ലാഭം കൊയ്യാനുള്ള ‘ചെയിന്‍’ – Shalom Times Shalom Times |
Welcome to Shalom Times

ലാഭം കൊയ്യാനുള്ള ‘ചെയിന്‍’

‘തിരക്കാണോ’ എന്ന ചോദ്യത്തോടെ ഒരു സുഹൃത്ത് അടുത്തേക്ക് വന്നു. തിരക്കൊന്നുമില്ലെന്ന് മറുപടി കിട്ടിയതോടെ അദ്ദേഹം പതുക്കെ വിഷയത്തിലേക്ക് കടന്നു. ”ഒരു ബിസിനസിനെക്കുറിച്ച് സംസാരിക്കണമെന്ന് കുറച്ച് ദിവസമായി കരുതുന്നു,” തെല്ലൊരു ചമ്മലുണ്ടായിരുന്നു ആ വാക്കുകളില്‍. എങ്കിലും പെട്ടെന്നുതന്നെ ചമ്മലൊക്കെ നീങ്ങി, അദ്ദേഹം വാചാലനായി. ‘ബിസിനസ് ആരംഭിക്കാന്‍ ചെറിയൊരു തുകമാത്രം നിക്ഷേപിച്ചാല്‍മതി. പിന്നെ നാം ആളുകളെ ചേര്‍ക്കുന്നതനുസരിച്ച് നമ്മുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതം വന്നുകൊള്ളും.

ഞാനും ആദ്യം പേടിച്ചാണ് ചേര്‍ന്നത്. ഇപ്പോള്‍ ലാഭം കിട്ടിത്തുടങ്ങി….’ ഇങ്ങനെ നീണ്ട സംസാരം അവസാനിച്ചത് ആ ‘ബിസിനസ് ചെയിനി’ല്‍ ചേരാനുള്ള ശക്തമായ ക്ഷണത്തോടെയാണ്. അത്തരം ബിസിനസുകളോട് താല്പര്യമില്ലാതിരുന്നതിനാല്‍ ആലോചിച്ചിട്ട് മറുപടി നല്കാമെന്ന് പറഞ്ഞ് സാഹചര്യം ഒഴിവാക്കി. എന്നാല്‍, പിന്നീട് ലാഭകരമായ മറ്റൊരു ‘ചെയിന്‍ സംരംഭ’ത്തെക്കുറിച്ച് ഒരു സഹോദരി ഒരിക്കല്‍ പങ്കുവയ്ക്കുകയുണ്ടായി. അവര്‍ അപ്രതീക്ഷിതമായി ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടി. അദ്ദേഹം ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അപ്പോള്‍.

സംസാരത്തിനിടെ ഈ ക്രൈസ്തവസഹോദരി അവസരോചിതമായ ദൈവവചനങ്ങളും യേശുവിന്റെ സ്‌നേഹത്തെക്കുറിച്ചുള്ള ചില സാക്ഷ്യങ്ങളും സഹപാഠിയുമായി പങ്കുവച്ചു. അക്രൈസ്തവനായ സഹപാഠിക്ക് അത് അനിഷ്ടകരമാകുമോ എന്ന ശങ്കയുണ്ടായിരുന്നു. എങ്കിലും സുഹൃത്തിനോടുള്ള സ്‌നേഹം നിമിത്തം അതൊന്നും കാര്യമാക്കിയില്ല.

എന്തായാലും സുഹൃത്ത് ഏറെ ശ്രദ്ധയോടെയും താത്പര്യത്തോടെയുമാണ് ആ സഹോദരിയുടെ വാക്കുകള്‍ കേട്ടത്. പിന്നീട് പ്രതിസന്ധികളെ അദ്ദേഹം കൂടുതല്‍ ദൈവാശ്രയബോധത്തോടെ നേരിടാന്‍ തുടങ്ങി. ഇടയ്ക്കിടെ ദൈവവചനസന്ദേശങ്ങള്‍ മൊബൈല്‍ ഫോണ്‍വഴി അയക്കാന്‍ ഈ സഹോദരിയോട് ആവശ്യപ്പെടും. നാളുകള്‍ കഴിഞ്ഞപ്പോള്‍ സമാനമായ ചില പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തി മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഒരാളായി അദ്ദേഹം മാറി.

ആ സഹോദരി പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെയാണ്, ”വാസ്തവത്തില്‍ അദ്ദേഹത്തോട് ദൈവവചനവും യേശുസ്‌നേഹവും പങ്കുവച്ചപ്പോള്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെട്ടത് ഞാനാണ്. കാരണം വിചാരിച്ചതിനെക്കാളേറെ ഭൗതികവും അതിനെക്കാളുപരി ആത്മീയവുമായ അനുഗ്രഹങ്ങളാണ് എനിക്ക് ലഭിക്കുന്നത്. മാത്രവുമല്ല, ആവശ്യമുണ്ടെന്ന് കാണുന്ന ആരോടും സുവിശേഷം പറയാനുള്ള ആത്മധൈര്യവും വര്‍ധിച്ചു. ”നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 6/33) എന്ന വചനത്തിന്റെ അര്‍ത്ഥം എനിക്ക് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി.”

യഥാര്‍ത്ഥത്തില്‍ ആ യുവതി തന്റെ സുഹൃത്തിലൂടെ ദൈവരാജ്യത്തിനുവേണ്ടി നിക്ഷേപം നടത്തുകയായിരുന്നു. ആ നിക്ഷേപം പലരിലേക്കും എത്തി. മറ്റാരും അറിഞ്ഞില്ലെങ്കിലും സ്വര്‍ഗം അത് കണ്ടു. അതിനെല്ലാമുള്ള ലാഭവിഹിതം അവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. ആദ്യം അല്പം ക്ലേശിച്ചാണ് അവര്‍ തന്റെ നിക്ഷേപം നടത്തിയത്. പക്ഷേ യഥാകാലം അതില്‍നിന്ന് നല്ല ലാഭം കൊയ്തുകൊണ്ടേയിരിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി അല്പം നഷ്ടം സഹിച്ചും നിക്ഷേപം നടത്തുക.

കാരണം യേശുവിന്റെ വാഗ്ദാനം ഇതാണ്, ”എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാര്‍ക്കും ഇവിടെവച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല, ഭവനങ്ങളും സഹോദരന്‍മാരും സഹോദരിമാരും മാതാക്കളും വയലുകളും അവയോടൊപ്പം പീഡനങ്ങളും; വരാനിരിക്കുന്ന കാലത്ത് നിത്യജീവനും” (മര്‍ക്കോസ് 10/29-30). ദൈവരാജ്യത്തിന് കീഴില്‍ ലാഭത്തിന്റെ ഈ ചെയിനില്‍ പങ്കാളികളാകുന്നത് എത്രയോ ശ്രേഷ്ഠം!
കര്‍ത്താവേ, ദൈവരാജ്യത്തിനുവേണ്ടി നഷ്ടം സഹിച്ചും അധ്വാനിക്കാനും അതുവഴി അനുഗൃഹീതരായിത്തീരാനും ഞങ്ങളെ സഹായിച്ചാലും, ആമ്മേന്‍