
സിസേറിയസ് എന്ന ഒരു സന്യാസിയുടെ ജീവിതത്തെക്കുറിച്ച് വിശുദ്ധ അൽഫോൻസ് ലിഗോരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽപോലും രോഗിക്ക് സൗഖ്യം കിട്ടുമായിരുന്നു. മറ്റു സന്യാസിമാരുടേതിനെക്കാൾ ശ്രേഷ്ഠതയൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണായ്കയാൽ ഈ കാര്യങ്ങളെക്കുറിച്ച് വിസ്മയം തോന്നിയ ആശ്രമാധിപൻ ഒരു ദിവസം അദ്ദേഹത്തോട് ഈ അത്ഭുതങ്ങളുടെ കാരണം എന്താണെന്ന് ചോദിച്ചു. തന്നെയും കുഴയ്ക്കുന്ന പ്രശ്‌നമാണിതെന്നും ഇതിനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് തനിക്കുമറിഞ്ഞുകൂടാ എന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ”എന്തു ഭക്താനുഷ്ഠാനങ്ങളാണ് അങ്ങ് ആചരിക്കുന്നത്?” ആശ്രമാധിപൻ വീണ്ടും ചോദിച്ചു. ”ദൈവം ഇച്ഛിക്കുന്നതെന്തോ അത് മാത്രം ഞാനും ഇച്ഛിക്കുന്നു. അതിലുമധികമായി ഞാൻ ഒന്നും ചെയ്യുന്നില്ല.”
”സമൃദ്ധിയുടെ അനുഭവം എന്നെ ഉയർത്തുകയോ പ്രതികൂലങ്ങൾ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു: ”എന്നിലും ഞാൻ മുഖേനയും ദൈവേഷ്ടംമാത്രം നിറവേറപ്പെടണമെന്ന ലക്ഷ്യം മുൻനിർത്തിയാണ് എന്റെ പ്രാർഥനകളെല്ലാം.”
”കഴിഞ്ഞ ദിവസം ശത്രുക്കൾ നമ്മുടെ ആശ്രമത്തിനെതിരെ ആക്രമണം നടത്തി കലവറ കൊള്ളയടിക്കുകയും പത്തായപ്പുര അഗ്നിക്കിരയാക്കുകയും കാലികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തല്ലോ. ഈ ദൗർഭാഗ്യം അങ്ങയെ പ്രകോപിപ്പിച്ചില്ലേ?” ആശ്രമാധിപൻ ചോദിച്ചു.
”ഇല്ല പിതാവേ,” ഉടൻ വന്നു മറുപടി. ”പകരം ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ അങ്ങനെ ചെയ്യുന്നതാണ് എന്റെ ശീലം. അവിടുത്തെ മഹത്വത്തിനുവേണ്ടിയും നമ്മുടെ ഉപരി നന്മയ്ക്കുവേണ്ടിയും ദൈവം എല്ലാം ചെയ്യുന്നു, അല്ലെങ്കിൽ എല്ലാം സംഭവിക്കാൻ അനുവദിക്കുന്നു എന്ന് പൂർണമായും വിശ്വസിച്ചുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്; അതുകൊണ്ട് ഞാൻ എപ്പോഴും സമാധാനത്തിൽ കഴിയുന്നു. എന്തുതന്നെ സംഭവിച്ചാലും പ്രശ്‌നമില്ല.” ദൈവഹിതവുമായി വലിയ ഐകരൂപ്യമുള്ളതിനാൽ അദ്ദേഹം ഇത്രയധികം അത്ഭുതങ്ങൾ പ്രവർത്തിച്ചതിൽ ആശ്രമാധിപൻ പിന്നീടൊരിക്കലും വിസ്മയിച്ചില്ല.