അത് തോട്ടംതന്നെയായിരുന്നു! – Shalom Times Shalom Times |
Welcome to Shalom Times

അത് തോട്ടംതന്നെയായിരുന്നു!

ജറുസലെം: യേശുവിന്റെ തിരുക്കല്ലറദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് തോട്ടമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. ദൈവാലയത്തിനടിയില്‍ ഖനനം നടത്തിയ ഗവേഷകര്‍ക്ക് അത് തോട്ടമായിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷംതോറും ദശലക്ഷങ്ങള്‍ തീര്‍ത്ഥാടകരായി എത്തുന്ന ‘ഹോളി സെപല്‍ക്കര്‍’ ദൈവാലയത്തിന്റെ പുനരുദ്ധാരണപദ്ധതിയുടെ ഭാഗമായാണ് ഖനനം നടത്തിയത്.

രണ്ടായിരത്തോളം വര്‍ഷം മുമ്പ് അവിടെ ഒലിവുമരങ്ങളും മുന്തിരിവള്ളികളും ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോബൊട്ടാണിക്കല്‍ പഠനത്തിലൂടെയും പൂമ്പൊടിവിശകലനത്തിലൂടെയും വ്യക്തമായി. റോമിലെ സാപിയന്‍സ യുണിവേഴ്‌സിറ്റിയില്‍നിന്നുള്ള പ്രൊഫസര്‍ ഫ്രാന്‍സെസ്‌കോ റൊമാന സ്റ്റാസോളയുടെ കീഴിലുള്ള സംഘമാണ് കണ്ടെത്തലിനുപിന്നിലുള്ളത്. ”അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു” (യോഹന്നാന്‍ 19/41). ഈ വചനം പൂര്‍ണമായും സ്ഥിരീകരിക്കുന്ന കണ്ടെത്തല്‍ ബൈബിളിന്റെ ആധികാരികതയ്ക്ക് മാറ്റുകൂട്ടുന്നതാണ്.