ദൈവത്തോട് ചോദിച്ച ചോദ്യങ്ങൾ – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തോട് ചോദിച്ച ചോദ്യങ്ങൾ

വർഷം 2019. വൈദികപരിശീലനത്തിന്റെ ഭാഗമായി ദൈവശാസ്ത്രം പഠിക്കുന്ന കാലയളവായിരുന്നു അത്. അവധിക്കാലത്ത് കോഴിക്കോട് നഗരത്തിലെ ഒരു ദൈവാലയത്തിൽ ശുശ്രൂഷക്കായി എത്തി. ഹോം മിഷൻ നടത്തുന്ന വൈദികരെ സഹായിക്കാനാണ് അവിടെ എത്തിയത്. പല ഭവനങ്ങളും സന്ദർശിച്ചു. എന്നാൽ ഒരു ഭവനംമാത്രം ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മ. ആ അമ്മയുടെ മധ്യവയസ്സിൽ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു.

അവരെ കണ്ടപ്പോൾ മനസ്സിൽ ഒരു ചെറിയ വിങ്ങലോടെ കുറെ നേരം സംസാരിച്ചു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ എപ്പോഴും മനസ്സിൽ തോന്നാറുള്ളത് പോലെ കുറെ ചോദ്യങ്ങൾ; ‘എന്തിനായിരുന്നു കർത്താവേ? ഈ അമ്മ ഒറ്റക്കല്ലേ? എല്ലാം പ്രകാശമായിരുന്നിട്ട് പെട്ടെന്ന് ഒരു ദിനം ഇരുട്ടാകുമ്പോൾ ഈ അമ്മ ഇത് എങ്ങനെ സഹിക്കുന്നു?….’ പിന്നീട് ചോദ്യങ്ങൾ അമ്മയോട് നേരിട്ടായി: ”ഭക്ഷണം എങ്ങനെയാണ്? വീട് വൃത്തിയാക്കുന്നത് ആരാണ്?…”

അമ്മ മറുപടി തന്നു, ”അയലത്തെ വീട്ടിലെ ഒരു പെൺകുട്ടി, അവളാണ് മൂന്നുനേരം ഭക്ഷണം എത്തിച്ചു നൽകുന്നത്.”

ഇത് പറയുമ്പോൾത്തന്നെ അവൾ ആ ഭവനത്തിലേക്ക് വന്നു. ദൈവം അയച്ച ഒരു മാലാഖ, കാണാനും സുന്ദരി; അല്ലെങ്കിലും സഹോദരങ്ങളിൽ ദൈവത്തെ കാണുന്നവർക്ക് അല്പം സൗന്ദര്യം കൂടുതലാണല്ലോ.

വീണ്ടും ഓരോ ചോദ്യങ്ങൾ, ‘സമയം എങ്ങനെ ചെലവഴിക്കുന്നു? എങ്ങനെയാണ് സന്തോഷം കണ്ടെത്തുന്നത്?’

കട്ടിലിനടുത്തുള്ള മേശയിൽ വിരൽ ചൂണ്ടി അവിടെ വച്ചിരിക്കുന്ന ടിവിയിലേക്ക് ആംഗ്യം കാണിച്ചുകൊണ്ട് ആ അമ്മ പറഞ്ഞു, ”ഇതാണ് എന്റെ സന്തോഷം, ഇവിടെയാണ് ഞാൻ എന്റെ സമയം ചെലവഴിക്കുന്നത്. ഈ മകൾ രാവിലെ വന്ന് ശാലോം ടി.വി ചാനൽ ഓണാക്കി തരും. അതിലെ ദൈവവചനവും പ്രാർഥനകളും സ്തുതികളും ആണ് എന്റെ സന്തോഷം, രാത്രി ഉറക്കം വരുമ്പോൾ അത് ഓഫ് ആക്കാൻ എനിക്കറിയാം. പകൽ മുഴുവൻ ദൈവസ്വരംപോലെ ശാലോം ടി.വി എന്നെ ആശ്വസിപ്പിക്കുന്നു!”

ആ ഭവനം വിട്ടിറങ്ങുമ്പോഴും മനസ്സിലെ ചോദ്യങ്ങൾ അതുപോലെതന്നെ തങ്ങിനിന്നു, പിന്നീട് ഒരിക്കൽ ദൈവവചനത്തിൽ നിന്ന് ഒരു ആശ്വാസംപോലെ പുറപ്പാട് 4:11 വചനം ഞാൻ കണ്ടെത്തി. ”കർത്താവ് അവനോടു ചോദിച്ചു: ആരാണു മനുഷ്യനു സംസാരശക്തി നൽകിയത്? ആരാണ് അവനെ മൂകനോ ബധിരനോ കാഴ്ചയുള്ളവനോ കുരുടനോ ആക്കുന്നത്? കർത്താവായ ഞാനല്ലേ?”

അതെ, കർത്താവാണ് നമ്മുടെ നിയന്താവ്. അവിടുത്തേക്ക് നമ്മെക്കുറിച്ച് വലിയ പദ്ധതിയുണ്ട്. ചിലതെല്ലാം ഗ്രഹിക്കാൻ ഒരുപക്ഷേ നമ്മുടെ മനസിന് കഴിഞ്ഞില്ലെന്ന് വരും. എങ്കിലും അവിടുത്തോട് ചേർന്നുനിൽക്കുന്നവർക്ക് എല്ലാ കുരിശുകളും ഉത്ഥാനത്തിലേക്കുള്ള ചവിട്ടുപടികളാണ്.

ആ അമ്മയുടെ ജീവിതംതന്നെ പരിശോധിച്ചാൽ ബാഹ്യനേത്രങ്ങൾ അടഞ്ഞപ്പോഴാണ് ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ ആന്തരികനേത്രം തുറക്കപ്പെടാൻ ഇടയായത്. അതുകൊണ്ട് ഇന്ന് നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം (ഫിലിപ്പി 4:7) അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്നു.

 

ഫാ. സിജു ഓലിക്കര