സ്വപ്നത്തിലെ കത്ത്‌ – Shalom Times Shalom Times |
Welcome to Shalom Times

സ്വപ്നത്തിലെ കത്ത്‌

നാം പ്രാര്‍ത്ഥനാപൂര്‍വം ആലോചിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സ്വപ്നത്തിലൂടെ മറുപടി ലഭിക്കാറുണ്ട്. ഒരിക്കല്‍ ഞാനൊരു ധ്യാനത്തിനായി ഒരുങ്ങുകയായിരുന്നു. ആരെയെല്ലാമാണ് ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ആ ദിവസങ്ങളില്‍ പ്രാര്‍ത്ഥിക്കുകയും ആലോചിക്കുകയും ചെയ്തിരുന്നു. ടീമിലേക്ക് വിളിക്കേണ്ടവരുടെ പേരുകള്‍ എഴുതിവച്ചു. അന്നുരാത്രി ഉറക്കത്തില്‍ എനിക്കൊരു സ്വപ്നമുണ്ടായി: എനിക്കൊരു കത്തുവരുന്നു. ഞാനത് പൊട്ടിച്ചുവായിച്ചു. അതിലൊരാളുടെ പേരും അതിന്റെ അടിയില്‍ ‘അനുസരണയില്ല’ എന്നും എഴുതിയിരിക്കുന്നു.

ആ വ്യക്തിയെ ടീമിലേക്ക് വിളിക്കേണ്ട എന്നതാവും ആ സ്വപ്നത്തിന്റെ സന്ദേശമെന്ന് ഞാന്‍ കരുതി. എങ്കിലും അക്കാര്യം ഓര്‍ക്കാതെ ടീമിലേക്ക് അദ്ദേഹത്തെ വിളിച്ചു. ധ്യാനത്തിന്റെ രണ്ടാം ദിവസം അദ്ദേഹം വന്നു. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെയടുത്ത് വന്നുപറഞ്ഞു: എനിക്ക് അത്യാവശ്യമായി ഒരു കാര്യത്തിന് പോകണം. അതിനാല്‍ ക്ലാസ് എടുക്കാന്‍ പ്രയാസമുണ്ട്. അദ്ദേഹം പോയി. ഉടനെ ഞാന്‍ ഓര്‍ത്തു, മാസങ്ങള്‍ക്കുമുമ്പ് സ്വപ്നത്തിലൂടെ കര്‍ത്താവ് നല്കിയ സന്ദേശം യാഥാര്‍ത്ഥ്യമാവുകയായിരുന്നു എന്ന്.
ഫാ. ഡോ. ജോണ്‍ എഫ്. ചെറിയവെളി വി.സി.