തര്‍ക്കം ജയിപ്പിച്ച മന്ത്രം – Shalom Times Shalom Times |
Welcome to Shalom Times

തര്‍ക്കം ജയിപ്പിച്ച മന്ത്രം

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നടന്നടുക്കുന്നത് കണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ത്തന്നെയുള്ള വിജാതീയ തത്വചിന്തകര്‍ക്ക് ദുഃഖവും കോപവും അനുഭവപ്പെട്ടു. അവര്‍ ചക്രവര്‍ത്തിയെ സമീപിച്ച് ക്രൈസ്തവരുടെ മെത്രാനുമായി പൊതുവേദിയില്‍ സംവാദത്തിന് അവസരം ചോദിച്ചു. ചക്രവര്‍ത്തി അതനുവദിക്കുകയും ചെയ്തു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ അന്ന് നയിച്ചിരുന്നത് പുണ്യപുരുഷനായ വിശുദ്ധ അലക്‌സാണ്ടര്‍ മെത്രാനായിരുന്നെങ്കിലും അദ്ദേഹം ഒരു മികച്ച താര്‍ക്കികനായിരുന്നില്ല. വിജാതീയ തത്വചിന്തകരുടെ പ്രതിനിധിയാകട്ടെ മികച്ച വാഗ്മിയും ഭാഷാനിപുണനും. നിശ്ചിതദിവസം ഒരു വലിയ പണ്ഡിതസദസിനുമുന്നില്‍ അതീവശ്രദ്ധയോടെ തയാറാക്കിയ വാദമുഖങ്ങളുമായി ആ തത്വചിന്തകര്‍ ക്രൈസ്തവപഠനങ്ങളെ കടന്നാക്രമിച്ചു.

പക്ഷേ അലക്‌സാണ്ടര്‍ മെത്രാന്‍ തെല്ലും ഭയപ്പെട്ടില്ല. അല്പനേരം അതെല്ലാം കേട്ടിരുന്ന അദ്ദേഹം പതിയെ യേശുവിന്റെ പരിശുദ്ധനാമം ഉരുവിടാന്‍ തുടങ്ങി. തുടര്‍ന്ന് അവിശ്വസനീയമായ കാര്യങ്ങളാണ് സംഭവിച്ചത്. തര്‍ക്കിക്കാനെത്തിയവര്‍ ആകെ ആശയക്കുഴപ്പത്തിലാവുകയും വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയാതാവുകയും ചെയ്തു. കൂട്ടാളികള്‍ സഹായിച്ചിട്ടും അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. അങ്ങനെ ആ സംവാദത്തില്‍ ക്രൈസ്തവവിശ്വാസംതന്നെ വിജയിച്ചു.
”അവിടുത്തെ മഹത്വപൂര്‍ണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ! അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ! ആമേന്‍, ആമേന്‍” (സങ്കീര്‍ത്തനങ്ങള്‍ 72/19)