സന്യാസജീവിതം കൊതിച്ച കുടുംബിനി വിശുദ്ധ ലൂയിസ് ഡി മാരിലാക് – Shalom Times Shalom Times |
Welcome to Shalom Times

സന്യാസജീവിതം കൊതിച്ച കുടുംബിനി വിശുദ്ധ ലൂയിസ് ഡി മാരിലാക്

കുഞ്ഞുലൂയിസ് 1591 ഏപ്രില്‍ 12ന് ഫ്രാന്‍സില്‍ ജനിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. ഫ്രഞ്ചുകാര്‍ എപ്പോഴും യുദ്ധത്തിലായിരുന്ന കാലഘട്ടം. പട്ടിണിയും പരിവട്ടവും ഭീതിയും അലമുറയും നിരാശയും എങ്ങും. ലൂയിസിനെ പ്രസവിച്ചതിനു ശേഷം അവളുടെ അമ്മ മരിച്ചതിനാല്‍ അപ്പന്റെ തണലിലും സ്‌നേഹത്തിലും അവള്‍ വളര്‍ന്നു വന്നു. ഈലോകത്തിലെ എന്റെ ആശ്വാസം എന്നാണ് അവളെ അപ്പന്‍ വിളിച്ചത്. കത്തോലിക്കാവിശ്വാസസത്യങ്ങള്‍ ആ പിതാവ് മകളെ പഠിപ്പിച്ചു. കുറച്ചു കാലത്തേക്ക് ലൂയിസ് ഡൊമിനിക്കന്‍ സന്യാസിനികളുടെ സംരക്ഷണയിലായിരുന്നു. അവളെ അധികകാലം പിരിഞ്ഞിരിക്കാന്‍ വയ്യാത്തതുകൊണ്ട് അവളുടെ പിതാവ് അവളെ തിരിച്ചുകൊണ്ടുവന്ന് ഒരു നല്ല ടീച്ചറെ ഏല്‍പ്പിച്ചു. അവര്‍ ലൂയിസിനെ ലാറ്റിനും സംഗീതവും ചിത്രരചനയും തുന്നല്‍പ്പണിയും വീട്ടുജോലിയുമെല്ലാം പഠിപ്പിച്ചു. അവളുടെ ചെറുഹൃദയം അപ്പോഴേ ഈശോയോടുള്ള സ്‌നേഹത്താല്‍ തുള്ളിത്തുളുമ്പുകയായിരുന്നു. ഒരിക്കല്‍ ഒരു ചിത്രം വരച്ചതിനു ശേഷം അതിനു ചുറ്റും അവളെഴുതി, ”ഈശോ, ഞാന്‍ സ്‌നേഹിക്കുന്നവനാരോ അവന്റെ പേര്.”
അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ അപ്പനും മരിച്ചു. അവള്‍ അനാഥയായി. അല്പനാളുകള്‍ക്കകം വളരെ കര്‍ക്കശമായ രീതിയില്‍ ജീവിച്ചിരുന്ന ഡോട്ടേഴ്‌സ് ഓഫ് പാഷന്‍ മഠത്തില്‍ ചേരാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അവളുടെ അനാരോഗ്യം കാരണം കുമ്പസാരക്കാരന്‍ അതില്‍നിന്നവളെ പിന്തിരിപ്പിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു, ”ദൈവത്തിന് നിന്നെക്കുറിച്ച് വേറെ പദ്ധതികളാണുള്ളത്.”’
പിന്നീട് അവളുടെ അമ്മാവന്റെ നിര്‍ദ്ദേശപ്രകാരം ആന്റണി ലെ ഗ്രാസിനെ 1613-ല്‍ ലൂയിസ് വിവാഹം കഴിച്ചു. അദ്ദേഹം ഒരു കത്തോലിക്കനും രാജ്ഞിയുടെ സെക്രട്ടറിയുമായിരുന്നു. അവര്‍ക്കുണ്ടായ മകന് മൈക്കിള്‍ എന്ന് പേരിട്ടു. അവര്‍ രാവിലെയും വൈകിട്ടും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു, ബൈബിള്‍ വായിച്ചു, ഇടവകദൈവാലയത്തോട് ചേര്‍ന്നുനിന്നു, മകന് നല്ല കഥകള്‍ പറഞ്ഞു കൊടുത്തു. പാവങ്ങളെ പരിചരിച്ചുകൊണ്ടാണ് ലൂയിസ് ഒഴിവുസമയം ചിലവിട്ടത്. അവള്‍ അവരെ സന്ദര്‍ശിച്ച് ഭക്ഷണം കൊടുക്കുകയും കുളിപ്പിക്കുകയും മുടി ചീകിക്കൊടുക്കുകയും ആരോഗ്യപരിരക്ഷ നല്‍കുകയും ചെയ്തു.
പില്ക്കാലത്ത്, 1625ലാണ് ഒരു വിശുദ്ധനായ പുരോഹിതനെ ലൂയിസ് പരിചയപ്പെട്ടത്. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ആയിരുന്നു അത്. അദ്ദേഹത്തിന്റെ ആത്മീയോപദേശം അവള്‍ വിലമതിച്ചു. ദൈവത്തോടും പാവങ്ങളോടുമുള്ള സ്‌നേഹത്തില്‍ വളരാന്‍ അദ്ദേഹം അവള്‍ക്ക് പ്രചോദനമായി. 35 വര്‍ഷത്തോളം അവരൊന്നിച്ചു ചെയ്ത ബൃഹത്തായ ഉപവിപ്രവൃത്തികള്‍ എന്നും സ്മരണീയമാണ്.
അതിനിടയില്‍ ആന്റണിക്ക് സുഖമില്ലാതായി. ദിവസവും ക്ഷീണിച്ചു ക്ഷീണിച്ചു വന്നു. ലൂയിസ് മാറാതെ രാവും പകലും അരികില്‍ നിന്ന് ഭര്‍ത്താവിനെശുശ്രൂഷിച്ചു.. 1625 ഡിസംബര്‍ 21 -ന് ആന്റണി ശാന്തനായി മരിച്ചു. തനിക്കൊരു പുനര്‍വിവാഹം ഉണ്ടാവില്ലെന്നും ദൈവത്തിനായി ജീവിതം കൊടുക്കുമെന്നും അദ്ദേഹത്തിന്റെ മരണത്തിനു മുന്‍പ് തന്നെ ലൂയിസ് തീരുമാനിച്ചിരുന്നു. ദൈവഹിതം പോലെ തന്റെ ജീവിതം ക്രമീകരിക്കാന്‍ ലൂയിസ് അവിടുത്തോട് അപേക്ഷിച്ചു. പാവപ്പെട്ടവരുടെ മേഖലയിലേക്ക് അവള്‍ താമസം മാറി. അവള്‍ തന്റെ ഡയറിയിലെഴുതി, ”എന്റെ ശിഷ്ടജീവിതം, ഈ ലോകത്തില്‍ വിശുദ്ധിയുള്ളതും മറഞ്ഞിരിക്കുന്നതുമായ ജീവിതം കഴിച്ച യേശുക്രിസ്തുവിനെ അനുകരിച്ചു കൊണ്ടുള്ളതായിരിക്കണം.”
30 കൊല്ലത്തെ യുദ്ധം ഫ്രാന്‍സില്‍ കൊടുമ്പിരികൊണ്ടപ്പോള്‍ ദരിദ്രരായിരുന്നു കൂടുതലും സഹിക്കേണ്ടി വന്നത്. അഗതികള്‍ക്ക് ആശ്വാസമാകാന്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ ഓരോ ഗ്രാമത്തിലും കൂട്ടായ്മകള്‍ രൂപീകരിച്ചു. ‘ചാരിറ്റിസ്’ എന്ന കൂട്ടായ്മയും ‘പാവങ്ങളുടെ ദാസര്‍’ എന്ന പേരില്‍ വിളിക്കപ്പെടുന്ന അംഗങ്ങളും. ഈ കൂട്ടായ്മകളെ സന്ദര്‍ശിച്ച് അവരുടെ ധൈര്യവും അര്‍പ്പണബോധവുമൊക്കെ നിലനിര്‍ത്താനുമുള്ള ചുമതല ലൂയിസിന്റെതായിരുന്നു. അവളുടെ ആദ്യഘട്ടസന്ദര്‍ശനങ്ങള്‍ വിശുദ്ധനെ വളരെയധികം സന്തോഷിപ്പിച്ചു. ഉപവിപ്രവര്‍ത്തനങ്ങള്‍ പാരീസിലും വ്യാപിപ്പിക്കാന്‍ അവളോട് പറഞ്ഞു. ലൂയിസിന് അതില്‍ സന്തോഷമേ ഉണ്ടായുള്ളൂ.
ഗ്രാമത്തിലെ കുട്ടികളുടെ അറിവില്ലായ്മ കണ്ടറിഞ്ഞ് ലൂയിസ് അവരെ ഒരുമിച്ചുകൂട്ടാനും അവരോട് കഥകള്‍ പറയാനും അവരെ വേദോപദേശം പഠിപ്പിക്കാനും തുടങ്ങി. അവള്‍ ഒരു നഗരത്തില്‍നിന്ന് യാത്രയാവുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരും അവളുടെ വാഹനത്തിന്റെ കൂടെ നടന്ന് അവളോട് നന്ദിയും സ്‌നേഹവും ചൊരിയുന്നത് പതിവുകാഴ്ചയായിരുന്നു.
പെണ്‍കുട്ടികള്‍ താമസിയാതെ അവരുടെ ജീവിതം സ്വയം പരിത്യജിക്കലിന്റെ പാതയിലൂടെ പാവങ്ങളുടെയും രോഗികളുടെയും ശുശ്രൂഷക്കായി സമര്‍പ്പിക്കാനാരംഭിച്ചു. നവംബര്‍ 29, 1633ല്‍ ലൂയിസ് സുപ്പീരിയറായിക്കൊണ്ടുള്ള ഉപവിയുടെ പുത്രിമാരുടെ ആദ്യസംഘം രൂപമെടുത്തു. എണ്ണം പെട്ടെന്ന് വര്‍ദ്ധിച്ചു. ഫ്രാന്‍സിലെ മറ്റു നഗരങ്ങളിലേക്കും പോളണ്ടിലേക്കുമൊക്കെ അത് വ്യാപിച്ചു. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ അദ്ദേഹത്തിന്റെ സ്‌നേഹവും പരിഗണനയും അഭയാര്‍ത്ഥികള്‍, അനാഥര്‍, യാചകര്‍, മുറിവേറ്റ പടയാളികള്‍, ജയില്‍പ്പുള്ളികള്‍, അടിമകള്‍, വൃദ്ധര്‍ തുടങ്ങിയവരിലേക്ക് വ്യാപിപ്പിച്ചു. ഇവരെയെല്ലാം ശുശ്രൂഷിക്കാന്‍ ലൂയിസിനെയും കൂട്ടാളികളെയും വിശ്വസിച്ചേല്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ അവരോട് പറഞ്ഞു, ”നിങ്ങളുടെ മഠം രോഗികള്‍ക്ക് വേണ്ടിയുള്ള ഭവനങ്ങള്‍ ആയിരിക്കും; നിങ്ങളുടെ അറകള്‍ (രലഹഹ) അവരുടെ വാടകമുറികള്‍; നിങ്ങളുടെ ചാപ്പലുകള്‍ ഇടവകദൈവാലയം പോലെയും നിങ്ങളുടെ ആവൃതികള്‍ നഗരത്തിലെ തെരുവുകള്‍ പോലെയോ ഹോസ്പിറ്റല്‍ വാര്‍ഡ് പോലെയോ ആകട്ടെ; അനുസരണം ആയിരിക്കും നിങ്ങളുടെ വേലിക്കെട്ട്; നിങ്ങളുടെ ചട്ടക്കൂട് ദൈവഭയവും ശിരോവസ്ത്രം ശുദ്ധമായ എളിമയും ആകട്ടെ.”
ജീവിച്ചിരുന്നപ്പോഴെന്നതുപോലെ മരണത്തിലും എളിമയില്‍, ഇങ്ങനെ പറഞ്ഞുകൊണ്ട് ലൂയിസ് യാത്രയായി, ”പാവങ്ങളെ ശുശ്രൂഷിക്കാന്‍ എപ്പോഴും സന്നദ്ധയുള്ളവരായിരിക്കുക.” 1660 മാര്‍ച്ച് 15 ആയിരുന്നു മരണദിവസം.
പീയൂസ് പതിനൊന്നാമന്‍ പാപ്പ 1934 മാര്‍ച്ച് 11ന് അവളെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ഉപവിയുടെ പുത്രിമാരുടെ എണ്ണം 40000 കവിഞ്ഞ് ലോകമെങ്ങും വ്യാപിച്ചിരുന്നു. 1960ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ വിശുദ്ധ ലൂയിസ് ഡി മാരിലാക്കിനെ സാമൂഹ്യപ്രവര്‍ത്തകരുടെ മധ്യസ്ഥ ആയി ഉയര്‍ത്തി.