ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യം പ്രതീകാത്മകം മാത്രമാണെന്ന് വാദിച്ച പാഷണ്ഡതയ്‌ക്കെതിരെ 11-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രൂപം പ്രാപിച്ചതാണ് ദിവ്യകാരുണ്യഭക്തി.
കത്തോലിക്കാ സഭയ്ക്ക് ലഭിച്ച പ്രത്യേക സമ്മാനവും അവളുടെ ശക്തിയുടെ രഹസ്യവും ദിവ്യകാരുണ്യസ്ഥിതനും ആരാധ്യനുമായ ഈശോയാണെങ്കില്‍, ഈ സമ്മാനത്തെ സര്‍വോപരി വിലമതിക്കുക സുപ്രധാനമായ കാര്യമാണ്. ബഥനിയിലെ മറിയം, ഗുരുപാദത്തിങ്കലിരുന്നതുപോലെ (ലൂക്കാ 10/39) ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ആരാധിക്കുക ഇക്കാലഘട്ടത്തിന്റെ വലിയ ആവശ്യമത്രേ. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയ്ക്ക് ജീവിക്കാനും വളരാനും സാധിക്കുന്നത് അവിടുത്തെ യഥാര്‍ത്ഥ ശരീരമായ ദിവ്യകാരുണ്യത്തിനു ചുറ്റും വസിച്ചുകൊണ്ടാണ്.
ദിവ്യകാരുണ്യമായ ഈശോയുടെ മുമ്പാകെ ശാന്തമായി, നിശബ്ദതയില്‍, നീണ്ട യാമങ്ങള്‍ ചെലവഴിച്ചുകൊണ്ട് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത് എന്തെന്ന് നാം ഗ്രഹിക്കുന്നു. അവിടുത്തെ പദ്ധതികള്‍ നടപ്പിലാക്കാന്‍വേണ്ടി നമ്മുടെ പദ്ധതികള്‍ മാറ്റിവയ്ക്കാന്‍ പ്രേരിതരാകുന്നതും ദൈവത്തിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളിലേക്കു തുളച്ചുകയറി സുഖപ്പെടുത്തുന്നതും ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളിലാണ്.
ചെടികളിലെയും മരങ്ങളിലെയും ഇലകള്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ഭക്ഷണം രൂപപ്പെടുത്തുന്നു. ഈ പച്ചിലകളില്ലെങ്കില്‍ ചെടികള്‍ക്കു വളരാനോ ഫലം പുറപ്പെടുവിക്കാനോ കഴിവില്ല. മാത്രമല്ല, നമുക്ക് ശ്വസിക്കുന്നതിനാവശ്യമായ ഓക്‌സിജന്‍ നിര്‍മാണവും നടക്കുകയില്ല.
നാം ഈ പച്ചിലകളെപ്പോലെയാകണം! സഭയാകുന്ന മഹാവൃക്ഷത്തിന്റെ വളര്‍ച്ചയ്ക്കായി നീതിസൂര്യനാകുന്ന ക്രിസ്തുവില്‍നിന്ന് പരിശുദ്ധാത്മാവാകുന്ന പോഷണത്തെ സ്വീകരിക്കണം. അപ്രകാരമുള്ള ദിവ്യകാരുണ്യാത്മാക്കളുടെ പ്രതീകമാണ് പച്ചിലകള്‍. ഇതാണ് വിശുദ്ധ പൗലോസ് പ്രസ്താവിക്കുന്നത്:
”കര്‍ത്താവിന്റെ മഹത്വം കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്ത് പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തില്‍നിന്നു മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ആത്മാവായ കര്‍ത്താവിന്റെ ദാനമാണ്”
(2 കോറിന്തോസ് 3/18).
കര്‍ദിനാള്‍ റനിയെരോ കന്തലമെസ