പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം – Shalom Times Shalom Times |
Welcome to Shalom Times

പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം

ഈശോ ഒരിക്കല്‍ ശിഷ്യന്‍മാര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. യൂദാസ് എല്ലാവരില്‍നിന്നും മാറി ഏറ്റവും പിന്നില്‍ ദേഷ്യം പിടിച്ചതുപോലെ വരികയാണ്. ഇതുകണ്ട് ‘നീ എന്താണ് ഒറ്റയ്ക്ക് നടക്കുന്നത്? സുഖമില്ലേ?’ എന്നൊക്കെ കുശലം ചോദിച്ചു കൂടെക്കൂടി തോമസും അന്ത്രയോസും. പക്ഷേ അത്ര നല്ല രീതിയിലല്ല യൂദാസ് പ്രതികരിച്ചത്.

രണ്ടാം നിരയില്‍ നടന്നിരുന്ന പത്രോസിന് ഇത് കണ്ട് വല്ലാതെ ദേഷ്യം വന്നു. തിരിഞ്ഞ് യൂദാസിന്റെ അടുത്തേക്ക് നടക്കാന്‍ ഒരുങ്ങി. പക്ഷേ പെട്ടെന്നുതന്നെ ഈശോയുടെ പക്കലേക്കോടി. ഈശോയുടെ കൈയില്‍ ബലമായി പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു, ”കഴിഞ്ഞ രാത്രിയില്‍ അങ്ങെന്നോട് പറഞ്ഞ കാര്യം ശരിയാണോ? അതായത്, ത്യാഗങ്ങളും പ്രാര്‍ത്ഥനകളും ഒരിക്കലും വിജയിക്കാതിരിക്കില്ലെന്ന്; ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് തോന്നിയാല്‍പ്പോലും?”

ഈശോയുടെ മറുപടി ഇങ്ങനെ, ”അവ പ്രതിസമ്മാനമില്ലാതെ പോകുന്നില്ല. അക്കാര്യം ഉറപ്പ്.” അതുകേട്ട് പത്രോസ് ഈശോയുടെ അടുത്തുനിന്ന് പോയി. പര്‍വതത്തിന്റെ ചെരിവിലേക്ക് നടന്ന് കമ്പുകള്‍ ഒടിച്ച് വിറകായി ശേഖരിക്കുകയാണ്. തിങ്ങുന്ന വികാരങ്ങള്‍ക്ക് ഒരു ശമനം വരുത്താനുള്ള വഴി. തുടര്‍ന്ന് പത്രോസ് വിറകുകെട്ടും തോള്‍സഞ്ചിയും പുറങ്കുപ്പായവുമൊക്കെ വഹിച്ച് അല്പം കുനിഞ്ഞ് അവര്‍ക്കൊപ്പം വീണ്ടും
നടക്കുന്നു.

അതുകണ്ട് യൂദാസ് ചിരിച്ചുകൊണ്ട് പറഞ്ഞു, ”നിന്നെ കണ്ടാല്‍ ഇപ്പോള്‍ ഒരടിമയെപ്പോലെയുണ്ട്!” അതിന് നല്ല മറുപടി കൊടുക്കാന്‍ തുനിഞ്ഞെങ്കിലും പത്രോസ് മൗനം പാലിച്ചു.
പിന്നീട് രാത്രി അവര്‍ താമസിക്കാന്‍ കണ്ടെത്തിയ ഗുഹയില്‍ പത്രോസും ഈശോയും തനിച്ചായപ്പോള്‍ ഈശോ പത്രോസിന്റെ നരച്ച മുടിയില്‍ സ്‌നേഹപൂര്‍വം തലോടി. പത്രോസ് ആ കൈകള്‍ പിടിച്ച് ചുംബിച്ചു. അവിടുത്തെ കൈയില്‍ ഒരു തുള്ളി കണ്ണുനീര്‍ വീണു.

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പോരാടി നേടിയ വിജയത്തിന്റെയും കണ്ണീര്‍ത്തുള്ളി! ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ വിവരിച്ചിരിക്കുന്ന ഒരു രംഗമാണിത്. ധിക്കാരത്തോട് പ്രതികരിക്കാന്‍ ശരീരം അഥവാ ബുദ്ധി ആവശ്യപ്പെടുമ്പോഴും അതിനെ അതിജീവിക്കുന്ന പത്രോസിനെയാണ് ഇവിടെ കാണുന്നത്. കാസിയായിലെ വിശുദ്ധ
റീത്തായും ഇതുതന്നെ ഓര്‍മപ്പെടുത്തുന്നുണ്ട്, ”ചോദിക്കുന്നതെല്ലാം കൊടുത്ത് നാം ശരീരത്തെ തൃപ്തിപ്പെടുത്തരുത്. അത് പിന്നീട് ആത്മാവിന്റെ പ്രചോദനങ്ങളോട് മറുതലിക്കും. പ്രതിസന്ധികളില്‍ അതിന് പിടിച്ചുനില്‍ക്കാനാവില്ല.”

നമ്മെ വേദനിപ്പിക്കുന്നവരില്‍നിന്ന് അകന്നുനില്‍ക്കാനും അവരോട് പ്രതികാരം ചെയ്യാനും സാധ്യതകളുള്ളപ്പോഴും അത് വേണ്ടെന്നുവയ്ക്കുക, കൂടുതല്‍ സുഖകരമായ സാഹചര്യങ്ങള്‍ അന്വേഷിക്കാനും രുചിയേറിയ ഭക്ഷണം തേടാനുമൊക്കെ സാഹചര്യങ്ങളുള്ളപ്പോഴും അത് ഉപേക്ഷിക്കുക- ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്നത് വര്‍ധിച്ച ആത്മബലമാണ്.
ചില ഇഷ്ടങ്ങള്‍, സുഖങ്ങള്‍
തുടങ്ങിയവ, അത്
പാപകരമല്ലെങ്കില്‍പ്പോലും, വേണ്ടെന്നുവയ്ക്കുമ്പോള്‍ നാം കൂടുതല്‍ കരുത്തുള്ളവരായിത്തീരുകയാണ്.
നമ്മിലെ ‘സുഖാസക്തനായ പഴയ മനുഷ്യനെ’ ഉരിഞ്ഞുകളയാന്‍ സഹായിക്കുന്നവയാണ് ആത്മപരിത്യാഗപ്രവൃത്തികള്‍. അപ്പോഴാണ് യഥാര്‍ത്ഥമായ
വിശുദ്ധിയിലും നീതിയിലും
ദൈവത്തിന്റെ സാദൃശ്യത്തില്‍
സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കാന്‍ (എഫേസോസ് 4/24) നമുക്ക് സാധിക്കുന്നത്. നോമ്പും ഉപവാസവുമെല്ലാം പ്രസക്തമാകുന്നത് ഈയര്‍ത്ഥത്തിലാണ്. നമ്മിലെ പഴയ മനുഷ്യനാകുന്ന ‘അഹം’ കുറയുന്നിടത്ത് പുതിയ മനുഷ്യന്‍ അഥവാ ക്രിസ്തു ശക്തിപ്രാപിക്കുന്നു. ലോകം ഉയര്‍ത്തുന്ന പ്രലോഭനങ്ങളുടെ മുന്നില്‍ കരുത്തോടെ നില്‍ക്കാന്‍ സാധിക്കുന്നത് ഇത്തരത്തില്‍ നാം വളരുമ്പോഴാണ്. നമ്മുടെ മക്കളെയും ആശയടക്കവും നോമ്പുമൊക്കെ ശീലിപ്പിക്കുന്നത് ലോകത്തിന്റെ ആകര്‍ഷണങ്ങളോടും തെറ്റായ ബന്ധങ്ങളോടും ‘നോ’ പറയാന്‍ അവരെ ശക്തരാക്കും. ”അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം” (യോഹന്നാന്‍ 3/30). ക്രിസ്തുവില്‍ വളരുന്ന
ആത്മബലത്തിന്റെ നോമ്പുകാലം നമുക്കുണ്ടാകട്ടെ.
കര്‍ത്താവേ, അങ്ങേ കുരിശിലെ പീഡകളോട് ചേര്‍ത്തുവച്ച് ആത്മപരിത്യാഗങ്ങള്‍ അനുഷ്ഠിക്കാന്‍ ഞങ്ങളെ സഹായിച്ചാലും, ആമ്മേന്‍.