അതിശയോക്തി അപരാധമാണോ? – Shalom Times Shalom Times |
Welcome to Shalom Times

അതിശയോക്തി അപരാധമാണോ?

പന്ത്രണ്ട് വർഷമായി രക്തസ്രാവം എന്ന രോഗം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയ്ക്ക് രോഗശാന്തി ലഭിച്ചതിന്റെ വിവരണമാണ് മർക്കോസ് 5:25-34ൽ നാം വായിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ രോഗസൗഖ്യത്തിന്റെ വിവരണങ്ങൾ ധാരാളം ഉണ്ടല്ലോ. എന്നാൽ ഈ സംഭവത്തിലെ ഒരു പ്രത്യേകത, യേശു രോഗസൗഖ്യം നേടിയ സ്ത്രീയെക്കൊണ്ട് അവൾക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് നിർബന്ധിച്ചെന്നതുപോലെ സാക്ഷ്യം പറയിപ്പിക്കുന്നതാണ്.

അവളുടെ സാക്ഷ്യം പറയിപ്പിക്കാനായി യേശു വളരെ ബുദ്ധിമുട്ടുന്നതായിട്ടാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. യേശു ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞ് നിൽക്കുന്നു, ആരാണ് തന്നെ തൊട്ടതെന്ന് ചോദിക്കുന്നു, ശിഷ്യന്മാർ യേശുവിനെ നിരുത്സാഹപ്പെടുത്തിയിട്ടും യേശു വീണ്ടും നിർബന്ധപൂർവം ആവശ്യപ്പെട്ടു, സൗഖ്യം ലഭിച്ച വ്യക്തി അത് മുന്നോട്ടുവന്ന് ഏറ്റുപറയണമെന്ന്.

ചിലപ്പോൾ നാം ചിന്തിച്ചേക്കാം, യേശു എന്തിനാണ് അങ്ങനെ നിർബന്ധപൂർവം ആ സ്ത്രീയെക്കൊണ്ട് രോഗശാന്തിയുടെ സാക്ഷ്യം പറയിപ്പിച്ചത് എന്ന്. സുവിശേഷ വിവരണമനുസരിച്ച് ഒരു കാര്യം വ്യക്തമാണ്. ആ സ്ത്രീയ്ക്ക് സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പുതന്നെ വ്യക്തമായി അറിയാമായിരുന്നു തനിക്ക് സൗഖ്യം ലഭിച്ചുവെന്ന് (മർക്കോസ് 5:29). യേശുവിനും അറിയാമായിരുന്നു ആ സ്ത്രീയ്ക്ക് സൗഖ്യം ലഭിച്ചുവെന്ന് (മർക്കോസ് 5:30).

യേശുവിനെയും സ്ത്രീയെയും ഒഴിവാക്കിയാൽ പിന്നെ അവിടെയുള്ളത് ശിഷ്യന്മാരും ജനക്കൂട്ടവുമാണ്. ശിഷ്യന്മാർക്കും ജനക്കൂട്ടത്തിനും ആ സ്ത്രീയുടെ സാക്ഷ്യം തീർച്ചയായും വിശ്വാസവളർച്ചയ്ക്ക് കാരണമായിട്ടുണ്ടാകാം. അവർക്ക് ഒരു കാര്യം വ്യക്തമായിട്ടുണ്ടാകും, യേശു രോഗികളെ സൗഖ്യപ്പെടുത്തുകമാത്രമല്ല, യേശു താൻ സൗഖ്യം നൽകുന്നുവെന്ന വസ്തുത ഒരു പ്രത്യേക ജ്ഞാനത്തിന്റെ ഫലമായി അറിയുകയും ചെയ്യുന്നുവെന്ന്. യേശുവിന്റെ ശിഷ്യന്മാർക്കും ജനക്കൂട്ടത്തിനും അറിവിന്റെ വചനം (1 കോറിന്തോസ് 12:8) എന്ന വരത്തെക്കുറിച്ചുകൂടി മനസിലാക്കാൻ ഈ അത്ഭുതസംഭവം ഇടയാക്കി.

രോഗസൗഖ്യം നേടിയ സ്ത്രീ അവൾ മറച്ചുവയ്ക്കാൻ ശ്രമിച്ച രോഗശാന്തിയുടെ സാക്ഷ്യം തുറന്ന് പറഞ്ഞപ്പോൾ യേശു അവളോടു പറഞ്ഞു: ”മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക, വ്യാധിയിൽനിന്ന് വിമുക്തയായിരിക്കുക” (മർക്കോസ് 5:34). സാക്ഷ്യം പറയുമ്പോൾ ആ പറയുന്ന വ്യക്തിക്കുതന്നെ തന്റെ ഹൃദയത്തിൽ പുതിയൊരു ഉറപ്പും വിശ്വാസവും ലഭിക്കുന്നു. ‘എനിക്ക് തീർച്ചയായും സൗഖ്യം ലഭിച്ചിരിക്കുന്നു.’ രോഗസൗഖ്യം നേടിയ സ്ത്രീ സാക്ഷ്യം പറഞ്ഞ അവസരത്തിൽ യേശുവിൽനിന്നും കേട്ട വചനം ഇതാണ്, ‘നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു.’ ഇത് ഇന്ന് രോഗശാന്തിയെക്കുറിച്ച് തങ്ങളുടെ സാക്ഷ്യം പറയുന്നവർക്ക് അവരുടെ ഹൃദയത്തിൽ കേൾക്കുന്നതായി കരുതാവുന്നതാണ്. സാക്ഷ്യം പറച്ചിൽ ഒരാൾക്ക് വീണ്ടും വീണ്ടും അയാളുടെ വിശ്വാസത്തിൽ വളരാൻ ശക്തി പകരണം. ഓരോ പ്രാവശ്യവും സാക്ഷ്യം പറയുമ്പോൾ വിശ്വാസം വളരുന്ന അനുഭവമാണ് ഉണ്ടാകേണ്ടത്.

ഒരു കാര്യം വ്യക്തമാണല്ലോ. ഒരാൾ സാക്ഷ്യം പറയുന്നത് അത് കേൾക്കുന്നവരുടെ വിശ്വാസവർധനവിനെമാത്രം ഉദ്ദേശിച്ചല്ല. സാക്ഷ്യം പറയുമ്പോൾ അത് പറയുന്ന വ്യക്തിയുടെതന്നെ വിശ്വാസം വർധിക്കുന്നു. തനിക്ക് ലഭിച്ച അനുഗ്രഹത്തെക്കുറിച്ച് ആന്തരിക നിർബന്ധത്തിന് കീഴ്‌വഴങ്ങി സത്യസന്ധമായി സാക്ഷ്യം പറയുമ്പോഴാണ് (മർക്കോസ് 5:33-34) അത് പറയുന്നയാൾക്കുതന്നെ വിശ്വാസവർധനവിനും പുതിയ ഉണർവിനും കാരണമാകുന്നത്.

ഏത് വിധത്തിലും കേൾവിക്കാരുടെ വിശ്വാസം വർധിപ്പിക്കണമെന്ന ചിന്ത സാക്ഷ്യം പറയുന്നയാളുടെ ലക്ഷ്യമായി മാറിയാൽ സാക്ഷ്യത്തിൽ ക്രമേണ അതിശയോക്തി കലർന്ന വിവരണങ്ങൾ കടന്നുകൂടും. ‘ഇക്കാര്യത്തിൽ എന്റെ ലക്ഷ്യം നല്ലതാണ്, ഞാൻ പറയുന്നതിൽ അതിശയോക്തി കലർന്ന വിവരങ്ങൾ ഉണ്ടെങ്കിലും’ എന്ന ന്യായീകരണം ശരിയല്ല. ഇങ്ങനെ സാക്ഷ്യം പറഞ്ഞാൽ വരുന്ന മറ്റൊരു വലിയ പിശക് ഉണ്ട്. ക്രമേണ സാക്ഷ്യം പറയുന്ന വ്യക്തിതന്നെ തന്റെ വിശ്വാസത്തിൽ വളരാതെ, ചിലപ്പോൾ പുറകോട്ടുപോകുന്ന അനുഭവം ഉണ്ടാകും. കാരണം അയാൾ ചിന്തിച്ച് തുടങ്ങും ഞാൻ അതിശയോക്തി കലർത്തി സാക്ഷ്യം പറയുന്നതുപോലെയാണ് എല്ലാ സുവിശേഷ പ്രസംഗകരും ചെയ്യുന്നത്. അതിനാൽ ഈ പ്രസംഗത്തിലൊന്നും വലിയ കാര്യമില്ല. നല്ലൊരു സുവിശേഷസാക്ഷ്യക്കാരൻ തന്റെ അശ്രദ്ധമായ സാക്ഷ്യം നൽകൽ കാരണം ക്രമേണ വിശ്വാസത്തിൽ വളർച്ച മുരടിച്ചവനായിത്തീരുന്നു. അതിനാൽ ലക്ഷ്യംമാത്രം നന്നായാൽ പോരാ, മാർഗവും നന്നായിരിക്കണം.

ഹൈന്ദവയായ ഒരു സ്ത്രീ അവളുടെ സഹോദരൻ മരിച്ച കാര്യം ഉൾപ്പെടെ പലതും അവളെ എങ്ങനെ ദൈവസ്‌നേഹത്തിൽ വളരാൻ, വിശ്വാസത്തിൽ വളരാൻ, സഹായിച്ചുവെന്ന് കണ്ണീരോടെ സാക്ഷ്യം പറയുന്നത്, 1996 ജൂലൈമാസം മുരിങ്ങൂർ ഡിവൈൻ ധ്യാനമന്ദിരത്തിൽ ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ എനിക്ക് കേൾക്കാൻ സാധിച്ചു. ആ സ്ത്രീ അന്നു തന്റെ സാക്ഷ്യം അവസാനിപ്പിച്ചത് ഇങ്ങനെയാണ്, ഓരോ പ്രാവശ്യവും സാക്ഷ്യം പറഞ്ഞ് അവസാനിപ്പിച്ച് സ്റ്റേജിൽനിന്ന് ഇറങ്ങുമ്പോൾ എന്റെ വിശ്വാസം വർധിച്ചതായി എനിക്ക് അനുഭവപ്പെടുന്നു. സാക്ഷ്യം പറയാനായി സ്റ്റേജിൽ നിൽക്കുമ്പോൾ പരിശുദ്ധാത്മാവ് എന്നെ ശക്തിപ്പെടുത്തുകയും പറയേണ്ട വചനങ്ങൾ നൽകി നയിക്കുകയും ചെയ്യുന്നു. ദൈവഭയത്തോടുകൂടി (മർക്കോസ് 5:33) സത്യസന്ധമായി ആന്തരികനിർബന്ധത്തിന് വഴങ്ങി പറയുന്ന സാക്ഷ്യം അത് പറയുന്ന വ്യക്തിയെ വീണ്ടും വിശ്വാസംകൊണ്ട് നിറയ്ക്കുന്നു.

നാം പഠനവിഷയമാക്കിയ വിശുദ്ധ ഗ്രന്ഥഭാഗത്തുനിന്ന് മനസിലാക്കാവുന്ന ചില വസ്തുതകൾ ഇവയാണ്:

  • 1. ഓരോരുത്തർക്കും അവർക്ക് ലഭിച്ച രോഗശാന്തിയെക്കുറിച്ച് സാക്ഷ്യം പറയാനുള്ള കടമയുണ്ട്.
  • 2. സാക്ഷ്യം പറയുന്നയാൾ തനിക്ക് ബോധ്യപ്പെട്ട രോഗശാന്തിയെക്കുറിച്ച് സത്യസന്ധമായാണ് പറയേണ്ടത്. നുണകളും അതിശയോക്തി കലർന്ന വിവരണങ്ങളും സാക്ഷ്യശുശ്രൂഷയിൽ കടന്നുകൂടാതിരിക്കാൻ ശ്രദ്ധിക്കണം.
  • 3. ഓരോ പ്രാവശ്യവും സാക്ഷ്യം പറയുമ്പോൾ അത് കേൾവിക്കാരുടെ വിശ്വാസവർധനവിന് മാത്രമല്ല, പറയുന്നയാളുടെ വിശ്വാസവർധനവിനും കാരണമാകണം.
  • 4. അശ്രദ്ധമായി സാക്ഷ്യത്തെയും സുവിശേഷത്തെയും അതിശയോക്തി കലർന്ന വിവരണങ്ങൾകൊണ്ട് നിറയ്ക്കുന്നവർ ക്രമേണ അവരുടെതന്നെ ശുശ്രൂഷയെ സംശയിക്കുന്നവരും വിശ്വാസം മുരടിച്ചവരുമായിത്തീരാൻ സാധ്യതയുണ്ട്.

പ്രാർഥന 

സ്‌നേഹസമ്പൂർണനായ ദൈവമേ, അങ്ങ് അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിലൂടെ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ അയച്ച് എന്നെ സൗഖ്യപ്പെടുത്തണമേ. അങ്ങ് നൽകുന്ന സൗഖ്യത്തെക്കുറിച്ച് ഭയത്തോടും വിറയലോടുംകൂടെ സത്യസന്ധമായി സാക്ഷ്യപ്പെടുത്താനുള്ള ശുശ്രൂഷയുടെ വരം എനിക്ക് നൽകണമേ. എന്റെ സുവിശേഷശുശ്രൂഷയെ എന്റെ വിശ്വാസവർധനവിന് കാരണമാക്കണമേ.

ഫാ. ജോൺ എഫ് ചെറിയവെളി വി.സി