
ഡോക്ടറെ കണ്ടതിനുശേഷം ടാക്സിയില്‍ വീട്ടിലേക്ക് പോവുകയായിരുന്നു രോഗി. വഴിയില്‍ ഒരു ദുര്‍മന്ത്രവാദിയുടെ അടുത്തും കയറി. മന്ത്രവാദി ആഭിചാരപ്രവര്ത്തനങ്ങള് ആരംഭിച്ചു. പക്ഷേ, ഒന്നും ശരിയാകുന്നില്ല. പരാജയം തുടര്‍ന്നപ്പോള്‍, അയാള്‍ രോഗിയുടെയും ഡ്രൈവറുടെയും കൈവശമുള്ളതെല്ലാം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു.
കത്തോലിക്കനായ ഡ്രൈവറിന്റെ പോക്കറ്റിലുണ്ടായിരുന്ന ജപമാലയും ഒപ്പം പുറത്തെടുത്തു. അതു കണ്ടനിമിഷം മന്ത്രവാദി ഞെട്ടലോടെ പുറകോട്ട് മാറി. അയാള്‍ അലറിപ്പറഞ്ഞു: ‘നിങ്ങള്‍ ഒരു സെക്കന്റുപോലും ഇവിടെ നില്‍ക്കരുത്, ഉടന്‍ സ്ഥലം വിടണം. നിങ്ങളുടെ ആ മാല എന്നെ ഭയപ്പെടുത്തുന്നു, എന്റെ പ്രവര്‍ത്തനങ്ങളെ തടയുന്നു. ഇനിമേലാല്‍ ഇവിടെ വന്നുപോകരുത്…’
ജപമാലയുടെ ശക്തി അറിയാത്ത സകലര്‍ക്കുമുള്ള സന്ദേശമാണിത്. ”നരകത്തിനെതിരായ ശക്തമായ ആയുധമാണ് പരിശുദ്ധ ജപമാല, അത് തിന്മയെ നശിപ്പിക്കും, പാഷണ്ഡതകളെ പരാജയപ്പെടുത്തും.” വിശുദ്ധ ലൂയി മോണ്ട്ഫോര്ട്ടിന്റെ ഈ വാക്കുകള്‍ ഒരുനാള്‍ ബ്രസീലിനെ കീഴ്മേല്‍ മറിക്കുകയുണ്ടായി.
ജോവോ ഗൗലാര്‍ട്ട് പ്രസിഡന്റായിരിക്കെ, ബ്രസീലിനെ കമ്യൂണിസത്തിന് അടിമ വയ്ക്കാന്‍ ശ്രമമാരംഭിച്ചു. ഇതിനെതിരെ കര്‍ദ്ദിനാള്‍ ഡി ബാരോസ് വിശ്വാസികളെ ഉണര്‍ത്തി: ‘ജപമാല ചൊല്ലൂ, കമ്യൂണിസത്തെ പിഴുതെറിയൂ.’ രാജ്യമെങ്ങും ജപമാല റാലികളും സാവോ പോളോയില്‍ ആറുലക്ഷത്തില്പരം പേര് പങ്കെടുത്ത റോസറി ക്രൂസേഡും നടത്തപ്പെട്ടു.
ഫലമോ, രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസിഡന്റ് ജോവോയും പരിവാരങ്ങളും രാജ്യംവിട്ടോടി. ഇത് ജപമാലശക്തിയുടെ ചരിത്രം. ‘കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദ’യായ (ഉത്തമഗീതം 6:10) ത്രിലോക രാജ്ഞിക്കുമുമ്പില്‍ തിന്മയുടെ ഒരു ശക്തിക്കും പിടിച്ചുനില്ക്കാന് കഴിയില്ല.
ഇതറിഞ്ഞിട്ടും, തിന്മ പെരുകുന്ന, കുടുംബങ്ങള്‍ ശിഥിലമാക്കപ്പെടുന്ന, ക്രിസ്തുവും കൂദാശകളും വിശ്വാസികളും പൗരോഹിത്യ-സന്യാസങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്ന ഈ നാളില്‍ ജപമാലയെന്ന ശക്തമായ ആയുധം നാം ഉപയോഗിക്കുന്നില്ല..?! പ്രാര്‍ത്ഥനാ പ്രദക്ഷിണങ്ങളാല്‍ നിരത്തുകള്‍ ജനനിബിഡമായിരുന്നെങ്കില്! പരിശുദ്ധ ജപമാല ഉയര്‍ത്തിയ കരങ്ങള്‍ നഗരങ്ങളെ കീഴടക്കിയിരുന്നെങ്കില്‍!
തിന്മ ദേശംവിട്ട് ഓടുന്നത് നാം കാണും. സമാധാനം രാജ്യങ്ങളെ ഭരിക്കും, കുടുംബങ്ങളും സമൂഹവും സഭയും സ്നേഹത്തിന്റെ വെന്നിക്കൊടി പാറിക്കും.
പ്രാര്‍ഥിക്കാം:
ത്രിലോകരാജ്ഞീ, പരിശുദ്ധ കന്യകാ മറിയമേ, ഞങ്ങളെയും കുടുംബത്തെയും തിരുസഭയെയും ലോകംമുഴുവനെയും നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന തിന്മയുടെ ശക്തികളെ അമ്മയുടെ പാദങ്ങള്ക്കടിയിലാക്കി തകര്‍ത്തുകളയണമേ…
ആവേ മരിയ…