
സമീപകാലത്ത് സഭയിൽ ദ്രുതഗതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയാണ് സമ്പൂർണ സമർപ്പണ നൊവേന. ദൈവത്തിന് പൂർണമായും വിട്ടുകൊടുക്കുവാൻ പഠിപ്പിക്കുന്ന ഈ പ്രാർത്ഥന ആന്തരികസംഘർഷങ്ങളിൽനിന്നും നിസഹായതയിൽനിന്നും അനേകരെ വീണ്ടെടുക്കുവാൻ സഹായിക്കുന്നുണ്ട്. ഈശോ ഡോൺ ഡൊലിൻഡോയ്ക്ക് നേരിട്ട് പറഞ്ഞുകൊടുത്തിട്ടുള്ളതാണ് ഈ നൊവേനയിലെ ധ്യാനചിന്തകളെന്ന് വിശ്വസിക്കപ്പെടുന്നു.
ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ഡോൺ ഡൊലിൻഡോ വിശുദ്ധ പാദ്രേ പിയോയുടെ സമകാലികനായിരുന്നു. നേപ്പിൾസിൽനിന്നും തന്നെ കാണാനെത്തുന്നവരോട് പാദ്രേ പിയോ ഇങ്ങനെ പറയുമായിരുന്നത്രേ:
”നിങ്ങളെന്തിനാണ് ഇങ്ങോട്ട് വരുന്നത്. നിങ്ങൾക്കവിടെ ഡോൺ ഡൊലിൻഡോയുണ്ടല്ലോ? അദ്ദേഹം ഒരു വിശുദ്ധനാണ്.”
33 വാല്യങ്ങളിലായി ബൈബിളിന്റെ സമ്പൂർണ വ്യാഖ്യാനം എഴുതിയ ഡോൺ ഡൊലിൻഡോ, വിശുദ്ധനും ജ്ഞാനിയും ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ വിസ്മൃതിയിലും അപമാനത്തിലും അവഗണനയിലുമായിരുന്നു കഴിഞ്ഞത്.
സ്വന്തം പിതാവ് നൽകിയ പേരിന്റെ അർത്ഥംതന്നെ ഇറ്റാലിയൻ ഭാഷയിൽ ‘വേദന’ എന്നായിരുന്നു. ഡൊലിൻഡോ എന്ന പേരുപോലെതന്നെ വേദനയുടെ ആൾരൂപമായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ കഠിനമായ ദാരിദ്ര്യവും പിതാവിന്റെ ക്രൂരമായ ശിക്ഷണവും ഏറ്റുവളർന്ന ഡൊലിൻഡോ, അതിന്റെയെല്ലാം മധ്യത്തിലും തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. സെമിനാരിയിൽ ചേർന്ന അദ്ദേഹമൊരു ‘മണ്ടൻ’ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പൊട്ടത്തരങ്ങൾ നിറഞ്ഞ ഡൊലിൻഡോയെ സെമിനാരിയിൽനിന്നും പറഞ്ഞുവിടേണ്ട ഘട്ടംവരെയെത്തിയിരുന്നു. അങ്ങനെ നിരാശയുടെ പാരമ്യത്തിലെത്തിയ ഡൊലിൻഡോ ഒരു ദിവസം ദൈവമാതാവിന്റെ രൂപത്തിനുമുന്നിൽ മുട്ടുകുത്തിക്കൊണ്ട് തന്നെത്തന്നെ പൂർണമായും മാതാവിന് സമർപ്പിച്ചു. തന്റെ ബുദ്ധിപരമായ അപര്യാപ്തതകൾ ഏറ്റെടുക്കണമേ എന്ന് അവൻ ഹൃദയവേദനയോടെ യാചിക്കുകയും ചെയ്തു.
അന്നുമുതൽ ഡൊലിൻഡോയുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുവാൻ തുടങ്ങി. ഭോഷത്തങ്ങൾക്കുപകരം ദൈവികജ്ഞാനംകൊണ്ട് അവൻ നിറഞ്ഞു. അറിവും പാണ്ഡിത്യവുംകൊണ്ട് നിറഞ്ഞ ഡൊലിൻഡോ വൈദികനായെങ്കിലും തെറ്റിദ്ധാരണകളും കുറ്റാരോപണങ്ങളും അദ്ദേഹത്തെ പിൻതുടർന്നു. പാഷണ്ഡത മുതൽ മാർപാപ്പയെ ധിക്കരിച്ച കുറ്റംവരെ ചുമത്തപ്പെട്ട ഡൊലിൻഡോയ്ക്ക് കുർബാനയർപ്പിക്കാനും കുമ്പസാരം കേൾക്കാനുമുള്ള അവകാശങ്ങൾ അധികാരികൾ നിഷേധിച്ചു. 20 വർഷത്തോളം നീണ്ട റോമിന്റെ അന്വേഷണങ്ങളും വിചാരണകളും ഡൊലിൻഡോയെ തളർത്തിയില്ല. അദ്ദേഹം എല്ലാം ശാന്തതയോടെ സഹിച്ചു. പ്രതിരോധിക്കുവാനോ പ്രതിഷേധിക്കുവാനോ പരിശ്രമിച്ചില്ല. ധീരോചിതമായ അനുസരണയിലൂടെ സഭയ്ക്ക് വിധേയപ്പെട്ടു. ഒടുവിൽ 1937-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ അദ്ദേഹത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. എങ്കിൽപ്പോലും അദ്ദേഹത്തിന്റെമേലുള്ള നിരോധനങ്ങൾ നീക്കാൻ പ്രാദേശികാധികാരികൾ നിരവധി വർഷങ്ങളോളം കാലതാമസമെടുത്തു.
ഒരു കുറ്റവാളിയെപ്പോലെ പരിഗണിക്കപ്പെട്ടിട്ടും ഒറ്റപ്പെടലും നിന്ദനങ്ങളും നിരന്തരം വേട്ടയാടിയപ്പോഴും അദ്ദേഹത്തിന് ആരോടും പരാതിയില്ലായിരുന്നു. കാരണം ഇതെല്ലാം തന്നെ വിശുദ്ധീകരിക്കുന്ന ദൈവസ്‌നേഹത്തിന്റെ വഴികളായി അദ്ദേഹം മനസിലാക്കി. സഭയ്ക്കും ലോകത്തിനുംവേണ്ടി ഒരു സഹനദാസനാക്കി (ഢശരശോ ടീൗഹ) അദ്ദേഹം സ്വയം സമർപ്പിച്ചു. തളർവാതത്താൽ ഒരു വശം മുഴുവൻ ചലിപ്പിക്കാൻ വിഷമമുണ്ടായിരുന്നപ്പോഴും നേപ്പിൾസ് നഗരത്തിലെ പാവങ്ങൾക്കായി അദ്ദേഹം
ജീവിച്ചു. തനിക്കു കിട്ടുന്ന ഭക്ഷണംപോലും ഉപേക്ഷിച്ച് അത് മറ്റുള്ളവർക്കായി അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു.
ഡോൺ ഡൊലിൻഡോയുടെ ആത്മീയത കാച്ചിക്കുറുക്കിയതാണ് ”സമ്പൂർണ സമർപ്പണ നൊവേന.” അതിലെ പ്രധാന ചിന്തകളെ ഇങ്ങനെ ക്രോഡീകരിക്കാം:
- ദൈവത്തിനായി എല്ലാം വിട്ടുകൊടുക്കുന്നത് നിസംഗതയോ നിസഹായതയോ അല്ല. പ്രത്യുത തന്നിൽത്തന്നെയുള്ള ആശ്രയത്വം വെടിഞ്ഞുകൊണ്ട് ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന ധീരോചിതമായ വിശ്വാസമാണത്.
- ദൈവകൃപ നഷ്ടപ്പെടുത്തുന്ന പരാന്നഭുക്ക് (ജമൃമശെലേ) ആണ് ആകുലത. കാര്യങ്ങളെല്ലാം സ്വന്തം കഴിവുകൊണ്ട് ശരിയാക്കാനുള്ള തത്രപ്പാടിലേക്ക് നമ്മെ നയിക്കുന്ന ഉത്കണ്ഠ ദൈവത്തിൽ ശരണംവയ്ക്കാനുള്ള കഴിവില്ലായ്മയുടെ അടയാളമാണ്.
- ഈ നൊവേനയുടെ കേന്ദ്രം ഇതാണ്. ”ഓ ഈശോയേ, ഞാൻ എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. സകലതും അങ്ങ് ഏറ്റെടുക്കണമേ.” ഈ പ്രാർഥന ചൊല്ലുമ്പോൾ സമർപ്പണത്തിന് ആനുപാതികമായി ഈശോ തന്റെ ദൈവികപ്രവൃത്തികൾ നമ്മിൽ നിർവഹിക്കുമെന്ന് ഡൊലിൻഡോ നമുക്ക് ഉറപ്പുനൽകുന്നു.
നമ്മുടെ ജീവിതത്തെയും സാഹചര്യങ്ങളെയും സംഭവങ്ങളെയും കൺട്രോൾ ചെയ്യാൻ ലോകം പ്രേരിപ്പിക്കുന്നു. എന്നാൽ ഡോൺ ഡൊലിൻഡോ പഠിപ്പിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. അമിതമായി ചിന്തിച്ച് കാര്യങ്ങൾ വഷളാക്കാതിരിക്കുക. കർത്താവിൽ ശരണപ്പെടാൻ പഠിക്കുക. ദൈവം എപ്പോഴും ദൈവമായി നമ്മുടെ
ജീവിതത്തെ നിയന്ത്രിക്കട്ടെ. ഏറ്റവും വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നത് നാം ശക്തരായിരിക്കുമ്പോഴല്ല. പ്രത്യുത നാം തകർക്കപ്പെട്ടിരിക്കുമ്പോഴാണ്. കാരണം അപ്പോൾ മാത്രമേ ദൈവത്തിനു പ്രവർത്തിക്കുവാൻ
തക്കവിധം നാം വിട്ടുകൊടുക്കുകയുള്ളൂ. 1970 നവംബർ 19-ന് അന്തരിച്ച ഡോൺ ഡൊലിൻഡോയുടെ കബറിടം ഇന്ന് അനേകായിരങ്ങൾക്ക് തീർത്ഥാടനകേന്ദ്രമാണ്. സമ്പൂർണ സമർപ്പണത്തിന്റെ പാഠങ്ങൾ ലോകത്തിനു നൽകിയ അദ്ദേഹത്തിന്റെ നാമകരണത്തിനായുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.