എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍….
ഈശോയുടെ ജീവിതത്തിലെ പീഡാനുഭവമാകുന്ന കൊടുങ്കാറ്റിനെ ഈശോ നേരിട്ടതെങ്ങനെയെന്ന് ധ്യാനിച്ചത് ഈ അവസരത്തിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടാണ് അവിടുന്ന് തന്റെ പീഡാനുഭവമാകുന്ന കൊടുംകാറ്റിനെ നേരിട്ടത്. എന്നാല്‍ ഗദ്സമേനില്‍ പ്രാര്‍ത്ഥിച്ച് ഇടവേളകളില്‍ വന്നു നോക്കുമ്പോള്‍ ശിഷ്യന്മാര് അതാ ഉറങ്ങുന്നു. ഈശോ അവരോട് ചോദിച്ചു, ”എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലേ? പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍; ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുര്‍ബലമാണ്” (മത്തായി 26/40-41).
ഇതിനോട് ചേര്‍ത്ത് ധ്യാനിക്കാവുന്ന മറ്റൊരു സുവിശേഷഭാഗംകൂടിയുണ്ട്, യേശു കടലിനെ ശാന്തമാക്കുന്നു (മര്‍ക്കോസ് 4/37-40). കൊടുങ്കാറ്റടിക്കുന്ന നേരത്ത് യേശു വഞ്ചിയുടെ അമരത്ത് കിടന്നുറങ്ങുകയായിരുന്നു. പക്ഷേ ശിഷ്യന്മാര് പരിഭ്രാന്തരായി യേശുവിനെ വിളിച്ചുണര്‍ത്തി. യേശു കാറ്റിനെ ശാസിച്ചു. പ്രശാന്തതയുണ്ടായി. നിങ്ങള്‍ക്കെന്തേ വിശ്വാസമില്ലാതായത് എന്ന് ശിഷ്യന്മാരോട് ചോദിക്കുകയും ചെയ്തു. ജീവിതത്തിന്റെ കൊടുങ്കാറ്റുകളില്‍ പരിഭ്രാന്തരാകുമ്പോള്‍ ഈ ചോദ്യം ഈശോ നമ്മോടും ചോദിക്കും. ജീവിതമാകുന്ന നൗകയുടെ അമരത്ത് ഈശോയെ വച്ചിട്ട് നമുക്ക് എന്തേ വിശ്വാസമില്ലാത്തത്?
ഈ രണ്ട് വചനഭാഗങ്ങളില്‍നിന്ന് എനിക്കൊരു കാര്യം മനസിലായി. പ്രാര്‍ത്ഥിക്കേണ്ട സമയം പ്രാര്‍ത്ഥിച്ചാല്‍ ഉറങ്ങേണ്ട സമയത്ത് നമുക്ക് ഉറങ്ങാന്‍ കഴിയും. അമ്മയുടെ കൈകളില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെപ്പോലെ…
ആന്റണി റെബീറോ