂടാതെ ബാക്കിയെല്ലാവരും അടുത്ത സ്ഥലം കാണാൻ പോയിക്കാണും എന്നായിരുന്നു. സംഭവിച്ചതെന്താണെന്ന് വച്ചാൽ, പലരും ഉറക്കം ഉണരാനും ഫ്രഷായി വരാനും താമസിച്ചു. തന്മൂലം പിക്‌നിക് മൊത്തത്തിൽ വൈകി. ഞാൻ വളരെ സമാധാനത്തിൽ പ്രഭാതഭക്ഷണവും കഴിച്ച് പിക്‌നിക് അവരോടൊപ്പംതന്നെ തുടർന്നു. അതുവരെ എല്ലാം കൃത്യമായി പോയിക്കൊണ്ടിരുന്ന പിക്‌നിക്കിന് അന്നേദിവസം എന്താണ് പറ്റിയതെന്ന് പിടികിട്ടിയിരുന്നില്ല. എനിക്കുറപ്പാണ്, കർത്താവിനെ മാനിച്ച എനിക്കുവേണ്ടി കർത്താവ് ക്രമീകരിച്ചതായിരുന്നു ഈ മാറ്റമെന്ന്.
ഇത്തരത്തിൽ കർത്താവ് സഹായിച്ച മറ്റൊരു സംഭവം കൂടിയുണ്ട്. ആയിരത്തിനടുത്ത് കോളേജ് വിദ്യാർഥികൾ പങ്കെടുക്കുന്ന ഒരു ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ ഞാൻ കേരളത്തിന് പുറത്ത് പോയ സമയം. മൂന്നുദിവസത്തെ സെമിനാറിൽ ഒരു പേപ്പർ അവതരിപ്പിക്കാനാണ് ഞാൻ പോയത്. എന്റെ സെമിനാർ അവതരണം ഞായറാഴ്ച പതിനൊന്ന് മണിക്കായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുപലരും സെമിനാർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിനുവേണ്ടി വിശുദ്ധ കുർബാന മാറ്റിവച്ചപ്പോൾ ഞാൻ ധൈര്യസമേതം രാവിലത്തെ വിശുദ്ധ കുർബാനയ്ക്ക് പോയി. മുൻ അനുഭവം ഒരു ബലമായി ഉണ്ടായിരുന്നു. തിരിച്ചുവന്ന് സെമിനാറിനു മറ്റുള്ളവരെപ്പോലെതന്നെ ഞാനും ഒരുക്കം തുടർന്നു. അന്നേരം ലഭിച്ച പ്രേരണയനുസരിച്ച് സെമിനാറുമായി ബന്ധപ്പെട്ട ഏതാനും ചില ഫോട്ടോകളും വിഡിയോകളും പ്രത്യേകം ഒരു ഫോൾഡറിലാക്കി ലാപ്‌ടോപ്പിൽ ക്രമീകരിച്ചുവച്ചിരുന്നു. സെമിനാർ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ജഡ്ജ് ചെയ്യാൻ വന്ന അധ്യാപകരിൽ ഒരാൾ ഞാൻ അവതരിപ്പിച്ച കാര്യത്തെക്കുറിച്ചു ആഴത്തിൽ എന്താണെന്ന് എന്നോട് ചോദിക്കുകയുണ്ടായി.
ഞാൻ വേഗം ലാപ്‌ടോപ്പിൽ പ്രത്യേകം ഫോൾഡറാക്കി വച്ച ഫോട്ടോകളും വിഡിയോകളും എടുത്തുകാണിച്ചുകൊടുത്തു. അതുകണ്ടയുടനെ ‘വെരി ഗുഡ്’ എന്ന് പറഞ്ഞു അദ്ദേഹം മാർക്കിട്ട് പോയി. ഫലപ്രഖ്യാപനം വന്നപ്പോൾ ഞാൻ ഒന്നാമതെത്തിയിരിക്കുന്നു. മറ്റനേകരെ വിസ്മയിപ്പിക്കുമാറ് അവിടുന്നെന്നെ തക്കസമയത്ത് ഉയർത്തി.
ഞാൻ സമ്മാനവും വാങ്ങി പോയത് രാവിലെ പോയ അതേ പള്ളിയിൽത്തന്നെയാണ്, നന്ദി പറയാൻ. അന്നേരം എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഇറ്റിറ്റ് വീഴുകയായിരുന്നു. നമ്മുടെ കർത്താവിന് ഒന്നാം സ്ഥാനം കൊടുത്താൽ അവിടുന്ന് നമ്മെ വെറുംകൈയോടെ വിടില്ല. നമുക്ക് വേണ്ടി അവിടുന്ന് വാദിക്കും, നമ്മെ അവൻ സ്വന്തമായിക്കണ്ട് സ്‌നേഹിച്ചുകൊണ്ടിരിക്കും, കൂടെ വന്ന് അനുഗ്രഹിച്ചുകൊണ്ടിരിക്കും. ഞായറാഴ്ച വിശുദ്ധ കുർബാന മുടങ്ങാതെ ആചരിക്കുന്നത് കർത്താവിന് ഒന്നാംസ്ഥാനം നൽകുന്നതിന് ഒരു ഉദാഹരണമാണ്.
”സാബത്തിനെ ചവിട്ടിമെതിക്കുന്നതിൽനിന്നും എന്റെ വിശുദ്ധ ദിവസത്തിൽ നിന്റെ ഇഷ്ടം അനുവർത്തിക്കുന്നതിൽനിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കർത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങൾ അന്വേഷിക്കാതെയും വ്യർഥഭാഷണത്തിലേർപ്പെടാതെയും അതിനെ ആദരിക്കുക. അപ്പോൾ നീ കർത്താവിൽ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാൻ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാൻ പരിപാലിക്കും. കർത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്” (ഏശയ്യാ 58 : 13-14).
മാത്രമല്ല, ജീവിതത്തിൽ ഒറ്റപ്പെടുമ്പോഴും കഷ്ടതയുണ്ടാകുമ്പോഴും പ്രലോഭനങ്ങളുണ്ടാകുമ്പോഴും ഇക്കാര്യം മറക്കരുത്. വിജയത്തിലും പരാജയത്തിലും അവിടുത്തെ വിസ്മരിക്കരുത്. അവിടുന്നാണ് എല്ലാത്തിലും വലിയവൻ. അവിടുത്തേക്കാണ് എന്നേരവും സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടാകേണ്ടത്. ”ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാൻ കൽപിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കർത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും” (ജോഷ്വ 1: 9)
ബ്രദർ അഗസ്റ്റിൻ ക്രിസ്റ്റി PDM