റൈനിലെ പ്രവാചിക- വിശുദ്ധ ഹിൽഡെഗാർഡ്‌ – Shalom Times Shalom Times |
Welcome to Shalom Times

റൈനിലെ പ്രവാചിക- വിശുദ്ധ ഹിൽഡെഗാർഡ്‌

മധ്യകാല യൂറോപ്പിനെ ഇരുണ്ട യുഗത്തിൽനിന്നും ആധുനികതയിലേക്ക് നയിച്ച പ്രമുഖ വ്യക്തിത്വമാണ് വിശുദ്ധ ഹിൽഡെഗാർഡ്. സഭയിലെ നാല് വേദപാരംഗതമാരിൽ ഒരാളാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ബനഡിക്‌ടൈൻ സന്യാസിനി. പ്രശസ്ത സംഗീതജ്ഞയും ഗ്രന്ഥ രചയിതാവും പ്രഭാഷകയും ബഹുമുഖപ്രതിഭയുമാണിവർ. തത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം സംഗീതവിന്യാസം (composing) എന്നീ മേഖലകളിലും അവർ പ്രാഗത്ഭ്യം തെളിയിച്ചു. ക്രിസ്തുമതത്തിലെ പ്രഥമ ദൈവശാസ്ത്രജ്ഞ എന്ന വിശേഷണവും ഹിൽഡെഗാർഡിനു സ്വന്തം.

1098ൽ ഇന്നത്തെ ജർമ്മനിയിലെ ബിൻഗെനിൽ റൈൻലാൻഡിലെ ബ്രെമർഷൈമിൽ ഒരു കുലീന കുടുംബത്തിലാണ് ഹിൽഡെഗാർഡിന്റെ ജനനം. ഹിൽഡെബർട്ടിന്റെയും മെറ്റിൽഡയുടെയും പത്താമത്തെ മകൾ. ഡിസിബോഡൻബർഗിലെ ബനഡിക്‌ടൈൻ ആശ്രമ സുപ്പീരിയറായ ജൂട്ടയുടെ കീഴിൽ പരിശീലനത്തിനെത്തുമ്പോൾ ഹിൽഡെയ്ക്ക് ഏകദേശം എട്ടുവയസായിരുന്നു. ചെറുപ്പത്തിൽത്തന്നെ അവൾക്ക് ദൈവിക ദർശനങ്ങൾ ലഭിച്ചിരുന്നെങ്കിലും അവയുടെ അർത്ഥം അന്ന് മനസിലായിരുന്നില്ല.

അധികാരം ശുശ്രൂഷയാക്കിയ സുപ്പീരിയർ

1112ൽ, പതിനാലാം വയസ്സിൽ, ഹിൽഡെഗാർഡും പ്രിയോറസായ ജൂട്ടയുടെ ചുമതലയിലുള്ള മറ്റ് പെൺകുട്ടികളും ഡിസിബോഡൻബർഗിലെ ആശ്രമത്തിൽ പ്രഥമ സന്യാസവ്രതമെടുത്തു. തന്റെ പ്രവചനാത്മക ദർശനങ്ങൾ ഉപദേഷ്ടാവായ മദർ ജൂട്ടയോട് മാത്രമാണ് വെളിപ്പെടുത്തിയത്.
മദർ ജൂട്ടയുടെയും ഹിൽഡെഗാർഡിന്റെയും വിശുദ്ധിയിലൂടെ അനേകം യുവതികൾ അവരോടൊപ്പം ചേർന്നു. പതിനഞ്ചാമത്തെ വയസ്സിൽ ഹിൽഡെഗാർഡിന് ബനടിക്‌ടൈൻ സഭാവസ്ത്രം ലഭിച്ചു. പ്രിയോറസ് ജൂട്ടയുടെ മരണശേഷം, കോൺവെന്റിന്റെ സുപ്പീരിയറായി ഹിൽഡെഗാർഡ് നിയമിതയായി. സുപ്പീരിയറെങ്കിലും ശുശ്രൂഷാജീവിതം നയിച്ച ഹിൽഡെഗാർഡിന്റെ സമീപനങ്ങൾ, അവരുടെ സമൂഹത്തിലെ സിസ്റ്റേഴ്‌സിനെ വളരെയധികം പ്രചോദിപ്പിച്ചു.

രണ്ടു വേദപാരംഗതരുടെ സൗഹൃദം

ദർശനങ്ങളും ദൈവിക വെളിപാടുകളും അപ്പോഴും ഹിൽഡെക്ക് ലഭിച്ചുകൊണ്ടിരുന്നു. തന്മൂലം, ജീവിതകാലത്തുതന്നെ അവർ വളരെയധികം പ്രശസ്തയായി. എന്നാൽ, ദൈവം അവ രേഖപ്പെടുത്താൻ കൽപ്പിച്ചപ്പോൾ മാത്രമാണ് ബനഡിക്‌ടൈൻ സന്യാസിയും ആത്മീയ പിതാവുമായ വോൾമറിന് അവർ അത് വെളിപ്പെടുത്തിയത്. വോൾമർ സന്യാസി, ഹിൽഡെഗാർഡിന്റെ കുമ്പസാരക്കാരനും കൃതികളുടെ എഡിറ്ററും വിശ്വസ്ത സെക്രട്ടറിയുമായി ഏകദേശം 60 വർഷത്തോളം സേവനമനുഷ്ഠിച്ചു.

വിശുദ്ധ ഹിൽഡെഗാർഡ് സഭയുടെ അധികാരത്തെ വളരെയധികം വിലമതിക്കുകയും വിധേയപ്പെടുകയും ചെയ്ത വ്യക്തിയാണ്. തനിക്കുലഭിക്കുന്ന ദർശനങ്ങൾ ദൈവത്തിൽ നിന്നുള്ളതല്ലെന്നും തന്റെ മിഥ്യാധാരണകളുടെ ഫലമായിരിക്കാമെന്നും വിശുദ്ധ ഭയപ്പെട്ടിരുന്നു. ഇതിനായി വേദപാരംഗതനായ ക്ലെയർവോക്‌സിലെ വിശുദ്ധ ബെർണാർഡിനോട് വിശുദ്ധ പതിവായി ഉപദേശവും മാർഗനിർദേശവും തേടിയിരുന്നു. തന്റെ ദർശനങ്ങൾ വ്യാഖ്യാനിക്കുന്നതിൽ അദ്ദേഹത്തിന്റെ സഹായം അവർ തേടി.

ആദ്യഗ്രന്ഥത്തിന് മാർപാപ്പയുടെ അംഗീകാരം

കുനോയിലെ ഡിസിബോഡൻബർഗിലുള്ള ആശ്രമാധിപതിയുടെ അനുമതിയോടെയും, ആത്മീയപിതാവ് വോൾമർ സന്യാസിയുടെയും ഹിൽഡെയുടെ സഹസന്യാസിനിയായ സ്റ്റേഡിലെ റിച്ചാർഡിസിന്റെയും പ്രോത്സാഹനത്തോടെയും, ഹിൽഡെഗാർഡ് തന്റെ നാൽപ്പതുകളിൽ അവർക്കു ലഭിച്ച ദർശനങ്ങൾ എഴുതിത്തുടങ്ങി. മെയിൻസിലെ ആർച്ചുബിഷപ്പായ ഹെൻറിയുടെ നിരന്തരമായ നിർബന്ധവും പ്രോത്സാഹനവുംമൂലം 1152-ൽ, ഹിൽഡെഗാർഡിന്റെ ആദ്യകൃതിയായ ‘സിവിയാസ്’ (Scivias- കർത്താവിന്റെ വഴികളെ അറിയുക എന്നർതഥം) പ്രസിദ്ധീകരിച്ചു. സൃഷ്ടികർമം, ദൈവവും മനുഷ്യനുമായുള്ള ബന്ധം, മനുഷ്യരക്ഷ, സഭ എന്നിവയെക്കുറിച്ച് വിശദമായ 26 ദർശനങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മനോഹരമായി ചിത്രീകരിക്കപ്പെട്ട ഈ കൃതിക്ക് യൂജിൻ മൂന്നാമൻ മാർപാപ്പയുടെ അംഗീകാരവും സംലഭ്യമായി.

സംഗീത സംവിധായികയായ കന്യാസ്ത്രീ

വൈവിധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് വിശുദ്ധ തുടർന്നും എഴുതിക്കൊണ്ടിരുന്നു. സമകാലീന പണ്ഡിതന്മാരെക്കാൾ വ്യത്യസ്തവും വിപുലവുമായിരുന്നു ഹിൽഡെഗാർഡിന്റെ രചനകൾ. സംഗീതത്തിലുള്ള വിശുദ്ധയുടെ കഴിവുകൾ അവളെ ദൈവസ്തുതിഗീതങ്ങൾ, ആന്റിഫോണുകൾ (പ്രതിവചന സങ്കീർത്തനങ്ങൾ), ഗാനങ്ങൾ എന്നിവ രചിക്കാൻ പ്രേരിപ്പിച്ചു. ആശ്രമങ്ങൾ അവ വലിയ സന്തോഷത്തോടെ ഏറ്റുവാങ്ങി, വിവിധ അവസരങ്ങളിൽ ഉപയോഗിച്ചു.

മനുഷ്യനെ ദൈവം
തനിക്കുവേണ്ടി അവിടുത്തെ
ഛായനല്കി സൃഷ്ടിച്ചതാണ്. ഓരോ മനുഷ്യനും
അവിടുത്തെ നിഴലിനെയാണ് പ്രതിബിംബിപ്പിക്കുന്നത്.
സകല സൃഷ്ടികളും
ദൈവത്തെ സ്തുതിക്കുന്ന
ഒരു ഗാനമാണ്…
ദൈവത്തിന്റെ ശ്വാസത്തിലെ ഒരു തൂവലാണ് ഞാൻ.
വിശുദ്ധ ഹിൽഡെഗാർഡ്

പുതിയ സ്ഥലവും ദർശനവും

1148ൽ ഹിൽഡെഗാർഡിന് ഒരു ദർശനം ലഭിച്ചു. അവർ താമസിക്കുന്ന ഡിസിബോഡൻബർഗിലെ കോൺവെന്റിലുള്ള സിസ്റ്റേഴ്‌സിനെയുംകൂട്ടി പുതിയ കോൺവെന്റിലേക്ക് മാറണം എന്നതാണ് സ്വർഗം വിശുദ്ധയോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് സഹസന്യാസിനിമാരോടൊപ്പം 1150ൽ റൂപർട്ട്‌സ്ബർഗിൽ ഒരു പുതിയ കോൺവെന്റിന് ആരംഭംകുറിച്ചു. 1165ൽ ഐബിഞ്ചനിലും പുതിയ ആശ്രമങ്ങൾ സ്ഥാപിച്ചു. റൂപർട്ട്‌സ്ബർഗിൽ വച്ച്, ഹിൽഡെഗാർഡ് താൻ പരിചരിച്ച രോഗികളുടെ രോഗങ്ങളെക്കുറിച്ച് പഠിച്ചശേഷം, രോഗങ്ങളും കാരണങ്ങളും, ഫിസിക്ക എന്നീ രണ്ട് മെഡിക്കൽ കൃതികൾക്ക് രൂപം നല്കി.

വൈവിധ്യമാർന്ന സസ്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത രോഗങ്ങൾക്കുള്ള പ്രതിവിധികൾ വിശുദ്ധ തന്റെ പുസ്തകങ്ങളിൽ നിർദേശിച്ചിട്ടുണ്ട്. ഹിൽഡെഗാർഡ് ക്യാൻസർ സെന്റർ ഉൾപ്പെടെ വിശുദ്ധ ഹിൽഡെഗാർഡ് ഓഫ് ബിൻജെന്റെ പേരിൽ നിരവധി വൈദ്യശാസ്ത്ര ശാഖകളും അന്താരാഷ്ട്ര ഓർഗനൈസേഷനുകളും ഇന്നും ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്.

പുതിയ മഠത്തിലെത്തിയ ശേഷം തനിക്കു ലഭിച്ച ദൈവികദർശനങ്ങളെക്കുറിച്ചുള്ള രണ്ട് ഗ്രന്ഥങ്ങൾ കൂടി പ്രസിദ്ധീകരിച്ചു; ലിബർ വിറ്റേ മെറിറ്റോറം (ജീവിതത്തിന്റെ പ്രതിഫലങ്ങളെക്കുറിച്ചുള്ള പുസ്തകം), ലിബർ ഡിവിനോണിം ഓപ്പറം (ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ഗ്രന്ഥം). കൂടാതെ, അവരുടെ രക്ഷാധികാരിയായ വിശുദ്ധ റൂപർട്ടിന്റെ ജീവിതവും അവർ രചിക്കുകയുണ്ടായി.

സ്റ്റേഡിലെ റിക്കാർഡിസും വിശുദ്ധയുടെ ആത്മീയപിതാവും സെക്രട്ടറിയുമായ വോൾമർ സന്യാസിയും ഡിസിബോഡൻബർഗിൽ നിന്ന് റൂപർട്ട്‌സ്ബർഗിൽ ഹിൽഡെഗാർഡിനൊപ്പമുണ്ടായിരുന്നു. സെക്രട്ടറിമാരായും സഹായികളായും അവർ, വിശുദ്ധയെ സഹായിച്ചു. വോൾമറിനും റിച്ചാർഡിസിനുംശേഷം ഹിൽഡെഗാർഡിന്റെ അനന്തരവൻ വെസ്‌ക്ലൈൻ, തോലിയിലെ സഹോദരൻ ഹ്യൂഗോ, അവസാന സെക്രട്ടറി ജെംബ്ലോക്‌സിലെ ഗുയിബർട്ട് എന്നിവരുൾപ്പെടെ നിരവധി സെക്രട്ടറിമാർ വിശുദ്ധയെ സഹായിക്കാനെത്തി. ഗൈബർട്ടും മുൻ സെക്രട്ടറിയായ ഡിസിബോഡൻബർഗിലെ ഗോഡ്‌ഫ്രെയും ഹിൽഡെഗാർഡിന്റെ ജീവചരിത്രങ്ങൾ എഴുതി. ലാറ്റിൻ വ്യാകരണത്തിൽ ഹിൽഡെഗാർഡിന് പ്രാവീണ്യം കുറവായിരുന്നതിനാൽ അവരുടെ കൃതികൾ എഡിറ്റുചെയ്യുക എന്നതായിരുന്നു സെക്രട്ടറിമാരുടെ പ്രധാന ഉത്തരവാദിത്വം. എങ്കിലും, ദൈവിക സന്ദേശങ്ങളുടെയും വെളിപാടുകളുടെയും വാക്കുകളൊന്നും മാറ്റരുതെന്ന് കർശനനിർദ്ദേശം ഉണ്ടായിരുന്നു.

‘ഓർഡോ വിർച്ചുറ്റം (Ordo Virtutum) എന്ന ഹിൽഡെഗാർഡിന്റെ കൃതി, നാടകീയപ്രാർഥന-(ബൈബിൾ സംഭവങ്ങളുടെയോ ക്രിസ്തുവിന്റെ പീഡാസഹനങ്ങളുടെയോ നാടകീയ അവതരണത്തോടെയുള്ള പ്രാർഥന -Liturgical Drama), എന്ന സാഹിത്യശാഖയുടെ ആദ്യമാതൃകകളിലൊന്നും ലഭ്യമായതിൽ ഏറ്റവും പുരാതനമായ സന്മാർഗനാടകവും (Morality Play) ആണ്. അവരുടെ സാഹിത്യസഞ്ചയത്തിൽ ദൈവശാസ്ത്രം, സസ്യശാസ്ത്രം, വൈദ്യം തുടങ്ങിയ വിഷയങ്ങളിലെ രചനകൾക്കുപുറമേ മാർപ്പാപ്പമാർ, ചക്രവർത്തിമാർ തുടങ്ങിയ ഉന്നതർക്കെഴുതിയ സ്വകാര്യകത്തുകളുടെ വൻശേഖരം, പ്രാർഥനാഗാനങ്ങൾ, കവിതകൾ എന്നിവ ഉൾപ്പെടുന്നു.

അക്കാലത്തെ സഭാനേതാക്കൾക്കും രാഷ്ട്രീയ നേതൃത്വത്തിനും മുന്നിൽ ധീരതയോടെ സത്യം തുറന്നുപറയുന്ന പ്രവാചക സാന്നിധ്യമായിരുന്നു വിശുദ്ധ ഹിൽഡെഗാർഡ്. രാഷ്ട്രീയ, സഭാ നേതാക്കളുമായി ഏറ്റുമുട്ടാൻ ഹിൽഡെഗാർഡിന് തെല്ലും ഭയമില്ലായിരുന്നു. അവരിൽ പലരുമായും വിപുലമായ കത്തിടപാടുകൾ അവർക്കുണ്ടായിരുന്നു.

ഉപദേശം തേടി മാർപാപ്പയും

സാലിസ്ബറിയിലെ ജോൺ സാക്ഷ്യപ്പെടുത്തുന്നു: യൂജിൻ മൂന്നാമൻ മാർപാപ്പ തന്റെ ഭരണത്തെക്കുറിച്ചുള്ള ദൈവിക പദ്ധതികൾ തിരിച്ചറിയുന്നതിനായി വിശുദ്ധ ഹിൽഡെഗാർഡുമായി കൂടിയാലോചിക്കുകയും വിശുദ്ധയിലൂടെ ദൈവം നല്കുന്ന പ്രവചനാത്മക വെളിപ്പെടുത്തലുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. വിശുദ്ധയിലൂടെ ദൈവം വെളിപ്പെടുത്തിയവയെല്ലാം കൃത്യമായി യാഥാർഥ്യമാവുകയും ചെയ്തു.

ഹിൽഡെഗാർഡ് എഴുതിയ 400ഓളം കത്തുകൾ ഇന്നും നിലവിലുണ്ട്. ഉപദേശങ്ങളും പ്രവചനങ്ങളും ആവശ്യപ്പെട്ട് പലരും അവർക്ക് കത്തെഴുതി. സന്യാസ സമൂഹങ്ങൾക്കിടയിലും ഉള്ളിലും മധ്യസ്ഥയായി ഹിൽഡെഗാർഡ് വർത്തിച്ചു. കോൺവെന്റുകളിൽ, മഠാധിപമാർക്കും അവരുടെ കന്യാസ്ത്രീകൾക്കും ഇടയിൽ, ആശ്രമാധിപതികൾക്കും അവരുടെ സന്യാസിമാർക്കും ഇടയിൽ കത്തുകളിലൂടെ വിശുദ്ധ, പ്രശ്‌നങ്ങൾ പരിഹരിച്ചു. കുലീനരും ദരിദ്രരും, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അവരെ ബഹുമാനിച്ചു. ഹിൽഡെഗാർഡ് ആവശ്യക്കാർക്കെല്ലാം ഉപദേശവും പിന്തുണയും നൽകുകയും അനീതിക്കും അഴിമതിക്കും എതിരെ പ്രതിഷേധിക്കുകയും ചെയ്തു.

യൂറോപ്പിനെ ഇളക്കിമറിച്ച പ്രസംഗപര്യടനം

1147ൽ, യൂജിൻ മൂന്നാമൻ മാർപാപ്പയുടെ നിർണായക അംഗീകാരം വിശുദ്ധയ്ക്ക് ലഭിച്ചു. മിസ്റ്റിക്കിന് അവരുടെ ദർശനങ്ങൾ എഴുതാനും പരസ്യമായി സംസാരിക്കാനും യൂജിൻ മൂന്നാമൻ മാർപാപ്പ അധികാരം നൽകി. അത് സമൂഹത്തിൽ വിശുദ്ധയുടെ ആദ്ധ്യാത്മിക യശസ്സ് ഉയരാൻ നിദാനമായി. 1158 നും 1170 നും ഇടയിൽ അവർ യൂറോപ്പിലുടനീളം സഞ്ചരിക്കുകയും അനേകം പ്രസംഗപര്യടനങ്ങൾ നടത്തുകയും ചെയ്തു.

ആ കാലത്ത്, സ്ത്രീകൾ ദൈവാലയങ്ങളിൽ പഠിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്തിരുന്നില്ല. എന്നിട്ടും മെത്രാന്മാരുടെയും സഭാധികാരികളുടെയും പ്രത്യേക ക്ഷണപ്രകാരം ജർമനിയിലുടനീളം യാത്രചെയ്ത് വൻജനാവലികളെ വിശുദ്ധ സുവിശേഷം അറിയിച്ചു. വിശുദ്ധയ്ക്ക് ലഭിച്ച സ്വർഗീയ വെളിപാടുകൾ ജനങ്ങളുമായി പങ്കുവച്ച്, അവരെ ക്രിസ്തുവിനുവേണ്ടി നേടി.

വിശുദ്ധയുടെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ, ദുഷ്‌കരമായ യാത്രാ സാഹചര്യങ്ങളും വാർദ്ധക്യത്തിന്റെ ക്ലേശങ്ങളും ഉണ്ടായിരുന്നിട്ടും, അവയെല്ലാം മറന്ന് ഹിൽഡെഗാർഡ് യൂറോപ്പിലുടനീളം സഞ്ചരിച്ചു. അവരുടെ അവസാന നാളുകളിലെ യാത്രകളധികവും പുരോഹിതരുടെയും സമർപ്പിതരുടയും സന്യാസ സമൂഹങ്ങളുമായി ക്രിസ്തുവിന്റെ സ്‌നേഹ സുവിശേഷം പങ്കുവയ്ക്കുന്നതിനായിരുന്നു. അത് അവരെ മാനസാന്തരത്തിലേക്കും ജീവിത പരിവർത്തനത്തിലേക്കും ആനയിച്ചു. മാത്രമല്ല, ആവശ്യമെന്നു തോന്നിയ സാഹചര്യങ്ങളിൽ അവരെ ശാസിക്കാനും വിശുദ്ധ മടിച്ചില്ല.

സ്വർഗയാത്രയും വേദപാരംഗതാ പദവിയും

തന്റെ ശക്തമായ സഭാസേവനം പൂർത്തിയാക്കിക്കൊണ്ട്, ബിൻജെനിലെ വിശുദ്ധ ഹിൽഡെഗാർഡ് 1179 സെപ്റ്റംബർ 17 ന് റൂപർട്ട്‌സ്ബർഗിൽ വച്ച് എൺപത്തിരണ്ടാം വയസ്സിൽ നിത്യപിതാവിന്റെ മടിയിലേക്ക് യാത്രയായി. വിശുദ്ധയുടെ മരണശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് വിശുദ്ധപദവി പ്രഖ്യാപനം നടന്നത്. അവരുടെ ജീവിതകാലത്തും മരണശേഷം മൃതകുടീരത്തിലും അനേകം അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2012 മെയ് 10ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഹിൽഡെഗാർഡിനെ വിശുദ്ധയായി പ്രഖ്യാപിച്ചു. 2012 ഒക്ടോബർ 7ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പതന്നെ അവരെ വേദപാരംഗതയായും (Doctor of the Church) പ്രഖ്യാപിച്ചു. അതോടെ കത്തോലിക്കാ സഭയിലെ നാലു വേദപാരംഗതമാരിൽ ഒരാളായി ഹിൽഡെഗാർഡ് ഉയർത്തപ്പെട്ടു. റൈൻ ലാൻഡിൽ ജീവിച്ചിരുന്നതിനാൽ റൈനിലെ പ്രവാചിക (Sibyl of the Rhine) എന്നും ഹിൽഡെഗാർഡ് അറിയപ്പെടുന്നു.

 

ആൻസിമോൾ ജോസഫ്