ശാന്തതയുടെ സമവാക്യം – Shalom Times Shalom Times |
Welcome to Shalom Times

ശാന്തതയുടെ സമവാക്യം

ഒരു ദിവസം യേശുതമ്പുരാന്‍ ഇങ്ങനെ ഒരു സമവാക്യം കാണിച്ചുതന്നു. 200 = 10. പക്ഷേ എനിക്ക് ആദ്യമൊന്നും പിടികിട്ടിയില്ല എന്താണ് ദൈവം ഉദ്ദേശിച്ചതെന്ന്. അതിനുശേഷം കര്‍ത്താവ് പറഞ്ഞു, നിന്റെ തലയില്‍ ഒരു ദിവസം 200 കാര്യങ്ങള്‍ കിടന്നോടുന്നുണ്ട്. നീ ഒരു കാര്യത്തിന് അഞ്ച് മിനിറ്റ് കൊടുത്താല്‍പോലും നിനക്ക് ആയിരം മിനിറ്റ് വേണം. അഞ്ച് മിനിറ്റ് എന്നത് അടുത്തദിവസം അതെങ്ങനെ നന്നായി ചെയ്യാം, അതായത് മറ്റുള്ളവര്‍ക്ക് നന്മയായി മാറ്റാം എന്ന് കര്‍ത്താവുമായിട്ടിരുന്ന് വിശകലനം ചെയ്ത് തീരുമാനമെടുക്കാന്‍ വിനിയോഗിക്കുന്ന സമയമാണ്. പക്ഷേ ഇപ്പറയുന്ന 200 കാര്യങ്ങളില്‍ 190 എണ്ണവും നീയുമായോ നിന്റെ ജീവിതമായോ ബന്ധമില്ലാത്തവയാണ്. എന്നാലത് നിനക്ക് മനസിലാവുന്നില്ല. ഞാന്‍ ചിന്തിച്ചപ്പോള്‍ ശരിയാണ്. അതില്‍ 190-ല്‍ അധികവും ഞാനുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്.
മരുഭൂമിയിലെ പിതാക്കന്മാരുടെ മൊഴികള്‍ എനിക്ക് മാറി ചിന്തിക്കാന്‍ പ്രേരണയായി. ഒരാള്‍ ഒരു ശ്രേഷ്ഠനോട് സംശയം ചോദിക്കുന്നു, ”അല്ലയോ ശ്രേഷ്ഠാ, ഇതെന്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ചിലയാളുകള്‍ നേരത്തേ മരിക്കുന്നു, ചിലര്‍ പ്രായമായി മരിക്കുന്നു, ചിലര്‍ രോഗാവസ്ഥയില്‍ ജീവിക്കുന്നു, ചിലര്‍ക്ക് രോഗങ്ങളില്ല. ചിലര്‍ സന്തോഷമായി ജീവിക്കുന്നു, ചിലര്‍ ദുഃഖസമുദ്രത്തില്‍ മുങ്ങി ജീവിക്കുന്നു. ചിലര്‍ പരിഹാരം ചെയ്ത് പുണ്യങ്ങള്‍ അഭ്യസിക്കുന്നു, ചിലര്‍ പാപത്തിന്റെ പടുകുഴിയില്‍ വീഴുന്നു. ചിലര്‍ക്ക് സമ്പത്തുണ്ട്, ചിലര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു.” അപ്പോള്‍ ആ ശ്രേഷ്ഠന്‍ മറുപടി പറഞ്ഞു: ”അത് ദൈവത്തിന്റെ വിധിന്യായത്തില്‍പ്പെട്ടതാണ്. അതറിയുന്നതുകൊണ്ട് നിനക്ക് യാതൊരു പ്രയോജനവും കിട്ടുന്നില്ല. നീ നിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക.”
ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഡാറ്റാ അനലിറ്റിക്‌സ് ഒരു പ്രധാന കോഴ്‌സായി കൊടുക്കുന്നുണ്ട്. അതില്‍ ഡാറ്റയെക്കുറിച്ച് ഇങ്ങനെ പറയുന്നു. 2.5 ശതമാനം ഡാറ്റ മാത്രമേ നാം കാണുന്നുള്ളൂ. ബാക്കി 97.5 ശതമാനം ഡാറ്റയും ഒളിഞ്ഞു കിടക്കുകയാണ്. അത് നമുക്കറിയില്ല. ഈ 2.5 ശതമാനം വച്ചിട്ടാണ് നാം വിലയിരുത്തുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് വിശുദ്ധ അഗസ്തിനോസിന്റെ അനുഭവം. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന സമയത്ത് അദ്ദേഹം കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. അപ്പോഴുണ്ട് ഒരു മാലാഖ ചിപ്പികൊണ്ട് കടല്‍വെള്ളം കോരി കരയിലേക്ക് ഒഴിക്കുന്നു. അഗസ്തിനോസ് ചോദിച്ചു: ”നീ എന്ത് ചെയ്യുന്നു?” ”ഞാന്‍ കടല്‍വെള്ളം വറ്റിക്കുന്നു.” ”ഈ ചിപ്പികൊണ്ടോ?” അതുകേട്ട മാലാഖ തിരിച്ചുചോദിച്ചു: ”നീയും ഇതുതന്നെയല്ലേ ചെയ്യുന്നത്? നിന്റെ പരിമിതമായ അളവില്‍നിന്ന് നീ പരിശുദ്ധ ത്രിത്വത്തിന് അളവിടരുത്.” യഥാര്‍ത്ഥത്തില്‍ നമുക്കൊന്നിനെക്കുറിച്ചും കാര്യമായ അറിവില്ല. പൂര്‍ണമായി അറിയാത്ത ഒരു കാര്യത്തില്‍ നമ്മുടെ പ്രതികരണം പാളിപ്പോകാന്‍ സാധ്യതയുണ്ട്.
ഈശോ വീണ്ടും പറഞ്ഞു: ‘ഒരു പേപ്പര്‍ എടുത്ത് നിന്റെ ജീവിതത്തില്‍ ഏറ്റവും മുന്‍ഗണന നല്‌കേണ്ട പത്തുകാര്യങ്ങള്‍ എഴുതുക.” അങ്ങനെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഏതാണ്ട് ഏഴ് കാര്യങ്ങള്‍ മാത്രമേ ഉള്ളൂ. ഈശോ പറഞ്ഞു: ”എട്ടാമത് ഒരു കാര്യം നീ ഇനി എടുക്കരുത്. Social Media Decluttering എന്നൊരു കാര്യമുണ്ട് നമുക്കാവശ്യമില്ലാത്ത, നമ്മള്‍ ഇടപെടേണ്ട ആവശ്യമില്ലാത്ത സകല ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റ് ആയി നമ്മുടെ വ്യക്തിപരമായ ജീവിതത്തെ, കുടുംബജീവിതത്തെ, ജോലിമേഖലയെ, ശുശ്രൂഷാജീവിതത്തെ സ്‌നേഹത്തിലും സമാധാനത്തിലും പടുത്തുയര്‍ത്തുന്നവമാത്രം ‘ഫോളോ’ ചെയ്യുക. അങ്ങനെ വരുമ്പോള്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ള ഈ ഏഴ് കാര്യങ്ങള്‍ക്ക് ഒരു ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ കര്‍ത്താവിനോട് ആലോചന ചോദിക്കാന്‍ സമയം ലഭിക്കും. ഓരോ ദിവസവും നമ്മുടെ സമസ്ത മേഖലയിലും മാറ്റം വരും. നമ്മുടെ ജീവിതം ക്രമേണ ഗുണമേന്‍മയുള്ള ജീവിതമായി മാറും.
ഒരു ദിവസം പരിശുദ്ധ മറിയം ഇങ്ങനെ പറഞ്ഞു, ”എന്റെ നിലപാടെടുക്കുക.”
”എന്താണ് അമ്മയുടെ നിലപാട്?”
”ഒരു പിശാച് എന്റെ മുമ്പില്‍ കിടന്ന് തലകുത്തി മറിഞ്ഞാലും ഞാന്‍ അത് ശ്രദ്ധിക്കില്ല. അവനെ ശ്രദ്ധിച്ചാല്‍ നാമവന് ഒരു വില കല്‍പിക്കുകയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ കുറേ സമയം അവിടെ കിടന്ന് ചാടിയിട്ട് പൊയ്‌ക്കൊള്ളും. എന്റെ മകന്‍ പറഞ്ഞില്ലേ, ആ 190ലധികം കാര്യങ്ങളിലും നീ ഇങ്ങനെ ചെയ്താല്‍ മതി. ബാക്കിയുള്ള കാര്യങ്ങളിലെ നിന്റെ പ്രതികരണം ശാന്തത കൈവിടാത്തതാവണം. അത് സ്‌നേഹത്തില്‍ പടുത്തുയര്‍ത്തുന്നതാവണം. അതിജീവിപ്പിക്കുന്നതാവണം, മാറ്റം വരുത്തുന്നതാവണം. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്നതാവരുത്.”
”ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക” (സങ്കീര്‍ത്തനങ്ങള്‍ 46/10). ശാന്തമായ പ്രതികരണങ്ങള്‍ക്ക് നിലനില്‍പ്പുണ്ട്, സമാധാനമുണ്ട്. ഭൂമി അവകാശമാക്കാനുള്ള കൃപയുണ്ട്.

ജോര്‍ജ് ജോസഫ്