കപ്യാരുടെ മകന്‍ – Shalom Times Shalom Times |
Welcome to Shalom Times

കപ്യാരുടെ മകന്‍

വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പന്‍ ചാരിയിരിക്കുന്നൊരു ചുമരുണ്ട്. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോല്‍ അവിടെ ഉണ്ടായിരുന്നു, ഒരിത്തിരി പ്രത്യേകതയുള്ളൊരു താക്കോല്‍. വേറൊന്നുമല്ല അത്, ഇടവകദൈവാലയത്തിന്റെ താക്കോലായിരുന്നു.
പുലര്‍ച്ചെ ആ താക്കോലുമെടുത്ത് ദൈവാലയം തുറന്ന്, ഒടുവില്‍ രാത്രി എട്ടു മണിക്ക് അടയ്ക്കുന്നതുവരെ, ദൈവാലയത്തിനോട് കെട്ടിയിട്ട് ജീവിച്ചപോലെ, ഇരുപത്തിയെട്ടര വര്‍ഷങ്ങള്‍…
നിസാരമല്ലിത്… എളുപ്പവുമല്ല… ചെയ്യുന്നവര്‍ക്കേ പെട്ടെന്ന് പിടികിട്ടൂ എന്നുമാത്രം. എന്താണെന്നല്ലേ? നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പരിപാടികളില്‍ പലപ്പോഴും പങ്കെടുക്കാന്‍ കഴിയണമെന്നില്ല. കുറച്ച് ദിവസം അവധി എടുത്ത് മാറി നില്‍ക്കണമെന്ന് വിചാരിച്ചാലും സാധിക്കില്ല. പോകാന്‍ ഇഷ്ടമുള്ള പല യാത്രകളും മാറ്റി വയ്‌ക്കേണ്ടതായി വരും. തിളച്ചുപൊന്തുന്ന പനിയിലും എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലും വിശ്രമിക്കാന്‍ കഴിയാതെ, പകരം ഉത്തരവാദിത്വമേറ്റെടുക്കാന്‍ ആളെ കിട്ടാതെ, നിങ്ങള്‍ക്കുതന്നെ ദൈവാലയത്തിലേക്ക് പോവേണ്ടി വരും. എല്ലാവരും ഉറങ്ങി കിടക്കുമ്പോള്‍ ഒരു ദിവസം പോലും മുടങ്ങാതെ, ഒരിത്തിരി സമയം പോലും വൈകാതെ, വീട്ടില്‍നിന്ന് എഴുന്നേറ്റു പോകണം. പെരുന്നാളുകളും ആഘോഷങ്ങളും വീട്ടില്‍ സ്വസ്ഥമായി ആഘോഷിക്കാന്‍ കഴിയില്ല. ബന്ധുവീടുകളിലെ രാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് അവിടെ അന്ന് നില്‍ക്കാന്‍പോലും കഴിയാതെ തിരികെ മടങ്ങണം.
നിര നീളുകയാണ്… എഴുതാന്‍ ഇനിയും ഒരുപാടുണ്ട്… ഒന്നും രണ്ടും വര്‍ഷമല്ല, ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞു, ഇരുപത്തി എട്ടര വര്‍ഷം… നന്നായി അറിയാം ഈ വര്‍ഷങ്ങളില്‍ അപ്പന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍… ചില സമയങ്ങളില്‍ അപ്പന്‍ കടന്നുപോയിട്ടുള്ള വേദനകള്‍… വല്ലാതെ ഒറ്റപ്പെട്ടു പോയ ചില നിമിഷങ്ങള്‍… മനസ്സിന്റെ സംഘര്‍ഷങ്ങളുടെ കണ്ണീര്‍ദിനങ്ങള്‍…
ഓരോ ദിവസവും ഒരു വിശുദ്ധ കുര്‍ബാനവച്ച് എണ്ണിയാല്‍, അതു തന്നെ വരും പതിനായിരത്തിലധികം ദിവ്യബലികള്‍. ”അപ്പാ… അപ്പന്‍ പ്രാര്‍ത്ഥിച്ചതിന്റെ നൂറിലൊന്നു പോലും ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല.. അപ്പന്‍ പങ്കെടുത്ത ദിവ്യബലികളുടെ എണ്ണത്തോളം എത്താന്‍ ഇനിയുമെടുക്കും ഒരുപാട് വര്‍ഷങ്ങള്‍…”
അഭിമാനമാണ് സത്യമായും… കുഞ്ഞുനാളില്‍ ‘കപ്യാരുടെ മോനേ’ എന്ന് കൂട്ടുകാരില്‍ ചിലര്‍ കളിയാക്കി വിളിക്കാറുണ്ടായിരുന്നു… ഇന്ന് അഭിമാനത്തോടെ പറയാം, കഴിഞ്ഞ ഇരുപത്തി എട്ടര കൊല്ലം സേവനം ചെയ്ത ഒരു കപ്യാരുടെ മകനാണ് ഞാന്‍. ”കര്‍ത്താവിന്റെ ഭക്തരേ, ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിന്‍” (പ്രഭാഷകന്‍ 2/9).
ഓര്‍മ്മകളില്‍ ഒന്ന് മാത്രം ഇവിടെ എഴുതട്ടെ… പട്ടം കിട്ടിയതിനു ശേഷമുള്ള ഓര്‍മ്മയാണ്. സ്വന്തം ഇടവകക്കാര്‍ അവരുടെ എന്തെങ്കിലും പരിപാടികളോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ വിളിക്കും ഇടയ്ക്ക്. ഇടനേരങ്ങളിലെ ദിവ്യബലി ആയതുകൊണ്ട് അള്‍ത്താരബാലന്‍മാര്‍ ഉണ്ടാവില്ല മിക്കപ്പോഴും. സഹായിക്കാന്‍ അപ്പന്‍ മാത്രമായിരിക്കും. അള്‍ത്താരയില്‍ ഞാനും അപ്പനും. ഇടയില്‍ ലേഖന വായനയുടെ ഒരവസരമുണ്ട്. വായനക്ക് തൊട്ടു മുന്‍പുള്ള ‘ഗുരോ ആശീര്‍വദിക്കണമേ’ എന്നുപറഞ്ഞ് അപ്പന്‍ എന്റെ നേരെ തിരിയും. ആ സമയത്ത് അപ്പന്റെ മനസില്‍ എന്താണ് എന്നറിഞ്ഞൂടാ. പക്ഷേ എന്റെ നേരെ തിരിഞ്ഞു നില്‍ക്കുന്ന അപ്പനെ ‘മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നുപറഞ്ഞ് ആശീര്‍വദിക്കുന്ന ആ സമയം… എഴുതി ഫലിപ്പിക്കാന്‍ അറിഞ്ഞുകൂടാ ആ നിമിഷത്തെ…
ഇതിനൊപ്പം അമ്മയെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. എല്ലാത്തിനും കൂടെ നിന്ന അമ്മ… അപ്പന്‍ ദൈവാലയത്തില്‍ സഹായിക്കാന്‍ പോയതുകൊണ്ടുമാത്രം നഷ്ടമായിപ്പോയ ഒരുപാട് സന്തോഷങ്ങളുടെ കണക്കുണ്ട് അമ്മയ്ക്ക്. പക്ഷേ പരാതികള്‍ കൂടാതെ ചേര്‍ന്ന് നിന്ന അമ്മ.
എഴുതിത്തീരാത്ത ഓര്‍മ്മകളെ എവിടെയോ വായിച്ച ഒറ്റവരിയില്‍ എഴുതാം, ‘അപ്പന്‍ കൊണ്ട വെയിലാണ് ഞാനിന്നു നില്‍ക്കുന്ന തണല്‍.’ ”കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്? കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്? അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്?” (പ്രഭാഷകന്‍ 2/10)

ഫാ. റിന്റോ പയ്യപ്പിള്ളി