
ഒരു ദിവസം മുറിയിലുള്ള, ക്രൂശിതനായ ഈശോയുടെ ചെറിയ രൂപമെടുത്ത് അവിടുത്തെ ആശ്വസിപ്പിക്കുന്നതിനിടെ ജൂലിയെന്ന പെൺകുട്ടി പറഞ്ഞു, ”എന്റെ ഈശോയേ, എനിക്കും വേണം ഇതുപോലെ മുറിവുകൾ…”
ആ പ്രാർഥനയ്ക്ക് ഈശോ അതിവേഗം മറുപടി നല്കി. പിറ്റേന്ന് സന്ധ്യാസമയത്ത് ജൂലി ഡൈനിംഗ് റൂമിലിരുന്ന് പഠിക്കുകയായിരുന്നു. അപ്പോൾ പപ്പ അവളുടെ കാലിൽ പിടിച്ച് ‘നീ ഈ തീരുമാനത്തിൽനിന്നും പിൻമാറണം. മാഷിന്റെയടുത്ത് പാട്ട് പഠിക്കാൻ ഇനിയും പോകണം, തുടർന്നും എല്ലാ പാട്ടുകളും പാടണം’എന്ന് പറയാൻ തുടങ്ങി. ദേവരാജൻ മാസ്റ്ററിനടുത്തുള്ള സംഗീതപരിശീലനത്തിൽനിന്നും അദ്ദേഹത്തിന്റെ സംഗീതപ്രോഗ്രാമുകളിൽ നിന്നും താൻ പിൻവാങ്ങിയതിനെക്കുറിച്ചാണ് പപ്പ പറയുന്നതെന്ന് ജൂലിക്ക് മനസിലായി. പക്ഷേ അക്കാര്യത്തിൽ പപ്പയെ അനുസരിക്കാൻ കഴിയില്ലെന്ന് അറിയാവുന്നതിനാൽ അവൾ എഴുന്നേറ്റ് പപ്പയിൽനിന്ന് ഒഴിയാനായി ഡൈനിംഗ് ടേബിൾ ചുറ്റി ഓടി.
പെട്ടെന്ന് എന്തുചെയ്യണമെന്നറിയാതെ പപ്പ അവളെ പിടിച്ചുനിർത്തി ഇരുകവിളത്തും മാറിമാറി അടിക്കാൻ തുടങ്ങി. സ്വരം കേട്ട്, അമ്മയും അനുജത്തിയും കരഞ്ഞുകൊണ്ട് ഓടിയെത്തി. കവിൾ മരവിച്ചുപോകുന്ന അടിയായിരുന്നുവെങ്കിലും ആ സമയത്ത് ജൂലിക്ക് വലിയ ഹൃദയാനന്ദമാണ് അനുഭവപ്പെട്ടത്. തലേന്ന് പ്രകടിപ്പിച്ച ആഗ്രഹം ഈശോ സാധിച്ചുതന്നതിന്റെ സന്തോഷം.
പത്താം ക്ലാസ് വിദ്യാർഥിനിയായിരിക്കെയാണ് ആദ്യമായി ജൂലി കാസറ്റിൽ പാടുന്നത്. ആ പാട്ടുകേട്ട് പ്രശസ്ത സംഗീതജ്ഞനായ ദേവരാജൻ മാസ്റ്റർ ആ പത്താം ക്ലാസുകാരിയെ തന്റെ കീഴിൽ സംഗീതപഠനത്തിന് ചേർത്തു. അവളെ പ്രശസ്ത ഗായികയാക്കി ചലച്ചിത്രഗാനരംഗത്ത് എത്തിക്കാൻ ആഗ്രഹിച്ച് മികച്ച പരിശീലനം നല്കി. അനേകം പൊതുസംഗീത പരിപാടികളിൽ ജൂലി ഗാനങ്ങളാലപിച്ചു. പഠനവും സംഗീതപരിപാടികളുമായി രണ്ടുവർഷത്തോളം ദേവരാജൻ മാസ്റ്ററോടൊപ്പമുണ്ടായിരുന്നു. ആ നാളുകളിലാണ് ജീസസ് യൂത്തിലേക്ക് വരുന്നതും ഈശോ അവൾക്ക് എല്ലാമെല്ലാമായി മാറുന്നതും. താൻ പൂർണമായി ഈശോയുടേതാണെന്നും അതിനാൽ ഇനി ഈശോയ്ക്കുവേണ്ടി മാത്രമേ പാടുകയുള്ളൂവെന്നും അങ്ങനെ ജൂലി തീരുമാനമെടുത്തു, തന്മൂലം മാസ്റ്ററുടെ അടുക്കലുള്ള സംഗീതപഠനവും നിർത്തി.
ഈ തീരുമാനം പപ്പയെയും അമ്മയെയും വളരെയധികം വിഷമിപ്പിച്ചു. അത് മനസിലാക്കിയെങ്കിലും ദേവരാജൻ മാസ്റ്ററുടെ അടുക്കൽ സംഗീതപരിശീലനം പുനരാരംഭിക്കുന്ന കാര്യത്തിൽ പപ്പയുടെ ഇഷ്ടമനുവർത്തിക്കാൻ ജൂലിക്ക് കഴിയില്ലായിരുന്നു. മറ്റെല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ അനുസരിച്ചിരുന്ന മകളാണവൾ. അതെക്കുറിച്ച് മൂത്ത സഹോദരൻ പറഞ്ഞതിങ്ങനെ: ”പപ്പയ്ക്ക് ജൂലി കാതിൽ കുണുക്ക് അണിഞ്ഞുകാണാൻ വളരെ ആഗ്രഹമായിരുന്നു. ആഭരണങ്ങളോട് ഇഷ്ടക്കുറവുള്ള അവൾക്ക് അതിൽ തെല്ലും താത്പര്യമില്ലായിരുന്നെങ്കിലും അവൾ പപ്പയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തയാറായി. വേദന സഹിച്ചുകൊണ്ടുതന്നെ കാതിൽ ദ്വാരങ്ങളിടാനും അത് വലുതാക്കാനുമെല്ലാം അവൾ സമ്മതിച്ചു.”
അതുവരെയുള്ള കാര്യങ്ങളിലെല്ലാം തന്നെ പൂർണമായും അനുസരിച്ചിരുന്ന മകൾ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി സംഗീതപഠനത്തിൽനിന്ന് പിൻവാങ്ങുന്നത് പപ്പയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതിനാൽ ജീസസ് യൂത്തും പ്രാർഥനാഗ്രൂപ്പുമായുളള ബന്ധങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതയായി. പക്ഷേ, തികച്ചും ഒറ്റപ്പെട്ട ആ സമയത്ത് ദൈവവചനങ്ങളിലൂടെ ഈശോ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. പ്രാർഥിക്കാതെ വിശുദ്ധ ബൈബിൾ തുറന്നാൽപ്പോലും ഈശോ ഹൃദയത്തിലേക്ക് സ്‌നേഹം കോരിയൊഴുക്കുന്ന അനുഭവം. വല്ലാതെ സങ്കടപ്പെട്ടിരുന്ന സമയത്ത് ലഭിച്ച വചനമാണ് 1പത്രോസ് 4:14. ”ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാന്മാർ. എന്തെന്നാൽ, മഹത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു.” അത് ലഭിച്ചതോടെ ജൂലിയുടെ ഹൃദയത്തിലുണ്ടായിരുന്ന ഭാരം മുഴുവൻ എങ്ങോ പോയിമറഞ്ഞു.
ഈശോയ്ക്കായി ജീവിക്കണം എന്ന തോന്നൽ ശക്തമായിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായാണ് പൊതുസംഗീതപരിപാടികളിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. അതിനാൽത്തന്നെ ആരെല്ലാം എതിർത്താലും അത് പുനരാരംഭിക്കാൻ സാധിക്കുമായിരുന്നില്ല. അതിന്റെയെല്ലാം തുടർച്ചയായി ജൂലി ഒരു കാര്യം ഉറപ്പിച്ചു, ഒരു സന്യാസിനിയായിത്തീരുക. സന്യാസത്തിലേക്കുള്ള വിളി അത്രമാത്രം ശക്തമായിരുന്നു. ഒടുവിൽ ആ വിളി സ്വീകരിച്ച് ജൂലി ഒരു സന്യാസിനിയായി മാറി, സിസ്റ്റർ ജൂലി തെരേസ് സി.എസ്.എൻ.
പൊതുസംഗീതരംഗത്തുനിന്ന് പിൻവാങ്ങാൻ അന്നെടുത്ത തീരുമാനം ഇന്നുവരെ ഒരു ഭാരമായോ വേദനയായോ തോന്നിയിട്ടില്ല എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. അതിനെപ്രതിയുള്ള വേദനകൾ ഈശോയോടുള്ള സ്‌നേഹത്തിൽ ആഴപ്പെടാൻ സഹായിച്ചിട്ടേയുള്ളൂ. പൊതു സംഗീതരംഗത്തുനിന്നും ഈശോയോടുള്ള സ്‌നേഹത്തെപ്രതി പിൻവാങ്ങിയ സിസ്റ്റർ ജൂലിയെ ഈശോ തനിക്കുവേണ്ടി അതിശക്തമായി ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. ചുരുങ്ങിയ നാളുകൊണ്ട് ഈശോയുടെ സ്‌നേഹത്തിന്റെ ഗായികയായി സിസ്റ്റർ ജനഹൃദയങ്ങളിൽ ഇടംപിടിച്ചു. ‘അമ്മയ്‌ക്കൊരുമ്മ’ എന്ന ദൈവമാതൃഗീതം അനേകരുടെ ആവശ്യപ്രകാരം 15 ഭാഷകളിൽവരെ സിസ്റ്റർ പാടിയിട്ടുണ്ട്.
സിസ്റ്റർ പങ്കുവയ്ക്കുന്ന ജീവിതവിജയരഹസ്യങ്ങൾ ഇതാണ്: ‘ എന്നെ ഈശോയ്ക്ക് വേണം, ഞാൻ ഈശോയ്ക്കുള്ളതാണ്’ എന്ന വ്യക്തത ഈശോ തന്നുകഴിഞ്ഞാൽപ്പിന്നെ ഒന്നിനും നമ്മെ പിടിച്ചുനിർത്താൻ കഴിയില്ല. ആ സമയങ്ങളിൽ ഈശോയോട് കൂടുതൽ ചേർന്നിരിക്കുക. ഏതെങ്കിലും വ്യക്തികളിലൂടെയോ സാഹചര്യങ്ങളിലൂടെയോ ഈശോ ദൈവവിളിയെക്കുറിച്ച് വ്യക്തമാക്കിത്തരും. ദൈവഹിതം കണ്ടെത്താൻ ഏറെ ‘സ്ട്രഗ്ൾ’ ചെയ്താലും കണ്ടെത്തിക്കഴിഞ്ഞാൽ ‘സ്‌ട്രോംഗ്’ ആകും.
നമ്മുടെ ജീവിതത്തിൽ ‘ഇത് പറ്റുമോ’ എന്നല്ല ‘എന്നിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നത്’ എന്ന് ഈശോയോട് ചോദിക്കുക. അപ്പോൾ നമ്മുടെ ജീവിതദൗത്യവും വിളിയും അവിടുന്ന് വ്യക്തമാക്കിത്തരും. അതിലൂടെ ഈശോ തരുന്ന ധൈര്യം നമ്മിൽനിന്ന് ആർക്കും നീക്കിക്കളയാൻ സാധിക്കില്ല. ദൈവം വിളിച്ചാൽ ആർക്ക് തടയാനാവും?
തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞപ്പോൾ വലിയ വിലകൊടുത്ത് സധൈര്യം അത് നിറവേറ്റിയതിലൂടെയാണ് സിസ്റ്റർ ആനന്ദം കണ്ടെത്തിയത്. ”എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്” (സങ്കീർത്തനങ്ങൾ 40:8).
ഇരുനൂറോളം ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുള്ള സിസ്റ്റർ ഡോ. ജൂലി, നസ്രത്ത് സഭാംഗമാണ്. അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം ചെയ്യുന്നു. സിസ്റ്റർ ആലപിച്ച ഗാനങ്ങളായ ‘ഉരുകുന്ന തിരി..’, ‘ചങ്കാണ് എന്റെ ചങ്കാണ്…’, ഭജൻ ‘ശ്രീയേശുനാമം പരിപൂജിതം’ തുടങ്ങിയവ ഏറെ ശദ്ധേയമാണ്.
ഗ്രസ്‌ന ജോസഫ്