ജീവിതം സുന്ദരമാക്കുന്ന സ്‌നേഹമന്ത്രം – Shalom Times Shalom Times |
Welcome to Shalom Times

ജീവിതം സുന്ദരമാക്കുന്ന സ്‌നേഹമന്ത്രം

പതിനഞ്ച് വർഷങ്ങൾക്കുമുമ്പാണ് എന്റെ ജീവിതത്തിൽ വിവാഹത്തിന്റെ പള്ളിമണികൾ മുഴങ്ങുന്നത്. വരനും ചേട്ടനും ചേച്ചിക്കും ഒക്കെ അവധി കുറവായിരുന്നതിനാൽ മനസ്സമ്മതത്തിനും വിവാഹത്തിനും ഇടയിൽ ഒരേയൊരു ദിവസത്തെ വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനസ്സമ്മതത്തിന്റെ ദിവസം എത്തിച്ചേർന്നു. പള്ളിയിലെ ചടങ്ങുകൾക്കുശേഷം വിരുന്നിനായി എല്ലാവരും പാരിഷ്ഹാളിലേക്ക് എത്തി. അവിടെ ഭക്ഷണത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ, അതിഥികളുമായി കുശലാന്വേഷണങ്ങളും പൊട്ടിച്ചിരികളും സ്‌നേഹപ്രകടനങ്ങളും നന്ദിപറച്ചിലുകളുമൊക്കെ അതിന്റേതായ ചിട്ടയിലും വട്ടത്തിലുമൊക്കെ നടന്നുകൊണ്ടിരിക്കുന്നു. പ്രതിശ്രുതവധൂവരൻമാരായ ഞങ്ങളാകട്ടെ, ഇങ്ങനെയുള്ള അവസരങ്ങളിലെ ‘ഹൈലൈറ്റ്’ ആയ ‘ഫോട്ടോയെടുപ്പ്’ സംരംഭത്തിലും.

അതിഥികൾക്കിടയിലായിരുന്ന പപ്പാ അന്നേരം ഞങ്ങളുടെ അടുത്തെത്തി ‘ഇങ്ങോട്ട് ഒന്നു വരുവോ, ഒരാളെ കാണാനാണ്’ എന്ന് പറഞ്ഞു. ഫോട്ടോഷൂട്ടിന് ഒരു ബ്രേക്ക് കൊടുത്ത് ഞങ്ങൾ പപ്പയുടെ കൂടെ ഹാളിനുള്ളിലേക്ക് നടന്നു. അതിനിടയിൽ പപ്പ ഞങ്ങളോട് പറഞ്ഞു, ”എന്നാ പറയാനാ, ഞാൻ നമ്മുടെ ഗീവർഗീസിനെ കല്യാണത്തിന് വിളിക്കാൻ വിട്ടുപോയി.” (പപ്പയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മേൽപറഞ്ഞ ഗീവർഗീസ് അങ്കിൾ). കല്യാണം പറയാൻ ഫോണിൽ വിളിച്ചപ്പോൾ ഗീവർഗീസ് പരിധിക്ക് പുറത്തായിരുന്നു. പിന്നെ വിളിക്കാം എന്നു വിചാരിച്ചു. തിരക്കിനിടയിൽ അതങ്ങു മറന്നുപോയി. പക്ഷേ സമയവും തിയതിയും ഒക്കെ അന്വേഷിച്ചറിഞ്ഞ് ഗീവർഗീസ് അങ്കിൾ മനസ്സമ്മതം കൂടാൻ എത്തിയിരിക്കുന്നു.

നേരെ കണ്ടപ്പോഴാണ് ‘ശോ, ക്ഷണിക്കാൻ മറന്നല്ലോ’ എന്ന് പപ്പ ഓർത്തത്. അടുത്തുചെന്ന് ക്ഷമ പറഞ്ഞപ്പോൾ പറഞ്ഞത് ഇങ്ങനെയാണ്, ”ജോർജേ, നമ്മൾ തമ്മിലെന്തിനാണ്, ഒരു ക്ഷമാപണവും മറ്റും. എനിക്കറിയരുതോ നിന്നെ. ഒരു കല്യാണം ആകുമ്പോൾ നൂറുകൂട്ടം തിരക്കുകൾ അല്ലേ. അതിനിടയിൽ വിട്ടുപോയതാവും എന്ന് എനിക്ക് ഉറപ്പാണ്. മോളുടെ മനസമ്മതത്തിന് വരാൻ എനിക്കൊരു ക്ഷണത്തിന്റെയും ആവശ്യം ഇല്ല. നീ വിളിച്ചില്ല എന്ന പേരിൽ ഞാൻ വരാതിരുന്നാൽ നിനക്കത് സങ്കടമാവില്ലേ? മോളുടെ ജീവിതത്തിലെ ഒരു മംഗളകർമത്തെക്കുറിച്ചുള്ള ഓർമകളിൽ ഒരു കരടും വീഴാൻ പാടില്ല. ഇന്ന് ഞാൻ വന്നില്ലേൽ പിന്നെ നമുക്കിടയിലെ സ്‌നേഹത്തിനും സൗഹൃദത്തിനും ഒക്കെ എന്നതാ വിലയുള്ളത്.”

പറഞ്ഞുതീർന്നപ്പോഴേക്കും ഞങ്ങൾ അങ്കിളിന്റെ അടുത്ത് എത്തി. ഞാൻ അദ്ദേഹത്തോട് ക്ഷണിക്കാൻ മറന്നെങ്കിലും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയതിന് നന്ദി പറഞ്ഞു. ‘വേണ്ടാത്തതൊക്കെ പിള്ളേരെ പറഞ്ഞുകേൾപ്പിച്ചത് എന്തിനാ ജോർജേ’ എന്ന് അങ്കിൾ ചുമ്മാ പരിഭവം നടിച്ചു. എന്നിട്ട് നിറഞ്ഞ വാത്സല്യത്തോടെ ചേർത്തുനിർത്തി നെറുകയിൽ തൊട്ട് അനുഗ്രഹിച്ചു.

തന്റെ ദീർഘകാലമായുള്ള അടുത്ത സുഹൃത്ത് തന്നെ മറന്നല്ലോ എന്ന് ചിന്തിക്കാതെ, ഞാൻ ചെന്നില്ലെങ്കിൽ പിന്നീട് അത് സങ്കടം ആകുമല്ലോ എന്ന് ദീർഘവീക്ഷണം നടത്തി, ഒരു മാനക്കേടും വകവയ്ക്കാതെ അവിടെ എത്തിച്ചേരുകയും ഒരു നോട്ടംകൊണ്ടുപോലും കുറ്റപ്പെടുത്തുകയോ പിണങ്ങുകയോ ചെയ്യാതെ സന്തോഷമായി എല്ലാത്തിലും പങ്കുചേരുകയും ചെയ്ത അങ്കിൾ, പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്ന എന്നെ ഫീസില്ലാതെ വളരെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു, നിസ്വാർത്ഥ സ്‌നേഹത്തിന്റെ പാഠം.

എപ്പോഴെങ്കിലും ഒക്കെ ആരോടെങ്കിലും ”എന്നാലും എന്നെ ഒന്ന് അന്വേഷിക്കാമായിരുന്നു” എന്ന ഈർഷ്യ എന്റെ ഉള്ളിൽ നാമ്പെടുക്കുമ്പോഴേ ഞാൻ അങ്കിളിനെ ഓർക്കും. എല്ലാ പരിഭവങ്ങളും അപ്പോൾത്തന്നെ മാഞ്ഞുപോകും. ഇങ്ങോട്ടു വിളിക്കാൻ കാത്തുനിൽക്കാതെ അപ്പോൾത്തന്നെ അങ്ങോട്ട് വിളിച്ചോ, മെസേജ് അയച്ചോ സ്‌നേഹാന്വേഷണം നടത്തും. മനസ് ഒരു തൂവൽപോലെ ഭാരം ഇല്ലാത്തതാകും. തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കാൻ, എപ്പോഴെങ്കിലും എന്തെങ്കിലും നന്മ ആർക്കെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, ‘ലഭിച്ച നന്മകൾക്കുമുൻപിൽ കൊടുത്തത് എത്ര നിസാരമെന്ന’ തിരിച്ചറിവോടെ അപ്പോൾത്തന്നെ മറന്നേക്കും. നന്ദി അങ്കിൾ, ജീവിതം വളരെ ലളിതവും സുന്ദരവും ആക്കാനുള്ള സ്‌നേഹമന്ത്രം കാണിച്ചുതന്നതിന്…

ലോകം ഇന്ന് എത്ര സ്വാർത്ഥമാണല്ലേ. സ്‌നേഹം എന്ന കപടമുഖംമൂടി അണിഞ്ഞ് എന്തെല്ലാം കാട്ടിക്കൂട്ടലുകൾ? സ്‌നേഹം തിരസ്‌കരിച്ചു എന്ന വൈരാഗ്യത്തിൽ ആസിഡ് ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തി, മാലാഖമാർ പിശാചുക്കളാകുന്ന കാഴ്ചകൾ. പണവും പദവിയും പ്രശസ്തിയുമൊക്കെ സ്‌നേഹത്തിന് അളവുകോലുകൾ നിശ്ചയിക്കുന്നു. സ്‌നേഹം കൊടുക്കാനുള്ളതാണെന്നും സ്‌നേഹം ഒഴികെ ബാക്കി എന്തും നശ്വരമാണെന്നും ഈ തലമുറയോട് ആര് വിളിച്ചുപറയും?

ബൈബിൾ പറയുന്നു: ”സ്‌നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല” (1 കോറിന്തോസ് 13:5). അങ്ങനെയെങ്കിൽ നമുക്കുള്ളിൽ നിറഞ്ഞുനിൽക്കുന്നതും എത്ര സ്‌നേഹിച്ചിട്ടും മറ്റുള്ളവർ അങ്ങനെയാണ്, ഇങ്ങനെയാണ് എന്ന് പരാതി വിളിച്ചു പറയിക്കുന്നതും ഏതു വികാരമാണെന്ന് ഒന്ന് ചിന്തിക്കണേ…

സ്മിത വിമൽ