
അവസാനത്തെ കത്തും എത്തിച്ചുനല്കി ഡിസംബർ അവസാനത്തോടെ ഡെൻമാർക്ക് പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത് മാധ്യമങ്ങളിൽ വന്നുപോയ ഒരു വാർത്തയാണ്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനാലാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത്. ഇപ്രകാരം ചെയ്യുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി. 2025 തുടക്കംമുതൽ രാജ്യം മെയിൽബോക്‌സുകൾ പിൻവലിച്ചുതുടങ്ങിയിരുന്നു. 2026 ആയതോടെ പൂർണ്ണമായും ഡിജിറ്റലായി.
ഡെൻമാർക്കിന്റെ ചരിത്രമനുസരിച്ച് 1624 ൽ ക്രിസ്ത്യൻ നാലാമൻ രാജാവാണ് പോസ്റ്റൽ സംവിധാനങ്ങൾക്ക് തുടക്കംകുറിച്ചത്. 400 വർഷത്തോളമായി അവിടത്തെ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിരുന്ന സംവിധാനമായിരുന്നു അത്. എന്നാൽ ഇന്ന് ആധുനികസാങ്കേതികവിദ്യകളുടെ കടന്നുവരവോടുകൂടി പോസ്റ്റൽ സംവിധാനങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി. ഡെൻമാർക്ക് മാത്രമല്ല പതിയെ പല ലോകരാജ്യങ്ങളും പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
മനുഷ്യജീവിതവും ഇതുപോലെയാണ്. ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല, അതില്ലാതെ സാധിക്കില്ല, ആ വ്യക്തിയില്ലാതെ വയ്യ, ആ സാഹചര്യങ്ങളില്ലാതെ മുന്നോട്ടുപോകാനാവില്ല എന്ന് പറയുന്ന അവസ്ഥകൾ നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്. ഒരിക്കലും മാറ്റമുണ്ടാവില്ല, സ്ഥിരമായി കൂടെ കാണും എന്നുകരുതിയ വ്യക്തികളുടെ മാറ്റങ്ങളും ചില വേർപാടുകളും നമ്മെ തളർത്തിക്കളഞ്ഞുവെന്നുവരാം. എന്നാൽ അവിടെ നിന്നുപോകരുത്.
ഗ്രാമത്തിൽ ഒരു തപാലോഫീസുണ്ടാവുക എന്നത് ഒരിക്കൽ അഭിമാനകരമായ കാര്യമായിരുന്നു. പോസ്റ്റൽ സർവീസില്ലാത്ത രാജ്യത്തെക്കുറിച്ച് ചിന്തിക്കുകപോലും പ്രയാസം. എന്നാൽ ഇന്ന് പോസ്റ്റ് ഓഫീസ് ആർക്കും ഒരു അത്യാവശ്യമായി അനുഭവപ്പെടുന്നില്ല. ഇതുപോലെ ഈ ലോകത്തിൽ സകലതിനും മാറ്റമുണ്ട്. മാറ്റമില്ലാത്തവനായി ഒരുവൻ മാത്രമേയുള്ളൂ – സർവശക്തനായ ദൈവം. ദൈവത്തെ മുറുകെപ്പിടിക്കുന്നവർക്കുമാത്രമേ ജീവിതത്തിന്റെ
മാറ്റങ്ങളെ അതിജീവിക്കാനാകൂ.
കാലം മാറും… ആരോഗ്യം ക്ഷയിക്കും… ബന്ധങ്ങൾ നഷ്ടപ്പെടും… അംഗീകാരങ്ങൾ ഇല്ലാതാകും… അപ്പോഴും തളരാതെ ജീവിക്കാൻ മാറ്റമില്ലാത്തവനായ ദൈവത്തിന്റെ സൗഹൃദം ആവശ്യമാണ്. ”ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എന്റെ വചനങ്ങൾ കടന്നുപോവുകയില്ല” (മത്തായി 24:35) എന്നു പറഞ്ഞ കർത്താവ് എപ്പോഴും കൂടെയുണ്ടാകും. ലോകത്തിന്റെ മാറ്റങ്ങളും ജീവിതത്തിന്റെ മാറ്റങ്ങളും ഭയപ്പെടുത്താതിരിക്കാനുള്ള ഏകമാർഗം ഒരിക്കലും മാറാത്ത കർത്താവിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു ജീവിക്കുക എന്നതാണ്.
സോളമൻ