സത്യത്തിൽ നരകം ഉണ്ടോ – Shalom Times Shalom Times |
Welcome to Shalom Times

സത്യത്തിൽ നരകം ഉണ്ടോ

ഇന്ന് ഒരു മാലാഖ എന്നെ നരകഗർത്തത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇത് അത്യുഗ്രമായ പീഡനത്തിന്റെ സ്ഥലമാണ്. ഇത് അതിവിശാലവും ഭയം തോന്നുന്നവിധം അഗാധവുമാണ്. പലതരത്തിലുള്ള പീഡനങ്ങൾ ഞാൻ അവിടെ കണ്ടു.

നരകത്തെ നരകമാക്കിത്തീർക്കുന്ന ഒന്നാമത്തെ പീഡനം ദൈവം നിത്യമായി നഷ്ടപ്പെട്ടുവെന്ന നിരാശതയാണ്. രണ്ടാമത്തെ പീഡനം മനഃസാക്ഷിയുടെ നിരന്തരമായ കുറ്റപ്പെടുത്തലാണ്. മൂന്നാമത്തെ പീഡനം ഒരുവന്റെ ഒരിക്കലും മാറ്റമില്ലാത്ത അവസ്ഥയാണ്. നാലാമത്തേത് ആത്മാവിനെ ദഹിപ്പിച്ച് നശിപ്പിക്കാതെ അതിനെ ചൂഴ്ന്നുനിന്ന് ജ്വലിക്കുന്ന തീയാണ്. ഈ തീ തികച്ചും ആത്മീയവും ദൈവകോപത്താൽ ജ്വലിക്കുന്നതുമായതിനാൽ ഇത് അതികഠിനമായ സഹനമാണ്. അഞ്ചാമത്തെ പീഡനം നിത്യമായ ഇരുട്ടും ഭയങ്കരമായ ശ്വാസം മുട്ടിക്കുന്ന ദുർഗന്ധവുമാണ്. ഇരുട്ടാണെങ്കിലും പിശാചുക്കളും നിത്യനാശത്തിൽ പതിച്ച ആത്മാക്കളും പരസ്പരം കാണുന്നുണ്ട്. തന്റെയും മറ്റുള്ളവരുടെയും തിന്മകളെല്ലാം ഇവർ കാണുന്നു. ആറാമത്തെ പീഡനം സാത്താന്റെ നിരന്തരമായ സഹവാസമാണ്. ഏഴാമത്തെ പീഡനം ഭയാനകമായ നിരാശയും ദൈവത്തോടുള്ള വെറുപ്പും നിന്ദ്യമായ വാക്കുകളും ശാപങ്ങളും ദൈവദൂഷണങ്ങളുമാണ്.

ഈ സഹനങ്ങളെല്ലാം ഒരുമിച്ച് നിത്യമായി നശിച്ച ആത്മാക്കൾ സഹിക്കുന്നുവെങ്കിലും ഇതുകൊണ്ടും തീരുന്നില്ല അവരുടെ വേദനകൾ. ഓരോ ആത്മാവിനും നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രത്യേക പീഡനങ്ങളുമുണ്ട്. ഓരോ ആത്മാവും ചെയ്ത പാപത്തിനനുസൃതമായി അതിഭീകരവും വിവരിക്കാൻ സാധിക്കാത്തതുമായ പീഡനങ്ങളിലൂടെ അവർ കടന്നുപോകുന്നു. ഓരോന്നിലും വ്യത്യസ്തമായ കഷ്ടതകളോടുകൂടിയ പീഡനങ്ങളുടെ കുഴികളും ഗർത്തങ്ങളുമുണ്ട്. സർവ്വശക്തനായ ദൈവം എന്നെ താങ്ങിയില്ലായിരുന്നുവെങ്കിൽ ഈ പീഡനങ്ങളുടെ ദർശനത്തിൽത്തന്നെ ഞാൻ മരിച്ചുപോകുമായിരുന്നു. പാപം ചെയ്യാൻ ഉപയോഗിച്ച അവയവത്തിന് നിത്യമായ പീഡനങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് പാപികൾ അറിഞ്ഞിരിക്കട്ടെ.

നരകമെന്താണെന്ന് ആർക്കും പറയാൻ സാധിക്കുകയില്ലെങ്കിലും നരകമില്ലായെന്നും ആരും അവിടെ പോയിട്ടില്ലായെന്നും ഒരാത്മാവ് ഒഴികഴിവ് പറയാതിരിക്കാനായി ദൈവം നിർദേശിച്ച പ്രകാരമാണ് ഞാനിതെഴുതുന്നത്.

ഞാൻ എഴുതിയത് യഥാർത്ഥത്തിലുള്ള കാര്യങ്ങളുടെ നിഴൽച്ചിത്രം മാത്രമാണ്. അവിടെ ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം നരകത്തിൽ പതിച്ചിരിക്കുന്ന ആത്മാക്കളിൽ ഭൂരിഭാഗവും നരകം ഉണ്ടെന്ന് വിശ്വസിക്കാൻ മടിച്ചവരാണ് എന്നുള്ളതാണ്. തിരിച്ചുവന്നപ്പോഴും ആ നടുക്കത്തിൽനിന്ന് ഞാൻ മോചനം നേടിയിരുന്നില്ല. എത്ര കഠിനമായി ആത്മാക്കൾ അവിടെ സഹിക്കുന്നു. തത്ഫലമായി പാപികളുടെ മാനസാന്തരത്തിനായി തീവ്രമായി പ്രാർത്ഥിക്കുകയും ദൈവകരുണ അവരുടെമേൽ ചൊരിയുന്നതിനായി അനുസ്യൂതം യാചിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഓ എന്റെ ഈശോയേ, ഒരു ചെറിയ പാപംപോലും ചെയ്തു ദൈവത്തെ വേദനിപ്പിക്കുന്നതിനെക്കാൾ, ലോകാവസാനംവരെ അതികഠിനമായ പീഡകൾ സഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
(ഡയറി 741)