അത്ഭുതങ്ങൾക്ക് നന്ദി പറഞ്ഞാൽമാത്രം പോരാ… – Shalom Times Shalom Times |
Welcome to Shalom Times

അത്ഭുതങ്ങൾക്ക് നന്ദി പറഞ്ഞാൽമാത്രം പോരാ…

 

സഹോദരങ്ങളായ രണ്ട് ആൺകുട്ടികൾ നഗരത്തിൽനിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു. ആറും പതിനൊന്നും വയസായിരുന്നു അവരുടെ പ്രായം. സമയം വൈകുന്നേരം നാലുമണി. മദ്യപിച്ച് ബൈക്കുമായെത്തിയ ഒരാൾ നിയന്ത്രണം നഷ്ടപ്പെട്ട് അവർ സഞ്ചരിച്ച സൈക്കിളിൽ വന്ന് ഇടിച്ചു. അവർ മറിഞ്ഞുവീണു. പക്ഷേ ദേഹത്ത് പരിക്കുകളൊന്നും പറ്റിയില്ല. എന്നാൽ വീട്ടിലെത്തും മുമ്പേ മൂത്ത കുട്ടിക്ക് തലവേദന അനുഭവപ്പെടാൻ തുടങ്ങി. മാതാപിതാക്കളെ ഭയന്ന് അന്നു വൈകിട്ട് നടന്ന സംഭവങ്ങളൊന്നുമവർ വീട്ടിൽ അറിയിച്ചില്ല.

അന്ന് രാത്രി സന്ധ്യാപ്രാർഥനയുടെ സമയത്ത് മൂത്തകുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. അവൻ ബോധരഹിതനായി നിലത്ത് വീണു. മാതാപിതാക്കൾ അവനെയുമെടുത്ത് ഏറ്റവുമടുത്തുള്ള ആശുപത്രിയിലെത്തി. ഒമ്പതു മണിയോടടുത്ത് അവൻ രണ്ടുതവണ രക്തം ഛർദ്ദിച്ചു. തുടർന്ന് അത്യാധുനിക സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവന്റെ പ്‌ളീഹ (Spleen) രണ്ടായി പിളർന്ന് ആന്തരിക രക്തസ്രാവം ഉള്ളതായി പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി. ശസ്ത്രക്രിയ മാത്രമാണ് പരിഹാരം. എന്നാൽ വിജയസാധ്യത വളരെ കുറവ്. മറ്റ് വഴികളൊന്നുമില്ലാത്തതിനാൽ എത്രയും പെട്ടെന്നുതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നാല് ആഴ്ച ICU വിൽ തീവ്രനിരീക്ഷണത്തിൽ കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നില്ല.

വെറും മൂന്ന് ആഴ്ചകൂടി മാത്രമേ അവന് ഇനി ആയുസ്സുള്ളൂ എന്നവർ വിധിയെഴുതി. മാതാപിതാക്കൾക്കാകട്ടെ ഹൃദയം തകരുമെന്ന സ്ഥിതി. ‘എന്നും രുചിയില്ലാത്ത ഭക്ഷണം കഴിച്ച് മടുത്തു, രുചികരമായ ഭക്ഷണം വേണം’ എന്നായിരുന്നു ആ സമയത്ത് അവൻ ആവശ്യപ്പെട്ടത്.

മകന്റെ അവസാനദിനങ്ങളായി കണ്ട് മാതാപിതാക്കൾ അവന് ഇഷ്ടമുള്ളതെല്ലാം തയാറാക്കി നല്കി. അത് കഴിച്ച് അവൻ ശാന്തനായി ഉറങ്ങി. ആ അമ്മ മകൻ കിടക്കുന്ന കട്ടിലിനരുകിൽ മുട്ടുകുത്തി അവളുടെ ഇടതുകരം സ്വന്തം നെഞ്ചിലും വലതുകരം മകന്റെ നെഞ്ചിലും വച്ച് യാക്കോബിനെപ്പോലെ ദൈവത്തോട് മല്ലിട്ടു. രാത്രി മുഴുവൻ നിലവിളിച്ച് തന്റെ മകനുവേണ്ടി പ്രാർഥിച്ചു.

ദൈവമേ, അങ്ങ് മരിച്ചവരുടെയല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണല്ലോ അങ്ങയുടെ ദാസനെ സുഖപ്പെടുത്തണമേ (മർക്കോസ് 12:27), ”കർത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്” (വിലാപങ്ങൾ 3:22-23) യാക്കോബിന്റെമേൽ സൂര്യനുദിച്ചപോലെ എന്റെ മകന്റെമേലും ഉദിപ്പിക്കണമേ….(ഉല്പത്തി 32:31).

പിറ്റേന്ന് രാവിലെ പതിവ് പരിശോധനയ്ക്കായി ഡോക്ടർമാരെത്തി. അവർ കുട്ടിയോട് എഴുന്നേറ്റിരിക്കാൻ ആവശ്യപ്പെട്ടു. അവരെയെല്ലാം അത്ഭുതപ്പെടുത്തി ഒരു ബുദ്ധിമുട്ടുംകൂടാതെ അവൻ എഴുന്നേറ്റിരുന്നു. ഡോക്ടർമാർ ഉടൻതന്നെ അവനെ സ്‌കാനിങ്ങിന് കൊണ്ടുപോയി. ശസ്ത്രക്രിയയ്ക്ക് ശേഷം അവശേഷിച്ചിരുന്ന ഒരു ദ്വാരംവഴി അവന്റെ ശരീരത്തിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെടുന്നുണ്ടായിരുന്നു. പലതവണ ആ ദ്വാരമടയ്ക്കാൻ പരിശ്രമിച്ചിരുന്നുവെങ്കിലും അവർക്കത് സാധിച്ചിരുന്നില്ല. അതിനാലാണ് മൂന്നാഴ്ചയിൽ കൂടുതൽ അവൻ ജീവിച്ചിരിക്കില്ല എന്നവർ പറഞ്ഞിരുന്നത്. അന്നത്തെ പരിശോധനയിൽ ആ ദ്വാരം അടഞ്ഞതായും രക്തം ഒഴുകുന്നത് നിന്നിരിക്കുന്നതായും അവർ കണ്ടെത്തി. ഇത് ഒരത്ഭുതമാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു. തന്റെ മകന്റെ മരണക്കിടക്കയുടെ അരികിലിരുന്ന് മകന്റെ സൗഖ്യത്തിനായി മല്ലടിച്ച അമ്മയുടെ പ്രാർഥന കേട്ട് അവിടുന്ന് സൗഖ്യം നല്കി.

ഇത് വെറും സാങ്കൽപ്പിക കഥയല്ല, യഥാർഥസംഭവമാണ്. ഇതിലെ മുതിർന്ന ബാലൻ ഇന്ന് വൈദികനായി ശുശ്രൂഷ ചെയ്യുന്ന ഞാൻതന്നെ. ദൈവപരിപാലന രുചിച്ചറിഞ്ഞ ഞാൻ പൗരോഹിത്യദൈവവിളി മനസിലാക്കി അത് പിന്തുടർന്നു.

നിങ്ങളുടെ ജീവനെയും ദൈവം പരിപാലിച്ചുകൊണ്ടിരിക്കുന്നില്ലേ? ആ നല്ല ദൈവത്തിന് നന്ദി പറയാനും അവിടുത്തെ ഹിതമനുസരിച്ചുള്ള ജീവിതദൗത്യം കണ്ടെത്താനും
പരിശ്രമിക്കുക.

ഫാദർ മൈക്കിൾ ലൂയിസ് വി.സി.