വിശുദ്ധിയുടെ പിന്‍നമ്പര്‍ – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധിയുടെ പിന്‍നമ്പര്‍

ഏകമകന്റെ മരണത്തിനുശേഷം തിമോത്തി ഒരു ബോയ്‌സ് ഹോം ആരംഭിച്ചു. അതിലെ 17 പേരും വ്യത്യസ്ത സ്വഭാവക്കാരെങ്കിലും സ്വന്തം മകനെപ്പോലെതന്നെയാണ് അവരെയും അദ്ദേഹം സ്‌നേഹിച്ചത്. ക്രമേണ, തന്നോടും മറ്റുള്ളവരോടും കൂടുതല്‍ സ്‌നേഹമുണ്ടെന്ന് തെളിയിച്ചവര്‍ക്ക് അദ്ദേഹം ചില ഉത്തരവാദിത്വങ്ങള്‍ നല്കി. ആരും അറിയാതെ, അവര്‍ക്കിടയില്‍ നടത്തിയ ചില സ്‌നേഹടെസ്റ്റുകളിലൂടെ മികച്ചവരെ കണ്ടെത്തുകയായിരുന്നു. സ്‌നേഹത്തില്‍ ഏറ്റവും മികവുപുലര്‍ത്തിയ റോണിയെ അദ്ദേഹം സ്വന്തം മകനായി സ്വീകരിക്കുകയും സമ്പത്തിന്റെ മുഴുവന്‍ അനന്തരാവകാശിയായി നിയോഗിക്കുകയും ചെയ്തു.
സ്വര്‍ഗത്തിലും ഇപ്രകാരമാണ് സംഭവിക്കുന്നതെന്നാണ് വിശുദ്ധ കൊച്ചുത്രേസ്യ വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവം എല്ലാ മനുഷ്യമക്കളെയും സ്‌നേഹിക്കുന്നു. എന്നാല്‍ ദൈവത്തെ തിരിച്ചും സ്‌നേഹിക്കുന്നവരാണ് വിശുദ്ധരാകുന്നത്. ദൈവത്തെ സര്‍വസ്വമായി, പൂര്‍ണഹൃദയത്തോടെ സ്‌നേഹിച്ച്, അവിടുത്തെ ഇഷ്ടങ്ങള്‍ക്കനുസൃതമായി സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ക്രമപ്പെടുത്തുകയും മറ്റുള്ളവരെ ദൈവത്തിന്റെ മക്കളായും സ്വസഹോദരങ്ങളായും സ്‌നേഹിക്കുകയും ചെയ്ത് സ്‌നേഹത്തില്‍ പൂര്‍ണത കൈവരിക്കുന്നവരാകണം. അതായത് ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും പൂര്‍ണതപ്രാപിക്കുന്നവര്‍. അവര്‍ക്കുള്ളതാണ് ദൈവത്തിന്റെ വീടും സമ്പത്തും, അഥവാ സ്വര്‍ഗം. അവരാണ് വിശുദ്ധാത്മാക്കള്‍. ചുരുക്കിപ്പറഞ്ഞാല്‍, സ്‌നേഹമാണ് വിശുദ്ധിയുടെ പിന്‍നമ്പര്‍.
”ഓരോരുത്തരുടെയും സ്‌നേഹത്തിന്റെ തോതനുസരിച്ച് സ്വര്‍ഗത്തിലെ മഹത്വം വ്യത്യാസപ്പെട്ടിരിക്കും” എന്ന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി വെളിപ്പെടുത്തുന്നു. കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ ദൈവസന്നിധിയില്‍ ഉന്നതപദവിക്ക് അര്‍ഹരാണെന്ന് വിശുദ്ധ അമ്മത്രേസ്യയും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ദൈവത്തെയും മനുഷ്യരെയും സ്‌നേഹിച്ച് സ്‌നേഹിച്ച് സ്‌നേഹംതന്നെയായ ദൈവത്തോട് ഏറ്റവും അനുരൂപരാകുന്നവര്‍ക്ക് ദൈവപിതാവിന്റെ ഭവനത്തില്‍ ശ്രേഷ്ഠമായ മഹത്വം സംലഭ്യമാകും.
എന്നാല്‍, ഇത് ലൗകിക സ്‌നേഹമല്ല, ദൈവസ്‌നേഹമാണ് എന്ന വ്യത്യാസമുണ്ട്. പരിശുദ്ധാത്മാവാണ് ദൈവസ്‌നേഹം നമ്മില്‍ നിറയ്ക്കുന്നത്. ”നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5/5). ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മില്‍ നിറഞ്ഞാല്‍ ദൈവസ്‌നേഹത്താല്‍ നിറയും, ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കാന്‍ കഴിയും, ദൈവതേജസിന്, മഹത്വത്തിന്, നാം ഉടമകളാകും. ‘കര്‍ത്താവിന്റെ മഹത്വം…. മുഖത്ത് പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍നിന്ന് മഹത്വത്തിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ് ‘ (2 കോറിന്തോസ് 3/18). അതിനാല്‍ നമുക്ക് ആത്മാവായ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം:
പരിശുദ്ധാത്മാവായ ദൈവമേ, ദൈവസ്‌നേഹത്താല്‍ ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിച്ച് ദൈവരാജ്യത്തില്‍ ഉന്നതമഹത്വത്തിന് ഞങ്ങള്‍ അര്‍ഹരാകട്ടെ, ആമ്മേന്‍.