
2023 ഫെബ്രുവരിമാസം. ഞാൻ ജോലി ചെയ്തിരുന്ന ഗവൺമെന്റ് ആശുപത്രിയിൽ ഓഡിറ്റ് നടക്കുന്ന സമയം. ഏകദേശം ഒരാഴ്ചയായി ഓഡിറ്റ് നടന്നുവരികയായിരുന്നു. ഓഡിറ്റ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ പോയതിന്റെ പിറ്റേ ദിവസമാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്, രണ്ട് പ്രധാന രജിസ്റ്ററുകൾ കാണുന്നില്ല! 2015 മുതൽ ആ കാലയളവുവരെയും പേ വാർഡുകളിലെ വാടക ഉൾപ്പെടെയുള്ള ഭീമമായ തുക ഓഫീസിൽ അടച്ചതിന്റെ രേഖയാണ് അവ. സീനിയർ നഴ്സ് എന്ന നിലയിൽ ആ രജിസ്റ്ററുകളുടെ പൂർണ ചുമതല എനിക്കായിരുന്നു.
ഓഡിറ്റിന് സമർപ്പിച്ചിരുന്ന രജിസ്റ്ററുകൾ തിരികെ എടുത്തുകൊണ്ടുവരുമ്പോൾ സെക്ഷൻ മാറി മറ്റെവിടെയെങ്കിലും പെട്ടുപോയതായിരിക്കാം എന്നു കരുതി പല ദിവസങ്ങളിലായി 10-15 പ്രാവശ്യത്തോളം മറ്റ് ജീവനക്കാരുടെ സഹായത്തോടെ ആശുപത്രി മുഴുവൻ അരിച്ചുപെറുക്കി നോക്കിയെങ്കിലും അത് കണ്ടെത്താനായില്ല.
ആരോ മനഃപൂർവം അത് എടുത്തു മാറ്റിയതാണെന്ന് ചിലർ അഭിപ്രായം പറഞ്ഞെങ്കിലും എനിക്കാദ്യം അത് അത്ര സ്വീകാര്യമായി തോന്നിയില്ല. ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താൻ കഴിയാതെ വന്നതിനാൽ ആരോ മനഃപൂർവം ചെയ്ത പ്രവൃത്തിയാണതെന്ന് എനിക്കും ബോധ്യപ്പെട്ടു.
എട്ടുവർഷം മുമ്പ് മുതലുള്ള കണക്കുകൾ എഴുതിവന്നിരുന്ന രജിസ്റ്ററുകൾ ആയതിനാൽ അത് വീണ്ടും എഴുതി ശരിയാക്കേണ്ടി വരുമെന്ന് പലരും പറഞ്ഞു. പക്ഷേ അത്രയും വർഷത്തെ കണക്കുകൾ കണ്ടെത്തുക എന്നത് അസാധ്യമായിരുന്നു. വളരെ സത്യസന്ധമായാണ് പണം കൈകാര്യം ചെയ്തിരുന്നത് എന്നതിനാൽ എനിക്ക് ഭയമൊന്നും തോന്നിയില്ല. തക്കസമയത്ത് എന്റെ കർത്താവ് എന്നെ സഹായിക്കുമെന്ന് ഞാൻ ദൃഢമായി വിശ്വസിച്ചു.
പുണ്യവാളനടുത്തേക്ക്…
അപ്പോഴാണ് കാണാതായ വസ്തുക്കൾ കണ്ടെത്തിത്തരുന്ന വിശുദ്ധ അന്തോനീസിനോട് മാധ്യസ്ഥ്യം യാചിച്ച് പ്രാർഥിക്കാം എന്നൊരു പ്രേരണ ഉണ്ടായത്. എന്റെ ജോലിസ്ഥലത്തുനിന്നും മുപ്പതു കിലോമീറ്റർ ദൂരെ കട്ടപ്പനയ്ക്ക് അടുത്ത് അന്തോനീസ് പുണ്യവാളന്റെ ഒരു കപ്പേളയുണ്ടെന്നറിഞ്ഞ് ഞാൻ അവിടെപോയി മാധ്യസ്ഥ്യം യാചിച്ച് പ്രാർഥിച്ചു.
2023 ഫെബ്രുവരി ഏഴിനാണ് രജിസ്റ്ററുകൾ നഷ്ടപ്പെട്ടത്. എന്നാൽ 2024 ആയിട്ടും കാണാതായവ കണ്ടുകിട്ടുകയുണ്ടായില്ല. അത് ആരോ മനഃപൂർവം ചെയ്തതാണെന്ന് എല്ലാവരും മനസിലാക്കിയെങ്കിലും എടുത്തുകൊണ്ടുപോയവർ രജിസ്റ്ററുകൾ നശിപ്പിച്ചുകളഞ്ഞിരിക്കാനാണ് സാധ്യത എന്നായിരുന്നു ഭൂരിഭാഗം ജീവനക്കാരുടെയും അഭിപ്രായം.
ആ സമയത്താണ് എനിക്ക് വീടിനടുത്തുള്ള ആശുപത്രിയിലേക്ക് സ്ഥലംമാറ്റം കിട്ടുന്നതിനുള്ള അവസരം വന്നത്. ഞാൻ അപ്പോൾ ജോലി ചെയ്തിരുന്നത് വീട്ടിൽനിന്നും ഏകദേശം 50 കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തായിരുന്നു.
അങ്ങനെയിരിക്കേ 2024 ഫെബ്രുവരി രണ്ടാം തിയതി ഞാൻ പതിവുപോലെ ജോലിക്ക് പോകാനിറങ്ങി. രാവിലെ 6.45 നുള്ള കെഎസ്ആർടിസി ബസിൽ കയറിയാൽ ഏകദേശം രണ്ടുമണിക്കൂറോളം യാത്രയുണ്ട് ജോലിസ്ഥലത്തേക്ക്.
യാത്രാമധ്യേ ഒരു സ്ഥലത്ത് (വീട്ടിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ അപ്പുറം) ബസ് നിർത്തി യാത്രക്കാർ കയറിക്കൊണ്ടിരിക്കുന്ന സമയം. അവിടെ വലതുവശത്ത് ഒരു കുരിശുപള്ളിയുണ്ട്. അന്ന് ബസ് നിർത്തിയത് കുരിശുപള്ളിയുടെ കൃത്യം മുമ്പിലാണ്. ഡ്രൈവർ ഇരിക്കുന്നതിന്റെ തൊട്ടുപുറകിലുള്ള സീറ്റിലാണ് ഞാൻ ഇരുന്നിരുന്നത്.
”എന്നാലും എന്റെ പുണ്യാളാ…”
ഞാൻ തലയുയർത്തി നോക്കിയതും അവിടെ അന്തോനീസ് പുണ്യവാളൻ ഉണ്ണീശോയെ കൈകളിൽ എടുത്തുനിൽക്കുന്ന ഏകദേശം 7-8 അടിയോളം ഉയരത്തിലുള്ള രൂപം കണ്ടു. എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കത്തക്കവിധമുള്ള വലിപ്പവും ഭംഗിയുമുണ്ടായിരുന്നു ആ രൂപത്തിന്. എനിക്ക് പെട്ടെന്ന് കാണാതെപോയ രജിസ്റ്ററുകളെകുറിച്ചുള്ള ഓർമ വന്നു.
ഞാൻ നെഞ്ചിൽ കൈവച്ച് ഹൃദയം നുറുങ്ങി പറഞ്ഞു ”എന്നാലും എന്റെ അന്തോനീസ് പുണ്യാളാ, രജിസ്റ്ററുകൾ എനിക്ക് കാണിച്ചുതന്നില്ലല്ലോ, ഉണ്ണീശോയെവരെ കൈകളിലെടുത്ത ആളല്ലേ അങ്ങ്. എനിക്ക് ഇപ്പോൾ ട്രാൻസ്ഫറായി പോകേണ്ട സമയമായി. അടുത്ത ആൾക്ക് ഇതിന്റെയെല്ലാം ചാർജ് കൈമാറേണ്ടതല്ലേ.” ഇത്രയും പറഞ്ഞതും ബസ് വിട്ടു.
ഞാൻ ഹെഡ്സെറ്റ് വച്ച് യുട്യൂബിലുള്ള ദൈവവചനം കേട്ടുകൊണ്ടാണ് യാത്ര ചെയ്തിരുന്നത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ബസ് വനത്തിനുള്ളിലൂടെയുള്ള റോഡിലേക്ക് കടന്നപ്പോൾ നെറ്റ്വർക്ക് കട്ടായതിനാൽ ഞാൻ ഹെഡ്സെറ്റ് ഓഫാക്കി എടുത്തുവച്ചു. അപ്പോൾ ആരോ എന്റെ ഉള്ളിൽനിന്നും പറഞ്ഞുതരുന്ന ഒരു സ്വരം ഞാൻ കേട്ടു ‘നീ അടച്ചിട്ടിരിക്കുന്ന സ്റ്റോർറൂമിൽ പോയി നോക്കുക’ (പഴയ ആശുപത്രി ഉപകരണങ്ങളും വളരെ പഴയ കാലഘട്ടങ്ങളിലെ ഫയലുകളും സൂക്ഷിച്ചിരുന്ന മുറി). ‘ശരി നോക്കിയേക്കാം’ എന്ന് ഞാൻ മനസിൽ വിചാരിച്ചെങ്കിലും പിന്നെ ഒരു മണിക്കൂർ നേരത്തെ യാത്രയും കഴിഞ്ഞ് ആശുപത്രിയുടെ സ്റ്റോപ്പിൽ ഇറങ്ങുമ്പോഴേക്കും ഞാൻ കേട്ട കാര്യം മറന്നുപോയിരുന്നു.
അന്നത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തി രാത്രി കിടക്കാനായി കട്ടിലിൽ ഇരുന്നതും വീണ്ടും ഉള്ളിൽനിന്ന് ആ സ്വരം ‘നിന്നോട് ആ റൂമിൽ പോയി നോക്കാൻ പറഞ്ഞിട്ട് എന്താണ് ചെയ്യാത്തത്?’ അപ്പോൾ ഞാൻ ഉറച്ച തീരുമാനമെടുത്തു. നാളെ ചെല്ലുമ്പോൾത്തന്നെ ആ റൂമിൽപോയി നോക്കണം. പിറ്റേദിവസം രാവിലെ ജോലിക്ക് കയറിയെങ്കിലും തലേ രാത്രിയിലെ കാര്യം വീണ്ടും മറന്നുപോയിരുന്നു.
ഉച്ചഭക്ഷണത്തിനുള്ള സമയമായപ്പോൾ ഞാൻ എഴുന്നേറ്റ് മറ്റു നഴ്സുമാർ ഇരിക്കുന്ന ഡ്യൂട്ടിറൂമിലേക്ക് ചെന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന രണ്ടുപേർ ഉച്ചഭക്ഷണം കഴിക്കുന്നതിനായി പോകാൻ ഇറങ്ങുകയായിരുന്നു. ഞാൻ അന്ന് ഭക്ഷണം വേണ്ടെന്നു വച്ചിരുന്നതിനാൽ അവരുടെകൂടെ പോകാതെ ആ റൂമിൽത്തന്നെ നിന്നു. പെട്ടെന്ന് ഒരു വലിയ നിശബ്ദത വന്നപോലെ എനിക്ക് അനുഭവപ്പെട്ടു. അപ്പോൾ വീണ്ടും ആ സ്വരം ഉള്ളിൽനിന്ന് കേൾക്കുന്ന അനുഭവം, ‘വേഗം പോയി താക്കോലെടുക്ക്, ആ റൂം തുറക്ക്.’ ഞാൻ പെട്ടെന്ന് റൂമിന്റെ താക്കോലെടുത്ത് അടച്ചിട്ടിരുന്ന ആ മുറി തുറന്നു.
ആ മുറിയിൽ മൂന്ന് അലമാരകളും കുറെ പഴയ ഉപകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഞാൻ അവിടെ സാധാരണ തുറക്കാറുള്ള അലമാരയിൽ നോക്കിയെങ്കിലും അവിടെയൊന്നും കണ്ടെത്താനായില്ല. മറ്റ് രണ്ട് അലമാരകൾ വളരെ പഴക്കം ചെന്നതും ആരും തുറക്കാറില്ലാത്തതുമായിരുന്നു. ഞാൻ നിരാശയോടെ റൂമിൽനിന്നും പുറത്തേക്ക് ഇറങ്ങാൻവേണ്ടി പഴയ അലമാര ഇരിക്കുന്നതിന്റെ വശത്തുകൂടെ കടന്നതും വീണ്ടും ആ ശബ്ദം ‘ഇത് തുറക്കൂ, ഇത് തുറക്കൂ.’ മനസില്ലാ മനസോടെയാണ് ഞാൻ ആ അലമാര തുറന്നത്. അതിൽ വളരെ പഴയ ഫയലുകളും ബുക്കുകളും തിങ്ങിനിറഞ്ഞ് ഇരിക്കുന്നു.
അത്ഭുതവും സന്തോഷവും!
പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ ഞാൻ കുനിഞ്ഞ് മൂന്നാമത്തെ തട്ടിൽ ഇരുന്നിരുന്ന പേപ്പറുകൾ മെല്ലെ ഉയർത്തി. അപ്പോൾ അതാ കാണാതായ രജിസ്റ്ററുകൾ അതിനടിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നു. എനിക്ക് വളരെ അത്ഭുതവും സന്തോഷവും! ഉച്ചത്തിൽ കർത്താവിന് നന്ദി പറഞ്ഞ് അതെടുത്തുകൊണ്ട് പുറത്തിറങ്ങി.
രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ ഞാൻ ആ സ്ഥാപനത്തിൽനിന്നും സ്ഥലംമാറി പോരുമ്പോൾ എല്ലാ ജീവനക്കാരുടെയും മുമ്പാകെ എനിക്ക് കർത്താവ് നടത്തിത്തന്ന ഈ കാര്യം സാക്ഷ്യപ്പെടുത്തി. അക്രൈസ്തവരായിട്ടുള്ള ഭൂരിഭാഗം ജീവനക്കാരും വളരെ അത്ഭുതപ്പെട്ടു.
എന്നാൽ പിന്നീടാണ് ഞാൻ ഒരു കാര്യം ഓർമിച്ചത്, ആ കുരിശുപള്ളിയിൽ അന്തോനീസ് പുണ്യാളന്റെ രൂപം ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന്. എന്റെ സംശയനിവാരണത്തിന് ഞാൻ ഭർത്താവിനെയുംകൂട്ടി കാറിൽ അവിടെപോയി. അപ്പോഴാണ് മനസിലായത് അവിടെ ഞാൻ കണ്ടത് ഒരു സ്വർഗീയദർശനം ആയിരുന്നുവെന്ന്. അവിടെ പരിശുദ്ധ മാതാവ്, അൽഫോൻസാമ്മ തുടങ്ങിയവരുടെ രൂപങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
തോബിത്തിനും സാറയ്ക്കും സഹായമേകാൻ ദൈവത്തിന്റെ ഏഴ് വിശുദ്ധദൂതരിൽ ഒരുവനായ റഫായേൽ നിയുക്തനായതുപോലെ എനിക്ക് സഹായമേകാൻ വിശുദ്ധ അന്തോനീസ് ദൈവത്താൽ നിയുക്തനാക്കപ്പെടുകയായിരുന്നു. ”ഇരുവരുടെയും (തോബിത്തിന്റെയും സാറയുടെയും) പ്രാർഥന ദൈവത്തിന്റെ മഹനീയസന്നിധിയിൽ എത്തി. അവർ ഇരുവർക്കും ഉപശാന്തി നല്കാൻ…. റഫായേൽ നിയുക്തനായി” (തോബിത് 3:16-17). വിശുദ്ധരുടെ മാധ്യസ്ഥ്യം നമുക്ക് തേടാം, അവർ നമ്മുടെ ജീവിതത്തിൽ സ്വർഗത്തിന്റെ സഹായവുമായെത്തും.
മോളി ടി. ജോർജ്