”…ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (ലൂക്കാ 15/20). ഈ പിതൃസ്‌നേഹത്തിന്റെ സ്വാധീനശക്തി കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഒരു സംഭവം അടുത്ത നാളുകളിലുണ്ടായി. എന്റെ സഹവൈദികനില്‍നിന്നാണ് അതറിഞ്ഞത്.അദ്ദേഹം ഒരു സെമിനാരിയുടെ റെക്ടറാണ്. സെമിനാരിവിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയിലും ശിക്ഷണത്തിലും റെക്ടര്‍ എന്ന നിലയില്‍ അച്ചന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പുതിയ വിദ്യാര്‍ത്ഥികള്‍ വന്നു. വ്യത്യസ്തങ്ങളായ സ്വഭാവവിശേഷങ്ങളും കഴിവുകളും ഉള്ളവര്‍. കൊവിഡ് കാലഘട്ടത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ അനന്തര ഫലമെന്നോണം വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകളിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ആ ബാച്ചില്‍ ഒരു ബ്രദര്‍ മാത്രം പഠനത്തില്‍ ഏറെ മോശമായി. എല്ലാം വളരെ താമസിച്ചുമാത്രം ചെയ്തുതീര്‍ക്കേണ്ടിവന്ന ആ ബ്രദറിനെ മറ്റുള്ളവര്‍ തമാശരൂപേണ കളിയാക്കുമായിരുന്നു. അവസാനം ആ ബ്രദര്‍ വീട്ടില്‍ പോകുവാന്‍ തീരുമാനിച്ചു. അങ്ങനെ അവന്‍ റെക്ടറച്ചനോട് അനുവാദവും വാങ്ങി അതിരാവിലെ ആശ്രമം വിടാന്‍ ഒരുങ്ങി. പിറ്റേന്ന് പുലര്‍ച്ചെ വേണ്ടതെല്ലാം എടുത്ത് പുറത്തുകടന്ന ബ്രദര്‍ കണ്ടത് ആശ്രമവാതില്‍ക്കല്‍ തന്നെ കാത്തുനില്‍ക്കുന്ന റെക്ടറച്ചനെയായിരുന്നു.
‘ബസ് സ്റ്റാന്‍ഡുവരെ നിന്നെ ഞാന്‍ കൊണ്ടുവിടാം’ എന്ന റെക്ടറച്ചന്റെ സ്‌നേഹം നിറഞ്ഞ വാക്കുകളെ എതിര്‍ക്കുവാന്‍ ആ ബ്രദറിനായില്ല. അങ്ങനെ അച്ചന്‍ അവനെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ അദ്ദേഹം അവനോട് സ്‌നേഹത്തോടെ പറഞ്ഞു: ”വേഗം മടങ്ങിവരിക, ഞാന്‍ നിന്നെ കാത്തിരിക്കുന്നുണ്ട് എന്ന് മറക്കരുത്.” ആ ബ്രദര്‍ വീട്ടില്‍ പോയി അടുത്ത ദിവസംതന്നെ തിരികെ സെമിനാരിയില്‍ എത്തി.
തിരികെ വരാനുള്ള കാരണങ്ങള്‍ നിറകണ്ണുകളോടെ അവന്‍ പങ്കുവച്ചു. കാത്തിരിക്കാന്‍ റെക്ടറച്ചന്‍, ഒരു പിതാവ്, ഉണ്ടെന്ന തിരിച്ചറിവ് അവനെ പുതിയ വ്യക്തിയാക്കുകയായിരുന്നുവത്രേ. ഇന്ന് അവന്‍ മിടുക്കനായ വൈദികവിദ്യാര്‍ത്ഥിയായി പഠനം നടത്തുന്നു. കാത്തിരിക്കാന്‍ ഒരാള്‍ ഉണ്ടെന്നത് മടങ്ങിവരാനുള്ളവന് കൂടണയാന്‍ എന്നും ഒരു പ്രചോദനമാണ്. കാത്തിരിക്കാനും സ്വീകരിക്കാനും ആരുമില്ലാത്തതാണ് പലപ്പോഴും മാതാപിതാക്കളില്‍നിന്നും സുഹൃദ്ബന്ധങ്ങളില്‍നിന്നും കൂട്ടായ്മകളില്‍നിന്നും അതിലുപരി ഹൃദയങ്ങളില്‍നിന്നും ഇറങ്ങിപ്പോകുന്നവരില്‍ പലര്‍ക്കും തിരികെയെത്താന്‍ കഴിയാത്തതിനു കാരണം. തിരികെ വരുമ്പോള്‍ മടികൂടാതെ സ്വീകരിക്കുവാനും ചേര്‍ത്തുപിടിച്ച് കുറവുകളോടെ സ്‌നേഹിക്കാനും അംഗീകരിക്കുവാനും ‘സാരമില്ലെ’ന്ന് വാത്സല്യപൂര്‍വം പറയുവാനും ആരെങ്കിലും വേണം. ഇന്ന് നമ്മുടെ സമൂഹങ്ങളില്‍ അകന്നുപോകുന്ന മക്കളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടെന്ന് അനുദിന കണക്കുകള്‍ വിശദീകരിക്കുന്നു. അതിനാല്‍തന്നെ ധൂര്‍ത്തപുത്രന്റെ കഥ ഇന്നും നമ്മുടെ സമൂഹത്തില്‍ വളരെ പ്രസക്തമാണുതാനും.
കുമ്പസാരം എന്ന കൂദാശയില്‍ നാം കണ്ടുമുട്ടുന്നതും അനുഭവിച്ചറിയുന്നതും ഈ കാത്തിരിക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമാണ്. ‘ഞാനും നിന്നെ വിധിക്കുന്നില്ല നീ സമാധാനത്തോടെ പോവുക മകളേ… മകനേ…’ എന്നു പറഞ്ഞുകൊണ്ട് സ്‌നേഹിക്കുന്ന, മാറോടണക്കുന്ന, ക്ഷമിക്കുന്ന കുറവുകള്‍ പൊടുന്നനെ മറക്കുന്ന മറ്റ് ഏത് സ്‌നേഹമാണ്, ഏത് പിതാവാണുള്ളത്! ആ സ്‌നേഹമാണ് ക്ഷമിക്കുന്ന, കാത്തിരിക്കുന്ന, മനുഷ്യന്‍ നന്മയിലേക്ക് വരാന്‍ അവന്റെ പാദത്തോളം താഴുന്ന സ്‌നേഹം! ഒരു പാപി മാനസാന്തരപ്പെടുവാന്‍ ആഗ്രഹിക്കുന്ന, അതിനായി കൊതിക്കുന്ന പിതാവായ ദൈവത്തിന്റെ സ്‌നേഹം!
ദൂരെനിന്നുതന്നെ മകനെ തിരിച്ചറിയണമെങ്കില്‍ ആ പിതാവിന്റെ ഹൃദയത്തില്‍ മകന്റെ ഓര്‍മകള്‍ ഇനിയും മരിച്ചിരുന്നില്ല എന്നോര്‍ക്കണം. നീ എന്റെ പഴയ മകന്‍തന്നെയാണ് എന്ന് ‘ചുംബനത്തിലൂടെ’ പിതാവ് കോറിയിടുകയാണ്. നീ എനിക്ക് ദാസനല്ല, മറിച്ച് എന്റെ പ്രിയപ്പെട്ട മകനാണെന്നും പിതാവ് അവനെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ ധൂര്‍ത്തപുത്രനെപ്പോലെ മറ്റൊരു ‘ധൂര്‍ത്തനാ’യി, സ്‌നേഹം ധൂര്‍ത്തായി നല്‍കുന്ന പിതാവായി മാറുന്നു. ദൂരെവച്ചുതന്നെ മകനെ കാണുന്ന, മനസലിഞ്ഞ് ഓടിച്ചെല്ലുന്ന, കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ‘സ്‌നേഹത്തില്‍ ധൂര്‍ത്തനാ’യ പിതാവിന്റെ പ്രതിരൂപങ്ങളാകാന്‍ ഞങ്ങളെയും സഹായിക്കണമേ തമ്പുരാനേ….
ഫാ. ലിബിന്‍ കൂമ്പാറ O.Praem