ഉന്നത വിദ്യാഭ്യാസവും സമ്പത്തും സുഹൃദ്‌വലയവുമെല്ലാമുള്ള ഒരു യുവാവ്. പക്ഷേ, അയാള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കാന്‍മാത്രമുള്ള അറിവുണ്ടായിരുന്നില്ല. ഒരിക്കല്‍ ഇദ്ദേഹം വലിയൊരു കല്ലുമായി വികാരിയച്ചന്റെ അടുത്തു ചെന്നു പറഞ്ഞു:
‘ഏകസത്യ ദൈവമായ യേശുക്രിസ്തുവാണ് എല്ലാം സൃഷ്ടിച്ചത്, യേശു എല്ലായിടത്തും ഉണ്ട് എന്ന് അച്ചന്‍ പറയാറുണ്ടല്ലോ. എന്നാല്‍ വികൃതരൂപമുള്ള ഈ കരിമ്പാറയില്‍ എവിടെയാണ് യേശു? ഇതില്‍ ദൈവത്തെ കാണിച്ചു തന്നാല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കും.’
‘എനിക്ക് അല്പം സമയം വേണം, സഹോദരനെ ഞാന്‍ വിളിക്കാം’ എന്ന
മറുപടിയോടെ അച്ചന്‍ യുവാവിനെ യാത്രയാക്കി.
ഒരുമാസത്തിനു ശേഷമാണ് വികാരിയച്ചന്‍ യുവാവിനെ വിളിച്ചത്. അച്ചനെ തോല്പിച്ച ഭാവത്തില്‍, അയാള്‍ പരിഹാസത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. അച്ചന്‍ അയാളെ ദൈവാലയത്തോടനുബന്ധിച്ചുള്ള പണിശാലയിലേക്ക് കൊണ്ടുപോയി.
അവിടെ കരിങ്കല്ലില്‍ കൊത്തിയെടുക്കപ്പെട്ട, മനോഹര ക്രിസ്തു ശില്പം!
‘ഇതാ, താങ്കള്‍ തന്ന കരിങ്കല്ലില്‍ സത്യദൈവമായ യേശുക്രിസ്തു!’
യുവാവ് അവിശ്വസനീയതയോടെ നോക്കിയിട്ട്, അച്ചന്‍ കള്ളം പറയുകയാണെന്ന് തര്‍ക്കിച്ചു തുടങ്ങി. ഒടുവില്‍, പണിയുടെ ആരംഭംമുതല്‍ അവസാനംവരെയുള്ള വീഡിയോ ദൃശ്യങ്ങളും ശില്പിയെയും കണ്ടതിനുശേഷമാണ് യുവാവിന് ബോധ്യംവന്നത്. വികാരിയച്ചന്‍ സ്‌നേഹത്തോടെ പറഞ്ഞു:
‘താങ്കള്‍ ദൈവത്തില്‍ വിശ്വസിക്കുന്നോ എന്നതിനെക്കാള്‍, ദൈവം നിങ്ങളില്‍ വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ശില്പം. നമ്മിലെ വൈരൂപ്യങ്ങളാണ് നമ്മിലെ ക്രിസ്തുവിനെ മറയ്ക്കുന്നതും അവിടുത്തെ മുഖം വികൃതമാക്കുന്നതും. അത് മറക്കാതിരിക്കാം.’
കൊളോസോസ് 3/11 തിരുവചനം ഓര്‍മിപ്പിക്കുന്നു: ”ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.” ‘ഭൂമി മുഴുവന്‍ ദൈവത്തിന്റെ ജീവസുറ്റ തിരുമുഖം
പ്രതിഫലിപ്പിക്കുന്നു’ എന്ന് സെന്റ് ജോണ്‍ ഡമാസീനും പറയുന്നു.
നാം ആരുമായിക്കൊള്ളട്ടെ, ഏതവസ്ഥയിലും രൂപത്തിലും ഉള്ളവരായിരിക്കട്ടെ, കുറവുകളും വൈരൂപ്യങ്ങളുമുണ്ടായിക്കൊള്ളട്ടെ, എങ്കിലും ദൈവം നമ്മില്‍ വസിക്കുന്നു എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ദുര്‍ബലതകള്‍, വൈകൃതങ്ങള്‍, ക്രിസ്തുവിന് യോജിക്കാത്തവ എല്ലാം നീക്കം ചെയ്ത്, ക്രിസ്തുവില്‍ പുനസൃഷ്ടിച്ച്, അവിടുത്തെ മഹത്വമാക്കി നമ്മെ രൂപാന്തരപ്പെടുത്താന്‍ യേശു ശക്തനാണ്. അവിടുന്ന് അതു ചെയ്യുമെന്നത് ഉറപ്പ്; ഇതാ തിരുവചനം വാക്കുതരുന്നു:
”സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും” (ഫിലിപ്പി 3/21).
അതിനായി നമുക്കു പ്രാര്‍ത്ഥിക്കാം:
വിദഗ്ധ ശില്പിയായ ഈശോയേ,
എന്നെ മുഴുവന്‍ അങ്ങേക്ക് നല്കുന്നു.
അവിടുത്തെ മഹത്വമായി എന്നെ രൂപന്തരപ്പെടുത്തണമേ,
ആമ്മേന്‍.