
വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് തന്റെ ആത്മീയ യാത്രയെക്കുറിച്ചും കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും എഴുതിയ ‘കമ്മ്യൂണിയൻ’ എന്ന പുസ്തകം ജൂൺ 16-ന് പുറത്തിറങ്ങും.
ഒരിക്കൽ നിരീശ്വരവാദത്തിലേക്ക് വഴിമാറിപ്പോയ താൻ, എങ്ങനെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ തണലിലേക്ക് തിരിച്ചെത്തിയതെന്ന്, വാൻസ് തന്നെ ഹൃദയസ്പർശിയായി വിവരിക്കുന്ന പുസ്തകമാണ് കമ്മ്യൂണിയൻ. യേൽ സർവകലാശാലയിലെ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും നൽകാത്ത വലിയൊരു ലക്ഷ്യബോധം കത്തോലിക്കാ വിശ്വാസം തനിക്ക് നൽകിയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2019-ലാണ് വാൻസ് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയിൽ അംഗമായത്. നേരത്തെ വാൻസ് രചിച്ച ‘ഹിൽബില്ലി എലിജി’ എന്ന കൃതി ഏറെ ശ്രദ്ധ നേടുകയും സിനിമയാക്കുകയും ചെയ്തിരുന്നു.
വിശ്വാസത്തോടൊപ്പംതന്നെ കുടുബത്തിനും ഏറെ പ്രാധാന്യം നൽകുന്ന വാൻസിന്റെ ഇളയ കുട്ടിയുടെ മാമ്മോദീസ ഈ വർഷത്തെ ഈസ്റ്റർ ദിനത്തിലാണ് നടത്തിയതെന്ന് കഴിഞ്ഞ ദിവസം വാൻസ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ വാൻസും പത്‌നി ഉഷ വാൻസും നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
ഉന്നതപദവിയിൽ അധികാരത്തിലിരിക്കുമ്പോഴും ദൈവവിശ്വാസത്തെയും കുടുംബമൂല്യങ്ങളെയും നെഞ്ചോടു ചേർത്തുപിടിക്കുന്ന വാൻസിന്റെ ജീവിതം പ്രത്യാശയുടെ വലിയൊരു സന്ദേശമാണ് നൽകുന്നത്.