
ഇക്കാലത്ത് പല മിഷൻ പ്രദേശങ്ങളിലും സുവിശേഷപ്രഘോഷണം നടക്കുന്നത് സാമൂഹ്യസേവനത്തിൽകൂടിയാണ്. സാമൂഹ്യസേവനത്തിൽകൂടി ദരിദ്രരെ സമീപിക്കാനും സദ്വാർത്ത പകർന്നുകൊടുക്കാനും എളുപ്പമുണ്ട്. എന്നാൽ സുവിശേഷങ്ങളിൽ നാം കാണുന്നത് നമ്മുടെ കർത്താവ് സുവിശേഷ പ്രഘോഷണത്തിന് സാമൂഹ്യസേവനമല്ല ഒരു മാർഗമായി സ്വീകരിച്ചതെന്നാണ്. ”അവിടുന്ന് അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു” (മത്തായി 4:23).
അതായത് അത്ഭുതകരമായ രോഗശാന്തികൾ നൽകിയും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ടും അവിടുന്ന് താൻ പ്രസംഗിച്ച സുവിശേഷത്തിന് ഉറപ്പുനൽകി. അപ്പസ്‌തോലന്മാരും ഈ മാർഗംതന്നെയാണ് സുവിശേഷപ്രഘോഷണത്തിന് ഉപയോഗിച്ചിരുന്നത്. ”അപ്പസ്‌തോലന്മാർവഴി പല അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു” (അപ്പസ്‌തോലൻമാരുടെ പ്രവർത്തനങ്ങൾ 2:43).
അപ്പസ്‌തോലന്മാർക്ക് ഭീഷണികൾ നേരിടേണ്ടിവന്നപ്പോൾ വിശ്വാസികൾ ഒറ്റക്കെട്ടായിനിന്ന് അവർക്കുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തി. അവർ പ്രാർഥിച്ചു: ”അവിടുത്തെ
പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ. അവിടുത്തെ വചനം പൂർണഹൃദയത്തോടെ
പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ” (അപ്പസ്‌തോലൻമാരുടെ പ്രവർത്തനങ്ങൾ 4:30).അങ്ങനെ സഹായകനായി നൽകപ്പെട്ട പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, അരൂപിയുടെ വരദാനങ്ങളുടെ ശക്തിയിലാണ് അവർ അനേകരെ വിശ്വാസത്തിലേക്ക് ആനയിച്ചത്.
സമറിയാക്കാരി സ്ത്രീയോട് ‘നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ളവൻ നിന്റെ ഭർത്താവല്ല’ എന്ന് യേശു അരുളിച്ചെയ്തപ്പോൾ ആ സ്ത്രീക്ക് മാനസാന്തരമുണ്ടായി. അറിവിന്റെ വചനം എന്ന വരംകൊണ്ടാണ് കർത്താവിന് ഇതു പറയുവാൻ സാധിച്ചത്. അവളുടെ വിശ്വാസവും മാനസാന്തരവും വഴിയായി അവിടെ വളരെപ്പേർ യേശുവിൽ വിശ്വസിച്ചു.
ഏറ്റവും ഉത്തമമായ മാർഗം
സുവിശേഷപ്രഘോഷണത്തിനുള്ള ഏറ്റവും ഉത്തമമായ മാർഗം ഇന്നും പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ, പ്രത്യേകിച്ച് അറിവിന്റെ വചനം, വിവേചനത്തിന്റെ വരം, രോഗശാന്തിവരം എന്നീ വരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുകയാണ്. എന്നാൽ പലരും ഈ ദൈവികമാർഗങ്ങൾ ഉപേക്ഷിച്ച് സാമൂഹ്യസേവനംപോലുള്ള വെറും മാനുഷിക മാർഗങ്ങൾ അവലംബിക്കുകയാണ്. നമ്മുടെ കർത്താവ്, ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാൻ (മർക്കോസ് 16:15) തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ അവിടുന്ന് അവർക്ക് കൊടുത്ത ആയുധങ്ങൾ അരൂപിയുടെ വരദാനങ്ങൾ മാത്രമായിരുന്നു. ”വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും. അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്‌ക്കരിക്കും… അവർ രോഗികളുടെമേൽ കൈകൾ വയ്ക്കും. അവർ സുഖം പ്രാപിക്കുകയും ചെയ്യും” (മർക്കോസ് 16:17-18).
ദൈവമായ കർത്താവ് മോശക്ക് പ്രത്യക്ഷപ്പെട്ട്, ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽജനത്തെ മോചിപ്പിക്കാൻ നിയോഗിച്ച് അയക്കുന്നു. ദൈവമായ കർത്താവ് തന്നെയാണ് മോശയെ അയച്ചതെന്ന് ഇസ്രായേൽജനത്തിന് ഉറപ്പ് കൊടുക്കുവാൻ അവിടുന്ന് ഒരു വടി മാത്രമാണ് മോശയ്ക്ക് നിർദേശിച്ചുകൊടുത്തത്.
എന്നാൽ നമ്മുടെ കർത്താവ് പിശാചിന്റെ അടിമത്തത്തിൽനിന്ന് ലോകജനതകളെ രക്ഷിക്കാൻ തന്റെ ശിഷ്യന്മാരെ നിയോഗിച്ചയച്ചപ്പോൾ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാണ് അവർക്ക് അടയാളമായി കൊടുത്തയച്ചത്. ”വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂർണ ജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവനുസരിച്ച് പക്വതയാർന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ (അതായത് ലോകാവസാനംവരെ) ഇത് തുടരേണ്ടിയിരിക്കുന്നു” (എഫേസോസ് 4:13).
ശ്രേഷ്ഠമായ കൃപാവരങ്ങൾ
പഴയനിയമത്തെക്കാൾ ശ്രേഷ്ഠതയാർന്ന ഒരുമ്പടിയാണ് പുതിയ നിയമത്തിൽ മിശിഹായുടെ വരവോടുകൂടി നമുക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, പഴയ ഉടമ്പടിയെക്കാളും ശ്രേഷ്ഠമായ കൃപാവരങ്ങളാണ് പുതിയ ഉടമ്പടിയിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളായി നമുക്ക് ലഭിച്ചിരിക്കുന്നത്.
ഒരിക്കൽ ഒരു യുവാവ് എന്റെ അടുക്കൽ വന്നു. ധ്യാനത്തിന് ഒരാൾക്കുവേണ്ടി ഒരു സീറ്റ് ബുക്ക് ചെയ്യാൻ വന്നതാണെന്നും അവനുവേണ്ടി ഒന്നു പ്രാർഥിക്കണമെന്നും പറഞ്ഞു. ‘എന്തിനുവേണ്ടിയാണ് പ്രാർഥിക്കേണ്ടത് എന്നു ഞാൻ ചോദിച്ചു.’ അതിന് ഉത്തരമായി ‘അച്ചൻ ഒന്നു പ്രാർഥിച്ചാൽ മതിയെന്ന്’ അവൻ പറഞ്ഞു. ഞാൻ പ്രാർഥിച്ചിട്ട് ചോദിച്ചു ‘നീ വിവാഹിതനാണോ?’ ‘അല്ല’ എന്ന് മറുപടി. ‘നീ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടിട്ടില്ലേ?’ എന്ന് ഞാൻ ചോദിച്ചു. മറുപടി ‘ഉണ്ട്.’ അതിൽ ഒരു കുട്ടി ഉണ്ടായില്ലേ? ‘ഉവ്വ്.’ അതിനെ അബോർഷൻ ചെയ്ത് കളഞ്ഞില്ലേ? ‘ഉവ്വ് ‘ അവൻ സമ്മതിച്ചു. അവസാനം അവൻ പറയുകയാണ് എന്നാൽ എനിക്കും ഒന്നു ധ്യാനിക്കണം.
പരിശുദ്ധാത്മാവ് വെളിപ്പെടുത്തിത്തന്നതുകൊണ്ടാണ് എനിക്ക് അങ്ങനെ പറയുവാൻ സാധിച്ചത്. അങ്ങനെ പെട്ടെന്ന് ആ യുവാവിനെ മാനസാന്തരത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു.
വേറൊരിക്കൽ കാൻസർ പിടിപെട്ട് വലിയൊരു വയറുമായി അവശയായ ഒരു സ്ത്രീയെ
പ്രാർഥിക്കാൻ കൊണ്ടുവന്നു.
ആ സ്ത്രീക്കുവേണ്ടി പ്രാർഥിച്ചപ്പോൾ കർത്താവ് ഒരു പ്രായമുള്ള സ്ത്രീയെ കാണിച്ചുതന്നു. സ്ത്രീയുടെ അടയാളങ്ങൾ കേട്ടപ്പോൾ അത് തന്റെ അമ്മായിയമ്മയാണെന്നും അമ്മായിയമ്മയോട് വെറുപ്പ് ഉണ്ടെന്നും അവൾ സമ്മതിച്ചു. വീണ്ടും വേറൊരു യുവതിയെ പ്രാർഥനയിൽ കണ്ടു. അത് രോഗിയുടെ നാത്തൂനാണെന്നും ആ നാത്തൂനോടും വെറുപ്പുണ്ടെന്നും പറഞ്ഞു. അവൾ ക്ഷമിച്ചു പ്രാർഥിച്ചപ്പോൾ അവൾക്ക് സൗഖ്യം കിട്ടി. പരിശുദ്ധാത്മാവിന്റെ വരങ്ങൾകൊണ്ടാണ് ആ സ്ത്രീയെ മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും കൊണ്ടുവരുവാൻ സാധിച്ചത്.
അതിനാൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ച് സുവിശേഷപ്രഘോഷണം നടത്തുന്നതാണ് കൂടുതൽ ഫലപ്രദം.
ഫാ. സി.ജെ. വർക്കി